Image

പ്രിയനേ....നീ എവിടെ...? - (സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക് Published on 06 February, 2017
പ്രിയനേ....നീ എവിടെ...? - (സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ആ ദിവ്യ സാന്നിദ്ധ്യം ഇപ്പോഴും എപ്പോഴും എനിക്കനുഭവപ്പെടുന്നു. ജീവിതമെന്ന മുന്തിരിത്തോപ്പില്‍ ആടിപ്പാടി നടന്നിരുന്ന കാലം. മുന്തിരിച്ചാറിന്റെ മാധുര്യം എന്നും ആസ്വദിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ ദിവ്യാനുരാഗത്തിന്റെ മായികവലയങ്ങളില്‍ പരസ്പരാലിംഗനത്തില്‍ ലയിച്ചു നിന്ന മുഹൂര്‍ത്തങ്ങളില്‍ ആ ചുണ്ടില്‍ നിന്നും ഉതിര്‍ന്ന് വീണ 'മധുരസ്വരം' 'താമരേ, എന്റെ താമരേ'. പ്രഭാതസൂര്യന്റെ തലോടലിനുവേണ്ടി വെമ്പിനിന്ന താമരപ്പൂവ് പ്രതിവചിച്ചു. 'നാഥാ, നീ എന്തിനുവേണ്ടിയാണ് ഉദയം ചെയ്തത്. നിന്റെ പുഞ്ചിരിക്ക് വേണ്ടി കാത്തുനിന്ന താമരമൊട്ടിനെ തലോടി ഉണര്‍ത്താന്‍ വേണ്ടിയല്ലേ'

വികാരങ്ങളുടെ വേലിയേറ്റത്തില്‍ ഉതിര്‍ന്ന് വീണ നിശ്വാസത്തിന്റെ ചൂട് അനുഭവപ്പെടുന്ന നിമിഷങ്ങള്‍. ഞാനെന്നും ഒരു പ്രേമവതിയായിരുന്നു. എങ്കിലും ജലപ്പരപ്പിലെത്തി നിന്നു തന്റെ സൂര്യദേവനു വേണ്ടി മാത്രം വിടരുന്ന താമരയായി വെള്ളത്തില്‍ തൊടാതെ നിന്നു... കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉറ്റ് നോക്കിയിരുന്ന ആ പ്രണയാനുഭവം ഇന്നും എനിക്ക് ഉണര്‍വ് പകരുന്നു. ആ ചുടുനിശ്വാസങ്ങള്‍ക്ക് വേണ്ടി മനസ്സ് കൊതിക്കുന്നു. എന്റെ സര്‍വ്വേശ്വര.... നീ ഇന്ന് എവിടെയാണ്. ഇലകൊഴിഞ്ഞു നില്‍ക്കുന്ന വൃക്ഷശിഖരങ്ങളെ തലോടിവരുന്ന ശീതക്കാറ്റിനോട് ഞാന്‍ നിന്നെപ്പറ്റി ചോദിച്ചു. മറുപടിയില്ല. അവയുടെ തലോടലില്‍ നിന്റെ ചൂട് അനുഭവപ്പെടുന്നില്ല. പറന്നുപോകുന്ന പക്ഷിജാലങ്ങളോട് ഞാന്‍ ചോദിച്ചു. നിങ്ങള്‍ പറന്നു പോകുന്ന നാട്ടില്‍ എന്റെ പ്രാണപ്രിയനെ കാണുമോ? അവ ചിറകടിച്ച് മറ്റേതോ ദിക്കിലേക്ക് പറന്നുപോയി.

ഭൂതലത്തെ മൂടിക്കിടക്കുന്ന മഞ്ഞിനെ വകവയ്ക്കാതെ മരക്കൊമ്പുകളിലേക്ക് ഓടിക്കയറുന്ന അണ്ണാറക്കണ്ണനു എന്നോട് കരുണ തോന്നിയിട്ടാകണം അവന്‍ എന്നെ നോക്കി എന്തോ പറയാന്‍ ഭാവിച്ചു. ആ ഭാഷ എനിക്ക് വശമില്ലായിരുന്നു. അവനും എന്നെ അവഗണിച്ചു. പ്രിയനെ നഷ്ടപ്പെട്ട് വിരഹിണിയായി കഴിയുന്ന ഒരു മനസ്സിന്റെ വേദന അവനറിയാമോ എന്തോ?
നീലനഭസ്സില്‍ തങ്കത്തളികപോലെ പ്രശോഭിക്കുന്ന അമ്പിളിമാമനും മിന്നിത്തിളങ്ങുന്ന താരാഗണങ്ങള്‍ക്കും എന്നെ സഹായിപ്പാനാകുന്നില്ലല്ലോ? പ്രിയപ്പെട്ടവനെ, നീ എവിടെയാണ്. വെള്ളിത്താലത്തില്‍ പൂജാപുഷ്പ്പവുമായി കാത്തിരിക്കുന്നു. നിന്റെ പ്രേമഭിക്ഷുകിയില്‍ നിന്നും നീ എന്തിനു ഒളിഞ്ഞിരിക്കുന്നു? എന്റെ പ്രിയനെ തിരിച്ച് വരൂ. ഞാന്‍ നിനക്കായ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.

സ്ഫടികജാലകങ്ങളിലൂടെ പ്രഭാതസൂര്യന്റെ തങ്കക്കതിരുകള്‍ മുറിക്കുള്ളിലേക്കെത്തി നോക്കിയപ്പോള്‍, ജനാലവിരികളെ വകഞ്ഞുമാറ്റി കൊണ്ട് ഞാന്‍ സൂര്യദേവനോട് ആവശ്യപ്പെട്ടു. 'ഇന്നത്തെ നിന്റെ സവാരിയില്‍ എന്റെ പ്രിയനെ കാണണം. അവന്റെ പ്രിയപ്പെട്ടവള്‍ അവനായ് കാത്തിരിക്കുന്നതായി അറിയിക്കണം.'

സായംസന്ധ്യയില്‍ പശ്ചിമാംബരത്തില്‍ കുങ്കുമം വാരിവിതറിക്കൊണ്ട് ആഴിയുടെ മാറിടങ്ങളിലേക്ക് തലചായ്ച്ചപ്പോഴും സൂര്യനോട് ചോദിച്ചു. 'നീ എന്റെ പ്രിയനെകണ്ടുവോ'? എന്റെ പ്രിയനെ കണ്ടോ? എന്റെ ചോദ്യം ചെവിക്കൊള്ളാതെ സൂര്യദേവന്‍ ആഴിയുടെ അഗാധതയിലേക്ക് മറഞ്ഞുപോയി.

ഫെബ്രുവരി 14 പ്രണയദിനമെത്ര. പാശ്ചാത്യസംസ്‌കാരത്തില്‍ നിന്നും അനുകരിക്കപ്പെട്ട മറ്റൊരു സുദിനം. യൗവ്വനയുക്തരായ കാമുകര്‍ തന്റെ പ്രണയിനികളുടെ യുവത്വമാര്‍ന്ന ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മലര്‍ശരങ്ങള്‍ എയ്യുന്ന ദിവസം. കഴിഞ്ഞുപോയ വസന്തങ്ങളെ അയവിറക്കിക്കൊണ്ട് അല്‍പ്പം മധുരം പകരാന്‍ നീ വരില്ലേ? പ്രണയ വിവശനായ നിന്റെ വാസനതൈലം എനിക്ക് ചുറ്റും മാദകഗന്ധം പരത്തുന്നു. നിന്റെ ചുടുനിശ്വാസങ്ങള്‍ എന്റെ പിന്‍ കഴുത്തില്‍ അനുഭവപ്പെടുന്നു. പ്രിയ ജോ, നീ തിരിച്ച് വരാത്ത ലോകത്താണെന്നറിഞ്ഞിട്ടും നിന്റെ സാന്നിദ്ധ്യം എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ വെറുതെ തിരിഞ്ഞ് നോക്കുമ്പോള്‍ നീ ഇല്ലാത്ത ശൂന്യത. അതേ അപ്പോള്‍ സൂര്യന്‍ മടങ്ങിപോയിരുന്നു.

പ്രിയനേ....നീ എവിടെ...? - (സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക