ഡിസംബറിന്റെ അവസാന നാളുകളില്‍ ജനുവരിയെ നോക്കിക്കാണുമ്പോള്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. അടുത്ത വീട്ടില്‍ പുതുതായി താമസത്തിനെത്തിയ പെണ്‍കുട്ടിയെ ഒളിഞ്ഞും മറഞ്ഞും കാണാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരനെ പോലെയാണ് ഡിസംബര്‍. തന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ കുത്തിനിറച്ച് ഒരുപാട് പ്രതീക്ഷകളോടെയാണ് ജനുവരിയിലേക്കുള്ള എത്തിനോട്ടം. തികച്ചും അവ്യക്തമായ ഒന്നിനെക്കുറിച്ചോര്‍ത്ത് ജീവിതതാളം പോലും മാറുന്ന കാഴ്ച രസകരമാണ്.
നിറം മങ്ങിത്തുടങ്ങിയ പഴയ കലണ്ടര്‍ മാറ്റി അതേ ഭിത്തിയില്‍ പുതിയത് സ്ഥാനം പിടിക്കുമ്പോള്‍, വാടിയ ഇലകള്‍ കൊഴിഞ്ഞ് പോയിട്ട് പുതുനാമ്പുകള്‍ മുളയ്ക്കുന്ന ചെടികള്‍ക്കുണ്ടാകുന്ന ഉണര്‍വ്വ് മനസ്സുകളില്‍ വിരുന്നെത്തും. പാളിപ്പോയ പദ്ധതികള്‍ തിരുത്തലുകളോടെ പുനര്‍ സൃഷ്ടിയ്ക്കാനുള്ള അവസരമായി വീണ്ടും 365 ദിവസങ്ങള്‍ നെഞ്ചുവിരിച്ചു നില്‍ക്കുമ്പോള്‍ ചാരിക്കിടന്ന് ആശ്വസിക്കാന്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സുഖമുണ്ട്.
പ്രകൃതിയുടെ ഗതി നിര്‍ണ്ണയിക്കുന്നതുപോലും മാറ്റങ്ങളാണ്. പ്യൂപ്പയില്‍ നിന്ന് ചിത്രശലഭത്തിലേയ്ക്കുള്ളതു പോലുള്ള മാറ്റങ്ങള്‍ സാധ്യമാക്കുന്ന കാലത്തിന് കഴിയാത്തതായി ഒന്നു തന്നെയില്ല. മുന്നോട്ടുള്ള കുതിപ്പിന് കരുത്തേകുന്ന ഈ പ്രത്യാശയാണ് ജനമനസ്സുകളെ 'പുതുവര്‍ഷപ്പിറവി' ഒരു ആഘോഷമാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന ഘടകം
ആഘോഷങ്ങള്‍ക്ക് പല മുഖങ്ങളാണ്. നഗരവല്‍കൃത ജീവിതങ്ങള്‍ക്ക് അത് സുഹൃത്തുക്കളുമൊന്നിച്ചുള്ള 'ഡി.ജെ പാര്‍ട്ടികള്‍' ആണെങ്കില്‍ സാധാരണക്കാര്‍ കുടുംബവുമൊന്നിച്ച് സ്വസ്ഥമായി ചെലവിടുന്ന സ്വകാര്യതയില്‍ സന്തോഷം കണ്ടെത്തും എങ്ങനെ ആണെങ്കിലും, ഏവരും പുതുവര്‍ഷാരംഭത്തെ എതിരേല്‍ക്കുന്നത് സ്വപ്നച്ചിറകുകള്‍ വിരിയിച്ചാണെന്നതിന് തര്‍ക്കമില്ല.
2016 സമാപിക്കാന്‍ പോകുമ്പോള്‍, സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ന്യൂ ഇയര്‍ റെസല്യൂഷന്‍സിനെ കുറിച്ചാണ്. ഓരോ വര്‍ഷവും അവസാനിക്കുന്നതോടൊപ്പം കുഴിച്ചുമൂടുമെന്ന് പ്രതിജ്ഞ എടുക്കുകയു ഇടയ്ക്ക് വച്ച് വീണ്ടും തുടരുകയും ചെയ്യുന്നവയെന്ന് പുച്ഛിച്ച് ഈ വര്‍ഷം അത്തരം ശപഥങ്ങള്‍ വേണ്ടെന്ന് ഉറപ്പിച്ചവരുടെ സ്റ്റാറ്റസ് അപ്ഡേഷന്‍ ആണ് അധികവും. അത്തരക്കാരോട് ഒന്നേ പറയാന്‍ കഴിയു. 'കാണുന്ന സ്വപ്നങ്ങള്‍ എല്ലാം നടക്കണമെന്ന് ശഠിക്കരുത്. നൂറ് കിനാവുകള്‍ കണ്ടാല്‍, അതില്‍ ആറെണ്ണമെങ്കിലും ഫലിക്കാതെ വരില്ല. ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ സമീപിക്കണം.'
നമ്മള്‍പോലും അറിയാതെ ആന്തരികമായും ബാഹ്യമായും നമ്മള്‍ മാറ്റങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്, നവീകരിക്കുന്നുണ്ട്, നവീകരിക്കപ്പെടുന്നുമുണ്ട്. പല കാര്യങ്ങളിലും അഞ്ച് വര്‍ഷങ്ങള്‍ മുന്‍പായിരുന്നെങ്കില്‍ എടുക്കുമായിരുന്ന തീരുമാനമായിരിക്കില്ല, ഇപ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുക. മാറ്റമില്ലെന്ന് സ്വയം വിശ്വസിക്കുമ്പോഴും, കാലത്തിനൊപ്പം കൈവന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ ഒരു ആത്മപരിശധന നടത്തുകയേ വേണ്ടൂ. അതുകൊണ്ടു തന്നെ 2016ല്‍ കൂടെ ഉണ്ടായിരുന്ന ഏതൊക്കെ ശീലങ്ങള്‍ തുടരണമെന്നും അവലോകനം നടത്തിയാല്‍ അത് 2017നെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായകമാകും.
ലക്ഷ്യമേതുമില്ലാതെ സ്വപ്നം കാണാന്‍ കഴിയാത്തത്ര ഉയരത്തില്‍ എത്തപ്പെടുന്നതിനെക്കാള്‍ ആത്മസംതൃപ്തി ലഭിക്കുന്നത് ആഗ്രഹിച്ചത് നേടി എടുക്കുമ്പോള്‍ ആണെന്ന് തിരിച്ചറിവ് ഉണ്ടാകണം. ഒരു നിമിഷം കണ്ണടച്ച് നിങ്ങളുടെ മനസ്സെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാന്‍ ശ്രമിച്ചശേഷം അതിനായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങിയാല്‍, അതാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഏറ്റവും നല്ല രീതി.
ഇ-മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
മീട്ടു റഹ്മത്ത് കലാം