MediaAppUSA

സാഹിത്യത്തിന്റെ ലക്ഷ്യം (വാസുദേവ് പുളിക്കല്‍)

Published on 12 November, 2015
സാഹിത്യത്തിന്റെ ലക്ഷ്യം (വാസുദേവ് പുളിക്കല്‍)
സാഹിത്യം ഒരു കലയാണ്. സാഹിത്യകാരന്‍ കലാകാരനും. മനുഷ്യന്റെ ഭാവനയെ ഉദ്ദീപിക്കുകയും ആനന്ദിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയുമെന്നത് കലാസൃഷ്ടിയുടെ ഒരു ഉദ്ദേശ്യമാണ്. ചില കലാസൃഷ്ടികള്‍ വായിക്കുമ്പോള്‍ നമുക്ക് ആത്മസംതൃപ്തിക്കു പകരം വിരസതയാണ് അനുഭവപ്പെടുക. അതിനു കാരണം കൃതിയുടെ ആനന്ദാത്മകതയുടേയും രസാത്മകതയുടേയും അഭാവമോ പരിമിതിയോയാണ്. കലാസൃഷ്ടിയുടെ ഈ ഉല്‍കൃഷ്ടതയാണ് അത് വായിച്ചു തീര്‍ക്കാനും അല്ലെങ്കില്‍ പുനര്‍വായനക്കും അനുവാചകരെപ്രേരിപ്പിക്കുന്നത്. അത് ഉത്തമസാഹിത്യത്തിന്റെ ലക്ഷണമാണ്. 

തിക്തമായ ജീവിതാനുഭവങ്ങളുടെ മൂശയില്‍ വാര്‍ത്തെടുക്കുന്ന കൃതികളാണ് ഉല്‍കൃഷ്ടമായ ഉത്തമസാഹിത്യമായിത്തീരുന്നത്. സാമൂഹ്യ വ്യവസ്ഥിതിയെ, പ്രപഞ്ചത്തെത്തന്നെ മാറ്റി മറിക്കണമെന്നുള്ള ആവേശമുണ്ടാകുന്ന ഘട്ടത്തിലാണ് താറുമാറായ ഈ പ്രപഞ്ചത്തെ അടിച്ചുടച്ച് തന്റെ ആഗ്രഹത്തിനൊത്തവണ്ണം ഒരു ലോകം സൃഷ്ടിച്ചു കൂടെ എന്ന ഓമര്‍യാമിന്റെ ചോദ്യം പ്രസക്തമാകുന്നതും, സൃഷ്ടിയിലെ കുറ്റങ്ങളും കുറവുകളും പൊരുത്തക്കേടുകളുമില്ലാത്ത ഒരു നവ്യസൃഷ്ടിക്കായി സാഹിത്യകാരന്‍ വെമ്പല്‍ കൊള്ളുന്നതും. സുമൂഹത്തിലെ ഗതിവിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് നടത്തുന്ന കലാസൃഷ്ടികള്‍ വായനക്കാരെ ഉല്‍ബോധിപ്പിക്കാന്‍ പര്യാപ്തമാകും. 

 അങ്ങനെയുള്ള രചനകളിലെ കഥാപത്രങ്ങള്‍ നമ്മേക്കൊണ്ട് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളേയും ആദര്‍ശങ്ങളേയും കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ചോദിപ്പിച്ചുകൊണ്ടിരിക്കും. നമ്മുടെ ശീലത്തിലും സ്വഭാവത്തിലും ചിന്തയിലുമൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങള്‍നമ്മേ ഒരു പുതിയ സംസ്‌കാരത്തിലേക്ക് നയിക്കുന്നു. രാമായണം ഇന്‍ഡ്യയുടെ സംസ്‌കാരത്തിന്റെ നാഡിയിടിപ്പാണെന്ന് രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത് രാമായണം പകര്‍ന്നു തരുന്ന സംസ്‌കാരം ഭാരതീയര്‍ സ്വായത്തമാക്കണമെന്ന ഉദ്ദേശ്യത്തിലായിരിക്കാം. സാഹിത്യത്തില്‍ ആനന്ദാനുഭൂതിയും ജീവിതപ്രശ്‌നങ്ങളെ പറ്റി പിന്നെയും പിന്നെയും ചിന്തിക്കാനുള്ള പ്രചോദനവും സാമൂഹ്യ പ്രതിബദ്ധതയുമൊക്കെ ഇഴചേര്‍ന്നു കിടക്കണം. തനിയാവര്‍ത്തനമാകാതെമൗലികതയോടെ ലോകത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് സാഹിത്യകാരന്‍ ലക്ഷ്യമാക്കേണ്ടത്. 

സാഹിത്യരംഗത്ത് സൗഹൃദവും ഒത്തൊരുമയും നിലനിര്‍ത്തിക്കൊണ്ട് സാഹിത്യകാരന്മാര്‍ ലോകത്തിന് മാതൃക കാണിച്ചു കൊടുക്കുന്നത് അവരുടെ കടമ നിര്‍വ്വഹിക്കലിന്റെ ഒരു ഭാഗമാണ്. സാഹിത്യകാരന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും ഏകത്വംഉല്‍ഘോഷിക്കുന്ന അദൈ്വതദര്‍ശനത്തിന്റെ പ്രായോഗികത സാഹിത്യരംഗത്തുള്ളതു പോലെ മറ്റൊരു രംഗത്തും ഉണ്ടാവുകയില്ല എന്നത് സാഹിത്യകാരന്മാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ജീവിതത്തിന്റെ അഗാധതകളേയും രഹസ്യങ്ങളേയും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിട്ടുള്ള സാഹിത്യകാരന്മാരുടെ ഒരു നിര തന്നെ നമ്മുടെ മുന്നിലുണ്ട്. മനുഷ്യജീവിതത്തെ പുരോഗമിപ്പിക്കുക എന്നതാണ് അവര്‍ സാഹിത്യത്തിന്റെ ലക്ഷ്യമായി കണക്കാക്കിയിട്ടുള്ളത്. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുമ്പോഴാണ് ആത്മാര്‍ത്ഥതയുള്ള സാഹിത്യകാരന് ആത്മസംതൃപ്തി ലഭിക്കുന്നത്.

സാഹിത്യത്തിന്റെ ലക്ഷ്യം വെളിപ്പെടുത്തുന്ന ചില രചനകള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞ് ധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്ന ലക്ഷ്യം അനാവരണം ചെയ്തുകൊണ്ട്വാല്‍മീകി രാമായണം നമ്മുടെ മുന്നില്‍ വയ്ക്കുന്നു. രാമന്റെ കര്‍ത്തവ്യബോധവും ധര്‍മ്മനിഷ്ടയുമാണ് രാമായണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ധര്‍മ്മാധര്‍മ്മങ്ങളെ കുറിച്ച് രാമന് സുതാര്യമായ ബോധമുണ്ട്. ഉത്തമനായ രാജാവ് പ്രജാവത്സലനാണ്. മഹാവൃക്ഷം സൂര്യതാപം സഹിച്ച് കാല്‍നടക്കാര്‍ക്ക് തണല്‍ നല്‍കുന്നതു പോലെ രാജാവ് ക്ലേശങ്ങള്‍ സഹിച്ച് പ്രജകള്‍ക്ക് സും നല്‍കി പരിരക്ഷിക്കണമെന്ന തത്വം രാമന്‍ സ്വീകരിച്ചു. പ്രജകള്‍ സീതയെ അപവാദത്തിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ രാമന് നിര്‍ണ്ണായകമായ തീരുമാനം എടുക്കേണ്ടി വന്നു. വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ രാമന്‍ രാജധര്‍മ്മം നിര്‍വ്വഹിച്ചു. പ്രജകളുടെ അഭിമാനപ്രശ്‌നമാണ് സീതാപരിത്യാഗത്തെ ന്യായീകരിക്കാനുള്ള വാദത്തിന് അവലംബം. ഏകപത്‌നിവൃതത്തിലൂടെ രാമന്റെ സ്വഭാവ വൈശിഷ്ട്യം ഉയര്‍ത്തിക്കാണിക്കുന്നതോടൊപ്പം പുരുഷവര്‍ഗ്ഗത്തിന് ഒരു സന്ദേശവും കൂടി വാല്‍മീകി നല്‍കുന്നു. രാമായണത്തില്‍ വാല്‍മീകി ധര്‍മ്മാധര്‍മ്മങ്ങള്‍ ലക്ഷ്യമാക്കുമ്പോള്‍ എഴുത്തച്'ന്‍ ഭക്തിപ്രസ്ഥാനത്തിലേക്ക് കടന്ന്, കേരളീയരെ ഭക്തിയുടെ നവീന മേലയിലേക്ക് നയിച്ചുകൊണ്ടു പോയി,ഭക്തികൂടി രാമായണസാഹിത്യത്തിന്റെ ലക്ഷ്യമാക്കുന്നു.

രാമായണത്തിന് നന്ദിയായ വാല്‍മീകിയുടെ ആദ്യകവിതയില്‍ തന്നെ മനുഷ്യപുരോഗതി എന്ന സാഹിത്യത്തിന്റെ ലക്ഷ്യം അനുഗാനം ചെയ്തിട്ടുണ്ട്. നീ ശാശ്വതമായ ലോകം പൂകുകയില്ല എന്ന് വാല്‍മീകി നിഷാദനെ ശപിച്ചത് നിഷാദന്റെ ഹിംസാത്മകമായ പ്രവൃത്തി കണ്ടിട്ടാണ്. വാല്‍മീകിയുടെ അറിവിന്റെ ഊടും പാവുമായിരിക്കുന്നത് ആത്മതത്വവും സകലജീവജാലങ്ങളോടുമുള്ള സ്‌നേഹവുമാണ്. വാല്‍മീകിയുടെ ആദ്യശ്ലോകത്തില്‍ തന്നെ ജീവിതരഹസ്യം ലീനമായിരിക്കുന്നു. ശരീരത്തില്‍ ചേതനാരൂപത്തിലിരിക്കുന്ന ആത്മപ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്നവര്‍ക്കു മാത്രമേ ഹിംസാത്മകമായ പ്രവൃത്തികളില്‍ നിന്ന് പിന്തിരിഞ്ഞ് ധന്യമായ ജീവിതം നയിക്കാന്‍ സാധിക്കൂ. ആ ലക്ഷ്യത്തിന്റെ ഉല്‍ബോധനം നല്‍കുന്നതാണ് ആദ്യകവിത. വ്യാസസാഹിത്യത്തിന്റേയും ലക്ഷ്യങ്ങളിലൊന്ന് അഹിംസയാണെന്ന് കാണാന്‍ കഴിയും. മഹാഭാരതത്തിലെ ഗീതോപദേശത്തിന്റെ പശ്ചാത്തലം യുദ്ധമാണെങ്കിലും യുദ്ധത്തിന്റെ നിരര്‍ത്ഥകതവ്യാസന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

കൗരവന്മാരെ കൊന്നൊടുക്കി വിജയം വരിച്ച പാണ്ഡവപക്ഷത്ത് എത്രപേര്‍ അവശേഷിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം വെളിപ്പെടുത്തുന്നത് ഹിംസയുടെ വ്യര്‍ത്ഥതയാണ്. അഹിംസയുടെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്ന ധാരാളം ശ്ലോകങ്ങള്‍ ഗീതയിലുണ്ട്. ഗീതയിലെ അന്തസത്ത അറിയാന്‍ ശ്രമിക്കുന്നയാളിന് ഭൗതികശരീരത്തിലൂടെ ആത്മസാക്ഷാത്ക്കാരം സാധിക്കുന്നതെങ്ങനെയെന്ന് ബോധ്യപ്പെടുന്നതോടൊപ്പം തന്നെ അഹിംസയുടെ രഹസ്യവും അഹിംസാതത്വം ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതിന്റെ അനിവാര്യതയും ദുരന്തങ്ങളുടെ വ്യാപ്തിയിലൂടെ വ്യാസന്‍ കാണിച്ചു തരുന്നത് മനസ്സിലാക്കാന്‍ സാധിക്കും. വാല്‍മീകിയാലും വ്യാസനാലും ഉത്തേജിതനായ ഗാന്ധിജിയുടെ സാഹിത്യത്തില്‍ അഹിംസാസിദ്ധാന്തം ജ്വലിച്ചു നില്‍ക്കുന്നു. 

ജനങ്ങളെ സത്യാന്വേഷണത്തിലും അഹിംസയിലും അധിഷ്ടിതമായ ഒരു ജീവിതക്രമത്തിലേക്ക് നയിക്കുകയാണ് ഗാന്ധിസാഹിത്യത്തിന്റെ ലക്ഷ്യം. സത്യം എന്നാല്‍ഈശ്വരന്‍ എന്ന് അര്‍ത്ഥം കല്‍പ്പിക്കുമ്പോള്‍ ആദ്ധ്യാത്മികതയും ഗാന്ധിസാഹിത്യത്തിന്റെ ലക്ഷ്യമായി കാണാം. തീവൃവാദികളില്‍ നിന്നും ചില്ലറ പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഗാന്ധിജിയുടെ അഹിംസാവാദം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നത് ഗാന്ധിസാഹിത്യത്തിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ ലക്ഷണമാണ്. ഗാന്ധിജിയുടെ ബഹുമുമായ വ്യക്തിവൈഭവത്തിന്റെ ഒരു പ്രധാന വശം വശ്യമായ ആകര്‍ഷണ ശക്തിയായിരുന്നു. ലക്ഷ്യബോധത്തിന്റെ മഹിമകൊണ്ട് ഗാന്ധിസാഹിത്യത്തിനും ആ വശ്യത കൈവന്നിട്ടുണ്ട്.

വിപ്ലാത്മകമായി ചിന്തിക്കുന്ന പുരോഗമനവാദിയായ ഒരു സീതയെ അവതരിപ്പിച്ചുകൊണ്ട് സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുക എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരം ആശാന്റെ ചിന്താവിഷ്ടയായ സീതയില്‍ കാണാം. ഇന്നത്തെ തലമുറക്ക് ആശാന്‍ ജീവിച്ചിരുന്ന കാലത്തെ സാമൂഹ്യവ്യവസ്ഥിതിയെ കുറിച്ച് അത്രക്കൊന്നും ഗ്രാഹ്യമില്ലാത്തതുകൊണ്ട് സാമുഹ്യവവസ്ഥിതിയുടെ രൂക്ഷത ആശാന്റെ അന്തരംഗത്തില്‍ സൃഷ്ടിച്ച വിസ്‌ഫോടനങ്ങളുടെ ഗൗരവം മനസ്സിലാവുകയില്ല. നഷ്ടപ്പെട്ടു പോകുന്ന മാനുഷീക മൂല്യങ്ങളെ പുനഃസൃഷ്ടിക്കുക എന്നത് സാഹിത്യത്തിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് ചുറ്റുപാടും സൂക്ഷ്മനിരീക്ഷണം നടത്തി സംഭവങ്ങള്‍ കഥകളായും കവിതകളായും ആവിഷ്‌ക്കരിക്കുമ്പോള്‍ എഴുത്തുകാരന്‍ സമൂഹത്തോടുള്ള കടമ നിര്‍വ്വഹിക്കുകയാണ്. സാമൂഹ്യോദ്ധാരണം ആശാന്‍ പലകവിതകളുടേയും ലക്ഷ്യമാക്കി സമൂഹത്തോടുള്ള തന്റെ കടമ നിറവേറ്റിയിട്ടുണ്ട്. അക്കാര്യത്തില്‍ 'ദുരവസ്ഥയാണ്' മുന്നിട്ടു നില്‍ക്കുന്ന കാവ്യം. ആശാന്റെ ദുരവസ്ഥ ആ കാലഘട്ടത്തിലെയെന്നല്ല ഭാവിയിലെ തന്നെ സമത്വവാദത്തിന്റെ ഉദാഹരണമണ്. 

അന്നത്തെ സാമൂഹ്യ മര്യാദകളെ എതിര്‍ത്തുകൊണ്ടുള്ള ചാത്തന്റേയും സാവിത്രിയുടേയും വിവാഹംസ്‌നേഹത്തേയും സമാനചിന്തയേയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യകാരന്‍ ഊര്‍ജ്ജം ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണ്. സമൂഹത്തിന്റെ സ്പന്ദനങ്ങളാണ് എഴുത്തുകാര്‍ക്ക് കഥാപാത്രങ്ങളെ സൃഷ്ടിച്ച് രചനകള്‍ അവിഷ്‌ക്കരിക്കാന്‍ പ്രചോദനം നല്‍കുന്നത്. അതുകൊണ്ട് സമൂഹത്തെ വിട്ടഥ ഞാനില്ല എന്ന് പറയത്തക്കവണ്ണം എഴുത്തുകാരന്‍ സമൂഹത്തിന്റെ ഭാഗമായിത്തിരുന്നു. സാമൂഹ്യപ്രതിബദ്ധതക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചന്തുമേനോന്‍, ഭട്ടതിരിപ്പാട്, ആശാന്‍ മുതലായവരെ അവഹേളിക്കുന്ന വിധത്തില്‍ സാഹിത്യകാരന് സാമൂഹ്യപ്രതിബദ്ധതയുടെ ആവശ്യമില്ലെന്ന് ആരൊക്കെ അബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞാലും ഒരു ഉത്തമ സാഹതിത്യകാരന് സമൂഹത്തിന് നേരെ കണ്ണടക്കാന്‍ സാധിക്കുകയില്ല; സാമൂഹ്യപ്രതിബദ്ധത താനേ വന്നു ചേരുംസാമൂഹ്യപ്രശ്‌നങ്ങള്‍ ഹൃദയത്തെ മഥിക്കുമ്പോഴുണ്ടാകുന്ന വികാരങ്ങള്‍ സാഹിത്യമായി ആവിഷ്‌ക്കരിക്കപ്പെടുമ്പോള്‍ ആ രചനകള്‍ സമൂഹത്തില്‍ വിലമതിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ് ആശാന്റേയും മറ്റു പല സാഹിത്യപ്രതിഭകളുടേയും രചനകള്‍. 

 ആശാന്റെ നായകന്മാരായ ചാത്തനും, ദിവാകരനും ആനന്ദഭിക്ഷുവും മദനനും ഉപഗുപ്തനുമൊക്കെ ആദര്‍ശമാനവികതയുടേയും സ്‌നേഹത്തിന്റേയൂം സന്ദേശം പരത്തുന്നവരാണ്. ഈ ആദര്‍ശമാനവികതയിലേക്ക്, സ്‌നേഹത്തിന്റെ പാതയിലേക്ക് ജനങ്ങളെ നയിക്കുക എന്നത് ആശാന്‍ കവിതകളുടെ ലക്ഷ്യമാണ്. സ്‌നേഹസന്ദേശം ബൈബിള്‍ സാഹിത്യത്തിലും നിറഞ്ഞു നില്‍ക്കുന്നുണ്ട്. യേശുദേവന്റെ ജീവിതം തന്നെ സ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് യേശുദേവന്‍ പറഞ്ഞപ്പോള്‍ ആരും കല്ലെറിയുകയില്ലെന്ന് യേശുദേവനറിയാമായിരൂന്നു. പാപക്കറകള്‍ പശ്ചാത്താപത്തിന്റെ ശ്രേഷ്ഠതയില്‍ കഴുകി കളഞ്ഞ് മഗ്ദളന മറിയം വിശുദ്ധിയില്‍ എത്തുന്ന രാസപരിണാമമാണ് യേശുദേവന്റെ പവിത്രമായ സ്‌നേഹം കൊണ്ടുണ്ടാകുന്നത് എന്ന സന്ദേശം ബൈബിള്‍സാഹിത്യം നല്‍കുന്നുണ്ട്.

താന്‍ സമൂഹത്തിന് വേണ്ടിയല്ല തനിക്കു വേണ്ടിയാണ് എഴുതുന്നത് എന്ന് ധരിക്കുന്നവരുണ്ട്. അങ്ങനെയുള്ള വിചാരം വളരെ അബദ്ധമാണ്. അതിലും വലിയ തെറ്റാണ് ഇത്തരത്തിലുള്ള എഴുത്തുകാരെ അനുകൂലിച്ചുകൊണ്ടെന്ന പോലെ സാഹിത്യകാരന് സാമൂഹ്യപ്രതിബദ്ധത ആവശ്യമില്ലെന്ന് പറയുന്നവര്‍ ചെയ്യുന്നത്. അങ്ങനെയുള്ള എഴുത്തുകാരില്‍ നിന്നാണ് ലക്ഷ്യബോധമില്ലാത്ത വികലമായ സാഹിത്യരചനകള്‍ ഉണ്ടാകുന്നത്. അവര്‍ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ അവഹേളിച്ചുകൊണ്ട് കഥകളും കവിതകളും എഴുതിയെന്നു വരും. അത്തരം എഴുത്തുകാരുടെ ചിന്താമണ്ഡലത്തിലെ ജീര്‍ണ്ണതയുടെ ദുര്‍ഗന്ധമാണ് അവരുടെ രചനകളില്‍ നിന്ന് വമിക്കുന്നത്. സാഹിത്യത്തിന്റെ അസ്തിത്വം തന്നെ അപകടത്തിലാക്കുന്ന രചനകളാണവ. സാഹിത്യ്തത്തിന്റെ ലക്ഷ്യം മനസ്സിലാക്കാത്തതുകൊണ്ടാണ് എഴുത്തുകാര്‍ ഇത്തരത്തില്‍ തരം താഴ്ന്നു പോകുന്നത്. ഇതുപോലെ സാഹിത്യത്തിന്റെ ലക്ഷ്യബോധം നഷ്ടപ്പെട്ട എഴുത്തുകാരാണ് അവാര്‍ഡിനു വേണ്ടി ശുപാര്‍ശക്കത്തും പോക്കറ്റിലിട്ട് പണസഞ്ചിയുമായി കേരളസാഹിത്യ അക്കാഡമിയുടേയും കേന്ദ്രസാഹിത്യ അക്കാഡമിയുടേയും മറ്റും മുന്നില്‍ കാവല്‍ നില്‍ക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അവാര്‍ഡാണ് സാഹിത്യത്തിന്റെ ലക്ഷ്യം. അങ്ങനെയുള്ള സാഹിത്യാകാരന്മാരില്‍ നിന്നും ഉത്തമ സാഹിത്യം ഉടലെടുക്കുകയില്ല എന്നു മാത്രമല്ല അവര്‍ സാഹിത്യലോകത്തിന് നാണക്കേടുണ്ടാക്കി വയ്ക്കുകയും ചെയ്യും. കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നു പറയുന്നതു പോലെ അവാര്‍ഡ് കാര്യത്തില്‍ സ്വന്തം രചകളെ പറ്റി ചിന്തിക്കുന്നവരുടെ നിലപാട് എന്തായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സാഹിത്യപ്രസ്ഥാനങ്ങളെ അവയുടെ യഥാര്‍ത്ഥ ലക്ഷ്യബോധത്തില്‍ നിന്ന് വ്യതിചലിക്കുപ്പിന്നതും രാഷ്ട്രീയവല്‍ക്കരിക്കുന്നതും ഇത്തരത്തിലുള്ളസാഹിത്യകാരന്മാരാണ്.

ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ ആവിഷ്‌ക്കരിക്കുന്നതല്ല നിരൂപണ സാഹിത്യമെങ്കിലും അതുംസര്‍ഗ്ഗാത്മക സാഹിത്യമാണ്. വായനക്കാരന്റെ ആസ്വാദനത്തിലുള്ള രുചിഭേദങ്ങള്‍ വിമര്‍ശന ശാക്ക് രൂപം കൊടുത്തു. നല്ല രചനകള്‍ സൃഷ്ടിക്കപ്പെടുന്നതിനുവേണ്ടി രചനകളൂടെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് വിമര്‍ശന സാഹിത്യതിന്റെ ലക്ഷ്യം. എന്നാല്‍ ആദ്യകാലവിമര്‍ശകരില്‍ പ്രമുനായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കൃതികളുടെ ഗുണങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ചുകൊണ്ട് എഴുത്തുകാരന് അനുകൂലമായ മണ്ഡന വിമര്‍ശനശൈലിയാണ് സ്വീകരിച്ചിരുന്നത്. 

എഴുത്തുകാരെ പുകഴ്ത്തുന്ന പ്രവണത അവസാനിപ്പിക്കാനുള്ള സമയമായി എന്ന് മനസ്സിലക്കിയ സി. പി. അച്യുതമേനോന്‍ നിഷ്പക്ഷമായി കൃതികളെ വിലയിരുത്തി അവയുടെ ഗുണദോഷങ്ങള്‍ വെളിപ്പെടുത്തുന്ന വിമര്‍ശനശൈലി സ്വീകരിച്ചു. അതായിരിക്കാണം നിരുപണ സാഹിത്യത്തിന്റെ ലക്ഷ്യം എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാജരാജവര്‍മ്മ, മാരാര്‍, മുണ്ടശ്ശേരി, അഴിക്കോട് തുടങ്ങയവരെല്ലാം നല്ല സാഹിത്യം ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ രചനകളുടെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്ന നിരൂപണ സാഹിത്യത്തിന്റെ ലക്ഷ്യം നിറവേറ്റിയവരാണ്. ജി. ശങ്കരക്കുറുപ്പുമായി അഴിക്കോടിന് മറക്കാനാവത്ത ബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിമര്‍ശനസാഹിത്യത്തിന്റെ ലക്ഷ്യത്തിന്‍് പ്രാധന്യം നല്‍കിക്കൊണ്ടാണ്‍് അഴിക്കോട് 'ശങ്കരക്കുറു പ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകം എഴുതിയത്. അഴിക്കോടിന് ശങ്കരക്കുറുപ്പുമായുണ്ടായിരുന്ന വ്യക്തിബന്ധങ്ങളൊന്നും അദ്ദേഹത്തിന്റെ വിമര്‍ശനകലയെ സ്വാധീനിച്ചില്ല. 

നിഷ്പക്ഷതയും വിമര്‍ശന സാഹിത്യത്തിന്റെ ലക്ഷ്യമായിരിക്കണം. ഇവിടത്തെ മാധ്യമങ്ങളില്‍ ചങ്ങമ്പുഴ, വൈലോപ്പിള്ളി, തകഴി, ബഷീര്‍, ഉറൂബ് കൂടതെ ഇവിടത്തെ എഴുത്തുകാരുടെ രചനകളെക്കുറിച്ചുമുള്ള നിരൂപണലേനങ്ങള്‍ വായിക്കുമ്പോള്‍ അമേരിക്കന്‍ മലയാളസാഹിത്യരംഗത്ത് ഒരു നിരൂപണ ശാ വളര്‍ന്നു വരുന്നുണ്ടെന്ന് മനസ്സിലാക്കാം. സാഹിത്യത്തിന്റെ വളര്‍ച്ചയാണ് ഇവിടത്തെ നിരൂപണശായും ലക്ഷ്യമാക്കുന്നത്.

ലോകാ സമസ്താ സുിനോ ഭവന്തു എന്ന് ഉല്‍ഘോഷിക്കുന്ന വേദസാഹിത്യത്തിന്റെ ലക്ഷ്യം ലോകനന്മയും ആദ്ധ്യാത്മികമായ ഉയര്‍ച്ചയുമാണ്.വേദസഹിത്യത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ആദ്ധ്യാത്മിക സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുള്ള ശങ്കരാചര്യരുടേയും നാരായണഗുരുവിന്റേയും രമണമഹര്‍ഷിയുടേയുമൊക്കെ ലക്ഷ്യം അതു തന്നെയായിരുന്നു. മതമാണ് ലോകത്തിലെ നന്മ നശിപ്പിക്കുന്ന കലാപങ്ങള്‍ക്ക് മു്യ കാരണം. മതങ്ങളുടെ അന്തസത്ത മനസ്സിലാക്കാത്തുകൊണ്ടാണ് മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഉണ്ടാകുന്നത് എന്നറിഞ്ഞ നാരായണഗുരു പല മതസാരവുമേകം എന്ന്ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. മതങ്ങള്‍ തമ്മില്‍ പൊരുതി ജയിപ്പതസാദ്ധ്യമെന്നും പറയുന്ന ഗുരുവിന്റെ രചനകളുടെ ലക്ഷ്യം ലോകസമാധനവും ജനങ്ങളെ ആത്മീയദര്‍ശനത്തിലേക്ക് നയിക്കലുമാണ്.

സാഹിത്യകാരന്റെചിന്താമണ്ഡലത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ സാഹിത്യമാക്കുമ്പോള്‍ സമൂഹ്യപ്രതിബദ്ധത, മാനവപുരോഗമനചിന്തകള്‍ തുടങ്ങിയ സാഹിത്യത്തിന്റെ ലക്ഷ്യങ്ങള്‍ അതില്‍ നൈസ്സര്‍ഗ്ഗികമായി വന്നു ചേരും. ഒരു ഉത്തമ സാഹിത്യകാരന്റെ സാഹിത്യസൃഷ്ടികള്‍ സാഹിത്യത്തിന്റെ പരമമായ ലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും വ്യതിചലിക്കുകയില്ല.
(വിചാരവേദിയില്‍ അവതരിപ്പിച്ചത്) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക