പ്രൊഫസ്സര്‍ ആന്റണിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് കേരള സെന്ററില്‍ വെച്ചാണ്. കൈരളിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്റണിച്ചേട്ടന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെയാണ്, അദ്ദേഹവുമായുള്ള ബന്ധം ഞാന്‍ പുതുക്കാനിടയായത്. ഇദ്ദേഹം, എന്റെ മൂത്തസഹോദരന്‍ ഡോ.ഗംഗാധരന്റെ സഹപാഠിയാണെന്നതിനുപരി, ചേട്ടന്റെ ആത്മസുഹൃത്തായ ശ്രീ.ജോസ് തെറാട്ടിലിന്റെ സ്യാലനുമാണ്. പിന്നീട് ഞങ്ങള്‍ സര്‍ഗ്ഗവേദിയില്‍ പതിവായി കണ്ടുമുട്ടാറുണ്ട്.
പ്രൊഫ. ആന്റണിചേട്ടന്‍ ഒരു ഓര്‍മ്മയായി എന്ന ഞെട്ടുന്ന വാര്‍ത്ത ഞാന്‍ ശ്രവിച്ചപ്പോള്‍, ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഓര്‍മ്മകള്‍ പ്രക്ഷുബ്ധമായി സാഗരത്തിലെ തിരമാലകള്‍ പോലെ എന്റെ സ്മൃതിപഥത്തില്‍ ഓളങ്ങളായി അലയടിച്ചുയരുന്നു. തന്റെ ആദര്‍ശങ്ങളില്‍ അണുവിട പതറാതെ ഉറച്ചു നില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ആന്റണിച്ചേട്ടന്‍. ഏതുവേദിയിലായാലും തനിക്കു ശരിയാണെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ ആരുടേയും മുഖം നോക്കാതെ തുറന്നു പ്രകടിപ്പിക്കുന്ന പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ന്യൂയോര്‍ക്കിലേക്ക് ചേക്കേറിയ ആന്റണി-അമ്മിണി ദമ്പതികള്‍ ആദ്യകാല പ്രവാസികളില്‍, വിവേകം, പഠിപ്പ്, പരിചയ സമ്പത്ത് എന്നീ മേന്മകളാല്‍ അറിയപ്പെടുന്നവരും, ഒപ്പംതന്നെ സമാദരണീയരുമാണ്.
ഏതു വിഷയത്തെക്കുറിച്ചും പ്രൊഫ.ആന്റണിക്ക് നല്ല അവഗാഹമുണ്ട്. വന്ന അന്നുമുതല്‍ മുടങ്ങാതെ ന്യൂയോര്‍ക്ക് ടൈംസ് അടിമുടി വായിക്കുമായിരുന്ന അദ്ദേഹം. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ 'ഇമലയാളിയും'. ലോകത്തില്‍ നടമാടുന്ന അക്രമണസംഭവങ്ങളിലും അനീതികളിലും അസ്വസ്ഥനായി, ഉറക്കം നഷ്ടപ്പെടുന്ന ഒരു ലോലഹൃദയനായിരുന്ന അദ്ദേഹം. അങ്ങിനെയുള്ള അവസരങ്ങളിലൊക്കെ, അദ്ദേഹത്തിന്റെ സുഹൃത്വവലയത്തിലുള്ള പലരേയും വിളിച്ച് തന്റെ മനോവേദന പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങിനെയുള്ള അവസരങ്ങളില്‍ പലപ്പോഴും അദ്ദേഹം ഈ കുറിപ്പെഴുതുന്ന ആളിനേയും വിളിച്ച്, അദ്ദേഹത്തിന്റെ മനോവ്യഥ പങ്കുവെക്കാറുണ്ടായിരുന്നു.
ന്യൂയോര്‍ക്കിലെ 'സര്‍ഗ്ഗവേദി'യിലെ നിറസാന്നിദ്ധ്യമെന്നതിനുപുറമെ, അമേരിക്കയില്‍നിന്നും പുറപ്പെടുന്ന ഒട്ടുമിക്ക മാദ്ധ്യമങ്ങളിലും വിവിധ തൂലികാനാമങ്ങളില്‍ അദ്ദേഹം നിരവധി ലേഖനങ്ങളും, കവിതകളും, നിരൂപണങ്ങളും എഴുതിയിട്ടുണ്ട്. പ്രശസ്തി അദ്ദേഹത്തിന് ഒരു അലര്‍ജി ആയതിനാലാവണം, തന്റെ രചനകള്‍ ക്രോഡീകരിച്ചു(നിരവധി പുസ്തകങ്ങളാക്കാനുള്ള വഹകള്‍ ഉണ്ടായിട്ടുകൂടി) പ്രസിദ്ധീകരിക്കാന്‍ മുതിരാതിരുന്നത്. നമ്മുടെ തലമുറയിലെ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെ സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുള്ള ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് പ്രൊ.ആന്റണി. നിരൂപണ സാഹിത്യ സാമ്രാട്ടായ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി, ഇദ്ദേഹത്തെ പുത്രനിര്‍വ്വിശേഷം സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ സുപുത്രന്‍ ശ്രീ.ജോസ് മുണ്ടശ്ശേരിയുമായി മുറിയാത്തബന്ധം പുലര്‍ത്തിയിരുന്നതായി, ശ്രീ.ജോസ് മുണ്ടശ്ശേരി തന്നെ 2015 ഡിസംബറില്‍ നടന്ന സര്‍ഗ്ഗവേദി സമ്മേളനത്തില്‍ അയവിറക്കുകയുണ്ടായ സംഗതി ഓര്‍ത്തുപോകുന്നു. കൂടാതെ, സര്‍വ്വശ്രീ തകഴി ശിവശങ്കരപിള്ള, എം.ടി. വാസുദേവന്‍ നായര്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.എന്‍.വി.കുറുപ്പ്, ഓ.വി.വിജയന്‍, സുകുമാര്‍ അഴീക്കോട്, പ്രൊഫ.എം.പി.പോള്‍ എന്നിങ്ങനെ പോകുന്നു ആന്റണി ചേട്ടന്റെ സാമീപ്യവും ആതിഥേയത്വവും അനുഭവിച്ചറിഞ്ഞ സാഹിത്യ സുഹൃത് വലയം.
രണ്ടായിരത്തിപതിനാല് നവംബറില്‍ ഇദ്ദേഹത്തിന്റെ 88-ാം ജന്മസുദിനത്തില്‍, ശ്രീ.ജയിന്‍ മുണ്ടക്കല്‍ മാസം തോറും നടത്തി വരുന്ന 'സാഹിത്യസല്ലാപ'ത്തില്‍ ആന്റണിചേട്ടന്റെ 'അമ്മിണി കവിതകളെ'ക്കുറിച്ചു ഒരു പ്രബന്ധം അവതരിപ്പിക്കാനുള്ള സൗഭാഗ്യവും എനിക്കുണ്ടായത് ഇത്തരുണത്തില്‍ ഓര്‍ത്തുപോവുന്നു. 'ഇമലയാളി' വേണ്ടി ഇദ്ദേഹത്തിന്റെ 'നാഴികക്കല്ലുകള്‍' എന്ന പേരില്‍ ശ്രീ. സുധീര്‍ പണിക്കവീട്ടില്‍ തയ്യാറാക്കിയ ജീവചരിത്രക്കുറിപ്പുകള്‍ പ്രിയവായനക്കാര്‍ ഓര്‍ക്കുമല്ലോ.
പല വേദികളിലും ആന്റണിചേട്ടന്‍ പറയുമായിരുന്നു, 'മാമ്മോദീസ്സ മുക്കപ്പെട്ടതുകൊണ്ട് ഞാനൊരു കത്തോലിക്കനായിത്തീര്‍ന്നു' എന്നേ ഉള്ളൂ എന്ന് വിശ്വാസികളിലെ അവിശ്വാസിയായ ഇദ്ദേഹം പലപ്പോഴും പറയുമായിരുന്നു ക്രിസ്ത്യാനിയായി ജനിച്ച ഇദ്ദേഹത്തിന് ഇതര മതങ്ങളെക്കുറിച്ച് നല്ല അറിവും ഒപ്പം തന്നെ ആദരവും ഉണ്ടായിരുന്നു. ഹിന്ദുമതത്തെക്കുറിച്ചു ഒരു സാധാരണ ഹിന്ദുമതാനുയായിക്കുള്ളതിനെക്കാള്‍ കൂടുതല്‍ പരിജ്ഞാനവും ജിജ്ഞാസയും ആന്റണിചേട്ടന് ഉണ്ടായിരുന്നു. സാഹിത്യം, രാഷ്ട്രീയം, സംഗീതം, സിനിമ, കായികം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ അറിവിന്റെ മേഖലകള്‍. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന വടവൃക്ഷങ്ങളായ ഹൈമവതഭൂവിലെ ദേവദാരു മരങ്ങളെപോലെയോ കാലിഫോര്‍ണിയായിലെ നാഷ്ണല്‍ പാര്‍ക്കില്‍ വിരാജിക്കുന്ന റെഡ് വുഡ് മരങ്ങളെയോ അനുസ്മരിപ്പിക്കുന്നു ആന്റണി ചേട്ടന്റെ ജീവിതവും.
പെറ്റമ്മയേയും(ജന്മഭൂമി) പോറ്റമ്മയേയും(പ്രവാസഭൂമി) ഒരേപോലെ സ്‌നേഹിക്കുന്ന അപൂര്‍വ്വം വ്യക്തികളിലൊരാളാണ് പ്രൊഫ.ആന്റണി.
ചിന്തകന്‍, സാഹിത്യകാരന്‍, വാഗ്മി, എല്ലാറ്റിനുമുപരി, ഒരു തികഞ്ഞ മനുഷ്യസ്‌നേഹി എന്നീ നിലകളിലും, മാതൃകാപൗരന്‍, മാതൃകാഭര്‍ത്താവ്, മാതൃകാ പിതാവ്, സര്‍വ്വോപരി ഒരു വിശ്വപൗരന്‍ എന്നീ നിലകളിലും ഒരു സമ്പൂര്‍ണ്ണജീവിതം നയിച്ച, ഞാന്‍ ഭ്രാതൃതുല്യം ആദരിക്കുന്ന ആന്റണിചേട്ടന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അമ്മിണിചേച്ചിക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും ഈ തീരാനഷ്ടം സഹിക്കാനുള്ള ആത്മധൈര്യം ജഗദീശ്വരന്‍ നല്‍കട്ടെ എന്ന ഹൃദയംഗമമായ പ്രാര്‍ത്ഥനയോടും കൂടി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഞാന്‍ നാട്ടിലേക്ക് അവധിയില്‍ പോകുന്ന വിവരം അറിയിച്ചപ്പോള്‍, പോരുന്നതിനു തലേ ദിവസം എന്നെ വിളിച്ച് 'സുഖമായി പോയി വരൂ' എന്നാശംസിച്ച ആന്റണി ചേട്ടന്റെ ശബ്ദം ഇനി കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോളുള്ള വ്യസനം പറഞ്ഞറിയിക്കാന്‍ പ്രയാസം. ഈ കൊച്ചനിയനും ആന്റണി ചേട്ടന്റെ ആത്മാവിന് നിത്യശാന്തിനേരട്ടെ.
ഓം ശാന്തി ശാന്തി