കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) പ്രഖ്യാപിച്ച ഇക്കൊല്ലത്തെ സാഹിത്യ പുരസ്‌കാരം യൂറോപ്പിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ജര്‍മനിയില്‍ നിന്നുള്ള ജോസ് പുന്നാംപറമ്പില്‍ (സാഹിത്യമേഖല) ഏറ്റുവാങ്ങി.
ജൂലൈ 27 മുതല്‍ 31 വരെ കൊളോണിടുത്തുള്ള ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ അഞ്ചു ദിവസം നടന്ന പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്. ബസ്റ്റ് പൊളിറ്റീഷ്യന്‍ ഓഫ് ഇന്ത്യ അവാര്‍ഡിന് രാജ്യസഭാ മുന്‍ എംപി പി. രാജീവ് അര്‍ഹനായി.
സമ്മേളനം ജര്‍മനിയില്‍ എത്തിയിട്ട് 50 വര്‍ഷം തികഞ്ഞവര്‍ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ കിഴക്കേടത്ത് പ്രാര്‍ഥനാഗാനം ആലപിച്ചു. ജോയി മാണിക്കത്ത് അവാര്‍ഡ് ജേതാവായ ജോസ് പുന്നാംപറമ്പിലിനെ സദസിസു പരിചയപ്പെടുത്തി. ഡോ. ലിയോണി അരീക്കല്‍, ജോസഫ് മാത്യു, ജോസ് പുന്നാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു വിവിധ കലാപരിപാടികള്‍ക്കൊപ്പം യൂറോപ്പിലെ പ്രശസ്ത ഗായകന്‍ സിറിയക് ചെറുകാടും മകള്‍ ശ്രീജയും സംഗീതവിരുന്നൊരുക്കി. തോമസ് ചക്യത്ത്, അപ്പച്ചന്‍ ചന്ദ്രത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ജെന്‍സ് കുമ്പിളുവേലില്‍ കാമറ കൈകാര്യം ചെയ്തു.
അപ്പച്ചന്‍ ചന്ദ്രത്തില്‍, സണ്ണി വേലൂക്കാരന്‍, ലില്ലി ചക്യാത്ത്, എല്‍സി വേലൂക്കാരന്‍, ജെമ്മ ഗോപുരത്തിങ്കല്‍, മറിയാമ്മ വര്‍ഗീസ് എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.
യൂറോപ്പിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജര്‍മന്‍ മലയാളിയുമായ ജോസ് പുന്നാംപറമ്പില്‍ എണ്‍പതിന്റെ നിറവിലാണ്. ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരന്‍ എന്നതിലുപരി ജര്‍മനിയിലെ മലയാളികളുടെ വഴികാട്ടിയായി നാളിതുവരെ ജോസ് പുന്നാംപറമ്പില്‍ നടത്തിയ പരിശ്രമങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവില്ല.
ഇത്രയും കാലത്തെ അനുവഭങ്ങളുടെ ഉള്‍ക്കാഴ്ചകളും തിരിച്ചറിവുകളും മറ്റുള്ളവരുമായി പങ്കുവച്ചും സമൃദ്ധിയില്‍ ഒറ്റയ്ക്ക് എന്ന പുസ്തക രചനയിലൂടെ പുന്നാപറമ്പില്‍ വിശകലനം ചെയ്തിരിക്കുന്ന നേര്‍ക്കാഴ്ചകള്‍ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ആകെത്തുകയാണ്.
ഇരിങ്ങാലക്കുടയിലെ എടക്കുളം ഗ്രാമത്തില്‍ 1936 മേയ് 10നു ജനിച്ച ജോസ് ജര്‍മന്‍ മലയാളികളുടെ വിശേഷണത്തില്‍ പറഞ്ഞാല്‍ പുന്നാംപറമ്പില്‍ ജോസേട്ടന്‍, മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദാനന്തരബിരുദം നേടിയാണ് 1966 ല്‍ ജര്‍മനിയില്‍ കുടിയേറുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും പരിശീലനം നേടിയിരുന്ന കാലത്ത് മുംബെയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും കോളജ് അധ്യാപകനായും ജോലി ചെയ്തു. ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി ജര്‍മനിയില്‍ അഞ്ചുവര്‍ഷം ജോലി നോക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇന്തോ- ജര്‍മന്‍ സൊസൈറ്റിയുടെ ഉപദേശക സമിതി അംഗമാണ്. എട്ടു പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലും രണ്ടു പുസ്തകങ്ങള്‍ മലയാളം ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോണ്‍ നഗരത്തിനടുത്ത് ഉങ്കലിലാണ് താമസം. ഭാര്യ: ശോശാമ്മ. മക്കള്‍: നിശ (ജേര്‍ണലിസ്റ്റ്), അശോക്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍