Image

പഥികന്‍ (കാവ്യോത്സവം-1: മുരളി ജെ. നായര്‍)

Published on 30 June, 2016
പഥികന്‍ (കാവ്യോത്സവം-1: മുരളി ജെ. നായര്‍)
ദു:ഖത്താല്‍ നനവൂറും
മോഹത്തിന്‍ പുതുമണ്ണില്‍
ഖിന്നനായ് പദമൂന്നി
ദര്‍ശിക്കാന്‍ ശ്രമിപ്പൂഞാന്‍
നൂതനപ്രപഞ്ചത്തെ,
നവമാം നാകങ്ങളെ.
അഴലിന്‍ മാറാപ്പേന്തി
താണ്ടിഞാന്‍ മുജ്ജന്മത്തി­
ലൂഷരമരുഭൂമി,
ശീതളഛായതേടി.
പോയജന്മത്തില്‍ ലക്ഷ്യം
പ്രാപിക്കാനരുതാതെ
പടിഞ്ഞു, പുനര്‍ജന്മം
നേടി ഞാന്‍ വീണ്ടുമെത്തി.
മാമകപൂര്‍വികര്‍തന്‍
പാദമുദ്രകള്‍പോലും
കാണുവനില്ലാത്തൊരീ­
യനന്തസൈകതത്തി­
ലേകനായ്, കാനല്‍ജലം
കാണുന്നുണ്ടിപ്പോഴും ഞാന്‍.

(ആദ്യമായി അച്ചടിച്ചുവന്ന കവിത, പതിനെട്ടാം വയസ്സിലെഴുതിയത്. ഇതോടൊപ്പമുള്ള ഫോട്ടോയും പതിറ്റാണ്ടുകള്‍ക്കുമുമ്പുള്ളത്!)

മുരളി ജെ. നായര്‍
അഭിഭാഷകന്‍, കവി, കഥാകൃത്ത്, (മുന്‍)പത്രപ്രവര്‍ത്തകന്‍. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗള്‍ഫിലുമുള്ള പ്രസിധീകരണങ്ങളിലും ഓണ്‍ലൈനിലുമായി കവിതകളും ലേഖനങ്ങളും ഫീച്ചറുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകരൂപത്തിലുള്ള ആദ്യകൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ഗ്രീക് യാത്രാവിവരണമായ 'ഇതിഹാസങ്ങളുടെ മണ്ണില്‍' ആണ്. മലയാളത്തിലുള്ള മറ്റു കൃതികള്‍: നിലാവുപൊഴിയുന്ന ശബ്ദം (കഥകള്‍), സ്വപ്നഭൂമിക(നോവല്‍), ഹണ്‍ടിംഗ്ഡണ്‍ താഴ്‌വരയിലെ സന്ന്യാസിക്കിളികള്‍ (കഥകള്‍) എന്നിവയാണ്. കൂടാതെ The Monsoon Mystic എന്ന ഇംഗ്ലിഷ് നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2000­ത്തിലെ ഫൊക്കാനാ ചിന്താധാര സ്വര്‍ണമെഡല്‍, മറ്റു ഫോക്കാന അവാര്‍ഡുകള്‍, മാമ്മന്‍ മാപ്പിള അവാര്‍ഡ്­, ഹ്യുസ്റ്റന്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ്് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫിലഡല്‍ഫിയയില്‍ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു.
പഥികന്‍ (കാവ്യോത്സവം-1: മുരളി ജെ. നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക