Image

ഞാന്‍ കണ്ട വിശുദ്ധനാട് (അഞ്ചാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)

Published on 11 July, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (അഞ്ചാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
ഇസ്രായലില്‍ എത്തിയിട്ട് നാല് ദിനങ്ങള്‍ കഴിഞ്ഞു. അഞ്ചാമത്തെ ദിവസം യാത്ര പുറപ്പെടുന്നതിന് മുമ്പ് ഗൈഡ് ബിനോയ് അച്ചന്‍ പറഞ്ഞു "ഇന്ന് വളരെയേറെ നടക്കേണ്‍ടതുണ്‍ട് എല്ലാവരും അതിനുചേര്‍ന്ന ഒരുക്കങ്ങളുമായിട്ടായിരിക്കണം പോകേണ്ടത്'. പ്രഭാത ഭക്ഷണത്തിനുശേഷം പറഞ്ഞ സമയത്തിനു മുമ്പു തന്നെ എല്ലാവരും ലോബിയില്‍ ബസ്സിനായി കാത്തൂനിന്നിരുന്നു. ഇത്രയും
ദിവസം യാത്ര ചെയ്തതിന്റെ വിഷമതകളൊന്നും ആരിലും കണ്ടില്ല, ഇതുവരെയുള്ള അനുഭവങ്ങള്‍ തികച്ചും അവര്‍ണ്ണനീയമായിരുന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്കു വേണ്ടുന്ന കരുതലുകള്‍ നല്‍കി ഒരു കുടുബത്തിലെ അംഗങ്ങളെപ്പോലെ എല്ലാവരും അടുത്തു കഴിഞ്ഞിരുന്നു.

പൗരാണികത എറെയുള്ള ജറുസലേം പട്ടണത്തിനടുത്തായുള്ള ഒലിവൂമലയിലേയ്ക്കാണ് പുറപ്പെട്ടത്. ഒലിവൂ മലയുടെ താഴ്‌വാരങ്ങളിലൂടെ നടന്നപ്പോള്‍ അവിടെത്തെ പൗരാണികതയും, ചരിത്ര പശ്ചാത്തലവും ഗൈഡ് വിവരിച്ചു കൊണ്ടിരുന്നു. മൂവായിരം വര്‍ഷം മുമ്പു മുതല്‍ യഹൂദന്മാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ശവപ്പറമ്പാണ് ഈ താഴ്‌വാരം.

ഇവിടെ ഇപ്പോള്‍ രണ്ടു ലക്ഷത്തോളം ശവക്കല്ലറകളുണ്‍ട്. യഹൂദമത പ്രകാരം ഇവിടെ ശവം മറവു ചെയ്യുന്നത് വലിയ അനുഗ്രഹമായി കണക്കാക്കപ്പെടുന്നു, കാരണം അവര്‍ പ്രതീക്ഷിച്ചിരിക്കുന്ന മിശിഹാ അല്ലെങ്കില്‍ അവരുടെ രക്ഷകന്‍ വരുന്നത് ഒലിവൂ മലയില്‍ നിന്നാണ്. അപ്പോള്‍ അവിടെ കബറടക്കിയിരിക്കുവര്‍ക്ക് പുനരുത്ഥാനം സംഭവിക്കുമെന്നാണ് വിശ്വാസം. മിശിഹാ നടന്നു വരുന്ന നിരത്തിനോട് ചേര്‍ന്ന് ശവം മറവു ചെയ്യുന്നതിന് ചിലവു കൂടുമെന്നും പറയുന്നു.

പുതിയ നിയമ ബൈബിളില്‍ അപ്പസ്‌തോലന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. യേശുവിന്റെ സ്വര്‍ഗാരോപണം നടന്നത് ഒലിവൂമലയിലാണെന്ന്്. പഴയ നിയമത്തിലും, പുതിയ നിയമത്തിലും ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് കത്തോലിക്കര്‍ക്കും, ഈസ്റ്റേണ്‍ ഓര്‍ത്തോഡക്‌സിനും, പ്രൊട്ടസ്റ്റന്‍സിനും പ്രത്യേക ആരാധന സ്ഥലങ്ങള്‍ ഉണ്‍ട്. കര്‍ത്താവിന്റെ സ്വര്‍ഗാരോപണം നടന്ന
"ചാപ്പല്‍ ഓഫ് അസന്‍ഷന്‍' സന്ദര്‍ശിച്ചു. പിന്നീട് ബഥ്ഫഗെ എന്ന സ്ഥലത്തേയ്ക്ക് പുറപ്പെട്ടു.
പുതിയ നിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന "ബഥ്ഫഗെ' ഒലിവൂ മലക്കടുത്താണ്. ഇവിടെ നിന്നാണ് ഓശന ഘോഷയാത്രയ്ക്ക് കഴുതയെ കൊണ്‍ടു വരുവാന്‍ യേശു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്. ഈ സ്ഥലങ്ങളിലൂടെയെല്ലാം കാല്‍നടയായാണ്് പോയത് കയറ്റവും ഇറക്കവുമുള്ള സ്ഥലത്തിലൂടെ നടന്ന് ഓശന തെരുവിലെത്തി. അവിടെയുണ്ടായിരുന്ന ഒലിവൂ മരങ്ങളിലെ കൊമ്പുകളൊടിച്ച് ഓശന ഗാനമാലപിച്ച് ലോക രക്ഷകായി അവതരിച്ച യേശുവിന്റെ ജറുസലേം നഗര പ്രവേശനത്തെ അനുസ്മരിച്ചു കൊണ്‍ട് തെരുവിലൂടെ പ്രാര്‍ത്ഥാനപൂര്‍വ്വം നീങ്ങി ഗെദ്‌സേമന്‍ തോട്ടത്തിലെത്തി.

ആയിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള ഒലിവൂ മരങ്ങള്‍ നിറഞ്ഞ ഈ തോട്ടം രക്ഷാകര ചരിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണല്ലോ. ഇവിടെയാണ് വരാനിരിക്കുന്ന പീഡകളെ മുന്‍കൂട്ടി മനസ്സിലാക്കിയ യേശു പ്രാര്‍ത്ഥിക്കുവാനായി പോകുന്നത് അതോടൊപ്പം തന്റെ ശിഷ്യന്മാര്‍ ഇതൊന്നും ഗൗരവമായെടുക്കാതെ കിടന്നുറങ്ങുന്നതും. ഈ സംഭവം നടക്കുന്നത് യേശുവിന്റെ കുരിശുമരണത്തിന്റെ തലേദിവസമായിരുന്നല്ലോ. ഈ തോട്ടത്തിനടുത്താണ്് റോമന്‍ കത്തോലിക്കര്‍ പരിപാലിക്കുന്ന "ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സ്' നിലകൊള്ളുന്നത്. യേശു കഠിനമായ മാനസിക വ്യഥയാല്‍ പിതാവിനോട് പ്രാര്‍ത്ഥിച്ചു "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകറ്റേണമെ, എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' എന്നു പറഞ്ഞ സ്ഥലത്തെ ദേവാലയത്തിന്് "ബസലിക്ക ഓഫ് ആഗണി' എന്നും പേരുണ്ട്.

ഈ ചര്‍ച്ചിന്റെ മുമ്പില്‍ നിന്നു നോക്കിയാല്‍ ജറുസലേം ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ കുന്നിന്് മുകളില്‍ കാണാം, യേശുവിന്റെ ജറുസലേം ദേവാലയത്തിലേയ്ക്കുള്ള യാത്രയില്‍ ദേവാലയത്തെ നോക്കി കണ്ണുനീര്‍ വാര്‍ത്ത സ്ഥലത്തുള്ള "ഡോമിനസ് ഫെല്‍വിറ്റ്' എന്ന റോമന്‍ കത്തോലിക്ക പള്ളി സന്ദര്‍ശിച്ചു. കണ്ണുനീര്‍ തുള്ളിയുടെ ആകൃതിയിലാണ്് ഈ ദേവാലയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജറുസലേം ദേവാലയത്തിന്റെ പതനം മുന്നില്‍ കണ്‍ടു കൊണ്‍ട് യേശു വിലപിക്കുകയായിരുന്നു. കല്ലിന്‍മേല്‍ കല്ല് ശേഷിയ്ക്കാതെ ഈ ദേവാലയം നശിക്കും' എന്ന് പ്രവചിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നെന്ന് കാലം തെളിയിച്ചു. ദേവാലയം തകര്‍ക്കപ്പെട്ടു, അവിടെയിപ്പോള്‍ മുസ്ലീകളുടെ ഗോള്‍ഡന്‍ മോസ്ക്കാണ് തലയുയര്‍ത്തി നില്‍ക്കുന്നത്.

ഇവിടെ നിന്ന് ഞങ്ങള്‍ നടന്നു ചെന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന സ്ഥലത്താണ്്. ഈസ്റ്റേണ്‍ പാരമ്പര്യ പ്രകാരം മറിയം സാധാരണ മനുഷ്യരെപ്പോലെ മരിച്ചു എന്നാല്‍ ആത്ന്മാവിനെ ഈശോ സ്വീകരിച്ചുവെന്നും ശരീരം മൂന്നാം ദിനം ഉയര്‍ത്തെഴുന്നേറ്റ് ശരീരവും ആത്മാവും സ്വര്‍ഗത്തിലേയ്ക്ക് എടുക്കപ്പെട്ടുവെന്ന് വിശ്വസിക്കുമ്പോള്‍, റോമന്‍ കത്തോലിക്കരുടെ പഠനങ്ങളില്‍ മറിയത്തെ മരണാനന്തരം ഉടലോടെ സ്വര്‍ഗത്തിലേയ്ക്ക്് എടുക്കപ്പെട്ടുവെന്നാണ് വിശ്വസിക്കുന്നത്.

മറിയത്തിന്റെ കബറിടത്തിനടുത്ത് ശാന്തമായി നിദ്രയിലാണ്ട ഒരു പ്രതിമ കാണുവാന്‍ സാധിക്കും. പരിശുദ്ധ കന്യാമറിയത്തിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചശേഷം യേശുവിന്റെ ജന്മസ്ഥലമായ ബത്‌ലഹേമിലേയ്ക്ക്് തിരിച്ചു. പാലസ്റ്റീന്‍ ക്രിസ്ത്യാനികളാണ് ഇവിടെ ഭൂരിപക്ഷം. വെസ്റ്റ് ബാങ്കിലുള്ള ഈ പ്രദേശം ഇപ്പോള്‍ പാലസ്റ്റീന്‍കാരുടെ അധീനതയിലാണ്്. യേശു ജനിച്ച ഈ സ്ഥലത്തിന് പൊതുവെ പറയുന്ന പേരാണ് "ചര്‍ച്ച് ഓഫ് നേറ്റുവിറ്റിനു ഇവിടെയൊരു ഗ്രോട്ടോയുണ്‍ട് ഇതിനുചുറ്റുമായാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഗ്രോട്ടോയിലാണ്് യേശു ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ മാതാവ് ഹെലേനയാണ് ഇവിടെ ആദ്യമായി ദേവാലയം പണികഴിപ്പിക്കുന്നത്, എന്നാല്‍ ആറാം നൂറ്റാണ്‍ടില്‍ സമരിറ്റന്‍ കലാപത്തില്‍ ദേവാലയം നശിപ്പിക്കപ്പെട്ടു പിന്നീട് ബൈസ്ന്റയിന്‍ കാലഘട്ടം, ആറാം നൂറ്റാണ്‍ടില്‍ പുതുക്കി പണിയുകയായിരുന്നെന്നും ചരിത്രം പറയുന്നു. ഇവിടെ നിന്നപ്പോള്‍ ക്രിസ്മസ്സ് പുല്‍ക്കൂട് എന്നിങ്ങനെയുള്ള സംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. ക്രിസ്മസ്സ് സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും ഒത്തുചേരലിന്റെയും സമയമാണല്ലോ. ആ സംഭവം അരങ്ങേറിയ സ്ഥലത്തെത്തിയപ്പോള്‍ ഒരു സ്വപ്ന സാക്ഷാതക്കാരമാണ് നടന്നത് എന്ന തോന്നല്‍ മനസ്സിലുണ്‍ടായി. ചരിത്രവും മറ്റു സംഭവങ്ങളും എന്തുതന്നെയാണെങ്കിലും ഒരു ക്രൈസ്തവന്റെ മനസ്സില്‍ ചെറുപ്പത്തിലെ വേരൂന്നിയ വിശ്വാസ തിരിനാളം പ്രോജ്വലിപ്പിക്കുന്ന നിമിഷങ്ങള്‍ കൂടിയായിരുന്നു ഇത്.

ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയുടെ സമീപമാണ് സെന്റ് ജറോമിന്റെ ഗ്രോട്ടോ ഇവിടെയുണ്‍ടായിരുന്ന ഗുഹകളിലിരുന്നാണ് മുപ്പതു വര്‍ഷമെടുത്ത് ഗ്രീക്കിലും ഹീബ്രുവിലുമുള്ള വിശുദ്ധ ബൈബിള്‍ ലാറ്റിന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്­അഞ്ചാം നൂറ്റാണ്ടിലായിരുന്നു ഇതു നടന്നത് അന്നു മുതല്‍ ഇരുപതാം നൂറ്റാണ്‍ടു വരെ കത്തോലിക്കരുടെ ആധികാരിക വിശുദ്ധ ഗ്രന്ഥമായിരുന്നു ഈ തര്‍ജ്ജിമ.

ഈ ഗ്രോട്ടോ കഴിഞ്ഞ് മുമ്പോട്ട് നീങ്ങിയാല്‍ മില്‍ക്ക് ഗ്രോട്ടോയില്‍ എത്താം. ഹേറോദേസിന്റെ കാലത്ത് രണ്‍ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ വധിക്കാന്‍ ഉത്തരവിട്ടപ്പോള്‍ മറിയവും,യൗസേപ്പും, ദിവ്യശിശുവിനെയും കൊണ്‍ട് ഈജിപ്തിലേയ്ക്ക് ഓടിപ്പോയവഴിയെ വിശ്രമിക്കാനായി ഒരു ഗുഹയില്‍ കയറി.

ഇവിടെ വച്ച് മറിയം ഉണ്ണിയേശുവിന് മുലപ്പാല്‍ കൊടുത്തപ്പോള്‍ ഒരു തുള്ളി മുലപ്പാല്‍ താഴെ വീണ് അവിടെയുണ്ടായിരുന്ന പാറ വെളുപ്പുനിറമായെന്നും. ഇവിടെ വന്ന്് പ്രാര്‍ത്ഥിച്ച് മില്‍ക്ക് ഗ്രോട്ടോയില്‍ നിന്നു വാങ്ങുന്ന പാറപ്പൊടി കഴിച്ചാല്‍ കുട്ടികള്‍ ഉണ്‍ടാകാത്തവര്‍ക്ക് ഗര്‍ഭധാരണം നടക്കുമൊന്നും, മുലപ്പാല്‍ കുറവുള്ളവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നുള്ള വിശ്വാസം നിലവിലുണ്‍ട്. ഞങ്ങളോടൊപ്പമുള്ള പലരും പല പാക്കറ്റുകള്‍ വാങ്ങി ഭദ്രമായി സൂക്ഷിക്കുന്നത് കണ്‍ടു. "വിശ്വാസം അതാണല്ലോ എല്ലാം'.

യേശുവിന്റെ ജനന വാര്‍ത്ത മാലഖമാര്‍ ആട്ടിടയരെ അറിയിക്കുന്ന ഭാഗം വിശുദ്ധ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്‍ടല്ലോ, "ബെയിറ്റ് ഷഹൂര്‍' എന്ന സ്ഥലത്തുള്ള ഗുഹകളിലാണ് ആട്ടിടയര്‍ വസിച്ചിരുന്നത്്. സാധരണക്കാരില്‍ സാധാരണക്കാരായ ആട്ടിടയരെയാണ് യേശു ജനിച്ചു എന്ന സദ്‌വാര്‍ത്ത ആദ്യം അറിയിക്കുന്നത.് ആ സ്ഥലം ഷെപ്പേര്‍ട്ട്‌സ് ഫീല്‍ഡ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെയുള്ള കത്തോലിക്ക ചാപ്പല്‍സന്ദര്‍ശിച്ചു. ഈ സ്ഥലത്തെക്കുറിച്ച് പല തര്‍ക്കങ്ങളും നിലവിലുണ്‍ട്, എന്തു തന്നെയാണെങ്കിലും ഇവിടെ ഓരോ സ്ഥലങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ കഥ പറയുവാനുണ്‍ട്്. ഇന്നത്തെ യാത്ര ഇവിടെ പുര്‍ണ്ണമാകുകയാണ,് മൈലുകളോളം നടന്നതിന്റെ ക്ഷീണമൊന്നും ആരിലും കണ്‍ടില്ല, അടുത്ത ദിവസം സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള ആകാംക്ഷയായിരുന്ന എല്ലാവരിലും....

(തുടരും..)
ഞാന്‍ കണ്ട വിശുദ്ധനാട് (അഞ്ചാം ഭാഗം: ജോര്‍ജ്ജ് ഓലിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക