Image

"സന്മനസ്സുള്ളവര്‍ക്ക് സമാധാനം' (ക­വിത: ബിന്ദു ടിജി

Published on 28 December, 2015
"സന്മനസ്സുള്ളവര്‍ക്ക് സമാധാനം' (ക­വിത: ബിന്ദു ടിജി
ഈ രാത്രി വാതിലും ജനാലകളും
കൊട്ടിയടയ്ക്കണം
ഇറ്റു വെളിച്ചം അകത്തു നിന്ന്
പുറത്തു കടക്കാത്ത വിധം താക്കോല്‍
പഴുതുകളും അടയ്ക്കണം
തുള്ളി വെളിച്ചം കണ്ടാല്‍ മതി
ഉള്ളില്‍ നന്മയേന്തി നടന്നു തളര്‍ന്ന
നിര്‍മ്മലസ്‌നേഹങ്ങള്‍
ഇടം ചോദിച്ചു വന്നു മുട്ടും
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
പറഞ്ഞേയ്ക്കാം

ഒരുക്കി കഴിഞ്ഞു
ഹൃദയ കോവിലിനു ചുറ്റും
സ്വാര്‍ത്ഥാന്ധകാരം കൊണ്ടു
ശക്തമായ കോട്ട
ജ്ഞാന നക്ഷത്രം നല്‍കുന്ന
ജ്യോതിര്‍ കാഴ്ച കളൊന്നും
ഉള്ളില്‍ തുളച്ചു കയറാതെ നോക്കണം

തുടങ്ങി ക്കഴിഞ്ഞു
രാജ മന്ദിരങ്ങളില്‍ ചൂട് പിടിച്ച ചര്‍ച്ച കള്‍
പ്രശാന്തമായ ആത്മീയ രാജ്യം
ഭരിയ്‌ക്കേണ്ടത് വിനയ കിരീടം ചൂടിയ
സ്‌നേഹ രാജാക്കന്‍മാരല്ല
പകരം വിദ്വേഷ വാളേന്തി
തുള്ളുവാന്‍ കെല്‍പ്പുള്ള
അഹങ്കാര കോമരങ്ങ ളാണ്
ആകയാല്‍ സുസ്‌മേര നീരവ ശാന്തി
തുളുമ്പുന്ന പിഞ്ചു വദനങ്ങള്‍
തിരഞ്ഞു പിടിച്ച്­ അറുത്തു മാറ്റണം

ഇത്രയുമായപ്പോള്‍ ഏതോ അഴുക്കു നിറഞ്ഞ
മാന്‍ ഹോളില്‍ നിന്നും ഒഴുകി വരുന്നു വോ
*പഴയ സമ്മാനപ്പെട്ടിയിലെ മീറ യുടെ
ഗന്ധവും പേറി ആ ഗാനം
"ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം'
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
*ജ്ഞാനികള്‍ കൊണ്ടുവന്ന മൂന്ന് സമ്മാനങ്ങളില്‍
മീറ ­ യേശു മാനവരാശിയ്ക്ക് വേണ്ടി മരിയ്ക്കും
എന്ന പ്രവച­നം .
"സന്മനസ്സുള്ളവര്‍ക്ക് സമാധാനം' (ക­വിത: ബിന്ദു ടിജി
Join WhatsApp News
വിദ്യാധരൻ 2015-12-29 08:16:12
"പ്രശാന്തമായ ആത്മീയരാജ്യം 
ഭരിക്കേണ്ടത് വിനയ കിരീടം ചൂടിയ 
സ്നേഹ രാജക്ക്ന്മാരല്ല 
പകരം വിദ്വേഷ വാളേന്തി 
തുള്ളുവാൻ കെല്പ്പുള്ള 
അഹങ്കാര കോമരങ്ങളാണ് 
ആകയാൽ സുസ്മേര നീരവ ശാന്തി 
തുളുമ്പുന്ന പിഞ്ചു വദനങ്ങൾ 
തിരഞ്ഞു പിടിച്ചു അറുത്ത് മാറ്റണം "

ഇന്ന് ജീവിതത്തിന്റെ ഏതു തലങ്ങളിലേക്ക് പോയാലും അധികാരത്തിന്റെ മുഖമുദ്ര എന്ന് പറയുന്നത് അഹങ്കാരമാണ് അല്ലെങ്കിൽ ഞാനെന്ന ഭാവമാണ്.  വിനയം എന്നത് ബലഹീനതയുടെ അടയാളവും. 
 "കുഞ്ഞുങ്ങളെ എന്റെ അരികിൽ വരുവാൻ അനുവദിക്കുക. അവരെ തടയരുത് സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്‌ "(മാത്യു 19-14 ).  സ്നേഹവും വിനയവുമുള്ള മനസ്സുകളിൽ നിന്ന് സമാധാനത്തിന്റെ ഉറവകൾ പൊട്ടിപുറപ്പെടുകയും അത് മനുഷ്യരാശിയുടെ വിധ്വേഷവും വെറുപ്പും അഹങ്കാരവും നിറഞ്ഞ മനസാക്ഷിയെ തണുപ്പിച്ചു ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാൻ കാരണമായി തീരും.  സ്നേഹവും വിനയത്തോട്കൂടി നാം കൂർമ്മ-സൂക്ഷ്മ ബുദ്ധിയുള്ളവരുമായിരിക്കണം . 'നിങ്ങൾ പാമ്പിനെ പോലെ കൂർമ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം -' എന്ന യേശുവിന്റെ വാക്കുകൾ അഹങ്കാരികളും കപടവർഗ്ഗവും ഭരിക്കുന്ന് ആധ്യാത്മിക -രാഷ്ട്രീയ വർഗ്ഗവുമായി ഇടപിഴകുമ്പോൾ ആവശ്യം അത്യാവശ്യമാണ്.  ചിന്തിക്കാൻ ആവശ്യമുള്ള ആശയങ്ങൾ കവിയിത്രി കവിതയിൽ ചേർത്തിരിക്കുന്നു.   ഇന്ന്മനുഷ്യനിൽ  നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  വിലമതിക്കാനാവാത്ത രണ്ടു ഗുണങ്ങളെ കവിതയിലൂടെ അവതരിപ്പിച്ചു കവിയിത്രി അല്ലെങ്കിൽ സാഹിത്യകാരി എന്ന പേരിന്റെ മാന്യത കാത്തു സൂക്ഷിച്ചിരിക്കുന്നു.  ഒഴുക്കിനൊത്തു നീങ്ങാതെ ഒഴുക്കിനെതിരെ ജീവിത മൂല്യങ്ങളെ ഉയർത്തി പിടിച്ചു നീന്തുന്ന നിങ്ങളെപ്പോലെയുല്ലവരെയാണ് സാഹിത്യ ലോകത്തിനു ആവശ്യം. അമേരിക്കയിലെ സാഹിത്യ സംഘടനകൾ നല്കുന്ന പട്ടും വളയും വാങ്ങി കുടുങ്ങാതെ ' പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ള'വളായിരിക്കുക 

'സ്നേഹമാണ് അഖിലസാരമൂഴിയിൽ '

"നെഞ്ചാളും വിനയമൊടെന്യ പൌരഷത്താൽ 
നിഞ്ചാരു ദ്യുദി കണ്മതില്ലോരാളും 
കൊഞ്ചൽതേന്മൊഴി മണി നിത്യകന്യകേ നിൻ 
മഞ്ച്ത്തിൻ മണമറികില്ല മൂർത്തിമാരും " (ആശാൻ )

mallu kumaaran 2015-12-29 20:02:15
Thank you for the wonderful lines. It reflects the reality of life today. Thank you Vidhyadharan for appreciating the nice work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക