ഇന്നലെ റിച്ചഡിന്റെയും മാഗിയുടെയും െ്രെഡവേയില്‍ പോലീസ് കാറുകളുടെയും പരിസരത്ത്
ടി വി ചാനലുകാരുടെയും ബഹളമായിരുന്നു. മഞ്ഞനിറമുള്ള റിബണ്‍ വീടിനുചുറ്റും
വളച്ചുകെട്ടി വീട്ടിലേക്ക് ആരെയും കടത്തിവിടുവാന്‍ പോലീസ് അനുവദിച്ചില്ല.
വിരിഞ്ഞുനിന്ന ഡാഫൊഡില്‍ പൂക്കളും അവിടെ ചുറ്റിത്തിരിഞ്ഞ കാറ്റില്‍ തലയാട്ടി
അരുതെന്ന് വിലക്കി. മാഗിയുടെ സുഹൃത്തുക്കളോ മകള്‍ ലീസയുടെ സുഹൃത്തുക്കളുടെ
അമ്മമാരോ ആയിരിക്കണം ഇന്ന് വീട്ടില്‍ പലരും വന്നുപോവുന്നു. ചിലരുടെ കയ്യിലിരുന്ന
ബാഗില്‍ മാഗിക്കും ലീസക്കും ലഞ്ചിനോ ഡിന്നറിനോ ഉള്ള ഭക്ഷണമായിരിക്കണം. രാജിവന്‍
ജനാലയിലൂടെ നോക്കിനിന്നു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ലീസയുടെ പത്താം
പിറന്നാള്‍ ആഘോഷപൂര്‍വ്വം നടത്തിയത്, വയസ്സില്‍ അവള്‍ ഇരട്ടസംഖ്യയിലേക്ക്
കടക്കുകയല്ലേ. സുഹൃത്തുക്കളെ വിളിച്ച് ഒരു സ്‌ളീപ്പ് ഓവ്വര്‍ ബേര്‍ത്ത്‌ഡേ
പാര്‍ട്ടിയായാല്‍ എന്താ എന്നായിരുന്നു ലീസയുടെ അഭിപ്രായം.
`കുട്ടികള്‍
രാത്രി വെളുപ്പോളം ഉറങ്ങില്ല. സംസാരിച്ചും ഓടിനടന്ന് ബഹളമുണ്ടാക്കിയും എന്നെയും
റിച്ചര്‍ഡിനെയും ഉറക്കില്ല' മാഗി പറഞു.
എങ്കിലും അരുമസന്താനത്തിന്റെ
ജന്മദിനത്തില്‍ അവളുടെ ആഗ്രഹത്തിന് എതിര്‍ നില്‍ക്കണ്ടല്ലോ എന്ന് വിചാരിച്ചു. ഏക
മകളുടെ എന്തിഷ്ടങ്ങള്‍ക്കും കൂട്ടു നില്‍ക്കുന്ന റിച്ചര്‍ഡും ലീസയോട്
അനുകൂലിച്ചു.
ലീസയുടെ ബേര്‍ത്ത്‌ഡേ വന്നു. ആഘോഷങ്ങള്‍ സൌകര്യാര്‍ഥം ആ
ശനിയാഴ്‌ചത്തേക്ക് വെച്ചു. ലീസ തന്നോട് കൂടുതല്‍ സൗഹാര്‍ദം പുലര്‍ത്തുന്ന പത്ത്
പെണ്‍കുട്ടികളുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ പിറന്നാളിന് വിളിച്ചിരുന്നു .
കുട്ടികളെല്ലാം ഒരു സിനിമക്ക് പോയി. സിനിമകഴിഞ്ഞപ്പോഴേക്കും ലീസയുടെ വീട്ടില്‍
പീസയും സോഡയും ബേര്‍ത്ത്‌ഡേ കേക്കും എത്തി. കുട്ടികള്‍ക്ക് കൊറിക്കുവാനായി ധാരാളം
പോപ്‌കോണും ചിപ്‌സും മാഗി കരുതിയിരുന്നു.
പതിനൊന്ന് പെണ്‍കുട്ടികള്‍ ഒരു
പറ്റം കിളികളെപ്പോലെ കൂകിയും കുറുകിയും വീടാകെ ശബ്ദമുഖരിതമാക്കി പാറി നടന്നു.
റിച്ചഡും മാഗിയും മുകളിലത്തെ നിലയിലുള്ള തങ്ങളുടെ കിടപ്പുമുറിയിലേക്ക് വലിഞ്ഞു.
കുട്ടികള്‍ എത്തുന്നതിനുമുമ്പായി താഴത്തെ നിലയില്‍ വെച്ചിരുന്ന കള്ളുകുപ്പികള്‍
മാറ്റി വെച്ചു. വല്ല തലതിരിഞ്ഞ കുട്ടികളും കള്ളെടുത്ത് കുടിച്ചാല്‍ അതിന്റെ
ഉത്തരവാദിത്വം റിച്ചഡിനും മാഗിക്കും ആയിരിക്കുമല്ലോ!
വാള്‍മാര്‍ട്ടില്‍
നിന്ന് അമ്മ വാങ്ങിയ, ഡിസൈനേര്‍സിന്റെ പേരില്ലാത്ത വിലകുറഞ്ഞ ജീന്‍സിലും അവിടെ
നിന്നുതന്നെ സെയിലില്‍ വാങ്ങിയ ബ്ലൌസിലും സാറയുടെ കണ്ണുകള്‍ പരതിനടന്നപ്പോള്‍
കൂട്ടുകാരുടെ മുന്നില്‍ ചെറുതാവുന്നതുപോലെ അവള്‍ക്ക് തോന്നി. ഭൂരിഭാഗം കുട്ടികളുടെ
കയ്യില്‍ സ്‌മാര്‍ട്ട് ഫോണുമുണ്ട്. അവള്‍ ലീസയുടെ മേശപ്പുറത്തിരുന്ന പിങ്ക്
സ്‌മാര്‍ട്ട്‌ഫോണ്‍ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. ലീസയോട് അസൂയ
ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ആ വീട്ടിലുണ്ടെന്ന് തോന്നി. ഒന്നിച്ച് കഴിയുന്ന
സ്‌നേഹമുള്ള അഛനുമമ്മയും. അമേരിക്കയില്‍ അത് കാര്യമായ സംഗതി തന്നെ.
തനിക്കാണെങ്കില്‍ വിവാഹമോചനം നടത്തിയ മാതാപിതാക്കള്‍ . താന്‍ പതിനെട്ടു വയസ്സുവരെ
അമ്മയോടൊപ്പം താമസിക്കണമെന്നാണ് കോടതിവിധി. വളരെച്ചെറിയ ഒരു ഫ്‌ളാറ്റ് വാങ്ങി
അമ്മയും താനും അതിലാണ് താമസം . അവളുടെയും അമ്മയുടെയും ചെലവിനായി ഒരു ചെറിയ സംഖ്യ
അഛന്റെ പക്കല്‍ നിന്ന് മാസാമാസം കിട്ടുന്നുണ്ട് ആലിമോണി. അവളുടെ വാരാന്ത്യങ്ങള്‍
അഛന്റെയും അമ്മയുടെയും താമസസ്ഥലങ്ങളിലായി വീതിച്ച് പോവുന്നു, ഒരു തരം
ഞാണിന്മേല്‍ക്കളി. താമസിക്കുന്ന ഫ്‌ളാറ്റിന്റെ കടം തിരിച്ചടക്കുന്നതിനും നിത്യ
ചിലവുകള്‍ക്കും വേണ്ടി അമ്മ രണ്ട് ജോലികള്‍ ചെയ്യുന്നു. താനൊരു `ലാച്ച് കീ'
കുട്ടിയാണ്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയാല്‍ ബാഗില്‍ നിന്നും താക്കോലെടുത്ത്
വീട് തുറന്നകത്ത് കയറുന്നു. സ്‌കൂള്‍ വിശേഷങ്ങള്‍ പറയുവാന്‍ അമ്മ വീട്ടില്‍
കാണില്ല. നല്ല വിശപ്പുണ്ടാവും. അടുക്കളകാബിനറ്റാകെ പരതി എന്തെങ്കിലും
കൊറിക്കാനെടുക്കും. അമ്മ എത്തിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ അടുത്ത വെയ്‌ട്രസ്
ജോലിക്ക് പോകും. സാറക്ക് കൂട്ടായി അടുത്തവീട്ടിലെ എയ്‌മി എത്തും.
ഈ
വാരാന്ത്യം അഛനോടൊപ്പം ചെലവഴിക്കേണ്ടതായതുകൊണ്ട് അവള്‍ നേരത്തെതന്നെ ലീസക്ക്
പിറന്നാള്‍ സമ്മാനം കൊടുക്കുന്നതിനെക്കുറിച്ച് അമ്മയോട് സംസാരിച്ചിരുന്നു.
അഛനോട് ആവശ്യം ഉന്നയിക്കുവാനാണ് അമ്മ മറുപടി പറഞത്. അഛനോട് ചോദിച്ചപ്പോള്‍
അവളുടെ ചെലവിന് ആവശ്യമായ പൈസ എല്ലാമാസവും കൊടുക്കുന്നുണ്ട്, അതിനാല്‍ അമ്മയോട്
ചോദിക്കു എന്നു പറഞു. അവസാനം അമ്മയോട് കെഞ്ചിയതിന് ശേഷമാണ് സമ്മാനം വാങ്ങുവാന്‍
ഇരുപത് ഡോളര്‍ അനുവദിച്ചത്. ലീസയോട് അടക്കാനാവാത്ത അസൂയ തോന്നി. എല്ലാം
തികഞ്ഞൊരു രാജകുമാരിയാണ് ലീസയെന്ന് തോന്നി.
കുട്ടികളുടെ ശബ്ദം
ശല്ല്യപ്പെടുത്തിയെങ്കിലും ഉറങ്ങുവാന്‍ ശ്രമിച്ച റിച്ചര്‍ഡ് പിറ്റെദിവസം പള്ളി
സര്‍വീസില്‍ സംബന്ധിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. താഴത്തെ നിലയില്‍ നിന്നുള്ള
ശബ്ദം മാഗിയെയും ഉറങ്ങുവാന്‍ അനുവദിച്ചില്ല. കുട്ടികള്‍ സ്ലീപ്പിങ്ങ്‌ബാഗ്
തുറന്നുപോലും കാണില്ല. പിറ്റെദിവസം രാവിലെ പതിനൊന്നുമണിയോടെയാണ് കുട്ടികളെ
മടക്കികൊണ്ടുപോകേണ്ടതെന്ന് അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു.
അതുകഴിയുമ്പോഴേക്കും പള്ളിയില്‍ പോകുവാന്‍ വൈകും. രാവിലെ എട്ടുമണിക്ക് ഒരു
സര്‍വ്വിസുണ്ട്. രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്നാലും ആ സര്‍വ്വീസിന് തനിയെ
പോകാമെന്ന് തീരുമാനിച്ചു. പത്തും പതിനൊന്നും വയസ്സായ പതിനൊന്നു പെണ്‍കുട്ടികളെ
വീട്ടില്‍ തനിച്ചാക്കി പോവുന്നതും നിയമപരമായി ശരിയല്ലല്ലോ! പലതും ആലോചിച്ച്
റിച്ചര്‍ഡ് ഉറക്കത്തിലാണ്ടു. ഊര്‍ജ്ജം നഷ്ടപ്പെട്ട കുട്ടികള്‍ വെളുപ്പിനെ എപ്പോഴോ
ഉറങ്ങി.
രാവിലെ എഴുന്നേറ്റ് താഴെ വന്നപ്പോള്‍ പെണ്‍കുട്ടികളെല്ലാം
ഫാമിലിറൂമില്‍ ഉറക്കമായിരുന്നു. അവര്‍ തളര്‍ന്ന താമരതണ്ടുകളെപ്പോലെ കിടന്നു. കതക്
അടച്ചിട്ടിട്ട് അയാള്‍ അടുക്കളയിലേക്ക് നടന്നു. മാഗി കാപ്പി ഉണ്ടാക്കി.
കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണത്തിന് പാന്‍കേക്ക് ഉണ്ടാക്കുവാന്‍ ആരംഭിച്ചു.
റിച്ചര്‍ഡ് പള്ളിയിലേക്ക് യാത്രയായി.
മാഗി ലീസയെ കുലുക്കി
വിളിച്ചുണര്‍ത്തി, ലീസ ബാക്കി പെണ്‍കുട്ടികളെയും. പ്രഭാതഭക്ഷണം കൊടുത്ത് കുട്ടികളെ
റെഡിയാക്കി. പതിനൊന്ന് മണിയോടുകൂടി മാതാപിതാക്കളുടെ കാറുകള്‍ െ്രെഡവേയില്‍
വന്നെത്തി കുട്ടികളുമായി തിരികെപ്പോയി.
സാറ തന്റെ അമ്മ മിഷേലിന്റെ കാറില്‍
കയറിയപ്പോള്‍ അവളുടെ മുഖത്ത് കറുത്തവാവിന്റെ പ്രകാശമായിരുന്നു. ആവശ്യത്തിന്
ഉറക്കം കിട്ടാത്തതിനാലാവണം എന്നാണ് മിഷേല്‍ ചിന്തിച്ചത്. പിറ്റെദിവസം സ്‌കൂള്‍
ദിവസമായതിനാല്‍ അമ്മയുടെ വീട്ടിലേക്ക് പോകാമെന്നായിരുന്നു അവളുടെ തീരുമാനം.
വീട്ടില്‍ ചെന്നയുടന്‍ അവള്‍ തന്റെ കിടപ്പുമുറിയില്‍ കയറി വാതിലടച്ചു . ഏകദേശം
നാലുമണിയോടെ എഴുന്നേറ്റ് ടി വി ഓണാക്കി അതിനു മുന്നില്‍ ഇരുന്നു. പിന്നെ
കുറെകഴിഞ്ഞ് അടുക്കളയില്‍ ഡിന്നര്‍ തയ്യാറാക്കിക്കൊണ്ടിരുന്ന അമ്മയെ
കെട്ടിപ്പിടിച്ച് കരയുവാന്‍ തുടങ്ങി. കഥയറിയാതെ മിഷേല്‍ മിഴിച്ചുനിന്നു. കരയാനും
മാത്രം എന്തുസംഭവിച്ചുവെന്ന് മിഷേലിന് പലതവണ ചോദിക്കേണ്ടിവന്നു. ലീസയുടെ
ബേര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ വെച്ച് സുഹൃത്തുക്കള്‍ അവളോട് എന്തെങ്കിലും പറഞ്ഞ്
കരയിപ്പിച്ചുവോ? അതോ അവളുടെ ഡാഡി അവളെ നോവിക്കത്തക്കവണ്ണം എന്തെങ്കിലും
പറഞ്ഞിരിക്കുമോ? മിഷേലിന് ആകെ സംശയമായി.
? എന്തു സംഭവിച്ചുവെന്ന് പറയു
കുട്ടി? മിഷേല്‍ മകളെ ആലിംഗനം ചെയ്‌തു, മകളുടെ സംഭാഷണങ്ങള്‍ക്ക് ചെവി
കൊടുക്കുവാന്‍ സമയമുണ്ടന്ന സന്ദേശം കൊടുക്കും മാതിരി. സാറ കണ്ണുകള്‍
അമര്‍ത്തിതിരുമ്മി ചുവന്നുവെന്ന് ഉറപ്പ് വരുത്തി, ഏങ്ങലടിച്ച് കരഞ്ഞു. ലീസയുടെ
ഡാഡി അവളോട് അപമര്യാദയായി പെരുമാറിയെന്നും പീഢിപ്പിച്ചുവെന്നും ഒരുവിധത്തില്‍
പറഞ്ഞൊപ്പിച്ചു. അവള്‍ വെളുപ്പിന് ബാത്ത്രൂമില്‍ നിന്നിറങ്ങിയപ്പോള്‍ റിച്ചര്‍ഡ്
ഇരുണ്ട ഹാള്‍വേയില്‍ പതുങ്ങി നില്‍ക്കുന്നുണ്ടായിരുന്നു പോലും. അപ്പോഴേക്കും
കുട്ടികളെല്ലാം ഉറങ്ങിയിരുന്നുവത്രെ. പറയുന്നതിനിടയില്‍ അവള്‍ ഒളികണ്ണിട്ട് നോക്കി
അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചു. അമ്മയുടെ മുഖം രൗദ്രമാവുന്നുണ്ടെന്ന്
ഉറപ്പുവരുത്തി. അമ്മ അവളെ പല ചോദ്യങ്ങള്‍ക്കൊണ്ട് പൊതിഞ്ഞു. എന്തെങ്കിലും
ആവശ്യമുണ്ടെങ്കില്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപോവണമല്ലോ! സാറ കരഞ്ഞുകൊണ്ട് ഓടി
സ്വന്തം മുറിയില്‍ കയറി കതകടച്ചു, കരച്ചില്‍ തുടര്‍ന്നു. അധികം താമസിച്ചില്ല
മിഷേല്‍ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം പറഞ്ഞ് പരാതി
ബോധിപ്പിച്ചു. പോലീസ് പരാതി സീരിയസ് ആയി എടുത്തു. കൊച്ചുകുട്ടികളുടെ കാര്യമല്ലേ,
പീഢന കേസല്ലേ, പോലീസ് സീരിയസ് ആയി എടുക്കും. അവര്‍ അന്വേഷണം തുടങ്ങി. ഏതാനും
പെണ്‍കുട്ടികള്‍ ലീസയുടെ വീട്ടില്‍ അന്തിയുറങ്ങി എന്ന് തെളിഞ്ഞു. ലീസയുടെ
വീട്ടില്‍ രാത്രികഴിച്ചുകൂട്ടിയ മറ്റ് കുട്ടികളെയും ചോദ്യം ചെയ്‌തു. അവരാരും
ഒന്നും കണ്ടതും കേട്ടതുമില്ലായിരുന്നു. റിച്ചര്‍ഡിനെതിരെ കേസ് ചാര്‍ജ്
ചെയ്യുവാന്‍ അധികം തെളിവുകള്‍ ഒന്നും വേണ്ടിവന്നില്ല, പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടിയല്ലേ?
അവര്‍ റിച്ചര്‍ഡിനെ അറസ്റ്റ് ചെയ്‌തു. മാഗിയും ലീസയും
കണ്ണീരോടെ നോക്കി നിന്നു. അവര്‍ക്ക് തന്റെ ഭര്‍ത്താവില്‍ വിശ്വാസമുണ്ടായിരുന്നു.
കുട്ടികള്‍ വീട്ടില്‍ അന്തിയുറങ്ങിയ ദിവസം അയാള്‍ ഓരോ നിമിഷവും തന്നോടൊപ്പം
ഉണ്ടായിരുന്നുവെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. റിച്ചര്‍ഡിന് ജാമ്യം
അനുവദിച്ച് ഇറക്കി. കോടതിയില്‍ ഹാജരാകേണ്ട തീയതി കൊടുത്തു. ഉറക്കം തൂങ്ങി
കിടന്നിരുന്ന ആ ചെറിയ പട്ടണത്തില്‍ അതൊരു വലിയ വാര്‍ത്തയായിരുന്നു. ആ വാര്‍ത്തയുടെ
ചൂടില്‍ പട്ടണം സടകുടഞ്ഞെഴുന്നേറ്റു. അല്ലെങ്കില്‍ തന്നെ റിച്ചര്‍ഡിന്റെ
സമൃദ്ധിയില്‍ പട്ടണത്തില്‍ ചിലര്‍ക്കൊക്കെ അസൂയ മുളക്കുന്നുണ്ടായിരുന്നു.
അയാളുടെയും മാഗിയുടെയും ഫാന്‍സി കാറുകള്‍ കടന്ന് പോവുമ്പോള്‍ അയല്‍വക്കത്തുകാര്‍
തലകുനിച്ചു നടന്നു. കണ്ടാല്‍ കൈവീശിക്കാണിച്ച് പരിചയം കാണിക്കണമല്ലോ!
ഈ
സംഭവത്തിനു ശേഷം ലീസയുടെ മുടി വെട്ടിക്കുന്നതിന് അവര്‍ ലോക്കല്‍ സലൂണില്‍ പോയി.
അവിടെയുണ്ടായിരുന്ന ആളുകള്‍ എല്ലാം തങ്ങളെ നോക്കുന്നുവെന്ന് മാഗിക്ക് തോന്നി. ആരോ
അവരെ ചൂണ്ടി പറഞ്ഞു `കുറ്റവാളിയുടെ ഭാര്യയും മകളുമാണ് അവിടിരിക്കുന്നത്' . അത്
തങ്ങളെക്കുറിച്ചാണന്നുള്ള അറിവില്‍ മാഗി കിതച്ചു. മാഗിക്ക് ആ സ്‌ത്രീയെ
നേരിടണമെന്നും രണ്ട് വാക്ക് പറയണമെന്നും തോന്നി. ഒന്നും പറയാതെ
ഇറങ്ങിപ്പോവുന്നതാണ് ബുദ്ധിയെന്ന് പിന്നീട് കരുതി.
ലീസയോട് സ്‌കൂളില്‍
പലകുട്ടികളും സംസാരിക്കാതായി. സ്‌ത്രീകള്‍ കുശുകുശുത്തു. അയല്‍വക്കത്തുള്ള
കുട്ടികള്‍ അവരുടെ സൈക്കിളില്‍ സഞ്ചരിച്ചും വഴിയില്‍ സന്ധ്യ വരെ ബേസ്‌ബോള്‍
കളിച്ചും സമ്മര്‍ ആഘോഷിച്ചു. അവരോടൊപ്പം അവരുടെ വളര്‍ത്ത് പട്ടികളും കൂടി.
പെണ്‍മക്കളോട് റിച്ചഡിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടരുതെന്ന് അമ്മമാര്‍ താക്കീത്
നല്‍കി. റിച്ചഡിനെ കാണുമ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. അയല്‍വക്കത്തെ പുരുഷന്മാര്‍
പോലും റിച്ചര്‍ഡിനെ കാണുമ്പോള്‍ കൈവീശിക്കാട്ടിയിട്ട് അകത്തേക്ക് കയറിപ്പോയി.
ഇതെല്ലാം അയാള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു, താന്‍
നിര്‍ദ്ദോഷിയാണെന്നും ഇതെല്ലാം എട്ടും പൊട്ടും അറിയാത്തൊരു പെണ്‍കുട്ടി
ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ആലോചിക്കാതെ കെട്ടിച്ചമച്ച കഥകളാണന്നും ലോകത്തെ
മനസിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ആരു ചെവികൊടുക്കാന്‍? നിര്‍ദ്ദോഷിയാണന്ന്
തെളിയിക്കുംവരെ ലീസയെ കൊണ്ടുവിടുവാനും കൊണ്ടുവരാനും സ്‌കൂളിന്റെ പരിസരത്തൊന്നും
വരരുതെന്ന് സ്‌കൂള്‍ അധികൃതര്‍ താക്കീത് നല്‍കി.
അടുത്തുള്ള പള്ളിവക
സ്‌കൂളില്‍ സാറ അഡ്‌മിഷന്‍ വാങ്ങി, പഴയകൂട്ടുകാരെ എന്നും നേരിടേണ്ടല്ലോ!
ആവശ്യമെങ്കില്‍ അച്ഛന്റെ കൂടെ താമസം മാറ്റി ആ പട്ടണത്തിലെ സ്‌കൂളില്‍ പോകുവാനും സാറ
തയ്യാറായിരുന്നു. നിയമം അവളുടെ രക്ഷക്ക് ഉണ്ടല്ലോ.
ലീസപോലും തന്റടുത്ത്
വരുവാന്‍ മടിക്കുന്നുവെന്ന് റിച്ചഡിന് തോന്നി. താന്‍ അവര്‍ക്ക് നാണക്കേടായി
മാറിയോ?
അടുത്ത ദിവസമാണ് അയാളുടെ ആദ്യത്തെ കോര്‍ട്ട്
ഡേറ്റ്.
ലീസയെയും കൂട്ടി കടയില്‍ നിന്ന് ഭക്ഷണ സധനങ്ങള്‍ വാങ്ങുവാ!ന്‍
മാഗി തയ്യാറായി. റിച്ചഡ് സോഫയില്‍ ചടഞ്ഞിരുന്ന് റിമോട്ടിലെ ബട്ടണില്‍
വിരലമര്‍ത്തി ചാനലുകള്‍ മാറ്റി ടി വി കാണുകയാണന്ന് ഭാവിച്ചിരുന്നു. അതു കണ്ടാണ്
മാഗി ഷോപ്പിങ്ങിന് ഇറങ്ങിയത്.
ഉച്ചയോടുകൂടി അവര്‍ തിരിച്ചെത്തി കാര്‍
ഗരാജില്‍ പാര്‍ക്ക് ചെയ്‌തു. ബേസ്‌മെന്റിലൂടെ വീടിന്റെ ഒന്നാം നിലയില്‍ എത്തുവാന്‍
ലീസ അമ്മക്ക് മുമ്പെ ഓടി . അവളില്‍ നിന്നും വലിയൊരു അലര്‍ച്ച ഉയര്‍ന്നു. മാഗി
അവളുടെ പുറകെ ഉണ്ടായിരുന്നു. അവിടെ കണ്ടകാഴ്‌ചയില്‍ ഗ്രോസറി ബാഗ് കയ്യില്‍
നിന്നും താഴെ വീണ് ഓറഞ്ചും ആപ്പിളും ഉരുണ്ടു. സ്‌പഗറ്റിസോസിന്റെ കുപ്പി ഉടഞ്ഞ്
ചുവന്ന സോസ് നിലത്തും ഭിത്തിയിലും ചിതറിവീണു. ചില തുള്ളികള്‍
രക്തത്തുള്ളികളോടൊപ്പം കലര്‍ന്നു. റിച്ചര്‍ഡിന്റെ ചലനമറ്റ ശരീരം രക്തത്തില്‍
കുളിച്ച് കിടന്നു. സമീപത്തായി അയാളുടെ ശേഖരത്തിലെ ഒരു തോക്കും. അത് ഇടക്കിടക്ക്
തുടച്ച് പോളിഷ് ചെയ്യുന്നത് മാഗി കണ്ടിട്ടുണ്ട്. ലീസ ബോധം കെട്ടുവീണു. മാഗി
സ്‌റ്റെപ്പുകള്‍ കയറി സ്വീകരണ മുറിയുടെ കതക് തുറന്ന് സഹായത്തിനായി
തൊട്ടുമുന്നില്‍ താമസിക്കുന്ന രാജീവന്റെ വീട്ടിലേക്കോടിവന്നു. രാത്രിയിലാണ്
ജോലിയെന്നതിനാല്‍ രാജീവന്‍ വീട്ടിലുണ്ടായിരുന്നു. രാ!ജീവനാണ് പോലീസിനെ
വിളിച്ചത്.
രാജീവന്‍ മാഗിയുടെ വീട്ടിലേക്കോടി. അടുക്കളയില്‍ മേശപ്പുറത്ത്
ഒരു സീരിയല്‍ ബോക്‌സ് തുറന്ന് വാപൊളിച്ചിരുന്നു. റിച്ചര്‍ഡ് കഴിച്ചതാവാം. അയാള്‍
മനസ് മാറ്റിയത് പെട്ടന്നാണന്ന് തോന്നുന്നു. ആത്മഹത്യക്ക് ഒരുങ്ങുന്നവന്
വിശപ്പ് അടക്കേണ്ട ആവശ്യം ഉണ്ടോ? മനസ് വായിച്ചെടുക്കാന്‍ പ്രത്യേക ലിപികള്‍
ഉണ്ടായിരുന്നെങ്കില്‍ !
ഉച്ചകഴിഞ് െ്രെഡവേയില്‍ കാറുകളുടെ വരവ് നിലച്ച
മട്ടായി. മാഗിക്കോ റിച്ചഡിനോ ബന്ധുക്കളായി അടുത്തെങ്ങും ആരുമില്ലെന്ന് അയാള്‍
ഓര്‍മ്മിച്ചു. രാജീവന്‍ മാഗിയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു. വര്‍ഷങ്ങളായി
അയല്‍വക്കത്തുകാരാണല്ലോ! ഡോര്‍ബേല്ലടിച്ചപ്പോള്‍ കയ്യില്‍ പോര്‍ട്ടബിള്‍ ഫോണുമായി
മാഗി ഡോര്‍ തുറന്നു. അവര്‍ ആരുമായോ ഫോണിലാണ്. `ഇരിക്കുവാന്‍' കൈകൊണ്ട് ആംഗ്യം
കാണിച്ചിട്ട് അവര്‍വീണ്ടും ഫോണില്‍ സംസാരിച്ചുതുടങ്ങി. . അയാള്‍ അകത്തേക്ക്
കണ്ണ് പായിച്ച് അടുക്കളയില്‍ അവരോടൊപ്പം നിന്നു. ഹാള്‍വേക്ക് അപ്പുറത്ത് കതക്
തുറക്കുന്ന ശബ്ദം കേട്ട് അയാള്‍ അങ്ങോട്ട് നോക്കി. ലീസ മുറി തുറന്ന്
പുറത്തേക്ക് ഇറങ്ങിയതാണ്. അയാള്‍ ഹാള്‍വേയിലേക്ക് നടന്നു. അവളുടെ കരഞ്ഞ്‌തുടുത്ത
മുഖം. ലീസയുടെ വെളുത്തകൈകള്‍ അയാളെ കെട്ടിപ്പിടിച്ചു. അമേരിക്കന്‍ രീതിയില്‍
പരിചയമുള്ളവരെ അഭിവാദ്യം ചെയ്യുന്നത് അങ്ങനെയാണ്. ലീസക്ക് വിടരുന്ന പ്രായവും
വളര്‍ച്ചയുമാണ്. അയാള്‍ ലീസയെ ചുറ്റിപ്പിടിച്ചു. അവളുടെ സ്വര്‍ണ്ണമുടികള്‍ അയാളുടെ
കൈകളില്‍ അമര്‍ന്നു. അവളുടെ കരഞ്ഞുകലങ്ങിയ നീലക്കണ്ണുകളില്‍ അയാള്‍ കാമത്തോടെ
നോക്കി. `രാജീവന്‍, നിങ്ങള്‍ക്കറിയുമോ എന്റെ ഡാഡി നിരപരാധിയായിരുന്നു.. എല്ലാം സാറ
കെട്ടിച്ചമച്ച കഥയാണ്' അവള്‍ തേങ്ങി. അവളുടെ തേങ്ങലുകള്‍ അയാളുടെ മനസ്സിനെ
പൊള്ളിച്ച ലാവയായി ഒഴുകി. തന്റെമേല്‍ ആരോപിച്ച കുറ്റത്തിന്റെ മാനഹാനി സഹിക്കാനാവതെ
ആത്മത്യചെയ്‌തയാളാണ് അവളുടെ ഡാഡി. രാജീവന്‍ അവളുടെ നീറ്റല്‍ അറിഞ്ഞു, അവളുടെ
ഡാഡിയുടെയും. റിച്ചഡിന്റെ സ്ഥാനത്ത് തന്നെ കണ്ടു. കരയുന്ന സ്വന്തം മകളെ കണ്ടു.
മാഗി അപ്പോഴും ഫോണിലായിരുന്നു. അവരോട് സാംസാരിക്കുവാന്‍ കാത്തുനില്‍ക്കാതെ
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ അയാള്‍ക്ക് അയാളോട് ലജ്ജയിലും വലുതാ!യ എന്തോ
ഒന്ന് തോന്നി. (കടപ്പാട്; മംഗളം ഓണപ്പതിപ്പ്)
റീനി
മമ്പലം
reenimambalam@gmail.com