ഇതു വാള്‍ട് വിറ്റ്മാന്‍ റോഡ്
മണിക്കൂറിന് നാല്പത് മൈല്‍ വേഗപരിധി.
എനിക്കും എന്റെ വണ്ടിക്കും
മാത്തുക്കുട്ടിച്ചായന്റെ വീട്ടിലെ
രാത്രിപ്പാര്‍ട്ടി സമ്മാനിച്ച
ഹാങ്ങ് ഓവര്‍ മാറിയിരുന്നില്ല.
ബ്ലാക്ക് ലേബല്‍ പൂഴ്ത്തി
ഡൂക്കിലി റമ്മില്‍
കറുത്തമ്മേം പരീക്കുട്ടിയും
പെരിയാറും പെരിയ പട്ടാളക്കഥകളും
വിളമ്പിത്തന്ന സ്‌നേഹം.
പിന്നെ കുണുക്ക് കേറി
നേരം വെളുത്തത് മിച്ചം.
ഹേയ് വിറ്റ്മാന്‍,
നിന്റെ വീടിനും എന്റെ ജോലിക്കും ഇടയ്ക്ക്
അസ്വാതന്ത്ര്യത്തിന്റെ ചാട്ടവാര്‍ ദൂരം.
നിന്റെ നീണ്ട താടി ആരുടെ കണ്ണുനീര്‍ക്കാടുകള്‍?
നിന്റെ കവിതകള്‍ ആരുടെ ജീവിത ചിത്രങ്ങള്‍!?
നിന്റെ ചുവന്ന സ്‌നേഹം
ഈ കാണുന്ന തുടുത്ത ആപ്പിള്‍ പഴങ്ങള്‍?
2
ഇതു വാള്‍ട് വിറ്റ്മാന്‍ റോഡ്
വണ്ടിയോടുമ്പോള്‍
ഇരുവശവുമുള്ള പുല്ലുകള്‍ മരങ്ങള്‍ പോലെ വളരുന്നു.
നാളെ വീടിന്റെ മുമ്പിലുള്ള പുല്‍ത്തകിടി വെട്ടി മിനുക്കണം.
പുല്ലുകളുടെ ഇലകള്‍ക്ക്
മരത്തിന്റെ മക്കളോളം വലിപ്പമുണ്ടെന്ന്
മടിയനായ എന്റെ ചെവിക്ക് പിടിച്ച് വിറ്റ്മാന്‍ പറയുന്നു.
ജെഫേര്‍സണ്‍ സ്രീറ്റ്,കെന്നഡി ബിലവഡ്
വാഷിങ്ങ്ടന്‍ ടേണ്‍പൈക്ക് ,റൂസ്‌വെല്‍റ്റ് അവെന്യൂ
ക്രോസ് സ്ടീറ്റുകളില്‍ നിന്ന്
പ്രസിഡന്റ് മാരുടെ സലൂട്ട് മേടിച്ച് ഒരു രാജകീയ യാത്ര.
ഇനി ഒരു ന്യൂയോര്‍ക്ക് ടൈംസ് വാങ്ങിക്കണം
പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള ചില വിവരങ്ങള്‍ക്കാണ്
നിങ്ങളെല്ലാവരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണെന്ന്
നൈസായി അഞ്ചാറിടത്ത് ബ്ലര്‍ബാനാണ്.
ചിന്തകള്‍ ചുമ്മാതെ കാടുകേറുന്നു
ഈ മാസം നാലാമത്തെ
റെഡ് ലൈറ്റ് ടിക്കറ്റ്.
ആവിയായത് 500 ഡോളര്‍
ഇന്‍ഷുറന്‍സിന്റെ വക ഒരു ആയിരവും.
അല്ല,എന്തിനാണ് നമ്മുടെ ഇടയിലെ സ്‌നേഹത്തിന് ഇത്രയും ടിക്കറ്റുകള്‍?
പ്രായോഗികതയുടെ ഇത്ര വലിയ ഒരു സമ്മാനം?
3
കാണാതെപോയ പട്ടിയെ പിടിച്ചുകൊടുത്താല്‍
പതിനായിരം ഡോളര്‍,
കുട്ടിയെ പിടിച്ചുകൊടുത്താല്‍ അയ്യായിരം
ബലാത്സഗവീരന് രണ്ടായിരം.
വായിച്ചു കണ്ണെടുക്കും മുന്‍പ്
പുറകിലെ വണ്ടിക്കാരന്റെ നടുവിരല്‍ പൊങ്ങുന്നു!.
ഒരു നഷ്ടവുമില്ലാതെ ഒരു പിന്തിരിപ്പന്‍ ചിന്ത
യൂ ടേണിന് പ്രേരിപ്പിക്കുന്നു
ഒരു സിക്ക് വിളിച്ചാല്‍ വലിയ പ്രശ്‌നമാകുമോ?
മെയില്‍ ബോക്‌സില്‍
മോര്‍ട്‌ഗേജ് ,ക്രെഡിറ്റ് കാര്‍ഡ് ,വാഹന വിദ്യാഭ്യാസ വായ്പകള്‍,
വെള്ളക്കരം,ഫോണ്‍ ,കേബിള്‍ ബില്ലുകള്‍ .
ഏതു നിമിഷവും പ്രതീക്ഷിക്കുന്നുണ്ട് ഒരു പിങ്ക് സ്ലിപ്പ്
അതിലാവട്ടെ കവിതയായി നിനക്കെന്റെ സ്‌നേഹം.
വീട്ടിത്തീര്‍ക്കാനാവാത്ത വീട്ടൂകടം പോലെ
തന്നുതീര്‍ക്കാനാവാതെ കുറച്ചിഷ്ടം.
ഒരു പുല്‍ത്തകിടി വെട്ടിമിനുക്കുമ്പോലെ
അതങ്ങനെ വീണ്ടും വീണ്ടും പുതുക്കിവരയ്ക്കട്ടെ?
പിള്ളേര്‍ക്ക് ഇഷ്ടമുള്ള ഒനിയന്‍ പിസ്സ
പാപ്പാ ജോണ്‍സില്‍ റെഡിയാകുന്നു.
92.3 ചാനലില്‍ ഫറെല്‍ വില്യംസിന്റെ
'ഹാപ്പി 'എന്ന പാട്ടു കൊഴുക്കുകയാണ്.
'പുള്ളോവര്‍ യുവര്‍ കാര്‍'
സത്യമല്ലെന്നുറപ്പാക്കി
വേഗതകുറഞ്ഞ എന്റെ ചിന്തകള്‍
ഒരു വെളിപാടുണ്ടായവനെപ്പോലെ
പൊട്ടി പൊട്ടി ചിരിക്കുന്നു.
ഏഴു കടലുകള്‍ക്കപ്പുറം ഒരാള്‍ ശ്രേഷ്ഠമലയാളിയാകുന്നു.
mcsanthosh@yahoo.com
സന്തോഷ്