MediaAppUSA

ഡോക്ടര്‍ അല്ലിയാങ്കന്‍ സ്പീക്കിംഗ് (തമ്പി ആന്റണി)

Published on 13 August, 2016
ഡോക്ടര്‍ അല്ലിയാങ്കന്‍ സ്പീക്കിംഗ് (തമ്പി ആന്റണി)
സുശീലയെപ്പോലെയുള്ള ഒരു സത്രീയുടെ തിരോധനം ഒരുകാലത്ത് താമരക്കുന്നുദേശത്ത് ഒരുപാട് കോളിളക്കങ്ങള്‍ സൃഷ്ടിച്ചി രുന്നു . ഇന്ന് ആ സുശീലയെ പൊതുജനം പാടേ മറന്നിരിക്കുന്നു. എന്നാലും നാട്ടിലേ പ്രവാസികളും അല്ലാത്തതുമായ ചില മാന്യന്മാര്‍ക്കു അതത്ര പെട്ടന്നൊന്നും മറക്കാന്‍ പറ്റില്ല . അത്രക്കും ആകര്‍ഷകമായിരുന്നു അവളുടെ അംഗചലനങ്ങള്‍പോലും .അവരില്‍ മാന്യന്മാരായ
പ്രധാനപ്പെട്ട രണ്ടു കൂട്ടുകാരുടെ കുമ്പസാരമാണ് ഇപ്പോള്‍ നടക്കാന്‍പോകുന്നത്. ആത്മസുഹൃത്തുക്കള്‍ തമ്മില്‍ ലിംഗഭേതമന്ന്യെ ഒരു പരസ്പര വ്യാപനമുണ്ടാകും

,അവരറിയാതെ വിചാരവികാരങ്ങള്‍ കൈമാറിക്കൊണ്ടെയിരിക്കും. അതും വെറും ഒരു മദ്യസേവയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ മാത്രം ആകണമെന്നില്ലല്ലോ .ഇതൊക്ക വെറും തോന്നലാണു കൊട്ടോ .ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം .

ഡോക്ട്ടര്‍ കെ. അല്ലിയാങ്കല്‍ അമേരിക്കെന്‍ റിട്ടേന്‍ ആണ്. എന്നാലും അല്ലിയാങ്കന്‍ എന്നുപറഞ്ഞാല്‍ താമരക്കുന്ന് പഞ്ചായത്തിലുള്ള മിക്കവാറും ആളുകള്‍ക്കറിയാം അറിയാം . പക്ഷെ ഈ ഡോക്ടര്‍എന്ന പതവി മാത്രം എവിടുന്നു കിട്ടിയതാനന്ന് ആര്‍ക്കും അറിയില്ല ആരും ചോദിക്കാറുമില്ല . എന്നാലും എല്ലാവരും അങ്ങനെയേ സംബോധന ചെയ്യൂ . അതിനുകാരണക്കാരന്‍ അല്ലിയാങ്കന്‍ തന്നെയാണ് . ആരു ഫോണ്‍ വിളിച്ചാലും ആദ്യം പറയുന്നത് ഡോക്ടര്‍ കെ. അല്ലിയാങ്കന്‍ സ്പീക്കിംഗ് എന്നാണ് . കെ. എന്നത് കുട്ടാപ്പി എന്നതിന്‍റെ ചുരുക്കപേരാണ്. അതുമാത്രം ആരോടും പറയാറില്ല . അതില്‍ ഒരു രെഹസ്യമുണ്ട് . അല്ലിയാങ്കന്‍റെ അച്ഛന്‍ കുട്ടപ്പന്‍ താമരക്കുളത്തെ ഒന്നാന്തരം തെങ്ങുകേറ്റകാരനായിരുന്നു. അത് നാട്ടുകാര്‍ മറന്നിട്ടില്ല അതുകൊണ്ട്മാത്രമാണ് വെറും കെ. ആയി ലോപിച്ചത് . അതില്‍ അല്ലിയാങ്കന് ഒരുഅപകര്‍ഷതാബോതമോക്കെയുണ്ട് . പക്ഷെ ഒരിക്കലും പുറത്തു കാണിക്കാറില്ല.അല്ലെങ്കില്‍തന്നെ അതൊന്നും അമേരിക്കയിലുള്ള സായിപ്പിന് ഒരു പ്രശ്‌നവുമുള്ളകാര്യവുമല്ലല്ലോ . പക്ഷെ ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വരുബോള്‍ ചില പിശാചുക്കളുണ്ട് രണ്ടണ്ണം അടിച്ചുകഴിഞ്ഞാല്‍ പിന്നെ സ്ഥലകാലബോധമില്ല. എടാ കുട്ടാപ്പി എന്നു വിളിച്ചിട്ട് ഒരുമാതിരി ഊതലാണ്. എന്നിട്ട് ഒന്നുമറിയാത്ത മട്ടില്‍ ഒരു വെടലചിരിയങ്ങു ചിരിക്കും . അതും അല്ലിയാങ്കന്‍ അമേരിക്കയില്‍നിന്നു കൊണ്ടുവരുന്ന വിലകൂടിയ സിങ്കില്‍ മാള്‍ട്ട് വിസ്കിയും മോന്തിക്കൊണ്ടാണ് . അതുമാത്രം ഇത്തിരി കാട്ടിയാ . ഒരിക്കല്‍ അയാളുടെ ആത്മസുഹൃത്തും ബാല്യകാലസുഹൃത്തും ഒക്കെയായ ആ ആക്കര തോമസ്­ ഒരു ഒത്തുചേരലില്‍ ഉറക്കെ പ്രസ്ഥാപിക്കുകയും ചെയിതു .

" എടാ കുട്ടാപ്പി നീ വല്ല്യ ഡോക്ടര്‍ ഒന്നും ചമയണ്ട . അമേരിക്കയിലും ചില
യുനിവേര്‍സിറ്റികളില്‍ കാശുകൊടുത്താല്‍ നല്ല ഒന്നാന്തരം ഡോക്ട്രേറ്റ് കിട്ടും
. അതിലൊരെണ്ണം നീയും സ്വന്തമാക്കി അത്രയേയുള്ളൂ."

എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ട് തോമാച്ചന്‍ അയാള്‍ നെടുബാശ്ശേരി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നു മേടിച്ചോണ്ടു വന്ന വിലകൂടിയ വിസ്ക്കി രണ്ട് ആയിസുകഷണവും ഇട്ട് വെള്ളംപൊലുമൊഴിക്കതെ ഒറ്റ
പിടിയാ . അപ്പോള്‍ അല്ലിയാങ്കന്‍ പറയും

"തോമാച്ച ഇത്തിരി വെള്ളമെങ്കിലും ഒഴിച്ചുകുടിക്ക് . അല്ലെങ്കില്‍ ചങ്കു വാടും "

" അത് കറക്റ്റ് യു ഗോട്ട് ദി പോയിന്‍റ " എന്നിട്ട് അല്‍പ്പം സ്വരം താഴ്ത്തി പറയും .

" എടാ കുട്ടപ്പാ കൊറിക്കാനൊന്നുമില്ലേ . വല്ല അണ്ടിപ്പരിപ്പോ ബെതാം
പരിപ്പോ എന്താണങ്കിലും കുഴപ്പമില്ല "

കുട്ടാപ്പി എന്നുള്ള വിളി കേള്‍ക്കുബോഴേ അല്ലിയാങ്കന്റെ ഉള്ളൊന്നു കത്തും . ഒന്നു തണുപ്പിക്കാന്‍ രണ്ടാമത്തെ പെഗ്ഗ് കൂടി തണുത്ത സോഡയും ഒഴിച്ചങ്ങുഅങ്ങു പിടിപ്പിക്കും . എന്നിട്ടാണ് പഴെയ കഥകളൊക്കെ കൈമാറുന്നത് .തോമസ്­ അക്കരയുമായി ഡോക്ടര്‍ക്ക് കഴിഞ്ഞ മുപ്പതു വര്‍ഷത്തെ പരിചയമാണ് .ആദ്യമായി താമരക്കുന്നില്‍നിന്ന് അക്കരെ കടന്ന് അമേരിക്കയില്‍ എത്തിയ മലയാളിയാണ് തോമാച്ചന്‍ അതുകൊണ്ടാണ് ഈ അക്കര തോമാച്ചന്‍ എന്ന പേരില്‍ അറിയപ്പെട്ടതുതന്നെ . തൊട്ടുപുറകെയാണ് പഠിക്കാന്‍ അതിസമര്‍ഥനായിരുന്ന അല്ലിയാങ്കന്‍റെ പോക്ക് . അല്ലിയാങ്കന്‍ തിരുവന്തപുരത്തുനിന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ് ഉപരി പഠനത്തിനു പോയതാണ് . അയാളുടെ നാട്ടുകാരനും
കൂട്ടുകാരനുമായ തോമാച്ചന്‍ അമേരിക്കയില്‍ അല്‍പ്പം നേരത്തെ എത്തി. അതു തന്നെയായിരുന്നു അല്ലിയാങ്കന്‍ എന്ന കുട്ടാപ്പിയുടെ മോട്ടിവേഷനും . ആദ്യം എത്തിയ തോമാച്ചന്‍ കൂടെ പഠിച്ച റോസ് എന്ന ഒരു മാദമ്മയുമായി അടുത്തു. ഇന്ത്യയെ പറ്റി ധാരാളം വായിച്ചറിവുള്ള മദാമ്മ തോമാച്ചനെ കേറിയങ്ങു പ്രേമിച്ചു. അങ്ങെനെ വിവാഹം എല്ലാവരും പറയുന്നതുപോലെ ആ സ്വര്‍ഗ്ഗത്തില്‍വെച്ചങ്ങു നടത്തി. വീട്ടുകാരുപോലും പറയാതെ അവളെ കെട്ടി അവിടെ സ്ഥിരമായി . പിന്നീടാണ് എല്ലാവരും അറിയുന്നതും വീട്ടുകാരുമായി ഒന്നകലുന്നതും . അതുകൊണ്ട് തോമാച്ചന്‍റെ പഠിത്തം പൂര്‍ത്തിയാക്കിയില്ല എന്നകാര്യം അല്ലിയാങ്കനു മാത്രമറിയാവുന്ന രെഹസ്യമാണ് . അതില്‍ തോമാച്ചന് ചെറിയ ഒരു പേടിയും ബഹുമാനവും അയാളോടുണ്ടുതാനും. അമേരിക്കയില്‍ എത്തിയ കാലങ്ങളില്‍ ആരാരുമില്ലാത്ത കുട്ടപ്പനെ അയാള്‍ കൈവിട്ടു സഹായിച്ചിട്ടുണ്ട് .
അതുകൊണ്ട് അക്കരെ തോമാച്ചന്‍ എന്തുപറഞ്ഞാലും അല്ലിയാങ്കന്‍ കമാന്നോരഷരം പറയില്ല. അതൊക്കെ അവരുടെ സൌഹൃതത്തിന്റെ പിന്നാംപുറങ്ങലാണ് . അഞ്ചാറു വര്‍ഷമായിട്ട് തോമാച്ചന്‍ അമേരിക്കാന്‍ റിട്ടേണ്‍ ആണ് .മിക്കപ്പോഴും നാട്ടില്‍ തന്‍റെ പുതിയ വീട്ടില്‍ ഒറ്റക്കുള്ള സുഖജീവിതമാണ് .ഭാര്യ റോസ് മദാമ്മ കൊച്ചുമാക്കളെ നോക്കാനാണന്നപേരില്‍ ഫ്‌ലോറിടായിലാണ്.
അവള്‍ക്കവിടെയാ സ്വര്‍ഗ്ഗം എന്ന് തോമാച്ചന്‍ ഇടക്കിടെ അല്ലിയാങ്കനെ ഓര്‍മ്മിപ്പിക്കും. അപ്പോഅല്ലിയാങ്കനും അതിനെ സപ്പോര്‍ട്ട് ചെയിതുകൊണ്ട് പറയും.

" അല്ലെങ്കിലും ഈ പെണ്ണെന്ന വര്‍ഗ്ഗത്തിന് അമേരിക്കയിലേതുപോലെ സ്വാതന്ത്ര്യമുള്ള ഒരു സ്ഥലം ലോകത്തിലെവിടെയുണ്ട് . തോന്നുബം തോന്നുബം ചുമ്മാ കാറുമെടുത്തോണ്ടൊരു പൊക്കല്ലേ.
പിന്നെ പിടിച്ചാല്‍ കിട്ടുമോ.. നാട്ടിലാണെങ്കില്‍ എല്ലാത്തിനും നമുക്കൊരു പിടിയുണ്ട്­ " "
കുട്ടാപ്പി സ്വന്തം ഭാര്യേ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് പ്രത്യകം എടുത്തുപറയേണ്ടതില്ലല്ലോ .

അക്കരെതൊമാച്ചന്‍റെ മക്കളും മാദാമ്മ ഭാര്യയും നാട്ടിലേക്കില്ല എന്നാണയിട്ടു പറഞ്ഞതാ . എന്നാലും ആരെങ്കിലും നാട്ടിലേക്കു വരും എന്ന ധാരണയില്‍ ഉണ്ടായിരുന്ന ഒരേക്കര്‍ വീതത്തില്‍ കൊള്ളാവുന്ന ഒരു വീടുവെച്ചു . അതുപിന്നെ എല്ലാ അമേരിക്കാന്‍ അച്ചായന്മാരും ചെയുന്ന പണിയല്ലേ. ഇല്ലാത്ത കാശുണ്ടാക്കി എടുത്താ പൊങ്ങാത്ത ഒരു മാളിക പണിയുക എന്നിട്ട് വെറുതെ പൂട്ടിയിടുക. അല്ലെങ്കില്‍ വേലക്കാര്‍ക്കോ അകന്ന ബന്ധുക്കള്‍ക്കോ കുടുബമായി
താമസിക്കാന്‍ കൊടുക്കുക. സ്വന്തം നാട്ടില്‍ അതൊക്കെ ഒരന്തസ്സായി കരുതുന്നവരാണ് അവരൊക്കെ. തല്‍ക്കാലം നാട്ടില്‍ വരുബോള്‍ ഒന്നൊത്തുകൂടാനും കിടക്കാനുമൊരിടം . ഒരു ജോലിക്കാരനുമുണ്ട് .
'ആനന്തലെബിദിക്കിനിയെന്തുവേണം" തോമാച്ചന്‍ ഇടെക്കിടെ കുട്ടാപ്പിയെ ഓര്‍മ്മിപ്പിക്കാറുമുണ്ട്

അല്ലിയാങ്കനും നാടിനോട് വല്ലാത്തൊരു അടുപ്പമാണ് . എന്നാലും വളെരെ അപൂര്‍വമായിട്ടെ വരാറുള്ളു. കാരണം നാട്ടില്‍ ഇപ്പോള്‍ പറയത്തക്ക ബന്ധങ്ങള്‍ ഒന്നുതന്നെയില്ല . അപ്പന്‍ കുട്ടപ്പനും അമ്മ ജാനുവും വളരെ നേരത്തെ മരിച്ചു. പിന്നെ ആകെയുള്ള ഒരടുപ്പം തോമാച്ചനോടാണ് . അതുകൊണ്ട് വന്നാലും അയാളുടെ
വീട്ടിലാണ് താമസവും . അപ്പോള്‍ മാത്രമാണ് അവര്‍ ഒന്നിച്ചു കൂടാറുള്ളതും . അങ്ങനെയുള്ള ഒരു ഒത്തുചേരലിന്റെ തുടക്കത്തിലാണ്­ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍
നടന്നത്. ചില കല്ലുകടികളൊക്കെ അവരുടെ ഒത്തുചേരലില്‍ ഉണ്ടെങ്കിലും രണ്ടെണ്ണം അടിച്ചോണ്ട് ന്യൂയോര്‍ക്കിലെ അവരുടെ ബാച്ചിലര്‍ ലൈഫിലെ മണ്ടത്തരങ്ങളൊക്കെ
പറഞ്ഞിരിക്കന്നതിനെ ഒരു സുഖമുണ്ടല്ലോ. അതൊന്നും മറ്റുള്ളവര്‍ക്ക് മനസിലാകില്ലല്ലോ. രണ്ടാമത്തെ പെഗ്ഗ് വിസ്ക്കി ചെന്നപ്പോള്‍ തോമാച്ചന്‍തന്നെ ഒരാത്മഗതം പോലെ പറഞ്ഞു.

" ഒന്നാലോചിച്ചു നോക്കിയാല നമ്മളും വെറും തരികിടയാ "

അതു പറഞ്ഞപ്പോള്‍ തോമാച്ചന്റെ നാക്ക് വല്ലാതെ കുഴഞ്ഞു . അപ്പോള്‍ അല്ലിയാങ്കന്‍ ഒന്നു പ്രതികരിച്ചു.
" ഈ നമ്മള്‍ എന്നുള്ള പ്രയോഗം നീ പല അസ്ഥാനത്തും ഉപയോഗിക്കുന്നുണ്ട് അതൊന്നു സൂഷിച്ചാല്‍ കൊള്ളാം"
"എടാ കുട്ടാപ്പി ഞാനും നീയും മാത്രമല്ല ഈ മലയാളികള്‍ മുഴുവനും അങ്ങനെയാ "
അല്ല്യാങ്കന്‍ കള്ളിന്റെ ധൈര്യത്തില്‍ മുഖത്ത് ഒരു പുശ്ചഭാവത്തില്‍ പറഞ്ഞു.
" നീയൊരു പുന്ന്യാളന്‍ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട "
" നീയും ഞാനും അറിയാത്ത ഒരുപാടു കാര്യങ്ങളുണ്ട് ഈ ലോകത്തില്‍ "

അതുപിന്നെ ആക്കരതോമാച്ചന്റെ പതിവാ കള്ളടിച്ചാല്‍പിന്നെ തത്ത്വശാസ്ത്രം തുടങ്ങും അപ്പോഴാണ്­ അല്ലിയാങ്കന്‍ എല്ലാം മറന്ന് ആ പഴെയ പാട്ട് ഒന്ന് പാടിയത്

" റോസമ്മ സിസ്തും പാസ്സായി കല്‍ക്കട്ടയില്‍ ചെന്നപ്പോള്‍
വയസനായ തോമാച്ചന്‍ റോസമ്മേ പ്രേമിച്ചേ ...."
ഉടനെ തോമാച്ചന്‍ മറുപടിയെന്നോണം പറഞ്ഞു
" എടാ അവള്‍ അങ്ങു ഫ്‌ലോറിഡായിലാ .എന്റെ റോസക്കുട്ടി നീ എത്ര ഉറക്കെ പാടിയാലും കേള്‍ക്കത്തില്ല "

അങ്ങനെ അടിച്ചും പിരിഞ്ഞുമുള്ള സംസാരങ്ങലാണ് സാധാരണ . അതില്‍ ഒരു ത്രില്ലൊക്കെയുണ്ടെന്നുതന്നെയാണ് അവര്‍ കരുതുന്നത്.
രണ്ടുപേര്‍ക്കും നാട്ടുകാരോ ഭാര്യമാരോ അറിയാന്‍പാടില്ലാത്ത രേഹസ്യങ്ങളാണ് അധികവും . അതുകൊണ്ട് അധിതികള്‍ ആരെങ്കിലും വന്നാല്‍ സംസാരത്തില്‍തന്നെ ചില വ്യതിയാനങ്ങളൊക്കെയുണ്ട് . പിന്നെയെല്ലാം മാന്യതയുടെ മുഖംമൂടിയിലാണ് . അന്നത്തെ ദിവസം മറ്റു കൂട്ടുകാരോ നാട്ടുകാരോ ഒന്നും വരാതിരുന്നത് രണ്ടുപേരുടെയും ഭാഗ്യം. ഏതാണ്ടാനിലയിലായിരുന്നു. കാര്യങ്ങളുടെ കിടപ്പ് .

അക്കരെതോമാച്ചാന് താമരക്കുന്നു സര്‍ക്കാരുസ്കൂളില്‍ പഠിക്കുന്നകാലത്ത് ഒരു അത്യുഗ്രന്‍ പ്രണയമുണ്ടായിരുന്നു . അതും സാമാന്ന്യം പേരുകേട്ട പൂരക്കാവ്മനയില്‍നിന്നു . തോമാച്ചന്‍റെ പുത്തന്‍പുരക്കാരും അത്ര മോശമൊന്നുമല്ല .പഠിത്തം കഴിഞ്ഞപ്പോഴേ അങ്ങനെ അതോരാലോചാനയിലായി . വേണമെങ്കില്‍ ഒരു കല്ല്യാണം വരെയൊക്കെ എത്തേണ്ടതുമായിരുന്നു. അപ്പോഴാണ്­ അപ്പന്‍ അവറാന്‍ പറഞ്ഞത് അവന്‍ അമേരിക്കയില്‍ പോയിട്ട് വരെട്ടെയെന്ന് . അത് അന്ന്യ ജാതിയായതുകൊണ്ട് അയാള്‍ മനപൂര്‍വം ഒന്നൊടക്കിയതാണ് എന്നാണ് ജനസംസാരം .സത്ത്യത്തില്‍ അത് അപ്പന്‍ അവറാനു പറ്റിയ ഒരബദ്ധമായിപോയി . അല്ലെങ്കില്‍നാട്ടുനടപ്പനുസരിച്ച് ഒരു കല്ല്യാണംമെങ്കിലും നടത്താമായിരുന്നു. ഒക്കെ ഇപ്പോള്‍ അമേരിക്ക എന്ന സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു അല്ലാതെന്തുപറയാന്‍
എന്നുപറഞ്ഞാണ് അവറാന്‍ചേട്ടന്‍ കണ്ണടച്ചത്­ .

ഇനിയിപ്പം തോമാച്ചാണ് ജീവിതത്തില്‍ ഒരേ ഒരു സ്വപ്നമേയുള്ളൂ . തന്‍റെ പൂര്‍വകാമുകിയെ ഒന്നു കാണണം . ഒന്നിനുമല്ല ഒന്നുകൂടി ഒന്നു സംസാരിക്കാന്‍ അല്ലെങ്കില്‍ ഒരു ഷെമാപണത്തിനാണന്നുതന്നെ കൂട്ടിക്കോ.
"അതൊന്നും വേണ്ട തോമാച്ചാ ഇനിയിപ്പം അതൊക്കെ എന്തിനാ . വെറുതെ കുടുബകലഹം ഉണ്ടാക്കാന്‍ നിക്കണ്ട . ഒരു പുതിയ പൂന്തോട്ടം കണ്ടപ്പം എല്ലാം മറന്നവനാ നീ. അവിടുന്ന് ഒരു നല്ല റോസ്സ പൂവും അടിച്ചുമാറ്റി. ഒക്കെ മറന്നുകള "

ഡോക്ടര്‍ അല്ലിയാങ്കന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന് തോമാച്ചനു തോന്നി. മാത്രമല്ല പഴെയ ഒരു ആത്മസുഹൃത്തായിരുന്നല്ലോ സതി അന്തര്‍ജനം അടുത്തുചെന്നാല്‍ വല്ല പരസ്പരവ്യാപനമുണ്ടായാലോ . അത് അതിലും വലിയ അപകടമാ ഇതാമേരിക്കയല്ല താമരക്കുന്നാ . മാദമ്മമാരെപോലെയല്ല ഇവിടെയുള്ള മലയാളിപെണ്ണുങ്ങള്‍ ആണുങ്ങളെ മനസിലാക്കാന്‍ ഒരു പ്രത്യക മിടുക്കാ .
അതിപിന്നെ ആക്കര്യത്തെപറ്റി തോമാച്ചന്‍ കമാന്നോരഷരം പറഞ്ഞില്ല .
" അല്ലെങ്കിലും അതിപ്പം താമരക്കുന്നു പഞ്ചായത്തിലെ പരസ്യമായ രേഹസ്യമാണ് . പക്ഷെ എന്‍റെ കാര്യം ഇപ്പോഴും പരമ രെഹസ്യമാ "

അതു പറഞ്ഞുനിര്‍ത്തി അല്ലിയാങ്കന്‍ ഒരു പെഗ്ഗുകൂടി ഒഴിച്ചു . എന്നിട്ടൊരു കള്ളച്ചിരി .കള്ളുകുടിച്ചാല്‍പോലും സാധാരണ അയാള്‍ മറ്റുള്ള കുടിയന്മാരെപോലെ ഒന്നും വിളിച്ചു പറയാറില്ല. പക്ഷെ ഇന്നിത്തിരി കൂടിപോയതുകൊണ്ടായിരിക്കണം എന്തൊക്കെയോ പറയണമെന്നുള്ള ആഗ്രഹം തോന്നിയത്. തോമാച്ചനാണങ്കില്‍ കേള്‍ക്കാനുള്ള ആവശം മൂത്തു .

' എന്താനങ്കിലും നീ എന്നോടു ധൈര്യമായി പറഞ്ഞോ നമുക്കു പരിഹാരമുണ്ടാക്കാം "
എന്നിട്ട് മെത്രാന്മാരെപോലെ മുകളിലേക്ക് കൈ ഉയര്‍ത്തി. അല്ലിയാങ്കന്റെ അറിയാതെ തല ഒന്നു താഴ്ത്തി .തോമാച്ചന്‍ തലയില്‍ തൊട്ടനുഗ്രഹിച്ചു . അല്ലിയാങ്കന്‍ ബഹുമാനപുരസരം ആ പുത്തന്‍പുര തോമാച്ചന്‍ മെത്രാന്‍റെ കല്യാണ മോതിരത്തില്‍ ഒന്നു മുത്തി. എന്നിട്ടാണ് കഥ പറഞ്ഞുതുടങ്ങിയത്­.

"എടാ തോമാച്ചാ നീ ഓര്‍ക്കുന്നില്ലേ അന്നത്തെ താമരക്കുളം ബസ്‌റ്റോപ്പിനടുത്തുള്ള ഗോവിന്ദന്‍ വൈദ്യന്‍റെ ശങ്കരാ വൈദ്യശാല . നാട്ടുകാരൊക്കെ ശങ്കരശാല എന്നും വിശേഷിപ്പിച്ചിരുന്നു. അയാളുടെ മകന്‍ ശങ്കരന്‍കുട്ടിയില്ലേ നമ്മുടെ കൂടെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഒന്നിച്ചു പഠിച്ചവന്‍ .
ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു മേടിച്ചിരുന്ന അവന്‍ പ്രീഡിഗ്രിക്ക് വന്നപ്പോള്‍ ഒരു കലാശകോട്ടു നടത്തി. സകല വേണ്ടാതീനത്തിലും ചെന്നു ചാടി . ഇടെക്കെപ്പഴോ ഒരു പെണ്ണുകേസിലും പ്രതിയായി പോലീസ് സ്‌റ്റേഷന്‍ വരെ എത്തി. അതോടുകൂടി ഗോവിന്ദന്‍ വൈദ്യന്‍ അവന്‍റെ പഠിത്തവും നിര്‍ത്തി .അതുകൊണ്ടാണ് അവനെ ഒരു കൊച്ചു വൈദ്യനായി അന്ന് ശങ്കരശാലയില്‍ പിടിച്ചിരുത്തിയത്"

തോമാച്ചനു അതുകേട്ടിട്ട് ഒരസ്വസ്തത .

" എടാ അതവന്‍റെ കഥ. എനിക്ക് നിന്‍റെ കഥയാ കേള്‍ക്കണ്ടത് "

"അതുതന്നെയാ ഞാനീ പറഞ്ഞുവരുന്നത് . പ്രീഡിഗ്രി കഴിഞ്ഞുള്ള അവധിക്കാലതാണ് ഞാന്‍ അവന്‍റെ കടയില്‍ പോയിരിക്കുന്ന ഒരു പതിവു ശീലിച്ചത് . ആ കാലങ്ങളില്‍
കടയില്‍ പതിവായി വരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു അവളുതന്നെ പ്രതി. തോമാച്ചന്‍ അപ്പോഴാണ് ഒന്ന് ഉജാറായത്. ഒന്നുവല്ലേലും ഒരു പെണ്ണിന്‍റെ കഥയല്ലേ.

" ഓ ഞാനോര്‍ക്കുന്നു അമ്മക്കു തുമ്മലിനു ലേഹ്യം മേടിക്കാന്‍ വരുന്ന ഒരു സൃഗാരി സില്‍ക്ക് സ്മിത എന്നൊക്കെ നാട്ടുകാരു വിളിക്കുന്ന.. ഈശ്വരാ അവളൊരു ചരക്കായിരുന്നു . എന്നിട്ട് കൊച്ചുകള്ളാ പറ."

അതുപറഞ്ഞ് തോമാച്ചന്‍ ഗ്ലാസ്സില്‍ ബാക്കിവന്ന വിസ്ക്കി ഒറ്റവലിക്കു കുടിച്ചു. അപ്പോഴേക്കും അല്ലിയാങ്കന്‍ പറയാന്‍ തുടങ്ങി

"അന്നൊരു വെള്ളിയാഴ്ച്ചദിവസം , തമരക്കു ന്നു പള്ളിപെരുനാളായിരുന്നു. ശങ്കരന്‍കുട്ടി പറഞ്ഞു നമുക്കൊരു സ്ഥലം വരെ പോകാമെന്ന് . ആദ്യമൊന്നും എനിക്ക് മനസിലായില്ല . ഞാനല്‍പ്പൊമുന്നു മടിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു നീ ധൈര്യമായിട്ടു കൂടെ പോര് . പെരുനാളായതുകൊണ്ട് ഇന്ന് വീട്ടിലേക്ക് ഇത്തിരി വൈകി ചെന്നാലും കുഴപ്പമില്ല എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാമായിരുന്നു .അതുകൊണ്ട് ഞാനും ഏതു നരഗത്തിലെക്കാണങ്കിലും പോകാന്‍ തീരുമാനിച്ചു. ശങ്കരന്‍കുട്ടി എന്നെയും കൂട്ടി പെരുനാള്‍ പ്രദിഷണത്തിന്റെ ബഹളങ്ങള്‍ക്കിടയിലൂടെ മെല്ലെ കുരിശുകവലവരെ എത്തി . എന്നിട്ട് താഴോട്ടുള്ള കൊച്ചുറോഡിലൂടെ നല്ലസ്പീടില്‍ നടന്നു. ഞാനും ഒപ്പം വെച്ചു പിടിപ്പിച്ചു. പോകുന്നവഴി ടോര്‍ച്ചുമായും ചൂട്ടുകറ്റയുമൊക്കെയായി കുറച്ചാളുകള്‍ തിക്കിത്തിരക്കി കുരുശുകവലയിലേക്ക് നടക്കുന്നുണ്ടായിരുന്നു. എല്ലാവരും തിരക്കിട്ട് അന്നു രാത്രിയിലെ പള്ളിപരിപാടിക്കു പോയതായിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ . ശങ്കാന്‍കുട്ടി ഒന്നും സംസാരിക്കുന്നതേയില്ല. അവന്‍ ചിലപ്പോള്‍ അങ്ങനെയാണ് എന്നെനിക്കറിയാം . എന്നാലും ഈ പാതിരായിക്ക് ഇങ്ങനെ ഒന്നുമിണ്ടാതെയുള്ള ഈ നടത്തത്തിന് എന്തോ ദുരൂഹതുയുള്ളതുപോലെ തോന്നി. ഷെമ കേട്ടപ്പോള്‍ ഇടെക്കുവെച്ചു ഞാന്‍ ചോദിച്ചു എങ്ങോട്ടാ ശങ്കരാ ആരെങ്കിലും മരിച്ചോ.. അപ്പോള്‍ അവന്‍ ആ പതിവു പല്ലവി പറഞ്ഞു. .ഒക്കെ പറയാം അപ്പം തിന്നാല്‍പോരെ കുഴിയെണ്ണണോ എന്ന് . നടന്നു നടന്ന് ഒരിടവഴിയില്‍ എത്തി . ശങ്കരന്‍ കുട്ടി ടോര്‍ച്ചുമായി മുബിലാണ്‌നടന്നത് . അവസാനം ഇടക്കൊക്കെ ഞാനും കുളിക്കാന്‍ വരാറുണ്ടായിരുന്ന മീനാറുപാറതോടിന്‍റെ കരയിലെത്തി . അവിടുത്തെ ഉപഷാപ്പു കണ്ടപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത് . അവന്‍ പറഞ്ഞു"

"ഒന്ന് കയറിയിട്ടു വരാം. നീയും വാ"
അപ്പോള്‍ ഞാന്‍ പറഞ്ഞു
" അയ്യോ ഞാനില്ല അവിടെ വീട്ടിലെ പണിക്കാരു കാണും " .
ഇവിടെ നിന്നോളം നീ പോയിട്ടുവാ "

അവന്‍ അങ്ങോട്ടു കയറിയപ്പോള്‍ ഒരു ഭീതി . പെരുനാളിനു പോകുന്ന ആരെങ്കിലും എന്നെ ഈ അസമയത് ഉപഷാ പ്പിന്‍റെ മുന്നില്‍വെച്ചു കണ്ടാല്‍ ആകെ കുഴപ്പമാകും. അപ്പോഴേക്കും ആരൊക്കെയോ ടോര്‍ച്ചുമായി ദൂരേന്നു വരുന്നുണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂര്‍ അങ്ങെനെ ഇരുന്നപ്പോള്‍ ശങ്കരന്‍കുട്ടി ഇറങ്ങിവന്നു.

" വാ പോകാം ഇവിടെ നിന്നാല്‍ ശെരിയാവില്ല " എന്നവന്‍ പറഞ്ഞു

"അവിടെനിന്ന് മീനാറുപാറതോടിന്റെ തടിപ്പാലവും കടന്ന് നേരെ ഒരു പഴയ വീടിന്റെ മുബിലെത്തി . അപ്പോള്‍ ഞാന്‍ മുറ്റത്ത്­ ഒന്നു ശങ്കിച്ചുനിന്നു. ശങ്കരന്‍ നേരെ അകത്തെ മുറിയിലേക്ക് കയറി. ആ മുറിയില്‍ ഒരു വിളക്കു കത്തുന്നതിന്‍റെ വെളിച്ചം മാത്രമെയുണ്ടായിരുന്നുള്ളൂ . അവന്‍ പെട്ടന്ന് തിരിച്ചുവന്ന് ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ലൈറ്റടിച്ചിട്ടു പറഞ്ഞു. നീ കേറിവാ ആളിവിടെയുണ്ട്. ഞാന്‍ അല്‍പ്പനേരം ഒന്നാലോചിച്ചുനിന്നു . പേടിക്കേണ്ട ഒറ്റക്കേയുയുള്ളൂ എന്നവന്‍ പറഞ്ഞു. എനിക്ക് നേരത്തെ സംശയമുണ്ടായിരുന്നു. അതുകൊണ്ട് ആ വിളി കേട്ടപ്പോള്‍ ഉറപ്പായി അതവള്‍തന്നെ . നല്ല ഇരുട്ടായിരുന്നതുകൊണ്ട് വളരെ സൂഷിച്ചാണ് വരാന്തയിലേക്കുള്ള സിമിന്റിളകിയ നടകള്‍ കയറിയത് . മുറിയുടെ വാതിക്കല്‍ ചെന്നപ്പോഴാണ് അരണ്ട വെളിച്ചത്തില്‍ ആ രൂപങ്ങള്‍ കണ്ടത്. കുറച്ചുനേരം അങ്ങനെ അനാങ്ങാതെ നിന്നു . അവള്‍ ഒരു മഞ്ഞ ബ്ലൗസും മുണ്ടുമുടുത്ത് ശങ്കരന്‍കുട്ടിയോടു ചേര്‍ന്നുനിന്ന് എന്തോ രഹസ്യങ്ങള്‍ പറയുന്നു. ചിമ്മിനിവിളക്കിന്റെ പ്രകാശത്തില്‍ അവളുടെ മുഴുത്ത മാറിടത്തിന്‍റെ നിഴലാണ് ഭിത്തിയില്‍ ആദ്യം കണ്ടത്. ഇടെക്കിടെ അവരുടെ നിഴലുകള്‍ ഒന്നാകുന്നതുപോലെ തോന്നിയിരുന്നു. അദ്യം ഒന്നു ഞെട്ടിയെങ്കിലും
ഉള്ളിന്റെ ഉള്ളില്‍ ഒരു കോരിതരിപ്പ്. എന്നാലും ഇതിത്തിരി കടന്ന കൈയായിപോയി എന്റെ ശങ്കരന്‍കുട്ടി . എന്നാണ് മനസ്സില്‍ തോന്നിയത് . എനിക്ക് ദേഹത്ത് ഒരു ഷോക്കേറ്റതുപൊലെ . ഹൃദയം ശക്തിയായി ഇടിക്കാന്‍ തുടങ്ങി .സിരകളില്‍ കൂടെ രെക്തം അതിവേഗത്തില്‍ സഞ്ചരിക്കുന്നതുപോലെ .

.അപ്പോഴേക്കും അക്കരെ തോമാച്ചനു ഷെമ നശിച്ചു.

" എടാ കുട്ടപ്പാ വളച്ചുകെട്ടാതെ കാര്യം പറ ആരായിരുന്നു അകത്ത് "
" എടാ അക്കരെ നീ എനിക്ക് വാക്കുതരണം ആരോടും പറയില്ലെന്ന്. അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. അതും ആ ശങ്കരന്‍കുട്ടി പറ്റിച്ച പണിയാ."

അപ്പോഴേക്കും തോമാച്ചന്‍ എന്തൊക്കെയോ ഉഹിച്ചു .

"അല്ലെങ്കില്‍ നീ പറയേണ്ടാ എനിക്കറിയാം . അതായിരുന്നെന്നും അവിടെ എന്തൊക്കെ സംഭവിച്ചു എന്നും .നീ എന്നോടൊന്നും പറഞ്ഞിട്ടുമില്ല ഞാന്‍ ഒന്നും കേട്ടിട്ടുമില്ല. "

എന്നുപറഞ്ഞിട്ട് വീടും ഐസുകഷണങ്ങള്‍ കൈകൊണ്ടെടുത്തു ഗ്ലാസിലെക്കിട്ടു. ഓരോന്നുടെ കൂടി ഒഴിച്ച്. എന്നിട്ട് ഒരു ഗ്ലാസെടുത്ത് അല്ലിയാങ്കന്‍റെ കൈയില്‍ കൊടുത്തിട്ട് .

"ചിയേര്‍സ് മേന്‍ ഇന്നുമുതല്‍ നമുക്ക് അതെല്ലാം മറക്കാം "

അല്ലിയാങ്കന്‍ ഒന്നു സംശയിച്ചതുപോലെ അയാളെ നോക്കി. തോമാച്ചന്‍ എന്തോ മറച്ചുവെക്കുന്നതുപൊലെ സംസാരത്തില്‍ എന്തോ ഒരു നിഘൂടത .

"ഒന്നു തെളിച്ചുപറ എന്‍റെ അക്കര തോമാച്ചാ "

തോമാച്ചന്‍ അല്‍പ്പനേരത്തെ നിശബ്ദതക്കുശേഷം പതുക്കെ പറഞ്ഞു.

" എടാ അവളു തട്ടിപ്പോയി . ആരോ കൊന്നതാണന്നാ കേട്ടുകേള്‍വി. ഉപഷാപ്പിനോട് ചേര്‍ന്നുള്ള ആ മീനാറുപാറത്തോടിന്‍റെ കരയിലാണ് മൃദദേഹം കിടന്നത് " അല്ലിയങ്കന്‍ പെട്ടന്ന് ഒരു ജീവച്ചവംപോലെ മരച്ചിരുന്നു .

തോമാച്ചനും അന്നു ഇടക്കൊക്കെ ആ വൈദ്യശാലയില്‍ പോയിരിക്കാറുണ്ടായിരുന്നു. അപ്പോ ഴൊക്കെയും സുശീല അവിടുത്തെ നിത്യ സന്ദര്‍ശകയായിരുന്നു. അത് തല്‍ക്കാലും പറയേണ്ടതില്ല എന്ന തീരുമാനത്തില്‍തന്നെ അയാള്‍ ഉറച്ചുനിന്നു. അന്നൊക്കെ ശങ്കരന്‍കുട്ടി ഒരു തമാശു പറയുന്ന മട്ടില്‍ ചോദിക്കാറുണ്ടായിരുന്നു . എങ്ങനെയുണ്ട് എന്‍റെ സില്‍ക്ക് സുശീല
എന്നൊക്കെ . ആരുകണ്ടാലും ഒന്നുകൂടി നോക്കിപ്പോകും അതുപോലെ എന്തോ ഒരു വശ്യത അവള്‍ക്കുണ്ടായിരുന്നു . ഒന്നും ഇപ്പോള്‍ പറയുന്നത് ശെരിയല്ലന്നു തന്നെയാണ് അക്കരെതോമാച്ചന് അപ്പോള്‍ തോന്നിയത്.

"എന്നാലും ആ ശങ്കരന്‍കുട്ടി ആളു വിശ്വസ്തനാ നിന്നോടോന്നും പറഞ്ഞില്ലല്ലോ ".
അതുപറഞ്ഞപ്പോള്‍ അല്ലിയാങ്കന് പെട്ടന്ന് ഒരു വേവലാതി .

തോമാച്ചന്‍ കുറച്ചുനേരം മിണ്ടാതിരുന്നു . എന്നിട്ടാണ് അടുത്ത രേഹസ്യം പറഞ്ഞത് .

" എടാ കുട്ടാപ്പി ആ കാലത്ത് അവള്‍ക്കൊരു കുട്ടിയുണ്ടായി നിധി എന്ന പേരില്‍ ഒരാണ്‍കുട്ടി. "

അതു കേട്ടപ്പോള്‍ ഡോക്ടര്‍ കുട്ടാപ്പിയുടെ സകല നാടിഞരബുകളും തകര്‍ന്നു പോയി . അപ്പോഴാണ് തോമാച്ചന്‍ അയാളെ സമാധാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി യത്.
" ഒക്കെ പഴെയ കഥയല്ലേ . ശങ്കരന്‍ കുട്ടിതന്നെ അതൊക്കെ ഒതുക്കിതീര്‍ത്തു എന്നാണ് അറിഞ്ഞത് "
" അപ്പോള്‍ കുട്ടിയോ"
"അതൊരു ദാരുണ കഥയാ "

തോമാച്ചന്‍ എന്തോ ആലോചിച്ചു കുറേനേരം ഒന്നും മിണ്ടിയില്ല . എന്നിട്ട് പതിവിനു വിപരീതമായി നാലാമത്തെ പെഗ്ഗ് ഒഴിച്ചു . അപ്പോഴാണ്­ കഥയില്‍ എന്തോ കാര്യമായ തകരാറുണ്ടന്നു അല്ലിയാങ്കനു തോന്നിത്തുടങ്ങിയത് . അതുകൊണ്ട് ഒന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. അപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞുതുടങ്ങി.

" ആ കുട്ടിക്കുവേണ്ടിയാ അവള്‍ ജീവിച്ചതുതന്നെ . അതും ഒരു നിധി കാക്കുന്ന ഭൂതതെപോലെ . ഒരു ദിവസം സ്കൂളില്‍ നിന്നു വന്ന വഴി മീനാറുപാറത്തോടിലെക്കുള്ള ഇടവഴിയില്‍വെച്ച് പാബുകടിയേറ്റു. രണ്ടാം പൊക്കം മരിച്ചു. നിധിക്കന്ന് പതിനൊന്നു വയസായിരുന്നു. അതിനു ശേഷം സുശീല പല തവണ ആത്മഹത്യക്കു ശ്രെമിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒക്കെ വിധി അല്ലാതെ എന്താണ് ഇപ്പോള്‍ പറയുക "

അപ്പോള്‍ തോമാച്ചന് വളെരെ നാളായി ചുമന്നോണ്ടുനടന്ന ഒരു ഭാരമിറക്കി വെച്ചതുപോലെയുള്ള ഒരു തോന്നല്‍ .

ആദ്യം കുട്ടിക്കാനത്തുള്ള ഏതോ തോട്ടം കങ്കാണി കല്ല്യാണം കഴിച്ചു കൊണ്ടുപോയിരുന്നു. അയാള്‍ ശങ്കരന്‍കുട്ടിയുടെ പീരുമേട്ടിലുള്ള തോട്ടത്തിന്‍റെ മേല്‍നോട്ടക്കാരനായിരുന്നു .
കുട്ടിയുണ്ടെന്നറിഞ്ഞുകൊണ്ടുള്ള കൂടിച്ചേരലായിരുന്നു അവരുടേത് . അതുകൊണ്ടുതന്നെ അതതികകാലം നീണ്ടുനിന്നില്ല. ആ കങ്കാണി കുട്ടിയോട് വളെരെ മോശമായി പെരുമാറിയിരുന്നു എന്നും കേട്ടു . അങ്ങെനെയായിരിക്കണം അവിടുന്നു അവള്‍ നിധിയേയുംകൊണ്ട് പടിയിറങ്ങിയത് . എന്നാലും എങ്ങെനെയെങ്കിലും ജീവിക്കണമെല്ലോ അതും നിധിമോനുവേണ്ടിയെങ്കിലും . ആ ആഗ്രഹംകുണ്ടു മാത്രമാണ് മൂഷികസ്ത്രീയെപ്പോലെ വീണ്ടും മൂഷികസ്ത്രീയായി സ്വന്തം നാടായ താമരക്കുന്നിലേക്ക് തിരിച്ചുവന്നതും . അപ്പോളാണ് നാട്ടിലെ പാപംചെയാത്ത പുണ്‌ന്യാളന്മാര്‍ അവളെ കല്ലെറിയാന്‍ തുടങ്ങിയത്. എന്നിട്ടും മകനുവേണ്ടി എല്ലാം സഹിച്ചു. അതിനു മുന്‍പുതന്നെ ശങ്കരശാല വിറ്റിട്ട് ശങ്കരന്‍കുട്ടി ദുബായിക്കു പോയിരുന്നു. അതോടുകൂടി അവള്‍ എല്ലാ അര്‍ഥത്തിലുംഅനാഥയായിരുന്നു. ഇനി നീ പറ അവളല്ലേ യഥാര്‍ത്ഥ മഗ്ദലന മറിയം
.
" സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അവള്‍ തീര്‍ച്ചയായും ഒരു പരിശുദ്ധയായി അവിടെയുണ്ടാകും."

എന്നിട്ട് തോമാച്ചന്‍ ആ പഴെയ പല്ലവി ആവര്‍ത്തിച്ചു.

" തല്‍ക്കാലം നമുക്കതൊക്കെ മറക്കാം . ഞാനൊന്നും പറഞ്ഞിട്ടുമില്ല നമ്മളൊന്നും അറിഞ്ഞിട്ടുമില്ല "

ഡോക്ടര്‍ കെ. അല്ലിയാങ്കന്‍ അപ്പോഴാണ്­ അക്കരതോമാച്ചന്‍ അബോധാവസ്ഥയില്‍ പറഞ്ഞ പല കാര്യങ്ങളും ഒന്നുകൂടി ഓര്‍ത്തത്­ . നമ്മള്‍ എന്തൊക്കെ നേടിയാലും നമ്മുടെ കൊച്ചു ലോകങ്ങളില്‍ തന്നെ അതൊക്കെ നഷ്ടമാകുന്നു. ജീവിതത്തില്‍ എത്ര ഉയര്‍ച്ചയില്‍ എത്തിയാലും താഴോട്ടു വരാതെ പറ്റില്ലല്ലോ. അത് പ്രകൃതിയുടെ നിയമമാണ് . അല്ലിയാങ്കനു ഏതോ പര്‍വതത്തില്‍നിന്ന് താഴോട്ട് ഉരുണ്ടുവീഴുന്നതുപോലെ തോന്നി.

സുശീല ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും സമൂഹം അവളെ തെറ്റുകാരിയായി കാണുന്നു. തെറ്റുചെയിതവരൊക്കെ അപ്പോഴും ഇപ്പോഴും പകല്‍മാന്ന്യന്മാരാകുന്നു. അവള്‍ അവള്‍ക്കു കിട്ടിയ നിധിക്കുവേണ്ടി ഒരുപാടു ത്യാഗം സഹിച്ചു. എന്നാലും ഇന്ന് നിലവിലുള്ള ഒരു മതത്തിനും അവളെ പുണ്ണ്യവതിയായി കാണാന്‍ പറ്റില്ല. കാരണം ഇന്ന് നിലവിലുള്ള പുരുഷദൈവങ്ങള്‍ എല്ലാം അവരുടെ സൌകര്യത്തിനുവേണ്ടി ഉണ്ടാക്കിവെച്ച നിയമ വ്യവസ്ഥിതികളില്‍ ആറുപിഴച്ചവളാണ് .

"ഇനി നിങ്ങളില്‍ കുറ്റമില്ലാത്തവര്‍കൂടി അവളെ കല്ലെറിയട്ടെ ".
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക