നിര്‍മ്മലയുടെ മഞ്ഞമോരും ചുവന്നമീനും വായിച്ചു. ഇരുപത്തിമൂന്നു കഥകള്‍
മനോഹരമായി ചിട്ടപ്പെടുത്തി മലയാളിയുടെ ഇഷ്ടഭക്ഷണമായ മോരിന്റേയും
മീനിന്റേയും മേമ്പൊടിചേര്‍ത്ത്, സ്‌നെഹമഞ്ഞയും പ്രേമചുവപ്പും കലര്‍ത്തി
വിളമ്പിയത് ഒരു സദ്യ ഉണ്ണുന്ന സംതൃപ്തിയോടെയാണു ഞാന്‍ വായിച്ചു തീര്‍ത്തത്.
കഥകള്‍ ഒക്കെയും തന്റെ വാസസ്ഥലമായ കാനഡയും പരിസരവും
ചുറ്റിപ്പറ്റിയുള്ളതായതിനാല്‍ അമേരിക്കയില്‍ താമസിക്കുന്ന എനിക്കും
എന്നെപ്പോലുള്ള പ്രവാസി വായനക്കാര്‍ക്കും ഇതിലുള്ള കഥാപാത്രങ്ങളുമായി
പെട്ടന്നു കണക്റ്റ് ചെയ്യുവാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ നാട്ടിലുള്ള
വായനക്കാര്‍ക്ക് പ്രവാസി ജീവിതപശ്ചാത്തലവും രീതികളും അതിന്റെ എല്ലാ
നൈര്‍മല്യങ്ങളോടെയും കാട്ടിക്കൊടുക്കുവാന്‍ നിര്‍മ്മലക്കു
സാധിച്ചിട്ടുണ്ടെന്നുള്ളതാണു ഈ കഥകളുടെ വിജയം, അഥവാ എഴുത്തുകാരിയുടെ വിജയം.
കഥകളെല്ലാം ഒന്നിനൊന്നു മെച്ചം (സക്കറിയ തിരഞ്ഞെടുത്ത കഥകള്‍ എങ്ങിനെ മോശമാവും!!).
ജോലിയുടേയും വീടിന്റേയും ഇടയില്‍കിടന്നു നട്ടംതിരിയുന്ന ഒരു പ്രോജക്റ്റ്
ലീഡറുടെ കഥ പറയുന്ന 'ഒരു പ്രതിയും കുറെ അന്യായക്കാരും'; തന്റേതായ ഒരു
ലോകമുണ്ടാക്കി അതില്‍ കഴിയുന്ന സുനന്ദയുടെയും, സുനന്ദയുടെ ഭര്‍ത്താവായ
രാമദാസിന്റേയും കഥ പറയുന്ന 'രാമദാസിന്റെ കനേഡിയന്‍ സായാഹ്നങ്ങള്‍', പിന്നെ
കൂവാതെ പായുന്ന തീവണ്ടിയും, ചില തീരുമാനങ്ങളും, ബീഡിതുമ്പത്തെ
ചാരവുമെല്ലാം എത്ര മനോഹരമായി തനതായ ശൈലിയിലൂടെ ഒട്ടും വാചകക്കസര്‍ത്തോ
വളച്ചൊടിപ്പോഇല്ലാതെ നമ്മുടെ മുന്നില്‍ നിരത്തിയിരിക്കുന്നു ഈ കഥാകാരി.
വ്യത്യസ്ഥമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നുള്ളതാണു ഈ
പുസ്തകത്തിന്റെ പ്രത്യേകത. ഓണസദ്യക്ക് തൂശനിലയില്‍ നിരത്തിയിരിക്കുന്ന
പലതരം വിഭവങ്ങള്‍ പോലെ! ഇരുത്തം വന്ന 'നിര്‍മ്മല എഴുത്തിന്റെ '
മറ്റൊരുദാഹരണം കൂടിയാണു ഈ കഥാസമാഹാരം. ഇനിയും ധാരാളം എഴുതാന്‍ ജഗദീശ്വരന്‍ ഈ
എഴുത്തുകാരിയെ അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും.
അനിത പണിക്കര്‍
ഫിലഡല്‍ഫിയ