Image

കേരളപ്പിറവി കാലത്തെ എന്റെ ജന്മഗ്രാമം (ഭാഗം-1: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 10 December, 2016
കേരളപ്പിറവി കാലത്തെ എന്റെ ജന്മഗ്രാമം (ഭാഗം-1: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
കാലങ്ങള്‍ കഴിയുന്തോറും പരിണാമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഇത് അനിവാര്യമാണല്ലോ ! അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കേരളത്തിന്റെ പ്രകൃതി രമണീയമായ ശാലീന സൗന്ദര്യം എവിടെയോ കൈമോശംവന്നുവോ? 1956 നവംബര്‍ 1 -ന് തിരുവിതാംകൂര്‍, കൊച്ചി , മലബാര്‍, എന്നീ മൂന്ന ഭാഗങ്ങളായി വിഭജിച്ചു കിടന്നിരുന്ന ദേശങ്ങള്‍ യോജിച്ചു കേരളം രൂപീകൃതമായി. ഈ 60 വര്‍ഷങ്ങളിലൂടെ കേരളം വളരെയധികം മാറിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍, ഐ ടി മേഖലയില്‍, ഗ്രാമത്തിന്റെ കെട്ടിലും മട്ടിലും, വിദേശത്തേക്കുള്ള ആളുകളുടെ കുത്തൊഴുക്കില്‍, ഭാഷ, സംസ്ക്കാരം, വസ്ത്രം എന്നിവയിലും, കൂടാതെ അന്യസംസ്ഥാനത്തൊഴിലാളികളുടെ അധിനിവേശം, എല്ലാം തന്നെ കേരളത്തിന്റെ മുഖഛായ വളരെയേറെ മാറ്റിക്കളഞ്ഞിരിക്കുന്നു. 

വിദേശപ്പണത്തിന്റെ വരവു വളരെയേറെ വര്‍ദ്ധിച്ചു, ഗ്രാമശ്രീ നഷ്ടപ്പെട്ടു പോയ എന്റെ ഗ്രാമം ഇപ്പോള്‍ ആധുനികതയുടെ പേക്കോലം പോലെ മാറിയപ്പോള്‍ വിലപിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ! കീടനാശിനിയില്‍ മുക്കിയെടുത്ത പച്ചക്കറികള്‍, മാലിന്യം നിറഞ്ഞ പുഴകള്‍ പരത്തുന്ന മാരകരോഗങ്ങള്‍, കുഴല്‍ക്കണറുകള്‍ ഭൂഗര്‍ഭജലം ചോര്‍ത്തുന്നതിനാല്‍ വെള്ളമറ്റ കിണറുകള്‍, ലോറിയില്‍ എവിടെനിന്നോ കയറ്റിവിടുന്ന വിഷലിപ്തമായ കുടിവെള്ളം എന്നിങ്ങനെ അനേകവിധം മാറ്റങ്ങള്‍ എന്റെ ജന്മനാടിന്റെ പച്ചയാം വിരിപ്പിനെ ഇന്നു വികീര്‍ണ്ണമാക്കിയിരിക്കുന്നു.

എന്റെ കുട്ടിക്കാലത്ത് (1950 കളില്‍) എന്റെ ഗ്രാമം വളരെ ചെറിയ ഒരു ലോകമായിരുന്നു. കാടും, മേടും, പൊടിയും ചെങ്കല്ലും നിറഞ്ഞ വഴിത്താരകളും, പാടവും പുഴകളും, പൂജവയ്പും, പൂവിളിയും, പടയണിയും, പൂത്തിരുവാതിരയും കേളികൊട്ടിയിരുന്ന കടമ്പനാട് എന്ന ശാന്തസുന്ദരമായ ഗ്രാമാരാമം. പ്രഭാതം മുതല്‍ പ്രദോഷം വരെ പാടത്തും പറമ്പിലും തോര്‍ത്തുമുണ്ടുടുത്ത് തലപ്പാളയും വച്ചു പണിയെടുക്കുന്ന പുലയ ആണാളും, മുണ്ടും ജമ്പറും തലയില്‍ തോര്‍ത്തും കെട്ടിയ പെണ്ണാളും. ജോലിക്കാര്‍ക്ക് തമ്പ്രാന്റെ വീട്ടില്‍ നിന്നുമാണ്് ഭക്ഷണം. രാവിലെ കിണ്ണത്തില്‍ കഞ്ഞിയും കപ്പപ്പുഴുക്കും, ഉച്ചയ്ക്ക് കപ്പയും ചോറും ഒന്നോ രണ്ടോ കറികളും, വൈകിട്ടു കാപ്പിയൊന്നം പതിവില്ല. ഒരു ദിവസത്തെ കൂലി എട്ടണ, പെണ്ണാളര്‍ക്ക്് നാലണയും. 

വീടിനു പുറത്തുള്ള വരാന്തയിലിരുത്തിയാണ് ഭക്ഷണം. നെല്ലു വിളഞ്ഞു കിടക്കുന്ന പാടശേഖരങ്ങള്‍, ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന വിളകള്‍ നിറഞ്ഞ തൊടികള്‍, പഴുത്ത ചക്കയും, മാങ്ങയും, അയണിച്ചക്കയും ഒരുക്കിത്തന്ന മാധുര്യം എല്ലാം ഇന്നും കിനാവുകളായി തത്തിക്കളിക്കുന്നു. ഓടിട്ട വീടുകള്‍ വിരളമായിരുന്നു. ചാണകം മെഴുകിയ ഒന്നോ രണ്ടോ കിടപ്പുമുറികള്‍, ചെറിയ അടുക്കള, ഒരു ചെറിയ പൊതുവായ മുറി, ഒരു തിണ്ണ, ഒന്നോ രണ്ടേ കട്ടിലുകള്‍, സോഫായൊന്നുമില്ല, ഒന്നോ രണ്ടോ സ്റ്റൂളുകള്‍, തടിബഞ്ചുകള്‍, ചില ഭവനങ്ങളില്‍ തടിയില്‍ തുണി കോര്‍ത്ത ഒരു ചാരുകസേര, എന്നിവയടങ്ങിയ ഓലമേഞ്ഞ പുരകളുടെ മുകളിലൂടെ വെളുപ്പിനുയരുന്ന വെളുത്ത പുകപടലം, ഒക്കെയായിരുന്നു ഒരു സാധാരണ ഗ്രാമീണ ഭവനത്തിന്റെ കെട്ടും മട്ടും. തടിയില്‍ തീര്‍ത്ത അറയും നിരയും, നിലവറയും, അകത്തളങ്ങളും ഇരുളടഞ്ഞ മുറികളും, മച്ചും, വലിയ അടുക്കളയും, പത്തായപ്പുരയും, നടുമുറ്റവും, നെല്ലറകളും, കളീലും, കന്നുകാലികളെ കെട്ടാനുള്ള എരിത്തിലും, നീണ്ടു പരന്നു കിടക്കുന്ന മണല്‍മുറ്റവും, പടിപ്പുരയും, പ്രാവിന്‍കൂടും, പരിചാരകരും ഒക്കെ അടങ്ങുന്ന വലിയ തറവാടുകളും എന്റെ ഗ്രാമത്തിന്റെ പ്രൗഢത വിളിച്ചേുതുന്നവയായിരുന്നു.

ഇന്ന് ആ തറവാടുകള്‍ നാമാവശേഷമായി, കുടിലുകള്‍ മിക്കവയും കോണ്‍ക്രീറ്റു കെട്ടിടങ്ങളായി. തമ്പ്രാനും അടിയാനും എന്ന അന്തരം അലിഞ്ഞില്ലാതെയായി. ഓഛാനിച്ചു നില്‍ക്കുന്ന പരിചാരകവൃന്ദം ഓര്‍മ്മയില്‍ നിന്നു പോലും മാഞ്ഞുപോയി. അന്ന് വിദൂരദേശങ്ങളായ സിംഗപ്പൂര്‍, പേര്‍ഷ്യ, അമേരിക്ക തുടങ്ങിയ കണ്ണും കാലും എത്താത്ത ദേശങ്ങളെപ്പറ്റി വിരളമായേ ഞാന്‍ കേട്ടിരുന്നുള്ളു. 

 വര്‍ത്തമാനപ്പത്രങ്ങളും സുലഭമായിരുന്നില്ല. ടാറിടാത്ത റോഡുകള്‍, ചെരുപ്പിടാത്ത കാലുകള്‍, ബസുകളുടെ ദൗര്‍ലഭ്യം മൂലം വിയര്‍ത്തൊലിച്ചു നടന്നുനീങ്ങുന്ന, ഒറ്റമുണ്ടും തോളില്‍ തോര്‍ത്തും, മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും, ധരിച്ച പുരുഷന്മാര്‍, കാല്‍നടക്കാര്‍, തലച്ചുമടുകാര്‍, ഗ്രാമീണ വേഷത്തില്‍ (മുണ്ടും റൗക്കയും) സ്ത്രീജനങ്ങള്‍, മുണ്ടും ചട്ടയും നേരിയതും ധരിച്ച നസ്രാണിനികള്‍, പാവാടയും ബ്ലൗസും അണിഞ്ഞ് ഈറന്‍ മുടിത്തുമ്പില്‍ തളസിക്കതിര്‍ ചൂടിയ തളിര്‍ യൗവ്വനക്കാര്‍, സാരി ധരിച്ച ചുരുക്കം യുവതികള്‍, വള്ളിനിക്കറിട്ട് കളിപ്പന്തും വട്ടും കളിക്കുന്ന കൗമാരക്കാര്‍, നിക്കറും അരക്കയ്യന്‍ ഷര്‍ട്ടും ധരിച്ച സ്കൂള്‍ ആണ്‍കുട്ടികള്‍, കുളക്കടവിലും ആറ്റുവക്കിലും അരങ്ങേറുന്ന മുലക്കച്ച കെട്ടിയ തരുണീമണികളുടെ കുളിരംഗങ്ങള്‍, കൗമാര നീരാട്ടങ്ങള്‍, കുടമണി തൂക്കിയ കാളകള്‍ വലിയ്ക്കുന്ന കാളവണ്ടികളുടെ ഘടഘടാരവം, കാളവണ്ടിയില്‍ കൃഷിസാധനങ്ങളുമായി വളരെ ദൂരം യാത്രചെയ്തും, തലച്ചുമടുമായി നടക്കുന്നവര്‍ ക്ഷീണിയ്ക്കുമ്പോള്‍ വഴിവക്കിലെ ചുമടുതാങ്ങിയില്‍ ചുമടിറക്കി ആശ്വസിക്കല്‍, ആഴ്ചച്ചന്തകളിലേക്കുള്ള ഗ്രാമീണരുടെ ദീര്‍ഘയാത്ര, ഒക്കെ എന്റെ ഗ്രാമീണ പരവതാനിയിലെ വര്‍ണ്ണരാജികളായിരുന്നു. 

നാല്‍ക്കവലയിലെ ചായക്കടയില്‍ ഒത്തുകൂടി ജാതിമതേേഭദമെന്യേയുള്ള സൗഹൃദം പങ്കുവയ്ക്കല്‍, അക്കൂട്ടത്തിലുള്ള അക്ഷരാഭ്യാസിയുടെ ഉച്ചത്തിലുള്ള പത്രവായന, മലമുകളിലെ അമ്പലത്തിലെ പ്രഭാതകീര്‍ത്തനം, ക്രിസ്തീയ ദേവാലയത്തിലെ സാന്ദ്രമണിനാദം, മുസ്ലീംദേവാലയത്തിലെ വാങ്കുവിളി, ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഗ്രാമാതിര്‍ത്തിയിലെ റോഡില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കല്‍ക്കരി കൊണ്ടോടിച്ചിരുന്ന, വശങ്ങള്‍ തുറന്ന, ടാര്‍പ്പൊളിന്‍ തൂക്കിയ ബസുകള്‍, ആഴ്ചയിലൊരിക്കല്‍ ആകാശത്തു മിന്നിമറയുന്ന കൊച്ചു വിമാനം കാണുവാന്‍ ആര്‍ത്തിയോടെ മുറ്റത്തേയ്ക്കുള്ള കുതിപ്പ്, ഒക്കെ ഇന്നു ഭൂതകാലത്തിന്റെ ചവറ്റു കുട്ടയില്‍ മുങ്ങിക്കഴിഞ്ഞു. 

കൈവിരലിലെണ്ണാന്‍ മാത്രമുള്ള പരുത്തിവസ്ത്രങ്ങള്‍ ശനിയാഴ്ച സോപ്പിട്ടലക്കി ഉണക്കിയെടുത്തു ധരിച്ച് നാഴികകള്‍ നടന്നുള്ള വിദ്യാലയ തീര്‍ത്ഥയാത്ര, ഞായറാഴ്ചകളിലെ ദേവാലയ തീര്‍ത്ഥാടനം, അവധിക്കാലങ്ങള്‍ക്കുവേണ്ടി ആര്‍ത്തിയോടെയുള്ള കാത്തിരുപ്പ്, അവധിക്കാലം വരുമ്പോള്‍ ചെരിപ്പിടാത്ത പിഞ്ചുകാലുകള്‍ പെറുക്കിവച്ച്് ദീര്‍ഘദൂരം നടന്നും ബസുകേറിയും അമ്മവീട്ടില്‍പ്പോകാനും പുത്തനുടുപ്പു കിട്ടാനും ഉള്ള തിക്കല്‍, ഒക്കെയും എന്നുും മധുരിക്കുന്ന കിനാവുകളായിരുന്നു. റ്റി.വി. ഇല്ലാത്തതിനാല്‍ വീട്ടില്‍ മാതാപിതാക്കളും കുട്ടികളുമൊത്തുസന്ധ്യയ്ക്കു വട്ടംകൂടി കഥപറഞ്ഞിരിക്കാന്‍ ധാരാളം സമയം. വൈദ്യുതിയും പൈപ്പുവെള്ളവും എത്തിനോക്കാത്ത ഗ്രാമത്തില്‍ ഓട്ടുപാത്രങ്ങള്‍ ചാരംതേച്ചു മിനുക്കി വെളുപ്പിനു തന്നെ വെള്ളംകോരി നിറച്ചിരുന്നു. സന്ധ്യയ്ക്കു കൊളുത്തി വച്ച നിലവിളക്കുകളാല്‍ ഗ്രാമസന്ധ്യകള്‍ പ്രകാശമാര്‍ന്നു. ഓരോ കുഞ്ഞിനും അതിനു ചെയ്യാവുന്ന ജോലി ഉണ്ടായിരുന്നു. ആടിനെ തീറ്റുക മുതല്‍ വീട്ടു ജോലികള്‍ കുട്ടികളുടെ പ്രായമനുസരിച്ചു വിഭജിച്ചു കൊടുത്തിരുന്നു. മണ്ണെണ്ണ ഒഴിച്ചു കത്തിയ്ക്കുന്ന മുനിഞ്ഞുകത്തുന്ന തകരവിളനും ഓട്ടുവിളനും നല്‍കിയ മങ്ങിയ വെളിച്ചത്തിലായിരുന്നു അത്താഴം കഴിക്കലുംകു ട്ടികളുടെ പഠിത്തവും സന്ധ്യാപ്രാര്‍ത്ഥനയും എല്ലാം. സന്ധ്യാനേരം പ്രാര്‍ത്ഥനാ മന്ദ്രധ്വനിയില്‍ എന്റെ ഗ്രാമാന്തരീക്ഷം മുഖരിതമായിരുന്നു. അല്പം സാമ്പത്തിക സൗകര്യമുള്ള വീടുകളില്‍ റേഡിയോ ഉണ്ടായിരുന്നു, അതിനു ചുറ്റും വിരളമായി ലഭിക്കുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ആവേശത്തോടെ അയല്‍ക്കാര്‍ കൂടിയിരുന്നു.

(തുടരും)
കേരളപ്പിറവി കാലത്തെ എന്റെ ജന്മഗ്രാമം (ഭാഗം-1: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Ponmelil Abraham 2016-12-11 05:16:06
Madhurikkum Poorvakala smaranakal.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക