തമ്പി ആന്റണിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ചയുമായി 'പത്ത് കല്‍പ്പനകള്‍'

എ.എസ് ശ്രീകുമാര്‍ Published on 09 June, 2016
തമ്പി ആന്റണിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ചയുമായി 'പത്ത് കല്‍പ്പനകള്‍'
സീനായ് മലയില്‍ വച്ച് ദൈവം ഇസ്രയേല്‍ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നല്‍കിയ കല്പനകളാണ് പത്തു കല്‍പനകള്‍. ദൈവത്തോടും അയല്‍ക്കാരോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങള്‍ എക്കാലത്തും യഹൂദരുടെയും ക്രൈസ്തവരുടെയും
ജീവിത നിയമങ്ങളാണ്. പത്തു കല്‍പനകളെ അടിസ്ഥാനമാക്കി, പ്രത്യേകിച്ച് ''കൊലചെയ്യരുത്...'' (പുറപ്പാട് 20:13) എന്ന കല്‍പനയില്‍ ഊന്നിക്കൊണ്ട് പ്രശസ്ത ഫിലിം എഡിറ്റര്‍ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന 'പത്ത് കല്‍പ്പനകള്‍' എന്ന സിനിമയില്‍ നടനും അമേരിക്കന്‍ മലയാളി സാഹിത്യകാരനുമായ തമ്പി ആന്റണി ഇതുവരെ ചെയ്യാത്ത ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
അനുകാലിക പ്രാധാന്യമുള്ളതും സമൂഹത്തിന് വ്യക്തമായ ഒരു തിരുത്തല്‍ സന്ദേശം നല്‍കുന്നതുമാണി ചിത്രമെന്ന് ഷൂട്ടിങ് കഴിഞ്ഞ് കാലിഫോര്‍ണിയയിലേയ്ക്ക് മടങ്ങുംമുമ്പ് തമ്പി ആന്റണി പറഞ്ഞു. മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച, കൊലപാകങ്ങളുടെയും പീഡനങ്ങളുടെയും പശ്ചാത്തലത്തില്‍, സ്ത്രീ സുരക്ഷയെപ്പറ്റിയുള്ള സംവാദങ്ങള്‍ വിവിധകോണുകളില്‍ തകൃതിയായി നടക്കുമ്പോള്‍, ഈ ഗൗരവതരമായ വിഷയം തന്നെയാണ് 'പത്ത് കല്‍പ്പനകളി'ല്‍ പ്രമേയമായി വരുന്നത്. തന്റെ നീളന്‍ മുടിയൊക്കെ പറ്റെ വെട്ടി ഇതുവരെയില്ലാത്ത ഭാവഹാവാദികളോടെ പോലീസ് അന്വേഷണ ഉദ്യോഗസ്ഥനായാണ് തമ്പി ആന്റണി സെല്ലുലോയ്ഡില്‍ പ്രത്യക്ഷപ്പെടുന്നത്. 
 
ഈ സിനിമ ഒരു കൊലപാതക ആക്ഷന്‍ ത്രില്ലറാണ്. മീരാ ജാസ്മിന്‍, കനിഹ, അനൂപ് മേനോന്‍, തമ്പി ആന്റണി, ബോളിവുഡിലെ ശ്രദ്ധേയനായ പ്രശാന്ത് നാരായണന്‍ എന്നിവര്‍ക്ക് തുല്യപ്രാധാന്യമുള്ള വേഷമാണിതില്‍. പത്ത് കല്‍പ്പനകളില്‍ മീരാ ജാസ്മിന്‍ ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതക അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു. കൂട്ടത്തില്‍ തമ്പി ആന്റണിയും.   33 സിനിമകള്‍ ചെയ്ത തമ്പി ആന്റണിയും 15 വര്‍ഷമായി ചലചിത്രരംഗത്തുള്ള മീരയും ഇതാദ്യമായാണ് പോലീസ് വേഷം ചെയ്യുന്നത്. ഷാസിയ അക്ബര്‍ എന്ന പോലീസ് ഓഫീസറുടെ വേഷം മീരയുടെ ശക്തമായ തിരിച്ചുവരവിനാണ് കളമൊരുക്കുന്നത്.
 
മൃദുത്വമുള്ളതും ആത്മീയവുമായ കഥാപാത്രങ്ങളെ വിട്ട് തമ്പി ആന്റണിക്ക് പുതിയൊരു വേഷപ്പകര്‍ച്ചയായിരിക്കും പത്ത് കല്‍പനകളില്‍. മലയാള സിനിമയില്‍ അധികമാരും കാണാത്തതും ഹൈറേഞ്ചിലെ പ്രകൃതി രമണീയവുമായ വാഗമണ്‍, കുട്ടിക്കാനം, കൊടുവ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍ എന്നതിനാല്‍ വെളളിത്തിരയില്‍ പുതിയൊരു കാഴ്ചസുഖം ഉണ്ടാവും.
 
സംവിധായകന്‍ ഡോണ്‍ മാക്‌സ് 2005 മുതല്‍ ചലചിത്ര രംഗത്തുള്ള വിഖ്യാത എഡിറ്ററാണ്. സംഗീത് ജെയിനാണ് രചന. സൂരജ്, നീരജ് എന്നിവരും സ്‌ക്രിപ്റ്റിങ്ങില്‍ ഭാഗഭാക്കാവുന്നു. ഓണത്തിനു മുമ്പ് ഓഗസ്റ്റില്‍ ചിത്രം തീയേറ്ററുകളിലെത്തും. 
 
തമ്പി ആന്റണിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ചയുമായി 'പത്ത് കല്‍പ്പനകള്‍'തമ്പി ആന്റണിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ചയുമായി 'പത്ത് കല്‍പ്പനകള്‍'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക