Image

എന്‍ഡ് ഈ സള്‍ഫാന്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 16 June, 2016
എന്‍ഡ് ഈ സള്‍ഫാന്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പനപോലെയിവിടെ വളര്‍ത്തുന്നു ചിലരെനീ
വിനകളേകീടുന്നതഗതികള്‍ക്കാണുനീ
ശാന്തിസ്‌മേരം മായ്ച്ചു നില്‍പ്പൂ നിശീഥീനി
സാന്ത്വനമേകുന്നതെന്നുഞങ്ങള്‍ക്കിനി ?

നിന്‍ ദയാവായ്പ്പിനായര്‍പ്പിച്ചു കണ്ണുനീര്‍
നന്മതന്‍ വാതില്‍പ്പടിമേലിരുന്നിവര്‍
നല്കിയില്ലന്‍പാലൊരാശ്വാസതേന്‍മലര്‍
നെറികേടിനറുതിയില്ലെന്നറിയുന്നിവര്‍.

ഈ ദുരിതപത്മവ്യൂഹത്തിന്‍ നിജസ്ഥിതി
കാണുന്നതില്ലാരുമെന്നതല്ലോ സ്ഥിതി
കണ്ണീരുവീണു കുതിര്‍ന്നുപോയീക്ഷിതി
അനുദിനമേറിടുന്നിടരിന്റെ വിസ്തൃതി.

പഴുതുകാണാതുഴറീടുമീയിരവിലും
പിഴ ചുമത്തീടുന്നതാരാണിവരിലും
വഴിതെളിഞ്ഞീടുമെന്നാശിച്ചുനില്‍ക്കിലും
അഴലാണഗകികള്‍തന്‍മിഴി രണ്ടിലും.

ആവില്ല കണ്ടിരിക്കാന്‍ നിനക്കെന്നുമെന്‍
സോദരജീവിത ദുരിതദാവാനലന്‍
കദനങ്ങളാല്‍ മനം വേര്‍തിരിക്കുന്നതിന്‍
വേദന രേഖപ്പെടുത്തുകയാണുഞാന്‍.

കാതരയാകുന്നിതെന്‍മനോശാരിക
ആകെമാഞ്ഞിവരിലിന്നാനന്ദചന്ദ്രിക
താനേയറിയാതെ പാടുന്നുവെന്‍ശോക
കാലമേ നീതന്ന കാവ്യവിപഞ്ചിക.

പിടയുമീയിടനെഞ്ചിലുലയുന്ന നാളമായ്
തെളിയുന്നിവരിന്നിതാ­വ്യതിരിക്തരായ്
കരുണതന്‍ ചരടേച്ചുകെട്ടുവാന്‍ നേരമായ്
ക്ഷണമേക! ജീവിതം: ശാന്തിനികേതമായ്.
Join WhatsApp News
വിദ്യാധരൻ 2016-06-16 11:29:13
കരയുന്നതുകൊണ്ടു ഫലമില്ലിവിടെ  സോദരാ 
തിരിയുന്നധർമ്മ  .തിരുക്കുറ്റിയിൽ ലോകമിന്ന് 
ഒരുത്തനെ തിന്ന് മറ്റൊരുത്തൻ ചീർത്തിടുന്നു 
കരുത്താനാണ്  കാര്യക്കാരനെന്നോർക്ക നീ 
തൃണങ്ങളെ മൃഗം തിന്നിടുന്നു  
മൃഗങ്ങളെ മർത്ത്യൻ പിടിച്ചു  തിന്നിടുന്നു 
മർതത്യനോ മർത്ത്യനെ കൊന്നശിച്ചിടുന്നു.
ഈശ്വരൻ വെറും മിഥ്യയത്രെ 
ദുർബലർക്കായി പ്രബലർ  തീർത്ത തന്ത്രമത്രെ .
വരികയില്ല നിന്റെ  ദൈവം രക്ഷിച്ചിടാനായി 
ഭരിച്ചിടുന്നവരെയും പ്രബലവർഗ്ഗമെന്നും  .
തിരിയുക നീ നിൻ ഉള്ളിലേക്ക് 
അവിടെയാണ് ഈശ്വരന്റെ കുടിയിരിപ്പ് 
കേട്ടിടും നിന്റെ രോദനം സംശയമെന്ന്യേ 
കാട്ടിടും വഴി കൂരിരുട്ടിലും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക