Image

പെയ്യാതെ പോകും മേഘത്തുണ്ടുകള്‍ (കവിത: ഗീതാ രാജന്‍)

Published on 26 February, 2016
പെയ്യാതെ പോകും മേഘത്തുണ്ടുകള്‍ (കവിത: ഗീതാ രാജന്‍)
ഇരുട്ട് വീണു തുടങ്ങുമ്പോഴേ
മനസ്സിന്റെ മച്ചില്‍ വല്ലാത്തൊരു
കുത്തി മറിച്ചിലാണ് !
ഇടയ്ക്കിടെ സംവേദങ്ങളും !!

പെയ്യാന് വിതുമ്പുന്ന
മേഘത്തുണ്ടുകള്‍
ചൂട് കൊണ്ട് പുളയും...!
സമ്മര്‍ദ്ദം കുറക്കാന്‍..
ഒന്ന് പെയ്‌തൊഴിയാന്‍
പറ്റുമോയെന്നു എത്തിനോക്കും !!

തൊട്ടും തലോടിയും ഉമ്മവച്ചും
കാറ്റിങ്ങനെ ഓടികളിക്കും
ഒന്ന് തണുത്തു പെയ്യും മുന്‍പേ
തള്ളിയിട്ടു ഓടി പോകും !

കറുത്തിരുണ്ട മേഘതുണ്ട്
ഭാരം പേറി വിളറി നില്ക്കും!
പെയ്തിറങ്ങാന്‍ കഴിയാത്ത
മഴത്തുള്ളി വല്ലാതെ
വീര്‍പ്പുമുട്ടികൊണ്ടിരിക്കും !

തെറിച്ചു വീണ നെടുവീര്‍പ്പുകള്‍
വിഷാദ പൂക്കളായി വിടര്ന്നു വരും
വട്ടമിട്ടു പറക്കും നിശാശലഭങ്ങള്‍
ഞെട്ടലോടെ പകച്ചു നില്ക്കും !!

അപ്പോഴും അകലേക്ക്­ വലിച്ചെറിഞ്ഞ
മേഘത്തുണ്ടില്‍ പറ്റിയിരിക്കുന്നു
കാറ്റു തൂകി പോയ ഒരു കൊച്ചു
മഴത്തുള്ളി തിളക്കം !!
പെയ്യാതെ പോകും മേഘത്തുണ്ടുകള്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
വായനക്കാരൻ 2016-02-28 20:33:36
പെയ്യാതെ പോയ മേഘമേ
നീലമേഘമേ
വേഴാമ്പലേ മരുഭൂമിയിൽ
വിതുമ്പുന്നു പിന്നെയും
പെയ്യാതെ പോയ മേഘമേ
വിട നൽകി നീ വിഷാദയായ്
ഒരു വീണ പൂവിനെ 
ഇതൾ വീശിയാടാൻ ഇടയേകിടാതെൻ
മനമെന്ന പെൺപൂവിനെ
പെയ്യാതെ പോയ മേഘമേ

വരുമോർമ്മയിൽ വിദൂരമാം
ഋതുഭേദ ഭംഗിയും
അതിലൂടെ വീണ്ടും വനഗായകാ നിൻ
സ്വരരാഗ സംഗീതവും
പെയ്യാതെ പോയ മേഘമേ  
(ബിച്ചു തിരുമല - കിളിക്കൊഞ്ചൽ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക