ലാനാസമ്മേളനത്തിന്റെ ആറാട്ടും കഴിഞ്ഞ് ആനയും മടങ്ങിപ്പോയി. കരിമരുന്നു പറമ്പില്‍ സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധതയുടെ പടക്കങ്ങള്‍ ഇടക്കിടെ പൊട്ടിയും ചീറ്റിയും ഓര്‍മ്മകളെ നിലനിര്‍ത്തുന്നുണ്ട്. അത്രയും നന്ന്. എല്ലാ സാംസ്‌കാരിക കൂട്ടായ്മകളുടെയും അവിടെ നടക്കുന്ന തര്‍ക്കവിതര്‍ക്കങ്ങളുടെയും സദ്ഫലം സ്വതന്ത്രമായ സ്വന്തം അഭിപ്രായങ്ങളില്‍ എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നതിലാണ്.
എന്തോ മഹാ അബദ്ധം എഴുന്നള്ളിച്ചെന്ന മട്ടില്‍, അവിടെ പറഞ്ഞ വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധതയെപ്പറ്റിയുള്ള വാദകോലാഹലം ഇപ്പോഴും തുടരുന്നു. ആരോപണം ഉന്നയിക്കുന്നവരുടെയെല്ലാം ഉത്തമ സാധാരണ ഘടകം ആരും സമ്മേളനത്തില്‍ പങ്കെടുക്കുകയോ ലഘുപ്രഭാഷണത്തിന്റെ പൂര്‍ണരൂപം ആവശ്യപ്പെടകയോ ചെയ്തിട്ടില്ലെന്നതാണ്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ അതു ജാംബവാന്റെ കാലം മുതല്‍ സാഹിത്യ തല്പരര്‍ വാദിച്ചും തര്‍ക്കിച്ചും നിലനിര്‍ത്തുന്ന ഈ വിഷയത്തിലേക്കു കൂടുതല്‍ വെളിച്ചം പകര്‍ന്നേനേ.
“വെളിച്ചം ദുഃഖമാമുണ്ണീ
തമസ്സല്ലോ സുഖപ്രദം” എന്നു അക്കിത്തം പ്രവചിച്ചത് ഇത്തരം സന്ദര്‍ഭങ്ങളെപ്പറ്റി ആണോ ആവോ!
ഒരിക്കലും ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും എല്ലാ ടെസ്റ്റ് മാച്ചുകളും ആവേശത്തോടെ പിന്‍തുടരുന്ന ക്രിക്കറ്റ് പ്രേമിയെപ്പോലെയും ആട്ടവിളക്കിനു പിന്നില്‍ പ്രവേശിക്കാതെ എല്ലാ കഥകളിയും മുന്നിലിരുന്നു ആസ്വദിക്കുന്ന കഥകളി ഭ്രാന്തനെപ്പോലെയും മലയാള സാഹിത്യത്തെ അകലെ നിന്നാസ്വദിക്കുന്ന ആയിരമായിരം ഭാഷാസ്‌നേഹികളുടെ ഭാവത്തിലാണ് ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കാറുള്ളത്. സ്‌കൂള്‍ പഠനകാലത്ത് പരീക്ഷയടുക്കുമ്പോള്‍ കമ്പയിന്റ് സ്റ്റഡി ക്ലാസില്‍ ചെല്ലുന്ന മട്ടില്‍ സംഘാടകര്‍ ആവശ്യപ്പെടുന്ന വിഷയം വായിച്ചിട്ടു ചെന്നാല്‍ കൂട്ടായ്മ ചര്‍ച്ചകളിലൂടെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ഒപ്പമുണ്ടാകും.
തുടക്കത്തിലേ വ്യക്തമാക്കട്ടെ. സാഹിത്യകാരനു താന്‍ ജീവിക്കുന്ന സമൂഹത്തോടുള്ള കടമകളെപ്പറ്റി യാതൊരു അഭിപ്രായ വ്യത്യാസവും ലേഖകനില്ല. പക്ഷേ, ഉത്തരാധുനികം, എന്നു വിശേഷിപ്പിക്കപ്പെടുന്ന സമകാല മലയാള സാഹിത്യത്തില്‍ സാഹിത്യകാരന്റെ സാമൂഹ്യപ്രതിബദ്ധത/പ്രതിജ്ഞാബദ്ധതയെപ്പറ്റിയുള്ള നിര്‍വ്വചനങ്ങള്‍ക്കപ്പുറം ധാരണകള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ ധാരാളം. പ്രതിബദ്ധത എന്ന വാക്കിനു കല്‍പിക്കുന്ന അര്‍ത്ഥമാണു വിജോയന കുറിപ്പുകള്‍ക്കാധാരം. മലയാള സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രഭാഷകനു സ്വന്തം അഭിപ്രായം പറയാതിരിക്കാനുള്ള വിവേകത്തോടൊപ്പം ഈ വിഷയത്തില്‍ വിദഗ്ധരായ സാഹിത്യ നിരൂപകരുടെയും ഭാഷാദ്ധ്യാപകരുടെയും മികച്ച കൃതികള്‍ സാഹിത്യസമാജങ്ങളിലും ഉപന്യാസമത്സരങ്ങളിലും അക്കാദമിക നിരൂപണസാഹിത്യത്തിലും തത്തിക്കളിക്കുന്ന ഈ വിഷയത്തിന് യാതൊരു പുതുമയിമില്ലെന്നും എല്ലാവര്‍ക്കുമറിയുമെങ്കിലും മാറിയ ഭാവുകത്വ പരിണാമത്തില്‍ മലയാള നോവലിസ്റ്റുകളുടെ പ്രതിബദ്ധതയ്ക്കു സ്ഥാനചലനം ഉണ്ടായോ എന്ന അന്വേഷണം നല്ല കുറെ ഗ്രന്ഥങ്ങളുടെ വായനയിലേക്കു നയിച്ചു. പകര്‍ന്നുകിട്ടിയ വിവരങ്ങള്‍ ലാനാ അംഗങ്ങളുമായി പങ്കുവെച്ചു.
1.ആധുനിക സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ.
ജനറല്‍ എഡിറ്റര്‍: ഡോ.കെ.എം. ജോര്‍ജ് (ഡി.സി.ബുക്ക്‌സ്)
മലയാള നോവലിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഭാഗം ഡോ. ജോര്‍ജ്ജ് ഓണക്കൂറിന്റേതാണ്. മലയാള സാഹിത്യത്തിലെ എല്ലാ പ്രസ്ഥാനങ്ങളും പാശ്ചാത്യ സ്വാധീനങ്ങളില്‍ നിന്നുളവായതാണെന്നും ഈ ഗ്രന്ഥം വിശദമാക്കുന്നു. ഓരോ പ്രസ്ഥാന കാലഘട്ടത്തിലും നോവലിസ്റ്റും സമൂഹവുമായുള്ള ബന്ധം എങ്ങിനെ മാറുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ ചരിത്രരേഖകള്‍ പ്രയോജനപ്പെടും. ഇംഗ്ലീഷ് ഭാഷാപഠനവും പാശ്ചാത്യ സംസ്‌കാരവുമായുള്ള സമ്പര്‍ക്കവും മലയാളത്തിലെ ഒന്നാമത്തെ നോവലായ ഇന്ദുലേഖയുടെ സൃഷ്ടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതെങ്ങനെയെന്നു വിശദമാക്കാനാണ് അത്ര മികച്ച നോവലൊന്നുമല്ലെങ്കിലും ഇന്ദുലേഖയെപ്പറ്റി ചന്തുമേനോന്‍ അര്‍പ്പിച്ച ചുമതലയുടെ സൂചകം കൂടിയായിരുന്നു ആ നോവല്‍.
2. സമകാല മലയാള സാഹിത്യം
(എഡിറ്റര്‍. ഡോ.എന്‍.സാം കറന്റ് ബുക്‌സ്)
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയുള്ള മലയാളസാഹിത്യ ചരിത്രമായിരുന്നു ഡോ. കെ.എം. ജോര്‍ജ്ജിന്റേത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകത്തെപ്പറ്റി അദ്ദേഹത്തിന്റെ ജന്മശതാബ്ദി വേളയില്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കിയതാണ് ഈ ഗ്രന്ഥം.
ഉത്തരാധുനിക മലയാള നോവലിന്റെ സവിശേഷതകള്‍ ഡോ.പി.കെ. രാജശേഖരന്‍ വിലയിരുത്തുന്നുതു ശ്രദ്ധിക്കുക.
“കഥ പറച്ചില്‍ ഇതിവൃത്തം, ആഖ്യാന ഘടന, ആഖ്യാന സ്ഥാനം, സ്ഥലകാലങ്ങള്‍ തുടങ്ങിയവയിലുള്ള വിഛേദങ്ങളാണ് മലയാള നോവലിലെ ഓരോ ഘട്ടത്തിനും വഴിയൊരുക്കിയത്. ഒന്നാം ഘട്ടം യൂറോപ്യന്‍ ആഖ്യാന മാതൃകകളും ദേശീയതാ സങ്കല്പങ്ങളും പിന്തുടര്‍ന്നിരുന്നു… അര നൂറ്റാണ്ടിലധികം പ്രബലമായി നിന്നിരുന്ന ആ മാതൃകയില്‍ നിന്നും ഇതിവൃത്തപരമായും ആഖ്യാനപരമായും സ്വയം വിഛേദിക്കാനുള്ള ശ്രമമായിരുന്നു 1940 കളിലെ യാഥാര്‍ത്ഥ്യം. പിന്നീടുള്ള ദശകങ്ങളില്‍ പ്രബലമായി നിന്ന യഥാര്‍തഥ നോവല്‍ മാതൃകയെ 1960 കളിലെ ആധുനികത തിരസ്‌കരിക്കാന്‍ ശ്രമിച്ചു. മലയാള നോവലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ വിഛേദഘട്ടങ്ങള്‍ സൃഷ്ടിച്ച ആഖ്യാനമാതൃകകളെയും ഇതിവൃത്തസങ്കല്പങ്ങളുടെയും പൂര്‍ണ്ണമായ ലംഘനമാണ് 1990-കളോടെ പ്രത്യക്ഷപ്പെട്ട ഉത്തരാധുനിക ഘട്ടം. സമകാലിക നോവല്‍ കടന്നു പോകുന്നത് ഈ ഘട്ടത്തിലൂടെയാണ്.
സാമൂഹിക യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഭാവനാത്മക സൃഷ്ടിയെന്ന നിലയിലും, ഗ്രന്ഥകാരന്റെ ദാര്‍ശനിക വീക്ഷണങ്ങള്‍ പ്രക്ഷേപിക്കാനുള്ള വാഹനമെന്ന നിലയിലും നോവലിനെ ഉപയോഗിക്കുകയായിരുന്നു യഥാര്‍ത്ഥ ആധുനികതാപാരമ്പര്യങ്ങള്‍…
നോവലിന്റെ ആ സ്ഥാനം നിഷേധിക്കാനാണ് ഉത്തരാവധുനിക നോവലിസ്റ്റുകള്‍ ശ്രമിച്ചത്.
യാഥാര്‍ത്ഥ്യത്തിന്റെ വസ്തുനിഷ്ഠപ്രതിനിധാനമായാലും യാഥാര്‍ത്ഥ്യത്തെപ്പറ്റി പുതിയൊരു ജ്ഞാനമാതൃക അവതരിപ്പിച്ച ആധുനിക നോവലിലായാലും നോവലിസ്റ്റിന്റെ ലോകവീക്ഷണം അവയില്‍ അര്‍ത്ഥകേന്ദ്രമായി. ഉത്തരാധുനികനോവല്‍ റദ്ദാക്കിയത് ആ ലോകവീക്ഷണവും ഗ്രന്ധകാരവീക്ഷണവും ജ്ഞാനമാതൃകയുമാണ്. പുരോഗമാത്മകവും സാമൂഹിക യാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യാതെയും ഗ്രന്ധകാരന്റെ ദാര്‍ശനിക വീക്ഷണം പകര്‍ന്നു നല്‍കാതെയും സൃഷ്ടിക്കുന്ന ഉത്തരാധുനിക നോവലുകളുടെ ലക്ഷ്യം പിന്നെയെന്താണ്? നിരൂപകര്‍ അവയെ എങ്ങിനെ വിലയിരുത്തും?
3. നോവല്‍ വായനകള്‍.
വി.സി.ശ്രീജന്‍ (ഡി.സി.ബുക്‌സ്)
മേല്‍പറഞ്ഞ ചോദ്യങ്ങളുടെ ഭാഗികമായ ഉത്തരങ്ങള്‍ ശ്രീജന്‍ നല്‍കുന്നതിങ്ങനെ.
“ മുഖ്യമായും രണ്ടു വിശകലനരീതികളാണ് മലയാള സാഹിത്യവിമര്‍ശനത്തില്‍ സ്വീകരിച്ചു കണ്ടിട്ടുള്ളത്…. റിയലിസം, മോഡേണിസം, പോസ്റ്റ് മോഡേണിസം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ലക്ഷണങ്ങള്‍ ഒരു കൃതിയില്‍ എത്രത്തോളം കാണുന്നു എന്നു നോക്കി അതിനെ ഏതെങ്കിലുമൊരു പ്രസ്ഥാനനിരൂപണത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രസ്ഥാനനിരൂപണം ആണ് ഒന്ന്. ചരിത്രം ധനശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ചു കൃതിയെ വിശകലനം ചെയ്യുന്ന സൈദ്ധാന്തിക നിരൂപണം രണ്ടാമത്തേതും. ഇവ രണ്ടും പാശ്ചാത്യരില്‍ നിന്നും കടം കൊണ്ടിട്ടുള്ളവയാണ്്. പ്രസ്ഥാനനിരൂപണത്തിന്റെയും സൈദ്ധാന്തിക നിരൂപണത്തിന്റെയും പ്രധാന പരിമിതി കൃതിയുടെ സാമാന്യമായ വശങ്ങളില്‍ മാത്രമേ അവ ശ്രദ്ധിക്കുന്നുള്ളൂ എന്നതാണ്. പ്രസ്ഥാനങ്ങളെയും സിദ്ധാന്തങ്ങളെയും പഠനാരംഭത്തില്‍ തന്നെ സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്താലെ സ്വതന്ത്രമായ അന്വേഷണം സാദ്ധ്യമാവൂ”
അപ്പോള്‍ പ്രസ്ഥാനങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും വഴങ്ങാതെ എഴുതുവാന്‍ തങ്ങളെ അനുവദിക്കണമെന്നു വാദിക്കുന്ന ചിലര്‍ ഉത്തരാധുനികരിലുണ്ടെന്നും വ്യക്തം. അവരുടെ സാമൂഹ്യപ്രതിബദ്ധതയും പരമ്പരാഗതരീതിയില്‍ നിന്നും വിട്ടുനില്‍ക്കും. മുകുന്ദന്റെ 'ആദിത്യനും രാധയും മറ്റുചിലരും', ആനന്ദിന്റെ 'ആള്‍ക്കൂട്ടം', ടി.വി.കൊച്ചുബാവയുടെ 'വൃദ്ധസദനം', സാറോ ജോസഫിന്റെ 'ആലാഹയുടെ പെണ്‍മക്കള്‍', ബന്യാമിന്റെ 'ആടുജീവിതം', സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' തുടങ്ങിയ ഉത്തരാധുനിക നോവലുകളില്‍ സാഹിത്യകാരന്റെ പ്രതിബദ്ധത ഭിന്നരൂപത്തിലാണെന്നു കാണാം.
'രണ്ടിടങ്ങഴി' പോലൊരു നോവലോ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' പോലൊരു നാടകമോ, 'വാഴക്കുല' പോലൊരു കവിതയോ സോദേശസാഹിത്യമെന്ന ലക്ഷ്യത്തോടെ ഉത്തരാധുനികര്‍ എഴുതാനിടയില്ല.
4. സൃഷ്ടിയും സ്രഷ്ടാവും.
(എസ്.ഗുപ്തന്‍നായര്‍)
ഗുപ്തന്‍നായര്‍ സാര്‍ ഈ വിഷയം സ്വതസിദ്ധമായ ശൈലിയില്‍ കൈകാര്യം ചെയ്യുന്നതു ശ്രദ്ധിക്കുക.
“ധര്‍മ്മബോധം തന്നെ പ്രതിജ്ഞാബദ്ധത”
“കമിറ്റ്‌മെന്റ്” എന്ന വാക്കിനു സമാനമായിട്ടാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഫ്രാന്‍സില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ പിറവി. Literature of Engagement എന്നര്‍ത്ഥം.
നാത്സി അധിനിവേശത്തിന്റെയും തുടര്‍ന്നുണ്ടായ കഠിനമായ പീഢാനുഭവങ്ങളുടെയും സമ്മര്‍ദ്ധത്തിലാണ് ഫ്രാന്‍സിലെ എഴുത്തുകാര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന ആഹ്വാനം അവിടെ മുഴങ്ങിയത്. 1940നുശേഷമുള്ള ദശകത്തില്‍ ഫ്രാന്‍സില്‍ സംഭവിച്ച ഈ മാറ്റം യൂറോപ്യന്‍ സാഹിത്യത്തില്‍ തുടര്‍ന്നു ഇന്ത്യയിലും. സാഹിത്യകാരനെ ആവുന്നത്ര ദൃഢമായി രാഷ്ട്രീയത്താല്‍ ബന്ധിച്ചിടുന്നതിനുള്ള ആഹ്വാനമായിരുന്നു ഇത് എന്ന കാര്യം മറച്ചുവെയ്‌ക്കേണ്ടതില്ല…
അല്പായുസ്സായിരുന്നെങ്കിലും “കല കലയ്ക്കുവേണ്ടി എന്ന വികടമായ വാദം ഉദ്ഭവിച്ചത് അമിതാവേശം കൊണ്ട് മേല്‍പറഞ്ഞ പ്രതിജ്ഞാബദ്ധതയ്ക്കുള്ള വെല്ലുവിളിയായിട്ടായിരുന്നു….”
ഗുപ്തന്‍നായര്‍ സാര്‍ തുടരുന്നു “സാഹിത്യകാരനാകട്ടെ വാസനാവിശേഷംകൊണ്ടു തന്നെ വിയോജനസ്വഭാവക്കാരനാണ്. അയാള്‍ക്കു പാര്‍ട്ടി യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളോടാണ് കൂറ്. പ്രതിജ്ഞാബദ്ധതയെപ്പറ്റി ഏറ്റവും ആവേശപൂര്‍വ്വം സംസാരിച്ച സ്വാര്‍ത്രിനു പോലും പാര്‍ട്ടിയെ സംബന്ധിച്ചു ഒരേ നിലപാടില്‍ അവസാനം വരെ നില്‍ക്കാന്‍ കഴിഞ്ഞില്ല….സ്വാര്‍ത്രിന്റെ ദര്‍ശനത്തെപ്പറ്റിയുള്ള പഠനം ഇങ്ങനെ:
“എല്ലാ എഴുത്തുകാരും ആവശ്യം അംഗീകരിക്കേണ്ട അനുല്ലംഘ്യമായ ഒരു ആജ്ഞയായി പ്രതിബദ്ധത ഇപ്പോള്‍ കണക്കാക്കപ്പെടുന്നില്ല. സാഹിത്യത്തിനു കൂടുതല്‍ അവബോധവും സ്പഷ്ടതയും നല്‍കുന്ന സാഹിത്യത്തിനു കൂടുതല്‍ അവബോധവും സ്പഷ്ടതയും നല്‍കുന്ന ഒരു ഗുണവിശേഷമായി മാത്രമാണ് അത് ഇന്ന് അംഗീകരിക്കപ്പെടുന്നത്. ചുരുക്കമിതാണ്, സാഹിത്യത്തിലെ പ്രതിജ്ഞാബദ്ധതയെന്നു പറയുന്നതിനെ രാഷ്ട്രീയമെന്നോ സാമൂഹികമെന്നോ വൈയക്തികമെന്നോ ഒരുക്കി കെട്ടാതിരിക്കുക. ഇവയെല്ലാമുള്‍ക്കൊള്ളുന്ന വിശാലമായ ഒരു പ്രതിജ്ഞാബദ്ധതയുണ്ട്. അതിന്റെ പേര് ധര്‍മ്മബോധമെന്നാണ്. Moral commitment.”
തുടരും…..