പുതിയ കല്പടവുകള്‍ക്കയറിയന്നന്‍പിന്റെ
യറിവുകളേറെപ്പകര്‍ന്ന കാലം
ശ്രുതി മധുര സലില സംഗീതമായരുവികള്‍
ഹരികീര്‍ത്തനങ്ങളുരച്ച കാലം
മതിലാലകം വേര്‍പെടുത്താതെയൊരു നല്ല
സദ്യപോല്‍ ജന്മം രുചിച്ച കാലം
കനിവിന്റെ നെല്‍പ്പാടമരികെയുണ്ടായിരു
ന്നഴകാര്‍ന്ന ഗ്രാമങ്ങളായിരുന്നു
കതിരുകള്‍ മധു തൂകി നിന്നയക്കാലമെന്‍
കനവുപോലതിരമ്യമായിരുന്നു
മിഴികളന്നാര്‍ദ്ര നിലാവുപോ,ലൊരുമതന്‍
പനിനീരു തൂകിത്തുടുത്തിരുന്നു
സുമ തോരണങ്ങളണിഞ്ഞ ദ്രുമങ്ങള്‍ തന്‍
ശീതളഛായയൊന്നാസ്വദിക്കാന്‍
തെല്ലു വലുപ്പവുംകാട്ടാതെ പതിവുപോല്‍
കവിതകള്‍ പാടിനാമന്നണഞ്ഞു
കുളിരേകിയെങ്ങുമുയര്‍ന്ന സ്വരങ്ങള്‍ തന്‍
നിരകളാലോണം തളിരണിഞ്ഞു
ചേറുപുരണ്ടവര്‍ക്കകതാരിലൊരു, ഹരിത
ഗീതകം മുറിയാതുയര്‍ന്നിരുന്നു
മതിവരുന്നില്ലയെന്‍ സ്മരണയിലുണരുന്ന
പൊന്നോണമേ, മമ ഗ്രാമബാല്യം
നദിപോലെയൊഴുകിയകന്നുവല്ലോ, സൗമ്യ
ശാലീനഭാവം നുകര്‍ന്ന കാലം.
* * *
കനിവാകെവറ്റിയിപ്പുലരിതന്‍ ചിരി മാഞ്ഞ
പോലായി വാനവുമിന്നു പാരും
പേരിന്നുപോലുമില്ലാതെയായ് ശാന്തി തന്‍
നൈര്‍മ്മല്യകാവുമാപ്പൂ നിലാവും
വിധിയിന്നിതൊക്കെയുമെന്നു; കരുതുവാ
നാകില്ല, വ്യഥയാലുടഞ്ഞു ചിത്തം
കഥകഴിഞ്ഞെന്നപോല്‍ മൂകമായ്, കാരുണ്യ
കാവ്യങ്ങള്‍ കേള്‍പ്പിച്ച ജന്മഗ്രാമം
ഹര്‍മ്മ്യങ്ങളെങ്ങുമുയര്‍ന്നു മറഞ്ഞു പോയ്
നൈര്‍മ്മല്യ കോകിലാനന്ദഗീതം
വറ്റുന്നു പിന്നെയും സ്‌നേഹാര്‍ദ്ര സരസ്സുകള്‍
തെറ്റി വന്നീടുന്നൃതുക്കള്‍ പാരില്‍.
* * *
വല്ലാതെ നിലമറക്കുന്നവര്‍ പതിവു പോല്‍
തലമറന്നെണ്ണതേയ്ക്കാനുറയ്‌ക്കെ,
വിഷലിപ്ത ഹൃത്താലൊരുവന്റെ സൗഖ്യം
കെടുത്തിടാന്‍മാത്രമമര്‍ന്നിരിക്കെ
വന്നടുത്തെത്തുന്നതെങ്ങനെന്‍ ലോകമേ
യനുപമകാലങ്ങ,ളനുഭവത്താല്‍
സുഖനിദ്രയെന്തെന്നറിയുന്നതെങ്ങനെന്‍
കാലമേയരുമകളിനി,വരത്താല്‍
വീണടിഞ്ഞെത്രയി,ന്നിവിടെയീ ധരണിയി
ലീണങ്ങളാകേണ്ട ജീവിതങ്ങള്‍?
തിരികെയെത്തീടാന്‍ മടിക്കുന്നു കമനീയ
വര്‍ണ്ണങ്ങളകലെനിന്നീധരയില്‍
ശുഷ്‌ക ചിത്തങ്ങളില്‍ നിറയുമീ വൈകല്യം
ഹൃത്തിനേകില്ല! കൈവല്യസൂനം
വ്യര്‍ത്ഥമാക്കേണ്ടതല്ലവനിയില്‍ ജീവിതം;
ശക്തമാക്കേണ്ടതാണിറ്റു സ്‌നേഹം
വറ്റിടാനനുവദിച്ചീടായ്ക! കവിത പോല്‍
കാത്തുക്ഷിക്കേണ്ടതാണു കാലം
ചുറ്റുമിരുള്‍പ്പടര്‍ത്തീടും തടുക്കായ്കില്‍
മുറ്റിനില്‍ക്കുന്നതാം; ഛിദ്രഭാവം
കാവല്‍ നില്‍ക്കാ,മീപ്രപഞ്ച സുഖതാളം
തെളിമയോടുയരട്ടെ നിത്യകാലം
തളിരണിഞ്ഞീടാനൊരുങ്ങുന്നു: കേരളം:
തളരാതെസ്പന്ദിച്ചിടട്ടെ! ലോകം.