Image

കാവ്യസൂര്യനു ബാഷ്പാഞ്ജലി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 16 February, 2016
കാവ്യസൂര്യനു ബാഷ്പാഞ്ജലി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
കവിതയ്ക്കായി ജീവിതമുഴിഞ്ഞുവച്ച്, പത്മഭൂഷന്‍, പത്മവിഭൂഷന്‍, ജ്ഞാനപീഠം തുടങ്ങിയ അത്യുന്നത പുരസ്ക്കാര മകുടങ്ങള്‍ ചുടി, ശതാഭിഷിക്തനായി ജീവിതോഷസ്സില്‍ സംപ്രീതനായ് വിരാജിച്ച കാവ്യ ചക്രവര്‍ത്തി ഒ. എന്‍. വി .കുറുപ്പിന്റെ ദേഹവിയോഗം ഒരു നടുക്കത്തോടെ മാത്രമേ ശ്രവിക്കുവാന്‍ കഴിഞ്ഞുള്ളു. ആ മഹാത്മവിനു ബാഷ്പാഞ്ജലികള്‍ മുന്നമേ അര്‍പ്പിക്കട്ടെ! ജാടകളില്ലാത്ത, മലയാളമണ്ണിന്റെ നൈര്‍മ്മല്യവും , ശാലീനതയും, ഗ്രാമീണതയും ഹൃദയത്തിലും, വിടര്‍ന്ന പുഞ്ചിരിയിലും നിറഞ്ഞു നിന്ന വിശ്വമാനവ കവി പൂംഗവന്‍! ബാല്യം മുതല്‍ ഏകാന്തതയെ പുണര്‍ന്ന്, മലയാളഭാഷയെ മാറോടണച്ചു സ്‌നേഹിച്ച, മുപ്പത്തിയാറില്‍പ്പരം കവിതാസമാഹാരങ്ങളും ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ എണ്ണമറ്റ സിനിമാ ഗാനങ്ങളും ഉറന്നൊഴുക്കിയ, മലയാളമനസ്സുകളെ വികാരതരളിതമാക്കിയ ഭാവഗായകാ, ആ അനശ്വര നാമത്തിനു മുമ്പില്‍ കൂപ്പു കൈകളാല്‍ നമ്ര ശിരസ്കയാകുന്നു ഞാന്‍. ആ മഹാകവിത്വത്തെ എന്നും ആദരവേടെ മാത്രമേ ഞാന്‍ വീക്ഷിച്ചിട്ടുള്ളു.

ആ മഹാനുഭാവന്റെ വിരല്‍ത്തുമ്പില്‍ സ്പര്‍ശിക്കുവാനും ആ ധന്യമായ കരതാരിതളുകളില്‍ നിന്ന് ഒരു വിശിഷ്ട പുരസ്ക്കാരം ന്യൂയോര്‍ക്കില്‍ വച്ചു സ്വീകരിക്കുവാനും ലഭിച്ച അവസരത്തെ ഇന്നും ഞാന്‍ അഭിമാനത്തോടെ സ്മരിക്കുന്നു. ആ അനശ്വര ഗായകന്റെ പുണ്യാത്മാവിനു നിത്യശാന്തി നേരട്ടെ !.

"ഒരു വട്ടം' കൂടെയാ പുഞ്ചിരി പ്പൂമുഖം
വിരിഞ്ഞുനിന്നീ ഭുവം തെളിയട്ടെന്നാശിപ്പേന്‍ !
ഹൃദയത്തെ താരള്യമാകും ഗാനങ്ങളാല്‍
മധുരം നിറയാത്ത മാനസമെങ്ങുണ്ടോ ?
ഒരു നേരം പോലുമാ തേനൂറും വരികളില്‍
മരുവാത്ത മലയാളി യെവിടെയുണ്ടോ ?
വിരിയും പുഞ്ചിരി തഞ്ചുമാ മുഖകാന്തി
നിറച്ചു സംശാന്തി താന്തരാം പാന്ഥരിലും !
ഒഴുകും പുഴതന്‍ തെളിനീരു തുല്യമായ്
ഒഴുകിയാ ഗാനങ്ങള്‍ നീരൊഴുക്കായ് !
മലയാളി മനസ്സുകള്‍ നിര്‍വൃതി നേടുമാ
കലയുടെ കോവിലില്‍ നമിക്കുന്നു ഞാന്‍ !

നിരവധി പുരസ്ക്കാര ജേതാവായ് ജീവിതം
പരിശോഭിത, നാരാദ്ധ്യനാം വിനീതന്‍,
ഒരു ജന്മം കൂടിയാ യമര ജന്മം ഭൂവില്‍
നറുതിരിയായിനി വിരിഞ്ഞുവെങ്കില്‍ !
വെറുതെ മോഹിക്കുന്നുവെങ്കിലുമാത്മാവില്‍
നിറയുമാ കവിതകളെന്‍ മനവീണയില്‍ !
"വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതേ മോഹിച്ചു നീറുന്നെന്റെ മാനസം'!.

കാലങ്ങള്‍ കഴിഞ്ഞാലും ജനം കാതോര്‍ക്കും ത്വല്‍ക്കാവ്യത്തില്‍
കാലത്തിന്‍ രഥ്യയില്‍ ത്വല്‍നാമം ശോഭിക്കും മഹാകവേ !.
ഒ.എന്‍.വി യുടെ ചില വരികള്‍:

"ഒരു ദഃഖത്തിന്‍ വെയിലാറുമെന്‍ മനസ്സിലി
ന്നൊരു പൂ വിരിയുന്നു ! പേരിടാനറിയില്ല !...നാലുമണിപ്പൂക്കള്‍

"പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ ­
നേരറിയുന്നു ഞാന്‍, പാടുന്നു....
കോതമ്പക്കതിരിന്റെ നിറമാണ് !
പേടിച്ച പേടമാന്‍ മിഴിയാണ് !.'. കോതമ്പുമണികള്‍
"വേര്‍പിരിയാന്‍ മാത്രമൊന്നിച്ചു കൂടി നാം
വേദനകള്‍ പങ്കു വയ്ക്കുന്നു'.... പാഥേയം

"ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന ­
മൃതിയില്‍ നിനക്കാത്മശാന്തി !
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക് !
ഹൃദയത്തിലിന്നേ കുറിച്ച ഗീതം'. .... ഭൂമിക്കൊയ്‌ക്കൊരു ചരമഗീതം

"ഏതപവാദത്തിനും മീതെയാ സത്യത്തിന്റെ
ഗാഥ ഞാന്‍ വരും തലമുറയ്ക്കായി പാടാം'... ഉജ്ജ­യിനി
കാവ്യസൂര്യനു ബാഷ്പാഞ്ജലി (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക