അമ്മയാവാന്‍ കഴിയുന്നത് സ്ത്രീയുടെ
അഭിമാനമാനവും, അനുഗ്രഹവുമാണ്. എന്നാല്‍ അതിനു സാധിക്കാത്തവര്‍
സ്ത്രീകളല്ലാതാവുമോ? ഒരിക്കലുമില്ല. ടെസ്റ്റ് ട്യൂബു ശിശുക്കളും, വാടക
ഗര്‍ഭപാത്രത്തിലുണ്ടാവുന്ന ശിശുക്കളും ഇപ്പോള്‍ വളരെ സാധാരണം. എന്നാല്‍
'സറോഗസി' അഥവാ വാടക ഗര്‍ഭധാരണം എന്ന മെഡിക്കല്‍ മിറക്കിളിനേപറ്റി
പ്രതിപാദിക്കുന്ന കഥകളും നോവലുകളും മലയാളത്തില്‍ വളരെ കുറവുതന്നെ. 'സറോഗസി'
യേപ്പറ്റി പ്രതിപാദിക്കുന്ന ആദ്യ അമേരിക്കന്‍ മലയാള നോവല്‍ ആണു നീനാ
പനയ്ക്കലിന്റെ 'കളേഴ്സ് ഓഫ് ലവ്' എന്നുതന്നെ പറയാം. (റീനി മമ്പലത്തിന്റെ
'ഔട്ട് സോഴ്‌സ്ഡ്' എന്ന ചെറുകഥ 'സറോഗസി'യെ വളരെ മനോഹരമായി
ചിത്രീകരിച്ചിരിക്കുന്നു എന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കട്ടെ!)
ശക്തരായ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണു ഈ നോവലില്‍ നിറഞ്ഞു നില്ക്കുന്നത്.
വീടുനിറയെ കുഞ്ഞുങ്ങളെ വേണമെന്നാഗ്രഹിക്കുന്ന വന്ധ്യയും ധനികയും, വെളുത്ത
വര്‍ഗക്കാരിയുമായ സ്റ്റെഫനിയും, റ്റീനേജില്‍ അബദ്ധത്തില്‍ ഗര്‍ഭം ധരിച്ച്,
ആ കുഞ്ഞിനെ വയറ്റില്‍ ചുമക്കുമ്പോള്‍ തന്നെ പലരുടെയും ക്രൂരതക്കും
പീഡനങ്ങള്‍ക്കും വിധേയയാകേണ്ടിവന്നിട്ടും മനോബലം കൈവെടിയാതെ, ആ കുഞ്ഞിനെ
പ്രസവിച്ച്, കഷടപ്പെട്ടു വളര്‍ത്തിക്കൊണ്ടുവരുന്ന ഡോണയും.
ഈ രണ്ടു സ്ത്രീകളും ജീവിതത്തിന്റെ രണ്ടു ധ്രുവങ്ങളിലാണു നില്ക്കുന്നത്.
എന്നാല്‍ അവരെ അടുപ്പിക്കുന്ന ഘടകമായെത്തുന്നു നടാഷാ എന്ന ഡോണയുടെ മകള്‍.
ഡോണ കറപ്പു തൊലിയുള്ളവളും, എന്നാല്‍ ഒരു വെളുമ്പനില്‍ പിറന്ന നടാഷ വെളുത്ത
തൊലിയുള്ളവളുമാണ്. ഡോണയേയും, നടാഷയേയും അവജ്ഞയോടെ കാണുന്നു റോബര്‍ട്ട്
എന്ന സ്റ്റെഫനിയുടെ വെളുത്ത ഭര്‍ത്താവ്. ഒടുവില്‍ തൊലികറുത്ത ഡോണ
റോബര്‍ട്ടിന്റെയും സ്റ്റെഫനിയുടെയും കുഞ്ഞിനെ തന്റെ വയറ്റില്‍ ചുമക്കാന്‍
തയ്യാറാവുകയും, തന്റെ കുഞ്ഞിനെ പേറുന്ന ഡോണയോട്, ഡോണയുടെ ശരീരത്തിനോട്
റോബര്‍ട്ടിന്റെ ഉള്ളില്‍ അനുരാഗം പൊട്ടിമുളക്കുകയും പിന്നീടത് പല
ഏടാകൂടങ്ങള്‍ക്കും വഴിതെളിക്കുകയും ചെയ്യുകയാണു നോവലില്‍ (ബാക്കി
വായിക്കുക...)
വാടകക്കു കൊടുത്ത ഗര്‍ഭപാത്രത്തില്‍ വളരുന്ന, താനുമായും യാതൊരു ബന്ധവും
ഇല്ലാത്ത, ആ കുഞ്ഞിന്റെ വളര്‍ച്ചയിലെ ഓരോ ഘട്ടത്തിലും തന്റെ
ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളും അതിനോടു താദാത്മ്യം പ്രാപിക്കാന്‍ കിണഞ്ഞു
പരിശ്രമിക്കുന്ന ഡോണയുടെ മാനസികവ്യാപാരങ്ങളും മനോഹരമായി വരച്ചു
കാട്ടിയിട്ടുണ്ട് കഥാകാരി ഈ നോവലില്‍.
അവതരണ ശൈലിയിലുള്ള പുതുമയും മികവും കൂടാതെ, അടുത്തതെന്ത് എന്ന സസ്‌പെന്‍സ്
നോവലില്‍ ഉടനീളം നിലനിര്‍ത്താന്‍ കഥാകാരിക്കു കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണു
ഈ നോവലിന്റെ വിജയത്തിനു പ്രധാന കാരണമെന്ന് എടുത്തുപറയാതെ വയ്യ.
എട്ടു പുസ്തകങ്ങള്‍ (നോവലുകളും ചെറുകഥാ സമാഹാരങ്ങളും ഉള്‍പ്പെടെ)
പുറത്തിറക്കിയിട്ടുള്ള, ധാരാളം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുള്ള,
ഇരുത്തംവന്ന ഒരു എഴുത്തുകാരിയാണു നീനാ പനയ്ക്കല്‍! അവരുടെ സാഹിത്യ
സാമ്രാജ്യം ഇനിയും പടര്‍ന്നു പന്തലിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു,
ആശംസിക്കുന്നു.