Image

കവിത (കുമിളകള്‍ : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 11 January, 2017
കവിത  (കുമിളകള്‍ : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
പുലരിയായുണരവേ, യാരമ്യ നിരകളി-
ലതിശ്രേഷ്ഠമായൊരുക്കീടുമിപ്പൂക്കളില്‍
നീയിതാമന്ദംകുറിക്കുന്നു കവിതകള്‍
നാരായമാക്കിടുന്നുടനെയീ, ചിന്തകള്‍.
ധമനികളാംനദികളുരുവിടും കവനങ്ങ-
ളോരോന്നിലുമേനറിയുന്നു, തിരുഹിതം
കുഞ്ഞിളമരുവികള്‍ മൂളുന്ന വരികളി-
ലുയരുന്നതും തിരു-നാമങ്ങളനുദിനം.

വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയും
ഗ്രാമീണഭംഗിയും, മുപരിയെന്നുലകിതും
രുചിരമായൊരുധന്യ കവനസ്സമാനമാ-
യുരചെയ് വനുദിനമാ, ധര്‍മ്മവൈഭവം
നിന്ദിപ്പവര്‍ക്കുമി, ന്നലിവാര്‍ന്നതാമകം
നല്‍കിടുന്നോനെ, പിറന്നയീ മണ്ണിലും
തുറന്നേകിയെങ്കിലും- കണ്ടില്ലപലരുമീ-
പാരെന്ന, പാരായണാര്‍ഹമാംപുസ്തകം.

ജീവന്റെ തുഴയെഴിഞ്ഞിന്നുമേനീവിധം
ജന്മാഴിതന്‍പാതിയോടടുത്തെത്തവേ,
ഹൃദ്കാവ്യസ്പന്ദനം നുകര്‍ന്നപോലിന്നുമീ-
യോളങ്ങള്‍ താളംപിടിക്കുന്നകമെയും
സന്ധ്യയാകട്ടെയീ, മനമാകെ-പിന്നിതാ,
ഭക്തിതന്‍നിറദീപമിന്നും തെളിക്കുന്നു
വ്യക്തമാകുന്നു: മഹാവിഭോ, യീവിധം!
ഹൃത്താളസാമ്യം; തവസ്‌നേഹമേവതും.

നേരല്ലിതെന്നുര ചെയ്തീടുമെന്നപോല്‍
നേരമില്ലെന്നു, പുലമ്പുവോര്‍ക്കായിതാ
താരങ്ങളേകസ്വരത്തില്‍വിവരിപ്പൊരു;
ദര്‍ശനം! കരവിരുതിന്മഹാ സുസ്മിതം
ഹൃഷ്ടയാമീ, ജന്മഗ്രാമത്തിലേയ്ക്കുഞാന്‍
ദൃഷ്ടിപായിക്കവേയറിയുന്നു, പിന്നെയു-
മെന്നത്യുദാരനേ, തവകര്‍മ്മവൈഭവം
ചിന്തനീയം; പരമോത്ഷ്ടമാകെയും.

മന്ത്രാക്ഷരങ്ങളായ്‌പ്പൊഴിയുന്നയീ മഴ-
ത്തുള്ളികള്‍പോലും നമിച്ചോതിടുന്നയ-
ത്തന്തീലയസ്സുസമന്വിത ശ്ലോകത്തെ,
നന്നായ് ഹൃദിസ്ഥമാക്കീടുന്ന-കാലമേ,
സാക്ഷിയെന്നറിന്നുനിത്യം! മഹാസത്യം-
മാകുമാ, യേകന്റെയേതുകര്‍മ്മത്തിനും
'വിസ്മരിച്ചീടുന്നു; വിശൈ്വകനാഥനേ,
നശ്വരരെന്നറിയാത്തപോല്‍-മാനവര്‍!'

കവിത  (കുമിളകള്‍ : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
Ninan Mathullah 2017-01-12 17:31:34
Very good poem. Poet sees the invisible hand in nature and give praise to the omnipresent force. Remember four lines learned in school.

Unarunaru malarukale pularipuve viriyukayayi
Kathiron than kanakajalam kanikaanan unarukayayi

I can't remember the rest of the lines. If Vidhyadharan could find it. Thanks
Justin Jose 2021-04-20 02:47:03
did someone find the rest of the song? "Unarunaru malarukale pularipuve viriyukayayi Kathiron than kanakajalam kanikaanan unarukayayi" Can some one tell me the rest please
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക