MediaAppUSA

സിനിമയിലെ മരണമണി മുഴക്കങ്ങള്‍ - തമ്പി ആന്റണി

തമ്പി ആന്റണി Published on 16 March, 2016
സിനിമയിലെ മരണമണി മുഴക്കങ്ങള്‍ - തമ്പി ആന്റണി
നമ്മുടെ കലാസാംസ്‌കാരിക കേരളത്തിന് എന്തുപറ്റി. എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട്. ഈ അടുത്തകാലത്തു നടന്ന സംഭവവികാസങ്ങള്‍ എല്ലാംതന്നെ അതിനൊക്കെ സാക്ഷ്യം വഹിക്കുന്നതാണ്. അനുഗ്രഹീത കലാകാരനായ കലാഭവന്‍ മണിയുള്‍പ്പെടെ ഏറ്റവും കൂടുതല്‍ മരണത്തിന്റെ മണിമുഴക്കങ്ങള്‍ കേട്ട വര്‍ഷമാണ് നമ്മളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആരോഗ്യപരമായ അജ്ഞതകൊണ്ട്  ചെയ്യരുതാത്തത് പലതും ചെയ്യുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങളാണ് പലപ്പോഴും കലാകാരന്മാരെയെല്ലാം അപകടത്തിലാക്കുന്നത്. എന്താണ് അതിനുള്ള യഥാര്‍ത്ഥ കാരണം. ഒരുപക്ഷെ പ്രശസ്തിയില്‍നിന്നു പെട്ടന്നുള്ള പതനമാകാം. അതുകൊണ്ടുണ്ടാകുന്ന കുടുബ പ്രശ്‌നങ്ങള്‍, സാമ്പത്തികബാദ്ധ്യതകള്‍, അല്ലെങ്കില്‍ അങ്ങനെ ഒരു പതനം അഗീകരിക്കാനുള്ള മാനസികാവസ്ഥ ഒരു പരിധിവരെ ഇല്ലതെയാവുക. അതൊന്നുമല്ലെങ്കില്‍ പിന്നെ  അവരുടെയൊക്കെ ഏറ്റവും അടുത്ത കൂട്ടുകാര്‍തന്നെയാണ് അവരുടെയൊക്കെ മരണത്തിന്  കാരണക്കാരാകുന്നത് എന്നുവേണം കരുതുവാന്‍. ഗാന രചയിതാവ് വയലാര്‍ മുതല്‍ നടന്‍ മുരളി, സോമന്‍, രതീഷ്, സുധീര്‍ , വിന്‍സന്റ് , നരേന്ദ്ര പ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശ്രീനാഥ്, സജി പരവൂര്‍, അങ്ങനെ  രാജേഷ് പിള്ള വരെ ഒരു നീണ്ട നിരതന്നെയുണ്ട് നമുക്കുമുന്നില്‍.  എത്ര കലാകാരന്മാരാണ് അങ്ങനെ സുഹൃദ് വലയങ്ങള്‍ സൃഷ്ടിച്ച മതില്‍കെട്ടുകള്‍ക്കകത്തുകിടന്നു  അകാല മരണത്തിനു കീഴടങ്ങിയത്. ഉപദേശം ആര്‍ക്കും ഒരുപയോഗവുമില്ലാത്ത കാര്യമാണ് . കാരണം വിവരമുള്ളവന് അതാവശ്യവുമില്ല . 

വിവരമില്ലാത്തവന് അതുകൊണ്ട് പ്രയോജനവുമില്ല. എന്നാലും ആരും അവരുടെയൊക്കെ അപകടാവസ്ഥയില്‍ പോലും ഒന്നു രക്ഷപെടുത്താന്‍ ശ്രെമിക്കുന്നില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. കള്ളുകുടിയന്മാര്‍ പൊതുവെ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മടിയില്ലാത്തവര്‍ ആണന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടാണല്ലോ അവര്‍ സ്വന്തം ശരീരംപോലും നോക്കാതെ മറ്റുലള്ളവരെ സന്തോഷിപ്പിക്കുന്നത് .ഇതാറിഞ്ഞിട്ടുതന്നെയായിരുക്കും  അവര്‍ സത്യം മാത്രമേ പറയൂ എന്ന്  പ്രശസ്ത കഥാകൃത്ത് മുകുന്ദന്‍ തന്റെ പ്രസിദ്ധ  നോവലായ പ്രവാസത്തില്‍ എടുത്തുപറയുന്നുമുണ്ട്. അതിപ്പം എന്തുതന്നെയായാലും  മണിയുടെ കാര്യത്തില്‍ ഇത് എല്ലാവര്‍ക്കും  അറിവുള്ളതാണ് . ആര്‍ക്കും എന്തു സഹായവും ചെയ്യുക മാത്രല്ല പാവങ്ങള്‍ക്ക് വാരിക്കോാരി കൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. അത്  മറ്റാര്‍ക്കുമാറിയില്ലെങ്കിലും കുറഞ്ഞപക്ഷം  ചാലക്കുടിക്കാര്‍ക്കെങ്കിലും നന്നായി അറിയാവുന്നതുമാണ്. അതുകൊണ്ടാണ് ഇക്കൂട്ടരെ എല്ലാ കൂട്ടുകാരും വേണ്ടുവോളം മുതലെടുക്കുന്നതും. അവരെ വീണ്ടും വീണ്ടും പ്രീതിപെടുത്തുവാനും  അതുകൊണ്ട് സ്വന്തം കാര്യം സാധിക്കാനും വളെരെ എളുപ്പവുമാണ്. 

ഇതിനൊക്കെ പരിഹാരം കാണാന്‍ കലാരഗത്തുള്ളവര്‍തന്നെ മുന്‍കൈ എടുക്കണം . പുതിയ ഒരു കമ്മറ്റി ഉണ്ടാക്കി കൌണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള  സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യന്താപേഷിതമാണ്. താരങ്ങളുടെ അമ്മ പോലെയുള്ള അസോസിയേഷന്‍ മാത്രമല്ല എല്ലാ കലാ സാംസ്‌കാരിക  സംഘടനകളും അതിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തില്ലെങ്കില്‍ ഇനിയും നമുക്ക് നമ്മടെ പല പ്രതിഭകളെയും അകാലത്തില്‍ തന്നെ നഷ്ടമാകും എന്നുള്ളതിന് ഒരു സംശയവും വേണ്ട.

ഇനി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ചെയ്യേണ്ട കാര്യം മദ്യനിരോധനം മാത്രമല്ല. കൊടുക്കുന്ന മദ്യത്തില്‍ വിഷാംശം ഉണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ചെയുക. അതായത് ക്വാളിറ്റി കണ്‍ട്രോള്‍. അതിനുള്ള ശക്തമായ നടപടി എടുക്കുക. അത് നടപ്പാക്കാത്ത ഒരേ ഒരു രാജ്യം ഇന്ത്യമഹാരാജ്യം മാത്രമാണ്. മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ഭാഷയില്‍ പറഞ്ഞാല്‍ . ദ്വീപസ്തംഭം മഹാച്ചര്യം നമുക്കും കിട്ടണം പണം എന്ന നിലപാടാണ് മാറിമാറിവരുന്ന സര്‍ക്കാറുകള്‍ പാലിക്കുന്നത് . നിയമങ്ങള്‍ വെറുതെ എഴുതിവെക്കാനും പറയാനുള്ളതുമല്ല പാലിക്കാനുള്ളതാണ് എന്ന കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക . 

മദ്യം കുടിക്കാതിക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യം മിതമായി കഴിക്കുക എന്നതാണ്. പലപ്പോഴും മിതമായി മദ്യപിച്ചു തുടങ്ങുന്നവര്‍പോലും അപ്രതീഷിതമായി കിട്ടുന്ന അഗീകാരങ്ങളിലും പ്രശസ്തിയിലും പെട്ട് ജീവിതം ആഘോഷിക്കാന്‍ തുടങ്ങുന്നു. ആ ആഘോഷങ്ങളിലെ ഏറ്റവും വലിയ വില്ലന്‍ മദ്യം തന്നെയെന്ന് തിരിച്ചറിയുബോഴേക്കും എല്ലാം കൈവിട്ടുപോകുന്നു. പണവും പ്രശസ്തിയും ഇല്ലാതെയാകുമ്പോള്‍ അതുവരെ സ്തുതിപാഠകാരായി  അടുത്തുനിന്ന  കൂട്ടുകാര്‍ പോലും  പതുക്കെ പതുക്കെ അകലുവാന്‍ ശ്രെമിക്കുന്നു. അപ്പോള്‍ അത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകുന്നു . പിന്നെയുള്ള ഒരേയൊരാശ്രയം മദ്യം മാത്രമാകുന്നു. ഇതുകൊണ്ടുതന്നെ മദ്യം പൂര്‍ണമായി നിരോധിക്കുന്നതിനു പകരം സാധാരനക്കാരിലുള്ള ബോധവല്‍ക്കരണം ആണ് ആവശ്യം. അതിനുള്ള സെന്ററുകള്‍ എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുക. മദ്യം കുടിച്ചു മരിക്കാനുലള്ളതല്ല മറിച്ച് വെറും ഒരു സോഷ്യല്‍ ഡ്രിങ്ക് മാത്രമാണ് എന്ന് നമുക്ക് ഇന്നും മനസിലായിട്ടില്ല എന്നുതോന്നുന്നു. മിതമായ മദ്യംപാനം  മാനസിക പിരിമുറുക്കം കുറക്കാന്‍ സഹായിക്കും എന്ന് പല മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളിലും വായിച്ചിട്ടുള്ളതാണ്. പലതരത്തിലുള്ള ഹൃദയരോഗങ്ങള്‍ക്കും കാരണം മാനസികമായ പിരിമുറുക്കമാണ് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രസ്താവന തന്നെ ഊരിതിരിഞ്ഞത്. അല്ലാതെ ആല്‍ക്കഹോളിന്റെ കെമിക്കല്‍ ഗുണംകൊണ്ടുമാത്രമല്ല. ഇന്ന് പല മെഡിസിനുകളിലും ആല്‍ക്കഹോളിന്റെ അംശം ഉണ്ടെന്ന കാര്യം പലര്‍ക്കും അറിവില്ല. ഏതു കാര്യവും മിതമായാല്‍ നല്ലത്  .' അധികമായാല്‍ അമൃതും വിഷം 'എന്നല്ലേ പറയപ്പെടുന്നത് സര്‍ക്കാര്‍ കര്‍ശനമായി പകലരുത് എന്ന നിയമം പാലിക്കുക. മദ്യത്തിന് അടിമയായവര്‍ മദ്യപിച്ചു തുടങ്ങന്നതുതന്നെ പുലര്‍കാലത്താണ്. പകല്‍ സമയങ്ങളില്‍ എല്ലാ ബാറുകളും മദ്യവില്‍പ്പനശാലകളും പൂട്ടാനുള്ള തീരുമാനത്തില്‍ എത്തുക. പകല്‍ മദ്യപിക്കുന്നവര്‍ക്കെതിരെ എവിടെവേച്ചുകണ്ടാലും ശക്തമായ നടപടി എടുക്കുക. അല്ലാതെ കുറെ  ബാറു കള്‍ മാത്രം അടച്ചിട്ടിട്ട് സക്കാര്‍ മദ്യഷോപ്പുകള്‍ മാത്രം മലര്‍ക്കെ തുറന്നിട്ടതുകൊണ്ട്  എന്തു പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത്. നിയന്ത്രണം കൂടുതോറും അത് ലെഘിക്കാനുള്ള പ്രവണത ഒരു പോതുമാനസികാവസ്തയാണ്. പല പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ എല്ലാ കടകള്‍ക്കും മദ്യം വിലക്കാനുള്ള ലൈസന്‍സ് കൊടുക്കുക. ബോധാവല്‍ക്കരണത്തില്‍ കൂടുതല്‍ ശ്രെദ്ധിക്കുക. മദ്യം ആഘോഷിക്കാന്‍ മാത്രമുള്ളതല്ല ആനന്ദകരമായ ആശയവിനിമയത്തിനുകൂടി ഉപകരിക്കെണ്ടാതാണ് എന്ന് മനസിലാക്കുക. എല്ലാത്തിനുപരി വിനോദസഞ്ചാരത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കൊച്ചുകേരളത്തില്‍ എങ്ങനെയുള്ള  നിരോധനങ്ങള്‍ ഒന്നുംതന്നെ ഒട്ടും പ്രായോഗിഗമല്ലതാനും.

സിനിമയിലെ മരണമണി മുഴക്കങ്ങള്‍ - തമ്പി ആന്റണി
Mohan Parakovil 2016-03-16 06:45:45
പ്രശസ്ത ചലച്ചിത്രതാരം, കവി, എഴുത്തുകാരൻ, ഇ മലയാളി തിരഞ്ഞെടുത്ത കവി എന്നീ നിലകളിൽ തമ്പി സാർ ഞങ്ങൾ നാട്ടിലുള്ളവർക്ക് വളരെ സുപരിചിതനാണ്~. സാറിന്റെ പളുങ്ക് എന്ന സിനിമയിലെ അഭിനയം മികവുറ്റതായിരുന്നു. ഈ ലേഖനത്തിൽ സാർ പറഞ്ഞ അഭിപ്രായം വളരെ പ്രായോഗികമാണ്. പകൽ സമയം മദ്യ വില്പ്പന ഒഴിവാക്കുക. ബിയർ മുതലായവ എല്ലാ കടകളിലും ലഭ്യമാക്കുക  പകൽ കുടിയാന്മാരെ കണ്ടാൽ ശിക്ഷിക്കുക ഏത് കൊമ്പത്തെ ആളായാലും . എല്ലാറ്റിലും ഉപരി മദ്യത്തിൽ വിഷമില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുക. അമേരിക്കൻ മലയാളികൾ നാട്ടിൽ വീടും കക്കൂസുമൊക്കെ പണിത് കൊടുക്കുന്നതിനേക്കാൾ
തമ്പി സാറിന്റെ ഈ അഭിപ്രായം നടപ്പിലാക്കാൻ ശ്രമിക്കുക.  തമ്പി സാറും ഇ മലയാളിയും കൂടി
ഈ നല്ല കാര്യം പ്രവത്തിയിൽ വരുത്തുക . ഈ ലേഖനം ഇങ്ങനെ കുറച്ച് പേർ വായിച്ച് നഷ്ടപ്പെടുത്തികളയരുത് . അയാൾ എഴുതിയ
അഭിപ്രായം നല്ലതാണെങ്കിലും ഞങ്ങൾ സഹകരിക്കില്ലയെന്ന മലയാളിയുടെ സ്വഭാവം
ആരും കാണിക്കാതെ,  ഈ നല്ല ആശയത്തിനായി
കൈകോർക്കുമെന്നു ഞങ്ങൾ ഈ കൊച്ചുകേരളത്തിലെ വലിയ കഴിവോന്നുമില്ലാത്ത വായനകാർ പ്രാർഥനയോടെ അപേക്ഷിക്കുന്നു
ഒടക്ക് വാസു 2016-03-16 09:18:57
ഞങ്ങൾ അമേരിക്കയിലുള്ള മലയാളികൾക്ക് കൈകോർത്തു പരിചയം ഇല്ല പക്ഷെ ഞങ്ങൾ കൊമ്പുകോർക്കും അത് ഏതു കൊമ്പത്തെ ആളായാലും .  യു അണ്ടർസ്ടാണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക