MediaAppUSA

അമേരിക്ക (നോവല്‍ - 4) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 28 March, 2016
അമേരിക്ക (നോവല്‍ - 4) മണ്ണിക്കരോട്ട്
മറ്റുള്ളവര്‍ അമ്മിണിയെ നോക്കിയിരുന്നു മടുത്തു. പ്രതീക്ഷിച്ചിരുന്ന സമയങ്ങളെല്ലാം കഴിഞ്ഞു. എല്ലാവര്‍ക്കും ആശങ്കയായി. പ്രത്യേകിച്ച് അയാള്‍ തനിയെയാണ് പോയിരിക്കുന്നതെന്നോര്‍ത്തപ്പോള്‍. 
അപ്പോള്‍ അമ്മിണിയുടെ ജീവന്‍ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ കുടുങ്ങിക്കിടക്കുകയാണെന്ന് അവരുണ്ടോ അറിയുന്നു. 

അവള്‍ അവിടെ കുടുങ്ങിയിട്ട് ചില നിമിഷങ്ങളായി.

എന്തുകൊണ്ടോ പോള്‍ പിന്നെ നിന്നിടത്തുനിന്ന് ചലിച്ചില്ല. അയാള്‍ പലതും ചിന്തിച്ചു.

ഇവള്‍ മറ്റുള്ളവരെപ്പോലെയല്ല, ഈ അന്യരാജ്യത്തു വന്നയുടനെ ഇത്രയും ധൈര്യം കാണിക്കാമെങ്കില്‍ എന്തുചെയ്യാനും മടിക്കുന്നവളല്ല. ചാടിയാല്‍ ചത്തുപോകും. ചത്താല്‍ ഉത്തരം പറയണം. 

നാട്ടിലെപ്പോലെയല്ല, കൈക്കൂലികൊണ്ടോ സ്വാധീനംകൊണ്ടോ രക്ഷയില്ല. വക്കീലിന് പണം വാരിക്കൊടുക്കണം. എന്നാലും അകത്താകും. അകത്തായാല്‍ കള്ളങ്ങളെല്ലാം പുറത്താകും. ചിലപ്പോള്‍ ജീവപര്യന്തം അല്ലെങ്കില്‍ മരണശിക്ഷ.

ഏതായാലും കയ്യില്‍ കിട്ടിയതാണ്. പിന്നെ ഈ തൊന്തരവൊക്കെ എന്തിന്?  സാവകാശത്തില്‍ നോക്കാം.
'ശരി നീ വരണം. ഞാനൊന്നും ചെയ്യുന്നില്ല. നിന്നെ മറ്റുള്ളവര്‍ താമസിക്കുന്നിടത്ത് കൊണ്ടുവിടാം.' അയാള്‍ സൗമ്യനായി.

കത്തിയെരിഞ്ഞുകൊണ്ടിരുന്ന അമ്മിണിയുടെ മനസ്സില്‍ ആശ്വാസത്തിന്റെ അലകള്‍ വീശി. എങ്കിലും വിശ്വസിക്കുവാന്‍ പ്രയാസം. 

രണ്ടുപേരും നിശ്ചലരായിരുന്നു.

'വരാനല്ലേ പറഞ്ഞത്.'

'ഞാന്‍ വരാം. പക്ഷേ, എന്നെ തൊട്ടുപോയാല്‍ ശവമായിരിക്കും നിങ്ങള്‍ കൊണ്ടുപോകുന്നത്. അതു 
തീര്‍ച്ച.'

അവളുടെ സ്വരം ദൃഢമായിരുന്നു.

അത്രയുമായപ്പോള്‍ പോള്‍ പുറംവാതിലിനടുത്തേക്ക് നടന്നു.

അപ്പോള്‍ അമ്മിണി ജനാലയില്‍നിന്ന് മുറിയ്ക്കുള്ളില്‍ ഇറങ്ങി.

പോള്‍ പറുത്തിറങ്ങി. പുറകെ അമ്മിണിയും. അയാള്‍ അവളെ ഒരിക്കല്‍കൂടി സൂക്ഷിച്ചുനോക്കി. ദഹിപ്പിക്കുന്ന നോട്ടം.

'നിന്നെ ഞാന്‍ കണ്ടോളാം.'

അയാള്‍ മുന്നറിയിപ്പ് കൊടുത്തു. പിന്നെ വേഗത്തില്‍ നടന്നു. എലിവേറ്ററില്‍ താഴെയിറങ്ങി. നേരെ കാറിന്റെ അടുത്തേയ്ക്ക് നടന്നു.

അപ്പോള്‍ പട്ടണം നന്നേ ഇരുട്ടിലായിക്കഴിഞ്ഞിരുന്നു. ഇരുട്ടിനെ തോല്‍പ്പിച്ചുകൊണ്ട് വൈദ്യുതിവിളക്കുകള്‍ തിളങ്ങുന്നു. വെളിച്ചം കിട്ടാത്ത തെരുവിന്റെ ഉള്‍ഭാഗമെങ്ങും ഇരുട്ടില്‍തന്നെ.

റോഡില്‍ വാഹനങ്ങല്‍ ചിന്നിച്ചിതറി പരക്കം പായുന്നു. പത്തേമാരി മാതിരിയുള്ള ബ്രഹ്മാണ്ഡം കാറുകളാണ് മിക്കതും. അതിനുള്ളില്‍ ചെറുപ്പക്കാരായ കുറുമ്പ•ാരും. പല കാറുകള്‍ക്കും മൂടിയില്ല. മുകള്‍ഭാഗം മുഴുവന്‍ തുറന്നിരിക്കും. അതില്‍ നിന്ന് എപ്പോഴും കാതുതുളയ്ക്കുന്ന പരുപരുത്ത സംഗീതം കേള്‍ക്കാം.

അത് സംഗീതമാണോ? പട്ടികള്‍ കടിപിടി കൂട്ടുന്ന ശബ്ദം ഭൂമിയെ കുലുക്കുന്ന ശബ്ദം. കാതുകള്‍ തരിച്ചുപോകും. അതിന്റെ 'കുരയ്‌ക്കൊത്ത്' (ആലമ)േകറുമ്പരുടെ കുണ്ടി മുതല്‍ മണ്ടവരെ കുലുങ്ങുന്നു.

മിക്കവരുടെ കയ്യിലും കാണാം കടലാസുകളില്‍ പൊതിഞ്ഞ ഓരോ ചെറിയ പൊതി. അതില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് വലിച്ചു കുടിക്കുന്നു. 

അമ്മിണിയുടെയും പോളിന്റെയും അടുത്തുകൂടി ഒരു പണ്ടാരം കാര്‍ നീങ്ങി. അതിനും മൂടിയില്ല. അകത്തുനിന്ന് ചിലപ്പോള്‍ ഇടിവെട്ടും പോലെയും ചിലപ്പോള്‍ പട്ടികുരയ്ക്കും പോലെയും പാട്ട്. അതില്‍ മൂന്ന് കറുമ്പന്മരുണ്ട്. രാക്ഷസരെപ്പോലിരിക്കും. ഭീമാകായര്‍. കടലാസ് പൊതികളും കയ്യിലുണ്ട്.

അമ്മിണി അറിയാതെ  അതിനുള്ളിലേയ്‌ക്കൊന്നു നോക്കി.

ഹായ് ഫ....-ഗേള്‍. കമോണ്‍ ഗേള്‍....

ആ കാര്‍ അരികുചേര്‍ന്ന് നിന്നു. ഒരുത്തന്‍ തലപൊക്കി വിളിച്ചു പറഞ്ഞു. അവന്‍ വായില്‍ കിടക്കുന്ന 'ചൂയിംഗം' ആടു ചവയ്ക്കുന്നതുപോലെ ചവയ്ക്കുന്നു. ഇടയ്ക്കിടെ കയ്യിലിരിക്കുന്ന കുപ്പിയിലെ സാധനം വലിച്ചു കുടിക്കുന്നു. അവന്റെ മുഖത്തൊരു വളിച്ച ചിരി. ഈ ലോകമെല്ലാം അവനും വെറും നിസ്സാരം പോലെ.

അവന്‍ പറഞ്ഞതെന്താണെന്ന് അമ്മിണിക്ക് മനസ്സിലായില്ല. പക്ഷേ, ഭാവം മനസ്സിലായി. അവള്‍ക്ക് ഭയം തോന്നി. അവള്‍ വലിഞ്ഞ് പോളിന്റെ ഒരു വശം ചേര്‍ന്ന് നടന്നു.

പെട്ടെന്നാണ് ഒരു പോലീസ് കാര്‍ അടുത്തുവന്നത്. അതിന്റെ മുകളില്‍ ചുവപ്പും നീലയും നിറത്തിലുള്ള ലൈറ്റുകള്‍ മിന്നിത്തിളങ്ങി. പോലീസിന്റെ കാര്‍ ആ കറുമ്പരുടെ കാറിന്റെ തൊട്ടുപിന്നില്‍ നിന്നു. അതില്‍ നിന്ന് പോലീസ് ഓഫീസര്‍ ഇറങ്ങിച്ചെന്നു.

'വാട്ട് ഈസ് ദാറ്റ് ഇന്‍ യുവര്‍ ഹാന്‍ഡ്?'

ഓഫീസര്‍ ആരാഞ്ഞു.

'വാട്ട്  ഈസ് മേന്‍. ലുക്ക് ഹിയര്‍ മേന്‍. ദിസ് ഈസ് കോക്ക് മേന്‍...'

കറുമ്പരുടെ മാത്രമായ ഒരു തരം പ്രത്യേകം ഇംഗ്ലീഷില്‍ ഒരുത്തന്‍ മറുപടി പറഞ്ഞു. 

കുടിച്ചുകൊണ്ടിരുന്ന കുപ്പികളുടെ പുറത്ത് നിന്ന് അവര്‍ കടലാസ് കൂടുകള്‍ മാറ്റി കാണിച്ചു. കൊക്കകോല ബോട്ടിലുകള്‍ തന്നെ.

പക്ഷെ, അതിനുള്ളിലെ രഹസ്യം പോലീസിനറിയാം. അതിനുള്ളില്‍ മയക്കുമരുന്നോ മദ്യമോ ഉണ്ട്. മാത്രമല്ല അവര്‍ ഡ്രഗ്‌സിന്റെ കള്ളക്കടത്തുകാരുമാണ്.

പെട്ടെന്നവിടെ വേറെ മൂന്നു കാറുകള്‍ കൂടി വന്നുനിന്നു. ഓരോന്നിലും തടിച്ചുകൊഴുത്ത കറുമ്പര്‍.

പോലീസ് ഓഫീസര്‍ക്ക് രംഗം പന്തിയല്ലെന്ന് മനസ്സിലായി. അധികാരം കൊണ്ട് കാര്യമില്ല. തല്‍ക്കാലം കള്ളം പിടിക്കുന്നതിലും പ്രധാനം ജീവനാണ്. ഓഫീസര്‍ പതുക്കെ അയാളുടെ കാറില്‍ കയറി. കേന്ദ്രത്തില്‍ സന്ദേശം അറിയിച്ചു.

പോലീസുകാര്‍ എന്താണ് ചെയ്യുന്നതെന്ന് കറുമ്പര്‍ക്കറിയാം. ആദ്യം വന്ന കാറില്‍ നിന്ന് ചില പായ്ക്കറ്റുകളൊക്കെ മറ്റ് കാറുകളിലേയ്ക്ക് പറന്നു വീഴുന്നു. ആ കാറുകള്‍ പറന്നുമറഞ്ഞു. എല്ലാം ഞൊടിയിടയില്‍ കഴിഞ്ഞു. ആദ്യം വന്ന കാറും പോലീസ് കാറും മാത്രമായി രംഗത്ത്. 

ആദ്യം വന്ന കാറിലെ കറുമ്പര്‍ അപ്പോഴും പട്ടിപ്പാട്ടിന്റെ ഈണത്തില്‍ തന്നെ. ആകാശം ഇടിഞ്ഞുവീണാലും തങ്ങള്‍ക്കൊരുകൂസലും ഇല്ലാത്തതുപോലെ.

നിമിഷങ്ങള്‍ കഴിഞ്ഞില്ല. ആ റോഡിന്റെ രണ്ടുഭാഗത്തുനിന്നും അത്യാഹിതം അറിയിക്കുന്ന മുറവിളി മുഴക്കിക്കൊണ്ട് പോലീസ്‌കാറുകള്‍ പാഞ്ഞടുത്തു. വര്‍ണ്ണരശ്മികള്‍ ആ പ്രദേശമെങ്ങും മിന്നിത്തിളങ്ങി. അവര്‍ ആദ്യം വന്ന കറുമ്പരുടെ കാറിനെ വളഞ്ഞു.

അതെല്ലാം കണ്ടപ്പോള്‍ കറുമ്പര്‍ക്ക് കുറേക്കൂടി രസം.

അപ്പോഴേയ്ക്കും പോളിന്റെ കാര്‍ ആ സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. തെക്കന്‍ ബ്രോണ്‍സില്‍ കൂടി വീണ്ടും ഏതാണ്ട് രണ്ടുമൈല്‍ ഓടി. പല ട്രാഫിക് ലൈറ്റുകള്‍ കടന്നു.

പത്തുമിനിട്ട് കഴിഞ്ഞിരിക്കും. പോള്‍ റോഡിന്റെ സൈഡ് ചേര്‍ത്ത് കാര്‍ നിര്‍ത്തി. അയാള്‍ ഇറങ്ങി. പുറകെ അമ്മിണിയും. ഇപ്പോള്‍ സാധനങ്ങളെല്ലാം എടുത്തു.

മുന്‍പില്‍ വലിയൊരു അപ്പോര്‍ട്ട്‌മെന്റ് കോംപ്ലെക്‌സ്. അവിടെ എഴുതിവെച്ചിട്ടുണ്ട്. ബ്രോണ്‍സ്‌വ്യൂ അപ്പാര്‍ട്ട്‌മെന്റ്‌സ്. 

എലിവേറ്ററില്‍ ഇരുപത്തിയെട്ടാമത്തെ നിലയില്‍ ഇറങ്ങി.

അവിടെനിന്ന് എഴുപത്തിയഞ്ചാമത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ചെന്നു.

പോള്‍ അപ്പാര്‍ട്ട്‌മെന്റ് തുറന്നു. അകത്ത് മറ്റുള്ളവരുടെ സംസാരം കേള്‍ക്കുന്നു. പോള്‍ കൊണ്ടുവരുന്ന നേഴ്‌സുമാരെ ആദ്യം താമസിപ്പിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ഇതു തന്നെയാണെന്ന് അമ്മിണിക്കുട്ടിക്ക് ഉറപ്പായി.

വാതില്‍ പകുതി തുറന്നുവെച്ചുകൊണ്ട് അയാള്‍ അവളെ ഒന്നു തുറിച്ചു നോക്കി. ആ നോട്ടത്തില്‍ അനേകം അര്‍ത്ഥങ്ങള്‍ അന്തര്‍ലീനമായിരിക്കുന്നു. അവള്‍ പെട്ടെന്ന് അകത്തേയ്ക്ക്  ഓടിക്കയറി.
അമ്മിണിയെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായി. റോസിയും ലില്ലിക്കുട്ടിയും ഓടിവന്ന് കെട്ടിപ്പുണര്‍ന്നു.

അതുവരെയും കരയാതിരുന്ന അമ്മിണിക്കുട്ടി പൊട്ടിക്കരഞ്ഞുപോയി. മറ്റുള്ളവര്‍ക്ക് സംശയം തോന്നി. അവര്‍ അവളെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി.

പോള്‍ അതൊന്നും ശ്രദ്ധിച്ചില്ല. ലിവിങ് റൂമില്‍ അലക്ഷ്യമായി നടന്നു.

എല്ലാവരും അകത്തുപോയപ്പോള്‍ ഒരാള്‍ പുറത്തുവന്നു. മോനി. മോനിയെ കണ്ടപ്പോള്‍ പോള്‍ പെട്ടെന്ന് നിന്നു. അവളെ നോക്കി ഒരു ശൃംഗാരച്ചിരി പാസാക്കി. അവള്‍ അയാളെത്തന്നെ സൂക്ഷിച്ച് നോക്കി നിന്നു. മാദകമായ നോട്ടം. ഗൗരവം നടിക്കുന്ന ഭാവം.

പോള്‍ അവളുടെ അടുത്തുചെന്നു.

ഇങ്ങോട്ടൊന്നടുത്തു വാടീമോളേ. അയാള്‍ അവളെ നെഞ്ചോട് ഞെരുക്കി ച്ചേര്‍ത്ത് അധരങ്ങളില്‍ ചുംബനങ്ങള്‍ പകര്‍ന്നു. എത്ര നേരമായെടീ പെണ്ണേ ഞാനിവിടെ നോക്കി നില്‍ക്കുന്നു.'

അയാള്‍ അവിടെ വന്നിട്ട് അഞ്ചുനിമിഷം പോലും ആയില്ല. അഞ്ച് മണിക്കൂറായ മട്ടുണ്ട്.

മോനി പെട്ടെന്ന് ചുറ്റുപാടും ശ്രദ്ധിച്ചു. അടുത്താരുമില്ല. 

പോള്‍ അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് ലിവിങ്‌റൂമിന്റെ കോണിലേക്ക് നീങ്ങി.

മോനി അയാളുടെ കൈകള്‍ പതുക്കെ പിടിച്ചു മാറ്റി പരിഭവം നടിച്ചു. ഒപ്പം പരാതിയും.

'ഓ, ഇതുവരെ എവിടായിരുന്നു? എനിക്കറാമല്ലോ. പുതിയവളെയും കൊണ്ട്....'

'നീ പോടീ കള്ളീ. നീയല്ലാതെ എനിക്ക് വേറെ ആരിരിക്കുന്നു. നീ വാ. നമുക്കെളുപ്പം പോകാം.' പോള്‍ ധൃതിപ്പെട്ടു.

'ദാണ്ട് അകത്തുകെടന്ന് മോങ്ങുന്നു. ഇന്ന് ശരിയാക്കിക്കാണും. എനിക്ക് നല്ലതുപോലെ അറിയാമല്ലോ ആളിനെ....' വീണ്ടും പരാതി.

അയാള്‍ അതൊന്നും ശ്രദ്ധിച്ചില്ല. അവളെ വാരിപ്പുണര്‍ന്നു. 

'ഇങ്ങോട്ടു വാടീ കള്ളീ. ഞാനാരേം ഒന്നും ചെയ്തിട്ടില്ല.'

'കള്ളം. മഹാകള്ളം. എനിക്കറിയാമല്ലോ. ഞാന്‍ കാത്തിരുന്നു മടുത്തു. പിന്നിതുവരെ എവിടാരുന്നു...?'
കൊഞ്ചിക്കുഴഞ്ഞ പരാതി. മാദകമായ നോട്ടം.

'പ്ലെയിന്‍ താമസിച്ചിട്ടല്ലേ മോളെ. നീ വാ സമയം കളയാതെ.' അയാള്‍ അവളെ ആര്‍ത്തിയോടെ വാരിപ്പുണര്‍ന്നു.

മോനി അയാളുടെ കൈകളില്‍ക്കിടന്ന് പിടഞ്ഞു.

പോള്‍ പിന്നീടവിടെ നിന്നില്ല. മോനിയേയും കൊണ്ട്  ബ്ലൂഹെവന്‍ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് തിരിച്ചു.

******************************അമേരിക്ക (നോവല്‍ - 4) മണ്ണിക്കരോട്ട്
അമ്മിണി 2016-03-29 09:27:16
പോളേ ഞാൻ എല്ലാം മറന്നെന്നു കരുതണ്ട.  മണ്ണിക്കരോട്ടിനറിയാമായിരിക്കും നീ എവിടെയാണെന്ന്.  ഇപ്പോൾ നിന്റെ റ്റെസ്റ്റിയാസ്ട്രോൺ ഒക്കെ പോയി ഉണങ്ങി വരണ്ടു കാണുമല്ലോ? അണ്ണാൻ മൂത്താലും മരം കേറ്റം നിരുത്തില്ലല്ലോ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക