Image

പടിയിറങ്ങുന്ന പ്രവാസി (കവിത: മഞ്ജുള ശിവദാസ്, റിയാദ്)

Published on 29 January, 2017
പടിയിറങ്ങുന്ന പ്രവാസി (കവിത: മഞ്ജുള ശിവദാസ്, റിയാദ്)
ജനസാഗരത്തിലൊരു തുള്ളിയാമെന്നെ നീ
അറിയുവാനിടയില്ല , പക്ഷേ..
പെറ്റു വലിച്ചെറിഞ്ഞമ്മയെക്കാള്‍
എന്റെ പോറ്റമ്മയാം നിന്നെ ഏറെയിഷ്ടം.

ഉള്ളതുകൊണ്ടെന്നെ ഊട്ടിയതും,
ഉറ്റവരേക്കാള്‍ കരുതിയതും,
ഊഴിയില്‍ വാസം അസഹ്യമായപ്പൊഴും
ഉയിരേകി ഊര്‍ജമായ് താങ്ങായതും,
ഉന്നംപിഴച്ചൊരീ ജീവിതത്തില്‍
നറുവെട്ടമായ് ചിലതൊക്കെയേകിയതും,
ഉള്ളം നിറഞ്ഞുള്ള നന്ദിയോടെ
ഉള്ള കാലം വരെ ഓര്‍ത്തിടാം ഞാന്‍.

ഉലയാതെയിന്നോളം പോറ്റിയ നിന്നില്‍
നിന്നെന്നേക്കുമായ് പടിയിറങ്ങിടുമ്പോള്‍,
വിടപറഞ്ഞീടുന്നതുടലു മാത്രം
എന്റെ ഹൃത്തടര്‍ത്തീടുവാന്‍ ആവുകില്ലാ.

വിദ്യുത് വിളക്കിന്‍ വെളിച്ചത്തിലെന്നോ
ആദിത്യവെട്ടം മറന്നുപോയെങ്കിലും,
രാപ്പകല്‍ ഭേദങ്ങളറിയാതെ നാളുകള്‍
അതിവേഗമെങ്ങോ കടന്നുപോയെങ്കിലും,
നിറമുള്ള ചിന്തയാല്‍ ചിത്തം നിറച്ച നിന്‍
ചങ്ങാത്തം തന്നെയാണേറെ പ്രിയം.

പിറന്നിടത്തിനിയൊരു പുനര്‍ജനിക്കായ്
പിഴുതെടുക്കാന്‍ സമയമെത്തി നില്‍ക്കുന്നു.
പുലര്‍ന്നിടത്തോടിന്നു യാത്ര ചൊല്ലുമ്പോള്‍
പുതു പുലരി ഭയമായി നില്‍പ്പുണ്ട്മുന്നില്‍.

വിത്തമായ് കരുതുവാന്‍ ഏറെയില്ലെങ്കിലും
ചിത്തം നിറച്ചു നിന്നോര്‍മ്മയുണ്ട്.
ചിക്കിച്ചികഞ്ഞൊന്നു നോക്കിടാതെത്തന്നെ
നിറയുമാ നല്ലോര്‍മ്മ ഉറവയായി...

വിതച്ചിരുന്നിവിടെ ഞാന്‍ ഒരുപിടി സ്വപ്നം
വിളവു കാണാതിന്നു വിട ചൊല്ലിടുമ്പോള്‍,
വിധിയെപ്പഴിക്കാതെയൊന്നപേക്ഷിക്കട്ടെ,
വിളവെടുപ്പിന്‍ നേരമെങ്കിലും ഓര്‍ക്കുക..

വിയര്‍പ്പായി രക്തമൊഴുക്കി കിളിര്‍പ്പിച്ച
വിളയാണു കൊയ്‌തെടുക്കുന്നതെന്നോര്‍ക്കുക,
വിയര്‍പ്പൊഴുക്കിയവന്റെ ഗതികേടുമോര്‍ക്കുക,
വിലമതിക്കാത്തതാം സ്‌നേഹമായ് കരുതുക.... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക