വാഷിങ്ടന്‍: അമേരിക്കയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പ് സ്വാധീനിക്കുന്നതിന് റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് ഒടുവില്‍ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അംഗീകരിച്ചു. ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജനുവരി 8നാണ് മാധ്യമങ്ങളോട് ഈ വിവരം തുറന്നുപറഞ്ഞത്.
യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിഗമനങ്ങള്‍ പൂര്‍ണ്ണമായും ട്രംപ് അംഗീകരിക്കുന്നില്ലെങ്കിലും റഷ്യ സൈബര്‍ അറ്റാക്ക് നടത്തിയിരുന്നതായും എന്നാല്‍ അത് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നില്ലെന്നും ചീഫ് ഓഫ് സ്റ്റാഫ് റിന്‍സ് പ്രിബസ് ട്രംപിനെ ഉദ്ധരിച്ചു പറഞ്ഞു. പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീനിയര്‍ അംഗങ്ങളുടേയും പ്രസിഡന്റ് ഒബാമയുടേയും ശക്തമായ സമ്മര്‍ദമാണ് ട്രംപിനെ ഇങ്ങനെയൊരു തീരുമാനം പ്രഖ്യാപിക്കുവാന്‍ പ്രേരിപ്പിച്ചത്.
ട്രംപിന്റെ വിജയത്തിന് റഷ്യയുടെ ഇടപെടല്‍ യാതൊരു വിധത്തിലും സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ട്രംപിന്റെ അനുയായികള്‍ പറഞ്ഞു. റഷ്യക്കെതിരെ എന്തു നടപടികളാണ് സ്വീകരിക്കേണ്ടതെന്ന നിര്‍ദ്ദേശം യുഎസ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ചീഫ് ഓഫ് സ്റ്റാഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കൂട്ടത്തോടെ അമേരിക്കയില്‍ നിന്നും പറഞ്ഞയച്ചിട്ടും ഇതിനെതിരെ അതേ നാണയത്തില്‍ നടപടി സ്വീകരിക്കാത്തത് ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം എന്ന് റഷ്യ പ്രതീക്ഷിക്കുന്നത് കൊണ്ടാണ്. അമേരിക്കയും റഷ്യയും കൈകോര്‍ത്താല്‍ ലോകം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്ക് ശ്വാശത പരിഹാരം കണ്ടെത്താനാകും.
പി. പി. ചെറിയാന്‍