Image

ഓണം...പൊന്നോണം... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 09 August, 2016
ഓണം...പൊന്നോണം... (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
സപ്തവര്‍ണ്ണങ്ങളാലവനിതന്‍ കനവുകള്‍
നൃത്തമാടിക്കുമെന്‍ ശാലീന ചിങ്ങമേ,
സ്മരണീയ സുകൃതമലയാള പൊന്നോണമേ­
യമൃതേകിടാനരികിലണയുന്ന പുണ്യമേ,
മഞ്ജുശലഭങ്ങളീ, മമ സൗമ്യകൈരളി­
ക്കതിരറ്റയാനന്ദമേകുമീ വേളയില്‍
പാരിലിന്നെളിമതന്‍ നയനങ്ങളെന്നപോ­
ലുയരുന്നു തെളിമതന്‍ തുമ്പമലരുകള്‍
വിസ്മയംപൂണ്ടെന്നെ നോക്കുന്നു നാമ്പുകള്‍
സുസ്മിതംതൂകി നില്‍ക്കുന്നേറെ നോവുകള്‍
നിന്നോര്‍മ്മകള്‍ക്കുമേല്‍ കൂടൊരുക്കീടുന്നു
ചിത്രവര്‍ണ്ണച്ചിറകുളളയെന്‍ ചിന്തകള്‍.

രമ്യഭാവങ്ങളാലരുണനീ പടവുകള്‍
നന്മയുള്ളോര്‍ക്കായലങ്കരിച്ചേകവേ,
ഒച്ചയുണ്ടാക്കാതിളംകാറ്റു വന്നിതെന്‍
കൊച്ചോമനതന്‍ മിഴിപൊത്തിനില്‍ക്കയാല്‍
ലതികകള്‍തോറും നിറയുന്ന പുഞ്ചിരി
ചെഞ്ചുണ്ടിലേയ്ക്കു പകര്‍ത്തുന്നമാതിരി
തളിരിളം കൈകളാലരുമതന്‍ ചൊടികളി­
ലതിലോല സ്‌മേരമൊന്നെഴുതുന്നു കൈരളി
ശ്രുതിമധുരമായ് പാടിടുന്നാത്മ നിര്‍വൃതി
ശ്രീലകമായിതെന്‍ മാതൃമനോഗതി
ശ്രാവണമാസമേ, നിന്‍ ഹൃദ്യപൂവിളി
ശ്രവണ സുഖമേകിടുന്നേറെ­യിന്നെന്‍സ്തുതി.

വര്‍ഷങ്ങളെണ്ണിമാറ്റീടവേ, കാലമെന്‍
പുലരിക്കു പുതുവര്‍ണ്ണമേകുമീ വേളയില്‍
പിടിതരാതകലേയ്ക്കു പോയയുത്സാഹമെന്‍
കാല്പാടുകള്‍നോക്കിയെത്തുന്നു ഝടിതിയില്‍
നിസ്തുല സ്‌നേഹംപരക്കുമീയവനിയില്‍
സ്വസ്ഥതയൊന്നായ് നുകരുന്നു സോദരര്‍
വിസ്തൃത ഭൂവിതിലില്ലസ്തമയമൊ­
ന്നെന്നുണര്‍ത്തീടുന്നതിമോദ രാവുകള്‍
ബന്ധംപുതുക്കീനീങ്ങുന്നു പരസ്പരം
കയ്പ്പുനീരേകിയിരുന്ന­രാപ്പകലുകള്‍
കല്‍മഷമാകേയകറ്റി, നവോന്മേഷ­
നിമിഷങ്ങളേകുന്നു­പൊന്നോണ നാളുകള്‍.

സുകൃതമീ മലയാളഭൂമിതന്‍ നല്പുതു­
വര്‍ഷോത്സവം ഹര്‍ഷമായിടാന്‍ സാദരം
തുളസികളെന്നാര്‍ദ്ര ചിന്തപോല്‍ സന്തതം
പ്രാര്‍ത്ഥനാ നിരതമാക്കീടുന്നു സന്ധ്യകള്‍
അര്‍പ്പിപ്പു കൈരളീദേവിതന്‍ മുമ്പിലായ്
നാളീകേരങ്ങളീ കല്പവൃക്ഷങ്ങളും
കളിചിരി, കുസൃതിക,ളതിമോദ പുലരൊളി­
യെങ്ങും പരക്കുകയാണെന്നുലകിതില്‍
ഈ ഹര്‍ഷമീ,വര്‍ഷമിതുപോലെ തുടരുകി­
ലതിലേറെയില്ലൊന്നുമെന്നറിഞ്ഞീടുകില്‍
സ്തുത്യര്‍ഹ സേവകരാകനാം നന്മതന്‍
നിത്യവസന്തം വരുത്തുവാനവനിയില്‍.
Join WhatsApp News
വിദ്യാധരൻ 2016-08-09 09:37:23
പൊന്നോണമിന്നും മനസ്സിന്റ കോണിൽ 
നല്ലോണമങ്ങനെ  വിളങ്ങി തിളങ്ങുന്നു 
പൊയ്‌പ്പോയ നല്ലതാം നാളുകളിന്നത്തെ 
കയ്യ്പ്പേറും ദിനങ്ങളെ ആസ്വാദ്യമാക്കുന്നു 

തൊടികളും പോയി പൂക്കളും പോയി 
പാറിപറക്കും പറവകളും പോയി 
ഗ്രാമങ്ങളൊക്കെ തേഞ്ഞുമാഞ്ഞു 
ഗ്രാമീണരെ കണ്ടാൽ അറിയാതെയായി .

 ഇന്നത്തെ ഓണം ചുങ്ങി ചുരുങ്ങി 
വിദൂരദർശിനിക്കുള്ളിലൊതുങ്ങി 
എങ്കിലും നിൻ സങ്കല്പപുഷ്ടമാം കവിത 
കൊണ്ടുപോകുന്നെന്നെ ഭൂതകാലത്തിലേക്ക് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക