MediaAppUSA

ബെഗുസെറായിലെ നിഷേധിയായ ആ ദേശസ്‌നേഹി 'ദേശദ്രോഹി' (ഡല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 22 February, 2016
ബെഗുസെറായിലെ നിഷേധിയായ ആ ദേശസ്‌നേഹി  'ദേശദ്രോഹി' (ഡല്‍ഹികത്ത്: പി.വി.തോമസ്)
കന്നയ്യ കുമാറും, രോഹിത് വെമുലയെപ്പോലെ, ഇന്‍ഡ്യയിലെ ഇപ്പോഴത്തെ ഭരണാധികാരികള്‍ക്ക് ഒരു പ്രശ്‌നം ആയിരിക്കുകയാണ്. ഭരണാധികാരികള്‍ എന്ന് പറഞ്ഞാല്‍ സംഘപരിവാറിനും മറ്റും. അതായത് ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്തിനും. കാരണം ഇവരാണല്ലോ ദേശസ്‌നേഹവും ദേശീയതയും കുത്തകക്കെടുത്തിരിയ്ക്കുന്നത്, നാഗ്പ്പൂര്‍ വഴി.

ആരാണീ കന്നയ്യകുമാര്‍? എന്തുകൊണ്ടാണ് അദ്ദേഹത്തെ തീഹാര്‍ ജയിലില്‍ മോഡിയും അദ്ദേഹത്തിന്റെ പോലീസ് കമ്മീഷ്ണര്‍ ബാസീയും കൂടെ അടച്ചത്? എന്താണ് ഈ ഗവേഷകവിദ്യാര്‍ത്ഥി ചെയ്ത തെറ്റ്? എന്താണ് ഈ ഗവേഷക വിദ്യാര്‍ത്ഥി ചെയ്ത തെറ്റ്? ബീഹാറിലെ ബെഗുസെറായിലെ ഒരു ഗ്രാമത്തില്‍ നിന്നും വരുന്ന ജഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് കന്നയ്യ. കുടുംബം ദരിദ്രം ആണ്. അച്ഛന്‍ പകുതി തളര്‍ന്ന ഒരു ദിവസ തൊഴിലാളിയാണ്. ഇപ്പോള്‍ ജോലിയൊന്നു ചെയ്യുവാന്‍ പാടില്ല. അമ്മ അങ്കന്‍വാടി ജോലിക്കാരിയും ഒരു സഹാദരന്റെ മൂവായിരം രൂപ മാസ ജോലിക്കാശുകൊണ്ടാണ് കുടുംബം പുലരുന്നത്. കന്നയ്യ ഇന്ന് ഒരു ദേശദ്രോഹിയാണ്. അദ്ദേഹം ഇന്‍ഡ്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍ പറഞ്ഞു ഇത്? മോഡി പറഞ്ഞു ഇത്. ഖാസി പറഞ്ഞു ഇത്. ആര്‍.എസ്.എസും. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്തും പറഞ്ഞു ഇത്. ഇവരുടെ ഈ തത്വശാസ്ത്രം തന്നെയാണ് രോഹിത് വെമൂലയെ നായാടിക്കൊന്നതും. അപ്പോള്‍ ഇവരാണ് ഒരു ഇന്‍ഡ്യക്കാരന്റെ ദേശസ്‌നേഹത്തിനും ദേശീയതയ്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍ക്കേണ്ടത്. എന്താണ് ഇവര്‍ക്കു ഇതിനുള്ള യോഗ്യത? ആരാണ് ഇവര്‍ക്ക് ഇതിനുള്ള അധികാരം നല്‍കിയത്. മഹാത്മജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്‍ഡ്യന്‍ ദേശീയ മുന്നേറ്റത്തിനോടും സ്വാതന്ത്ര്യ സമരത്തോടും വിമുഖതയും നിസഹകരണവും പ്രകടിപ്പിച്ചവരാണ് ഇവര്‍ ജനസംഘും ആര്‍.എസ്.എസും. ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കളായ ഇവര്‍ സാംസ്‌ക്കാരിക ദേശീയത എന്ന പൊള്ളയായ മുദ്രാവാക്യത്തിലൂടെ ഇവരുടെ ഫാസിസ അജണ്ട നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ്. അത് തന്നെയാണ് ഇവര്‍ ഐ.ഐ.റ്റി മദ്രാസില്‍ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളിനെതിരെ നീങ്ങുക വഴി ചെയ്തത്. അത് തന്നെയാണ് ഇവര്‍ ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയില്‍ അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുക വഴി ചെയ്തത്. അതാണ് ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കലാശിച്ചത്. അത് തന്നെയാണ് ഇവര്‍ അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മുന്‍ പത്രാധിപരായ(ദ ഹിന്ദു) സിദ്ധാര്‍ത്ഥ വരദരാജനെ വിലക്കുക വഴി ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഫെബ്രുവരി എട്ടാം തീയ്യതി ഐ.ഐ.റ്റി. ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഭരണാധികാരികള്‍ തങ്ങളുടെ ദേശസ്‌നേഹവും ദേശീയതയും നിര്‍വ്വചിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതും.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ അദ്ധ്യക്ഷനായ കന്നയ്യകുമാറിനും(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്‍ഡ്യ സ്റ്റുഡന്റസ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ അംഗം) സുഹൃത്തുക്കള്‍ക്കും എതിരായി അഖില ഭാരതീയ വിദ്യാര്‍ത്ഥി പരീക്ഷത്തിന്റെ(ബി.ജെ.പി.)യുടെയും ആര്‍.എസ്.എസിന്റെയും വിദ്യാര്‍ത്ഥി സംഘടന) നേതാക്കന്മാരും അവരുടെ കയ്യില്‍ അവരുടെ വെറുമൊരു ചട്ടുകം മാത്രമായ ദല്‍ഹി പോലീസ് കമ്മീഷ്ണര്‍ ബാസിയും ദേശദ്രോഹം ചുമത്തിയിരിക്കുകയാണ്. കന്നയ്യ കുമാറിനെ തീഹാര്‍ ജയിലില്‍ തടവിലടച്ചു. ഡല്‍ഹി വിദ്യാര്‍ത്ഥി പ്രക്ഷോഭണം കൊണ്ട് ഇളകി മറിഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളോടൊപ്പം പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. രാജ്യമെമ്പാടും യൂണിവാഴ്‌സിറ്റി- കോളേജ് ക്യാമ്പസുകളില്‍ ഇത് പ്രതിഫലനം ഉളവാക്കി. ജാദവപൂര്‍ യൂണിവേഴേസിറ്റിയിലെയും(കൊല്‍ക്കട്ട) ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് സമര സന്ന്ദ്ധതരായി. ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസും ബി.ജെ.പി. എം.എല്‍.എയും(ഓ.പി.ശര്‍മ്മ) ബി.ജെ.പി. വിഭാഗം വക്കീലന്മാരും കൂടെ പട്യാല ഹൗസ് കോടതി വളപ്പിലിട്ട് തല്ലിച്ചതച്ചു. മാധ്യമ പ്രവര്‍ത്തകരെയും വെറുതെവിട്ടില്ല. കോടതിയില്‍ ഹാജരാക്കുവാനെത്തിയ കന്നയ്യയെ കോടതി വളപ്പിലിട്ടും കോടതി മുറിക്കുള്ളിലിട്ടും ബി.ജെ.പി. വിഭാഗം വക്കീലന്മാര്‍ തല്ലിച്ചതച്ചു. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവുണ്ടായിര്ുന്നു കന്നയ്യയ്ക്ക് പരിപൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന്. പക്ഷെ ബാസി അത് ചെവിക്കെണ്ടില്ല. കന്നയ്യക്കെതിരെ നടന്ന കയ്യേറ്റത്തെ വെറും ഒരു ഉന്തും തള്ളുമായി അദ്ദേഹം ലഘൂകരിച്ചു. വക്കീലന്മാര്‍ വിദ്യാര്‍ത്ഥികളെയും കന്നയ്യയെയും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മര്‍ദ്ദിക്കുന്നതിന്റെ വിഷ്വല്‍ തെളിവുകള്‍ ഉണ്ടായിട്ടും ബാസി വക്കീലന്മാര്‍ക്കും ബി.ജെ.പി. എം.എല്‍.എ.ക്കും എതിരെ യഥാസമയം നടപടി എടുത്തില്ല. ഫെബ്രുവരി 29ന് പെന്‍ഷന്‍ പറ്റുന്ന അദ്ദേഹം ഒരു പെന്‍ഷനാനന്തര ജോലിക്കായി(വിവരാവകാശ കമ്മീഷ്ണര്‍) ശ്രമിച്ചുകൊണ്ടാണ് അക്രമികള്‍ക്കെതിരെ മുഖം തിരിച്ചതെന്നും മോഡിയെയും മറ്റു പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചതെന്നും പറയാമെങ്കിലും ഇത് കടുത്ത അനീതി ആയിപ്പോയെന്ന് പറയാതെ വയ്യ. എതായാലും കടുത്ത ജനപ്രതിഷേധത്തെതുടര്‍ന്നും ലോകസഭയിലെ പ്രതിപക്ഷ നേതാവ് (കോണ്‍ഗ്രസ്) വീറ്റോ ചെയ്തതിനാലും ബാസിക്ക് ഇക്കുറി നറുക്ക് വീണില്ല. പക്ഷേ ഗവര്‍ണ്ണര്‍ സ്ഥാനം ഉള്‍പ്പെടെ മറ്റ് പല പെന്‍ഷന്‍ പുനരധിവാസ നിയമനങ്ങളും പ്രതീക്ഷിക്കാം.

കന്നയ്യയെയും വിദ്യാര്‍ത്ഥികളെയും ദേശദ്രോഹികളെന്നി വിളിച്ചാക്ഷേപിച്ച് മര്‍ദ്ദിച്ച വക്കീലന്മാര്‍ അവരുടെ ജോലിയുടെ ഭാഗമായിട്ടാണെങ്കിലും ഏത് ഭീകരവാദിയെയും ചാരനെയും ദേശദ്രോഹിയെയും നല്ല തുട്ട് നല്‍കിയാല്‍ പ്രതിരോധിക്കാമെന്ന കാര്യത്തില്‍ തര്‍ക്കവും ഇല്ല. ന്യായപാലകരുടെ കറുത്തകുപ്പായമിട്ട തെമ്മാടികള്‍ എന്നാണ് ഇവരെ മാധ്യമങ്ങളും പൊതുജനവും വിശേഷിപ്പിച്ചത്.

ഇനി എന്താണ് കന്നയ്യക്കും സുഹൃത്തുക്കളായ വിദ്യാര്‍ത്ഥികള്‍ക്കും എതിരായ ദേശദ്രോഹപരമായ ആരോപണം?
ഫെബ്രുവരി 9ന് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ പാര്‍ലിമെന്റ് അക്രമണത്തില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ ഒരു അനുസ്മരണ ചടങ്ങ് നടക്കുന്നു. അഫ്‌സല്‍ ഗുരു ഭീകരവാദിയാണ്. ഈ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യ വിരുദ്ധ മുദ്രാവാക്യങ്ങളും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും വിളിച്ചുവെന്നാണ് ആരോപണം. കന്നയ്യയും സുഹൃത്തുക്കളും ഇത് നിഷേധിക്കുന്നു. വിവാദപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് നുഴഞ്ഞുകയറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ ആണെന്നാണ് ഇവരുടെ പ്രത്യോരോപണം. ഈ നുഴഞ്ഞുകയറ്റക്കാര്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്തിലെ വിദ്യാര്‍ത്ഥികള്‍ ആണെന്നും ഇവര്‍ പറയുന്നു. നുഴഞ്ഞു കയറ്റക്കാരുടെ ലക്ഷ്യം യോഗം കലക്കുകയെന്നതായിരുന്നു. കൂടാതെ കന്നയ്യയെയും കൂട്ടുകാരെയും ദേശദ്രോഹികളായി മുദ്രകുത്തുകയെന്നതും. ഇത് പരിശോധിക്കണം. തെളിയിക്കണം. കണയ്യക്കെതിരായ ഒരു പ്രധാന ആരോപണം അദ്ദേഹം ആസാദിനുവേണ്ടി(സ്വാതന്ത്ര്യം) മുദ്രാവാക്യം മുഴക്കി പ്രസംഗിച്ചുവെന്നതാണ്. ആസാദി എന്നുവച്ചാല്‍ കാശ്മീരിന്റെ സ്വാതന്ത്ര്യം എന്നാണര്‍ത്ഥം രാഷ്ട്രീയ നിഘണ്ടുവില്‍. ഇത് തെളിയിക്കുവാനായി ചില വീഡിയോ ക്ലിപ്പിംങ്ങും പോലീസ് പിടിച്ചെടുത്തു. എന്നാല്‍ ഇത് മനഃപൂര്‍വ്വം കെട്ടിച്ചമച്ച ഒരു വ്യാജക്ലിപ്പ് ആണെന്നും പരിശോധന വിദഗ്ധര്‍ വാദിക്കുന്നു. കന്നയ്യയുടെ പ്രസംഗത്തിനു മുകളില്‍ മറ്റൊരു ശബ്ദം തിരുകികയറ്റി കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായുള്ള ഒരു പ്രസംഗം ആയി അതിനെ മാറ്റിയതാണെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. കന്നയ്യ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞത് മനുവാദത്തില്‍ നിന്നും, ജാതിവ്യവസ്ഥയില്‍ നിന്നും ആര്‍.എസ്.എസില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നാണ് പറഞ്ഞത്. അതാണ് വ്യാജന്മാര്‍ കാശ്മീര്‍ സ്വാതന്ത്ര്യമായി മാറ്റിയതത്രെ. ഇതും പരിശോധിക്കണം. തെളിയിക്കണം. തെളിയിച്ചാല്‍ അത് അത്യന്തം ഗൗരവപരമായ ഒരു ഗൂഡാലോചനയെ പുറത്ത് കൊണ്ടു വരും.

ഇനി പാക്ക് ഭീകരന്മാര്‍ക്കൊപ്പം പാര്‍ലിമെന്റ് അക്രമിച്ചതില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചുള്ള ചടങ്ങിന്റെ കാര്യം. കന്നയ്യപറയുന്നത് അദ്ദേഹം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ്. കന്നയ്യയുടെ പേര് സംഘാടകരുടെ ലിസ്റ്റില്‍ ഇല്ലതാനും. പിന്നെ കന്നയ്യയോഗത്തിലെത്തി പ്രസംഗിച്ചു? ചോദ്യം പ്രസക്തമാണ്. കന്നയ്യയുടെ സുഹൃത്തുക്കള്‍ പറയുന്നതനുസരിച്ച് സര്‍വ്വകലാശാല യൂണിയന്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ യോഗസ്ഥലത്ത് ബഹളം കേട്ടപ്പോള്‍ കന്നയ്യ അവിടെ എത്തിയതും പ്രസംഗിച്ചതും ആണ്. വിശ്വസിക്കാവുന്നതാണ്.

അഫ്‌സല്‍ഗുരുവിന്റെ അനുസ്മരണചടങ്ങും അദ്ദേഹത്തിന് രക്തസാക്ഷി പരിവേഷം നല്‍കുന്നതും വിവാദ വിഷയം ആണ്. കാരണം ഗുരു ഭീകരാക്രമണകേസില്‍ തൂക്കിക്കൊല്ലപ്പെട്ട ഒരു കാശ്മീരി ഇന്‍ഡ്യന്‍ ആണ്. ഗുരുവിന്റെ നിരപരാധിത്വത്തെക്കുറിച്ചും അപരാധിത്വത്തെക്കുറിച്ചും ആദ്യം മുതലെ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, പോലീസ് അദ്ദേഹത്തെ അപരാധിയായി കോടതിയില്‍ തെളിയിച്ചു. കോടതി ഗുരുവിനെ മരിക്കുന്നതുവരെ തൂക്കിലേറ്റുവാന്‍ ശിക്ഷ വിധിച്ചു. ഗവണ്‍മെന്റ്, അന്ന് യു.പി.എ. ഗവണ്‍മെന്റ് ആയിരുന്നു, ഗുരുവിനെ തൂക്കിലേറ്റുകയും ചെയ്തു. ഇവിടെ മൂന്നു പോയിന്റുകള്‍ പരാമര്‍ശന വിധേയം ആകേണ്ടതായിട്ടുണ്ട്. ഒന്ന്, ഗുരുവിന് ഒരു നീതിപരമായ വിചാരണ(ഫെയര്‍ട്രയല്‍) ലഭിക്കുന്നില്ലെന്ന പരാതി. ഇത് കൂടെക്കൂടെ ഉയര്‍ന്നു വന്നിരുന്നു അതിശക്തമായിട്ട് തന്നെ. ഗവണ്‍മെന്റ് അതിനെ നിഷേധിക്കുകയും ചെയ്തിരുന്നു. രണ്ട്, തൂക്കിക്കൊല മനുഷ്യാവകാശ ലംഘനമാണെന്നും അത് നിറുത്തലാക്കണമെന്നും ഉള്ള വാദം ഗുരുവിന്റെ ശിക്ഷാ നിര്‍വ്വഹണ വേളയിലും പ്രബലമായി. മൂന്ന്, ഗുരുവിനെ തൂക്കിലേറ്റിയ രീതിയും ആണ് ഏറെ വിമര്‍ശന വിധേയം ആയിരുന്നു. യാതൊരു മുന്നറിയിപ്പും നല്‍കാതെ ഒരു സുപ്രഭാതത്തില്‍ ഗുരുവിനെ തൂക്കിലേറ്റുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിച്ചിരുന്നില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുമില്ല. കേസിന്റെ സ്‌ഫോടകാത്മകത കണക്കിലാക്കി ഗവണ്‍മെന്റ് ജാഗ്രത പാലിച്ചതാണെന്ന് പ്രതിരോധം ഉണ്ടെങ്കിലും അത് അടിസ്ഥാന ജനാധിപത്യ മര്യാദക്ക് വിരുദ്ധമായിരുന്നുവെന്ന വിമര്‍ശനവും ഉണ്ട്. ഈ വകകാരണങ്ങളാല്‍ ഗുരുവിന്റെ പിന്തുണക്കാര്‍, പ്രത്യേകിച്ചും കാശ്മീരികള്‍, ഗുരുവിന് ഇപ്പോഴും ഒരു രക്തസാക്ഷി പരിവേഷം നല്‍കുന്നുണ്ട്. അവരും ഭീകരവാദത്തെയും പാര്‍ലിമെന്റ് ആക്രമണത്തെയും പിന്തുണക്കുന്നുണ്ടെന്ന് തോന്നുന്നില്ല. എങ്കില്‍ അതില്‍ അരജകത്വം ഉണ്ട്.

കന്നയ്യയില്‍ ചുമത്തിയിരിക്കുന്നത് ഇന്‍ഡ്യന്‍ ശിക്ഷാ വ്യവസ്ഥയിലെ 124-എ ആണ്. ഇതാണ് ദേശദ്രോഹം. ഇത് പ്രകാരം അക്രമവും വെറുപ്പും പ്രചരിപ്പിക്കുന്നവര്‍ ദേശദ്രോഹിയാണ്. പ്രചരിപ്പിച്ചാല്‍ മാത്രം പോര ഇവ ഫലത്തില്‍ വരുകയും വേണം. കന്നയ്യ ഇത് ചെയ്തിട്ടുണ്ടോ? ഇല്ല. പക്ഷേ, അതാണ് അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. അതിനായി ഒരു വ്യാജ വീഡിയോയും തയ്യാറാക്കിയെങ്കില്‍ അത് തികച്ചും അനീതിപരമാണ്. 

സെക്ഷന്‍ 124-എ ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിലെ ഒരു കൊളോണിയല്‍ തിരുശേഷിപ്പ് ആണ്. സ്വതന്ത്രസേനാനികളായ ഇന്‍ഡ്യാക്കാരെ കുരുക്കാന്‍ സായ്പ്പ് എടുത്ത ഒരു തന്ത്രം. ഇത് എടുത്ത് ദൂരെ എറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരത്തില്‍ ഇന്‍ഡ്യന്‍ പൗരന്മാര്‍ക്കെതിരെ ഭരണാധികാരികള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗപ്പെടുത്തുന്ന ഒരു സെക്ഷന്‍ ആണ് ഇത്. ബ്രിട്ടീഷുകാര്‍ ഇത് മഹാത്മജിക്കെതിരെ ഉപയോഗിച്ച് അദ്ദേഹത്തെ ജയിലില്‍ അടച്ചത് മനസിലാക്കാം. പക്ഷേ, സ്വതന്ത്രാനന്തര ഇന്‍ഡ്യയില്‍ ഒരു വിദ്യാര്‍ത്ഥിക്കെതിരെ ഇത് ഉപയോഗിക്കുന്നതിന്റെ നീതി ശാസ്ത്രം തീരെ മനസിലാകുന്നില്ല? ബിനായക് സെന്നും, ഉദയ കുമാറും, അരുന്ധതി റോയിയും എല്ലാം ഇതിന്റെ ചൂട് അറിഞ്ഞവരാണ്.

ബി.ജെ.പി.യും സംഘപരിവാറിലെ അതിവിശിഷ്ട ദേശസ്‌നേഹികളും ഒന്ന് മനസിലാക്കണം അഫിസല്‍ ഗുരുവിനെ ആരാധിക്കുന്ന, അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ജമ്മു-കാശ്മീര്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവന്ന പി.ഡി.പി. ആണ് ഇന്ന് ബി.ജെ.പി.യുടെ സഖ്യകക്ഷി എന്നത്.
കോളേജുകളും സര്‍വ്വകലാശാലകളും സ്വതന്ത്രചിന്തയുടെയും നിഷേധത്തിന്റെ ആശയവാദ-പ്രതിവാദത്തിന്റെയും ത്രസിക്കുന്ന ശ്രോതസുകള്‍ ആയിരിക്കണം. അവിടെക്കയറി മസ്തിഷ്‌ക്ക ബലാല്‍സംഗം നടത്തുവാന്‍ ഒരു പരിവാറിയെയും അനുവദിക്കരുത്. നോം ചോംസ്‌കിയും ഒര്‍ഹാന്‍ പമൂക്കും ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്. ഒരായിരം പൂവുകള്‍, ഒരായിരം വിഗ്രഹഭജ്ജകര്‍ ഇവിടങ്ങളില്‍ ഉദിച്ചുവരട്ടെ. കലാലയങ്ങളില്‍ വിവിധ സൂര്യന്മാര്‍ വിരാജിക്കട്ടെ.

ബെഗുസെറായിലെ നിഷേധിയായ ആ ദേശസ്‌നേഹി  'ദേശദ്രോഹി' (ഡല്‍ഹികത്ത്: പി.വി.തോമസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക