Image

ഇന്ന് (കവിത-അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 15 April, 2016
ഇന്ന്  (കവിത-അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പ്രാര്‍ത്ഥന പോലും പലര്‍ക്കും ഇന്ന്
സ്വാര്‍ത്ഥ നിവേദനമാകെ
കൈകൂപ്പി നില്‍ക്കെ നാം ചാരെ ദൈവം
കൈവീശിയകലുന്നു ദൂരെ.

ഹൃദ്യബന്ധങ്ങള്‍ മറഞ്ഞു നമ്മള്‍
സ്‌നേഹ സുഗന്ധം മറന്നു
കരുണയില്ലാത്ത ലോകത്തില്‍ ജനം
കരുണാമയനെത്തിരഞ്ഞു.

ത്യാഗത്തിന്‍ മൂര്‍ദ്ധാവില്‍ വീണ്ടും ദുഷ്ടര്‍
മുള്‍ക്കിരീടങ്ങള്‍ ചാര്‍ത്തുന്നു
ഒന്നുമറിയാത്ത പോലെ ലോകം
കണ്ടിട്ടു കണ്ണടയ്ക്കുന്നു.

ചിത്തത്തിലിത്തിള്‍ നിറഞ്ഞോര്‍ നഗ്‌ന
സത്യങ്ങള്‍ മൂടിവയ്ക്കുന്നു
ജീവിതകാലം മറന്നോര്‍ ഇന്ന്
ഞാനെന്ന ഭാവം പകര്‍ന്നു.

പായല്‍ പരന്നൂ കിടക്കും ചില
കായല്‍പ്പരപ്പുകള്‍ പോലെ
മാനവ ചിന്താ സരിത്തില്‍ പല
കല്മഷങ്ങള്‍ നിറയുന്നു.

മനസ്സിലെക്കള പറിക്കാതെ ചില-
രുലകിന്റെ കരള്‍ പിളര്‍ക്കുന്നു
ഉരുളുന്ന കാലചക്രത്തിന്‍
കാലുകളൂരി മാറ്റുന്നു.

വായ്മൂടി നില്‍ക്കാതെ കാലം നമു-
ക്കെത്രയോ പാഠങ്ങളേകി
ചിന്ത കുറഞ്ഞവരെന്നാല്‍ അതി-
ലന്ധവിശ്വാസം പരതി.

വേനലില്‍ വേഴാമ്പലാകും മര്‍ത്യര്‍
മഴയില്‍ മതിമറന്നാടും
പ്രകൃതിയോതുന്ന വേദാന്തം വെറും
പ്രാകൃതമെന്നു നിനയ്ക്കും.

ആശകള്‍ പുഴ പോലൊഴുകെ മാരി
വില്ലു പോല്‍ ജീവിതം മായും
ഇനിയില്ലവസരമൊന്നും എന്ന
യറിവോടിവിടുന്നൊഴിയും.

ജീവിത പാഠ ഹൃദിസ്ഥര്‍എത്ര
ധര്‍മ്മ സന്ദേശം പകര്‍ന്നു
കണ്‍മുന്നില്‍ കണ്ട കാര്യങ്ങള്‍
അതിനെല്ലാമുപരിയായ്ത്തീര്‍ന്നു.

നന്മ വിതച്ചവരിന്നും മര്‍ത്യ
സ്മൃതികളില്‍ മിന്നി നില്‍ക്കുന്നു
തിന്മയില്‍ മുങ്ങിക്കുളിച്ചോരാകെ
ഭൂതകാലത്തില്‍ പൊലിഞ്ഞു.

ജീവനിന്നസ്തമിച്ചെന്നാല്‍ പിന്നെ
അര്‍ത്ഥമുണ്ടാകിലെന്തര്‍ത്ഥം
നന്മതന്‍ സിംഹാസനത്തില്‍ നമ്മ
ളില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക