Image

പിറകോട്ടു പെയ്യുന്ന മഴ (കവിത: ജോസഫ്‌ നമ്പിമഠം)

Published on 12 November, 2015
പിറകോട്ടു പെയ്യുന്ന മഴ (കവിത: ജോസഫ്‌ നമ്പിമഠം)
('പിറകോട്ടു പെയ്യുന്ന മഴ' ഏതു നാഗരികന്റെയും ഉള്ളില്‍ പെയ്യുന്ന ബാല്യകൗമാരമഴകളുടെ ചലനചിത്രമാണ്‌. പിറകോട്ടു പെയ്യുന്ന മഴയിലാണ്‌ ശ്രീ നമ്പിമഠത്തിന്റെ മനസ്സിലെ മലയാള മേഘങ്ങള്‍ നിറഞ്ഞു നിന്നു പെയ്യുന്നത്‌. തീ പിടിച്ച ഞരമ്പുകളുള്ള ആധുനിക പരിഷ്‌ കൃതിയുടെ മദദ്രവതാളങ്ങള്‍ക്കിപ്പുറം, നാക്കിലും നാഭിയിലും വെള്ളിവളയങ്ങളിട്ട കസീനോകള്‍ക്കിപ്പുറം, ഋതുത്തിളക്കം കൊണ്ട മലയാള മണ്ണ്‌, തുമ്പപ്പൂവില്‍ ചേമ്പിലയില്‍ കൌതുകമായി വീഴുന്ന മഴത്തുള്ളികളുടെ മണ്ണ്‌ അതെ, ഇപ്പോഴും ഈ മണ്ണില്‍ മനസ്സൂന്നി നിന്നു തന്നെയാണ്‌ ശ്രീ നമ്പിമഠം കാവ്യ തപം തുടരുന്നത്‌.

ഓര്‍മ്മകള്‍ അവിശ്രാന്ത യാത്ര തുടരുമ്പോഴും ഉള്ളിലെ നാമാകുന്ന കുട്ടിയെ നമുക്ക്‌ നഷ്ടപ്പെടുന്നില്ല. 'പിറകോട്ടു പെയ്യുന്ന മഴയിലൂടെ' നന്‌പിമഠം, നാഗരികതയില്‍ നിന്നു നാട്ടിന്‍പുറത്തേക്ക്‌, നഗരൈകേകാന്തതയില്‍ നിന്നു വിശ്വലയത്തിലേക്ക്‌ നമ്മെ ആനയിക്കുകയാണ്‌. ആകെ മൂന്നു കാലങ്ങള്‍, മൂന്നു രംഗങ്ങള്‍! കാമത്തിന്റെ മൂന്നു തലങ്ങളും ഈ ചെറുകവിതയില്‍ കാണാം. ഭോഗാസക്തമായ കാമം, വ്രണമായ കാമം, പ്രകൃതിലയമാകുന്ന ലീലയാകുന്ന കാമം. നന്‌പിമഠത്തിന്റെ കാവ്യ പ്രജ്ഞയുടെ സഫലതയാണീ രചന.2004 ല്‍പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച 'തിരുമുറിവിലെ തീ' എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ മലയാളത്തിന്റെ പ്രിയ കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍)

ഒന്ന്‌. രാത്രി മഴ

രാത്രി മഴ ഒരു നിശാസുന്ദരി
നഗരത്തിന്റെ
ഉണങ്ങാത്ത വ്രണങ്ങളുടെ തുറകണ്ണുകളിലൂടെ
ഉറങ്ങാത്ത മിഴികളുടെ ആലസ്യങ്ങളിലൂടെ
കെടാത്ത കാമത്തിന്റെ അഗ്‌നിനാവുകളിലൂടെ
ഭ്രാന്തന്‍ ഞരമ്പുകളുടെ ലഹരികളിലൂടെ
സാന്ത്വനമായ്‌ സമാശ്വാസമായ്‌
ബോബ്‌ ചെയ്‌ത മുടിയും
അനാവൃത മാറുമായി
പുരികത്തിലും പൊക്കിളിലും
നാക്കിലും നാഭിയിലും
വെള്ളിവളയങ്ങളണിഞ്ഞ്‌
ചുവന്ന തെരുവുകളിലൂടെ
ടോപ്‌ലെസ്സ്‌ ബാറുകളുടെ
ആരവലഹരികളിലൂടെ
ഫ്‌ലൈഓവറുകളുടെ വിജനതകളിലൂടെ
ഹൈഹീല്‍ഡു ഷൂവിട്ട്‌
റോക്കിന്റെ താളച്ചുവടുകളോടെ
റാപ്പിന്റെ ചടുലതയോടെ
മോഹിപ്പിച്ചുകൊണ്ട്‌ ആനന്ദിപ്പിച്ചു കൊണ്ട്‌
നഗരത്തിന്റെ നഗ്‌നതകളിലൂടെ പെയ്‌തിറങ്ങി
സിരകളിലൂടെ പടര്‍ന്നൊഴുകി
രാത്രിമഴ ഒരു നിശാസുന്ദരി.

രണ്ട്‌. വേനല്‍ മഴ

ഓര്‍ക്കാപ്പുറത്തൊരുമഴ
സ്‌കൂള്‍ വിട്ടുവരുന്നവര്‍ നമ്മള്‍
എന്‍ കുടയിന്‍കീഴെ
കേറാനവള്‍ക്കൊരു പുത്തന്‍ നാണം
'പുതുമഴ പെയ്‌ തിന്നലെയെന്നില്‍'
കുസൃതി നിറഞ്ഞൊരു ചിരിയോടെയവള്‍
കവിളില്‍ നാണത്തിന്‍ ഋതുത്തിളക്കം
പുതുമഴ നനവുകള്‍
യൗവന മൃദുലതകളെ
കുളിരണിയിച്ചൊരു കാലം
കന്നിമണ്ണില്‍ വീണ കന്നിവിത്തും
പുതുമണ്ണിന്‍ മദഗന്ധവും
മഴയുടെ ചുണ്ടുകള്‍
ഒപ്പിയെടുത്ത നിന്‍ വിയര്‍പ്പിന്‍ ഗന്ധവും
നിന്‍ കവിളിലെ മാറാത്തോരരുണിമയും
മാറാതെന്നില്‍ നിറയുന്നിന്നും
തോരാതെന്നിലും നിന്നിലും
പെയ്യും മഴ... കുളിര്‍മഴ
ഒരിക്കലുമൊരിക്കലും മറക്കാത്ത മഴ.

മൂന്ന്‌. സായം കാല മഴ

ഓലപ്പുരയുടെ ഓരങ്ങളിലൂടെ
ഒലിച്ചിറങ്ങും മഴയഴികള്‍ ...
പുസ്‌തക സഞ്ചി വലിച്ചെറിഞ്ഞ്‌,
ചാണകം മെഴുകിയ കോലായില്‍
മഴയഴികളില്‍ മിഴിനട്ടു ഞാന്‍ ...
നാലുമണിപ്പൂവില്‍, നാരകയിലയില്‍
തുന്‌പപ്പൂവില്‍ ചേന്‌പിലയില്‍
കുതൂഹലമായ്‌ കൌതുകമായ്‌
തുള്ളിത്തുള്ളിപ്പെയ്യും മഴ
തുള്ളിക്കൊരുകുടം മഴ
തുള്ളുന്നെന്നുള്ളം മഴയില്‍
തുള്ളും മഴയിലെന്‍വള്ളം
വള്ളംമഴയിലലിയുന്‌പോള്‍
മിഴിയില്‍ നിറയും പെരുമഴ...
ഇന്നെന്നുള്ളില്‍ ....
തുള്ളിത്തുള്ളി പെയ്യും പെരുമഴയില്ല
ആ മഴയില്‍....
എന്‍ കളിവള്ളവുമില്ല.
പിറകോട്ടു പെയ്യുന്ന മഴ (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വായനക്കാരൻ 2015-11-12 14:21:11
പ്രണയമണി തൂവൽ പൊഴിയും പവിഴമഴ
മഴവിൽ കുളിരഴക് വിരിഞ്ഞൊരു പവിഴമഴ
തോരാത്ത മോഹമീമഴ ഗന്ധർവ്വഗാനമീമഴ
ആദ്യാനുരാഗ രാമഴ.... 
(കൈതപ്രം)
വിദ്യാധരൻ 2015-11-12 20:28:31
മഴപൊഴിയുമ്പോൾ, 
അഴകുള്ള നിൻമേനിയെ  
തഴുകിയൊഴുകുന്നു നീർച്ചാലുകൾ, 
കൊഴുത്തുള്ള പോർസ്തനങ്ങളെ  
പൊതിയുന്ന വസ്ത്രത്തി-
നിഴകൾ നനയുമ്പോൾ,  കാണുന്നു 
നിഴൽ പോലെ നിൻ  കൊങ്കകൾ
ഉണരുന്നു കാമം  
തിരയുന്നു ഓവ്ചാലുകൾ,  
കിട്ടാതെ വഴിമുട്ടുമ്പോൾ 
വൃണമായി മാറുന്നു കാമം
വാർദ്ധക്ക്യമെന്ന ശാപം 
കുറയ്ക്കുന്നു റ്റെസ്റ്റാസ്ട്രോണ്‍ 
കൂടാതെ ഋതുഭേദവും.
പോയി ഞാനറിയാതെ പിന്നോക്കം,  
കോരിചൊരിയുന്ന മഴയോർമ്മകൾ. 
നുകരുമ്പോൾ മുന്തിരിച്ചാറീ സന്ധ്യയിൽ
കരയുന്നു ഞാനൊരു കഴുതയെപ്പോലെ ചുമ്മാ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക