Image

മാജിക് റിയലിസം (ലേഖനം: ജോണ്‍ മാത്യു)

Published on 22 December, 2016
മാജിക് റിയലിസം (ലേഖനം: ജോണ്‍ മാത്യു)
സാഹിത്യസമ്മേളനങ്ങളില്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട് "എന്താണ് മാജിക് റിയലിസം?' എന്നാല്‍ ഒരു തുടര്‍ച്ച ഒരിക്കലും കണ്ടിട്ടുമില്ല, ആരെങ്കിലും ഒരു പത്തു മിനിട്ടെടുത്ത് ഒരു നിര്‍വ്വചനം കൊടുത്തിട്ടുമില്ല.

കുറേക്കാലം മുമ്പ് പ്രഭാഷണത്തിനിടയില്‍ ഒരു പ്രൊഫസര്‍ പറഞ്ഞു: "നിങ്ങള്‍ എഴുതുന്നത് എവിടെ നില്‍ക്കുന്നുവെന്ന് പറയുന്നത് ഞങ്ങളുടെ ജോലിയാണ്, പ്രസ്ഥാനങ്ങളായി തരം തിരിക്കുന്നതും. നിങ്ങള്‍ എഴുതുക മാത്രം ചെയ്യുക.'

ഒരു പിരിധിവരെ ഞാനിത് അംഗീകരിക്കുന്നു, പക്ഷേ, പാശ്ചാത്യ നാടുകളില്‍ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി അതിനുവേണ്ടി മാത്രം എഴുതുന്നവരുണ്ടായിരുന്നു. എന്നാല്‍ ഏറെ അനുകരിക്കയും കാലം മാറുന്നതിനനുസരിച്ച് സ്വന്തം എഴുത്തിനെത്തന്നെ തള്ളിപ്പറയുന്ന വരുമാണ് നമ്മുടെ ദേശത്ത് അധികം.

മലയാളത്തില്‍ നിന്ന് ഒരു കൃതിയും വിശ്വസാഹിത്യത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലായെന്ന് ഞാനെഴുതിയാല്‍ വിയോജനക്കുറിപ്പുണ്ടാകാം. കുറെ പരിഭാഷകളുണ്ട്, തീര്‍ച്ച, പക്ഷേ അത് ഏതെങ്കിലും സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടോ, എവിടെയെങ്കിലും കാര്യമായി ചര്‍ച്ചക്കെടുത്തോ? നമ്മുടെ ചില സാഹിത്യകാരന്മാര്‍ "വിശ്വ'ന്മാരാണെന്ന് നാം തന്നെയാണ് പറഞ്ഞുകൊണ്ടു നടക്കുന്നത്. നമ്മുടെ പരിഭാഷകളെല്ലാം തികഞ്ഞ പരാജയമായിരുന്നെന്നും ഞാനിവിടെ എഴുതുകയാണ്. ഇവിടെ നല്ല എഴുത്തുകാരുണ്ട്, ഉണ്ടായിരുന്നു. ലോകസാഹിത്യത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നേ ഞാന്‍ പറയുന്നുള്ളു.

പറഞ്ഞു വന്നത് മാജിക് റിയലിസമായിരുന്നുവല്ലോ. മാന്ത്രിക യാഥാര്‍ത്ഥ്യമെന്ന് മലയാളത്തില്‍. ഏതാണ്ടൊരു അമ്പതു വര്‍ഷക്കാലമായി ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകളില്‍ നിന്നാണ് ഈ ശൈലി ലോകശ്രദ്ധ ആകര്‍ഷിച്ചതും അനുകരണീയമായതും. സാമൂഹിക-സാഹിത്യ-വേദശാസ്ത്ര-രാഷ്ട്രീയ രംഗങ്ങളില്‍ ലാറ്റിന്‍ അമേരിക്ക അമ്പതുകള്‍ മുതല്‍ മുന്‍നിരയിലാണ്. ഒളിപ്പോരുകളും ലിബറേഷന്‍ തിയോളജിയും ഓര്‍മ്മയില്ലേ. അതായത് കുറേക്കാലമായി റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും "വിപ്ലവം' തെക്കേ അമേരിക്കയില്‍ കുടിപാര്‍ക്കാന്‍ തുടങ്ങി. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ സാഹിത്യ-കലാരംഗങ്ങളില്‍ നിറഞ്ഞുനിന്ന, റൊമാന്റിസത്തിന്, അല്ലെങ്കില്‍, കാല്പനികതയ്ക്ക് മറുപടിയുമായി എത്തിയതാണ് റിയലിസം-കൊളോണിയലിസ കാലത്തെ അടിമത്തവും ദാരിദ്ര്യവും ശ്രദ്ധയില്‍പ്പെടുത്താന്‍. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ ജീവിത ദു:ഖങ്ങള്‍ പച്ചയായി ചിത്രീകരിച്ചിരുന്നതു കൊണ്ട് ഇത് വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും ആവേശമായി; അല്ല, ആവശ്യമായി!

മലയാളത്തില്‍ ക്ലാസിക് ആഖ്യായികളില്‍ നിന്ന്, കവിത്രയങ്ങളുടെ കാല്പനിക കൃതികളില്‍ നിന്ന് നാല്പതുകളിലും അമ്പതുകളിലും മലയാളസാഹിത്യം റിയലിസത്തിലേക്കു മാറി. സാഹിത്യം എന്നാല്‍ "റിയലിസം' അങ്ങനെയായിരുന്നു അക്കാലത്തെ ധാരണ! അതെ, നമ്മുടെ പുരോഗമനപ്രസ്ഥാനം തന്നെ.

ഇന്നും ഓര്‍ക്കുന്നു, അറുപതുകളായപ്പോഴേക്കും സാഹിത്യ ചര്‍ച്ചകളില്‍ റിയലിസത്തെ തള്ളിപ്പറഞ്ഞുകൊണ്ട്, വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍, പഠനങ്ങള്‍! തകഴിയോ ദേവോ ഭാസിയോ പൊന്‍കുന്നം വര്‍ക്കിയോ സാഹിത്യത്തിലെ അവസാന വാക്കല്ല, അവരുടെ റിയലിസം അഥവ പുരോഗമനം കപടമാണ്, രാഷ്ട്രീയക്കളികളുടെ ഭാഗമാണ് എന്നെല്ലാമായിരുന്നു ആധുനികതയോട് അടുത്തുനിന്ന എഴുത്തുകാരും നിരൂപകരും അക്കാലത്ത് പറഞ്ഞിരുന്നത്. അവര്‍ ആ "പുരോഗമന' തലമുറയെ അംഗീകരിച്ചില്ല.

അമ്പതുകളില്‍, നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ വായിച്ചിട്ടില്ലാത്ത, ഇബ്‌സന്‍ നാടകങ്ങള്‍ മലയാള നാടകവേദി വാരിക്കോരിയങ്ങ് അനുകരിച്ചു. പാവം മലയാളികള്‍! ഗ്രാമീണ നാടകകൃത്തുക്കള്‍ അനുകരണത്തിനുമേല്‍ അനുകരണവുമായി വന്നു. നോര്‍വീജിയന്‍ നാടകകൃത്തായിരുന്ന ഹെന്‍റിക്ക് ഇബ്‌സന്‍, റഷ്യന്‍ കഥാകൃത്തായ ആന്റണ്‍ ചെക്കോവ് തുടങ്ങിയവരായിരുന്നു റിയലിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാള വായനക്കാരും അന്ന് ഈ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു. ഇടനെഞ്ചു വിങ്ങുന്ന കദന കഥയും പ്രതീക്ഷിച്ച്.

മാജിക് റിയലിസം സാഹിത്യത്തിലെ ഒരു പ്രസ്ഥാനമല്ല, അതൊരു ശൈലിയാണ്. രാഷ്ട്രീയ പ്രചരണങ്ങളുടെ പിടിയിലമര്‍ന്ന റിയലിസത്തിന് സ്വാഭാവികമായ നര്‍മ്മം പകര്‍ന്നുകൊടുത്ത് മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയാണ് മാജിക് റിയലിസം ചെയ്തത്. മാജിക് റിയലിസവുമായി ബന്ധപ്പെടുത്തി ലാറ്റിന്‍ അമേരിക്കയില്‍ നിരവധി എഴുത്തുകാരുണ്ടെങ്കിലും ഗബ്രിയേല്‍ ഗ്രാഷ്യ മാര്‍ക്കസിനെ ഈ ശൈലിയുടെ ആകമാന പ്രതിനിധിയായി ഓര്‍ത്തുപോകുകയാണ്.

വിവിധ സന്ദര്‍ഭങ്ങളില്‍ സാഹിത്യ ചര്‍ച്ചാസമ്മേളനങ്ങളില്‍ കേട്ടതായ ചില കാര്യങ്ങള്‍: നാടകം ഒരിക്കലും ജീവിതമല്ല, അതു നാടകമെന്ന കലാരൂപമാണ്, അതുപോലെ സാഹിത്യം സാഹിത്യമായിത്തന്നെയാണ് വായിക്കേണ്ടത്, ശൈലിയുടെയോ പ്രസ്ഥാനങ്ങളുടെയോ മുന്‍വിധിയില്ലാതെ.

ഇവിടെ ഒരു പൊതുധാരണയില്‍ എത്തിച്ചേരുന്നത് ഏറെ വിഷമം പിടിച്ച പണിയാണ്. ഓരോ കൃതിയും തങ്ങളുടെ ജീവിതത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് വ്യത്യസ്തമായിരിക്കുമല്ലോ. ഓരോ കൃതിക്കും അതു രൂപപ്പെട്ടതിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലവുമുണ്ട്. കലാസൃഷ്ടികള്‍ ജീവിതരീതിയുടെ ഭാഗമാണെങ്കിലും അതൊരിക്കലും പൂര്‍ണ്ണമായി ജീവിതമാകുന്നില്ല. ഉദാഹരണത്തിന് ഏതാനും വാക്കുകളോ അല്ലെങ്കില്‍ വരകളോ മതി ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍. പക്ഷേ, ആ കഥാപാത്രത്തിന്റെ ഒരു ചെറിയഭാഗം മാത്രമെ പകര്‍ത്തിയിട്ടുള്ളു. അവിടെ നിന്നും വായനക്കാരാണ് ഒരു വലിയ ചിത്രം രൂപപ്പെടുത്തുന്നത്, അല്ലാതെ കഥാകൃത്തല്ല.

പലപ്പോഴും കേള്‍ക്കാറുണ്ട് മലയാളസാഹിത്യം കേരളത്തിലും അമേരിക്കയിലും ഒന്നാണെന്ന്. ഒരിക്കലും അല്ല എന്നാണ് എന്റെ അഭിപ്രായം. ദീര്‍ഘകാലം വിദേശത്തു ജീവിച്ചവര്‍ എഴുതുന്നത് മലയാളം എന്ന ഭാഷയില്‍, മലയാള ലിപിയില്‍ ആയിരിക്കാം. പക്ഷേ, ശൈലിയും ബിംബങ്ങളും വ്യത്യസ്തമാണ്. ഒരു കൃതി പൂര്‍ണ്ണമാകുന്നതിന് വിവിധ അനുഭവങ്ങള്‍ ഒത്തുചേരുകയാണ്. അതുകൊണ്ടാണ് താരതമ്യപഠനമായ ഒരു സാഹിത്യചരിത്രം തന്നെ അപ്രസക്തമായി തീരുന്നത്. സാഹിത്യകൃതികളും കലാസൃഷ്ടികളും ഉണ്ടായിവരികയാണ്, അനുഭവങ്ങളില്‍ നിന്ന്, ജീവിത പശ്ചാത്തലത്തില്‍ക്കൂടി ഉരുത്തിരികയാണ്. ഒരിക്കല്‍ ഒ.വി. വിജയന്‍ പറഞ്ഞു: ഞാനെങ്ങനെയാണ് "ഖസാക്കിന്റെ ഇതിഹാസം' എഴുതിയതെന്ന് എനിക്കുതന്നെ അറിയില്ലായെന്ന്.

സ്പാനീഷ്-പോര്‍ച്ചുഗീസ് കുടിയേറ്റക്കാര്‍ നൂറ്റാണ്ടുകളില്‍ക്കൂടി ആദിവാസികളായ അമേരിക്കന്‍-ഇന്ത്യാക്കാരുമായി അടുത്തിടപഴകി. അതുകൊണ്ടുതന്നെ അവരുടെ ഗ്രാമീണ ജീവിതം തികച്ചും സ്വാഭാവികമായി. നാട്ടിന്‍പുറങ്ങളില്‍ മിത്തുകളും അമ്മൂമ്മ കഥകളും നിറഞ്ഞ പൊതുവായ ഒരു ഗ്രാമീണശൈലി രൂപപ്പെട്ടു. ഇവരുടെ ദൈനംദിന ജീവിതത്തിലെ യാഥാര്‍ത്ഥ്യമെന്ന് പറയുന്നത് നേര്‍ക്കാഴ്ചകള്‍ക്കപ്പുറമായ അതിശയോക്തിയാണ്. തുറന്ന ആകാശത്തിന്‍ കീഴിലുള്ള ജീവിതത്തിന്റെ പ്രകൃതിദത്തമായ സംഭാവന. നമ്മുടെ പഴയ ഗ്രാമീണ രീതികള്‍പ്പോലെ. അതുകൊണ്ടാണ് മലയാളസാഹിത്യത്തിലേക്കും ഞാനൊന്ന് എത്തിനോക്കുന്നത്. ഇവിടെ ഒരു ചോദ്യം: ലാറ്റിന്‍ അമേരിക്കയുടെ മാത്രം സൃഷ്ടിയാണോ ഈ മാജിക് റിയലിസം? അല്ല. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് മാജിക് റിയലിസമെന്ന വാക്കുകള്‍ കേള്‍ക്കുന്നതിനു മുമ്പുതന്നെ നമ്മുടെ വൈക്കം മുഹമ്മദ് ബഷീര്‍, സി.ജെ. തോമസ്, വി.കെ.എന്‍ തുടങ്ങിയവര്‍ ഈ ശൈലി പ്രയോഗിച്ചവരാണ്. അതിനൊരു പേര്, അംഗീകാരം ആരും കൊടുത്തില്ല, ഇംഗ്ലീഷില്‍ക്കൂടി കയറിയിറങ്ങിയില്ല. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' പ്രചാരത്തിലെത്തിയപ്പോള്‍ ഈ "മാജിക്' തെക്കേ അമോരിക്കയുടെ അത്ഭുതമായി. വിദേശത്തുനിന്നെത്തുന്നത് കണ്ണുമടച്ച് സ്വീകരിക്കാന്‍ നമുക്ക് മടിയില്ലല്ലോ. നമ്മുടെ എഴുത്തിന്, വിപ്ലവത്തിന്, അറിവിന് എല്ലാം അവസാന വഴികാട്ടിയായി ലാറ്റിന്‍ അമേരിക്കയെ മലയാള ബുദ്ധിജീവികള്‍ തോളിലേറ്റി. ഇന്നും!

പഠിച്ച് പരീക്ഷിക്കാവുന്ന ഒരു ശൈലിയല്ല ഈ മാജിക് റിയലിസം. റിയലിസത്തിന്റെ അടിസ്ഥാനപരമായ തത്ത്വം അംഗീകരിക്കുകയും അതിനൊപ്പം വാക്കുകളുടെ പ്രയോഗങ്ങള്‍ കൈവെള്ളയിലിട്ട് അമ്മാനമാടുകയും ചെയ്യുന്നതാണ് എന്റെ അഭിപ്രായത്തില്‍ മാജിക് റിയലിസം. കൂടാതെ ആഖ്യാനത്തില്‍ നാടന്‍ വിശ്വാസങ്ങളെ സ്വാഭാവികമായ നര്‍മ്മത്തില്‍ ചാലിച്ച് എഴുതുകയും വേണം. ഒരു മാജിക് റിയലിസ്റ്റ് കൃതി പൂര്‍ണ്ണമായി ആസ്വദിക്കണമെങ്കില്‍ വായനക്കാരന്റെ പക്ഷത്തു നിന്നും മുന്നൊരുക്കങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.

ഒരാള്‍ മാജിക് റിയലിസ്റ്റായി ജനിക്കുകയാണ്. ഒ.വി. വിജയന്‍, വി.കെ.എന്‍., എം.പി. നാരായണപിള്ള തുടങ്ങിയവരോട് സംസാരിച്ചിട്ടുള്ളവര്‍ക്കറിയാം അവരുടെ സാധാരണ സംഭാഷണങ്ങളില്‍പ്പോലും എന്തെന്ത് നര്‍മ്മ പ്രയോഗങ്ങളാണുണ്ടായിരുന്നതെന്ന്, എന്തെന്ത് കഥകളാണുണ്ടായിരുന്നതെന്ന്.

നാം ജീവിക്കുന്ന നാടിനെ ഉള്‍ക്കൊള്ളാതെ, അതിന്റെ രീതികള്‍ അറിയാതെ, ഭാഷയില്‍ വ്യാകരണ നിയമങ്ങള്‍ക്കപ്പുറമായ അമിത സ്വാതന്ത്ര്യമെടുക്കാനുള്ള ധൈര്യമില്ലാതെ, പുതിയ വാക്കുകള്‍ കണ്ടെത്താതെ, സ്വാഭാവികമായ നര്‍മ്മമില്ലാതെ, അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാതെ മാജിക് റിയലിസ്റ്റ് ശൈലിയുടെ ഉടമയാകാന്‍ കഴിയുകയില്ല.

ഇന്നത്തെ ലോകത്ത് എന്തും വിലയ്ക്കുവാങ്ങാം; അതു കവിതയോ കഥയോ എന്തായാലും, അകമ്പടിക്ക് അലങ്കാര ആനകളെയും. പക്ഷേ, ശൈലി, ദര്‍ശനം തുടങ്ങിയവ അത്തരക്കാര്‍ക്ക് ഒരു കീറാമുട്ടിയായി ശേഷിക്കുന്നു. ഇവിടെയാണ് അവസാനത്തെ വാക്കുമായി, അവസാനത്തെ മന്ദഹാസവുമായി മാജിക് റിയലിസത്തിന്റെ പ്രസക്തി.
Join WhatsApp News
john 2016-12-22 11:51:07
Informatic....
Thank you t
John Philip 2016-12-22 15:55:09
എന്തോന്നാ ഇതൊക്കെ സാറേ, ഞങ്ങൾക്ക് വല്ല
പള്ളികാര്യമോ, രാഷ്ട്രീയമോ, വിലകുറഞ്ഞ
ഹാസ്യമോ ഒക്കെയല്ലാതെ വലിയ കാര്യങ്ങൾ
ഒന്നും മണ്ടയിൽ കയറില്ല. പിന്നെ ഇവിടത്തെ എഴുത്തുകാർക്കും ഇതൊന്നും അറിയുമെന്ന് തോന്നുന്നില്ല

വിദ്യാധരൻ 2016-12-23 08:31:53

വിശിഷ്‌ടമായ രംഗങ്ങളോ പ്രതിബിംബങ്ങളോ ഉപയോഗിച്ച് തന്‍മയത്വവും  കാല്പനികതയും കലർത്തി അതിസൂക്ഷമതയോടെ  നടത്തുന്ന ചിത്രരചനയാണ് മാജിക് റിയലിസം. ഇതിൽഅസ്വാഭാവികമായ്  സ്വാഭാവികത ദർശിക്കാൻ കഴിയും . ലാറ്റിൻ അമേരിക്കയിൽ ഉടലെടുത്തതാണ് ഈ പ്രസ്ഥാനം.

റിയലിസവും റിയാലിറ്റിയും
       വയലാർ
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്‌
താമസിക്കുന്നതിനാട്ടിൽ
കന്നിനിലാവുമിളംവെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങും; മുറക്കത്തിൽ
ലൊന്നേ മനസ്സിനു മോഹം
ഒന്നിച്ചുണരു-മുണർന്നെഴുന്നേൽക്കുമ്പോ-
ളൊന്നെ മിഴികളിൽ ദാഹം

ഗ്രാമാന്തരംഗയമുനയിൽപ്പൂത്തൊരാ-
ത്താമരപ്പൂവുകൾതോറും
എന്നിലെ സ്വപ്‌നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലതുമ്പികൾപോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളി-
ലോമനനൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾപോ-
ലെന്നനുഭൂതികൾ നീന്തും

മനോഹരമായ വയലാറിന്റെ ഈ കവിതയിൽ മാജിക് റിയലിസത്തിന്റെ എല്ലാ ഘടകങ്ങളെയും കവി കൂട്ടി ചേർത്തിട്ടുണ്ട് ഈ കവിതയിൽ അസ്വാഭാവികമായ്  സ്വാഭാവികത ദർശിക്കാൻ കഴിയും. കവി തിരഞ്ഞെടുത്തിരിക്കുന്ന വൃത്തത്തിനു തന്നെ ഇന്ദ്രജാലം സൃഷ്ടിക്കാൻ കഴിയും. ഇതെല്ലാം കളഞ്ഞിട്ടു ആധുനികതയുടെ പുറകെ പോകുന്ന അലസരായ കവികളെ ഓർത്ത് ദുഃഖിക്കുന്നു. അവരുടെ കവിതകൾക്ക് മനുഷ്യമനസ്സിൽ ഒരിക്കലും ഇടം തേടാൻ കഴിയില്ല    


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക