Image

നീണ്ട തണ്ടോടുകൂടിയ ചുവന്ന പനിനീര്‍പ്പൂവ് (ലൈലാ അലക്‌സ്)

Published on 22 February, 2017
നീണ്ട തണ്ടോടുകൂടിയ ചുവന്ന പനിനീര്‍പ്പൂവ് (ലൈലാ അലക്‌സ്)
ഒരു പ്രണയ ദിനം കൂടി കഴിഞ്ഞിരിക്കുന്നു.വിവിധ വര്‍ണങ്ങളിലുള്ള റോസാപുഷ്പങ്ങളും ചോക്ലേറ്റുകളും വാങ്ങുന്നവരുടെ തിരക്ക് കഴിഞ്ഞു. പൂക്കടയിലെ തിരക്ക് ഒഴിഞ്ഞപ്പോള്‍ വിറ്റുവരവിന്റെ കണക്കു വെറുതെ ഒന്ന് മറിച്ചു നോക്കി. ഈ വര്‍ഷം പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ഉണ്ടായിരിക്കുന്നു.ആഴ്ചയുടെ അവസാനം വേണം കണക്കുകള്‍ കൃത്യമായി നോക്കി, മനസ്സിലാക്കാന്‍.എന്നാലും ഉറപ്പുണ്ട്, ഒട്ടും മോശം അല്ല ഈ വര്‍ഷത്തെ വില്പന.ലാഭം ഒട്ടും കുറയില്ല.

പതിവുകാരെല്ലാം എത്തിയിരുന്നു. പിന്നെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രത്യേകമായി പൂക്കള്‍ വാങ്ങാനെത്തുന്ന ഒരു വലിയ സംഘവും. ഈ നഗരത്തിലാണോ കമിതാക്കള്‍ക്ക് പഞ്ഞം?കടയിലെ ഡിസ്പ്‌ളേ ഒരുക്കിയത് ഏതൊരു കാമുകനേയും ആകര്‍ഷിക്കുക എന്ന കച്ചവടകണ്ണോടുകൂടി തന്നെയാണ്.ഏതൊരു പേഴ്‌സിനും ഇണങ്ങുന്ന വര്‍ണ്ണപ്രപഞ്ചം... കണക്കുകൂട്ടലുകള്‍ തെറ്റിയില്ല; ഏറെപ്പേര്‍ വന്നു പൂക്കള്‍ വാങ്ങാന്‍.

പതിവുകാരാവട്ടെ അവരുടെ പതിവ് ഓര്‍ഡറുകള്‍ക്കു പുറമെ എന്തെങ്കിലും ഒക്കെക്കൂടി വാങ്ങുകയും ചെയ്തു. മി.ജോണ്‍ ഭാര്യക്ക് സാധാരണയായി കൊണ്ടുപോകാറുള്ള ഗ്ലാഡിയോലസ് കുലകള്‍ക്കൊപ്പം ഒരു ഡസന്‍ ചുവന്ന റോസാപ്പൂക്കളും വാങ്ങി.ടോം ജോണ്‍സ് പറഞ്ഞത് റോസെസ് മാത്രം മതിയെന്നാണ് പല നിറങ്ങളിലെ രണ്ടു ഡസന്‍ പനിനീര്‍പ്പൂക്കള്‍. റോഡിന്റെ മറുവശത്തുള്ള കാര്‍ ഡീലര്‍ ഷോപ്പിന്റെ ഉടമസ്ഥന്‍ വിളിച്ചു പറഞ്ഞത്: 'സെന്‍ഡ് യുവര്‍ ബിഗസ്‌ററ് അറേന്‍ജ്‌മെന്‍റ് റ്റു മൈ വൈഫ്' എന്നാണ്. ഏതൊക്കെ പൂക്കള്‍ വേണമെന്നോ ഒന്നും അയാള്‍ പറയാറില്ല: 'ഐ ലീവ് ഇറ്റ് ടു യു.' എത്രയോ വര്‍ഷമായി ഈ കടയില്‍ നിന്നുംപൂക്കള്‍ വാങ്ങുന്ന ആളുകള്‍.... പതിവുകാരുടെ ഇഷ്ടങ്ങള്‍, ആവശ്യങ്ങള്‍ അവര്‍ പറയാതെ തന്നെ ഇപ്പോള്‍ തനിക്കു അറിയാം.അതനുസരിച്ചു പൂക്കള്‍ ഒരുക്കുന്നതും, അവരുടെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നതും ഒരുപാട് സന്തോഷം നല്‍കാറും ഉണ്ട്.

വിവാഹങ്ങള്‍, ഗ്രാജുവേഷന്‍, പിറന്നാള്‍, വീട് അലങ്കരിക്കാന്‍, ഓഫീസ് അലങ്കരിക്കാന്‍, ആഘോഷ വേളകള്‍ക്കു മാറ്റ് കൂട്ടാന്‍ പൂക്കള്‍ ഇല്ലാതെ എങ്ങനെയാണ്?

സന്തോഷ വേളകള്‍ക്കു മാത്രമല്ലല്ലോ പൂക്കളുടെ അകമ്പടി വേണ്ടി വരുന്നത്.ശവസംസ്കാരങ്ങള്‍, രോഗികളെ സന്ദര്‍ശിക്കല്‍ ഇത്തരം ദുഖകരമായ അവസരങ്ങളിലും പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.മനുഷ്യമനസ്സിന് കുളിര്‍മ ഏകാന്‍, ആശ്വാസം ഏകാന്‍ ഒക്കെയുള്ള ഇന്ദ്രജാലം ഉറങ്ങിക്കിടക്കുന്ന പൂക്കളില്‍ അല്ലെ?അല്ലെങ്കില്‍, വാക്കുകള്‍ പരാജയപ്പെടുന്നിടത്തു മനസ്സിന്റെ ഉള്ളറകളിലെ രഹസ്യങ്ങള്‍ പറയാതെ പറയാന്‍ പൂക്കളെ അല്ലാതെ മറ്റെന്തിനെ ആണ് ഏല്‍പ്പിക്കുന്നത്?

'മിസ്.പട്രീഷ്യ, ഞാന്‍ ഇന്ന് അല്പം നേരത്തെ പോകും...' സഹായിയായ ലിസ് പട്രിഷയുടെ ശൃദ്ധ തിരിച്ചു.

'പൊയ്‌ക്കോളൂ..ഞാന്‍ മറന്നിട്ടില്ല' ഇന്നലെ വാലന്റൈന്‍സ് ഡേ പ്രമാണിച്ചു കട കൂടുതല്‍ സമയം തുറന്നിരുന്നു.വൈകും വരെ കടയില്‍ തിക്കും തിരക്കും ആയിരുന്നു.

'ഈ കണക്കുകള്‍ ശരിയാക്കിയിട്ടു ഞാനും പോകുകയാണ്.ഷോപ് ഞാന്‍ പൂട്ടിക്കൊള്ളാം.' പട്രീഷ്യ പറഞ്ഞു."ഇനി ആരെങ്കിലും വരാന്‍ ഉണ്ടോ?ഓര്‍ഡര്‍ എല്ലാം കൊണ്ടുപോയി കഴിഞ്ഞില്ലേ?'

'യെസ്.എല്ലാം കൊണ്ടുപോയി.'

കട പൂട്ടാനായി ഒരുങ്ങുമ്പോഴാണ് പട്രീഷ്യ ശ്രദ്ധിച്ചത്.

ആ ഒറ്റ റോസ് ....

അതിന്റെ ആള്‍ വന്നിട്ടില്ല. അത് മാത്രം കൊണ്ടുപോയിട്ടില്ല. ഒറ്റ ഒരു പൂവ് ആയിരുന്നതുകൊണ്ടാവണം ലിസിന്റെ കണ്ണില്‍ പെടാതെയിരുന്നത്.

അതുമല്ല, അത് ഒരു ഓര്‍ഡര്‍ എന്ന് പറയാനുമില്ലല്ലോ.ആരും മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തത് ഒന്നുമല്ല അത്.

എങ്കിലും കഴിഞ്ഞ കുറെ കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു പതിവ്... ഒരു പതിവുകാരന്‍.സന്ധ്യാസമയത്തു ആ ഒറ്റ റോസിനായി വരും. എ സിംഗിള്‍ ലോങ്ങ് സ്റ്റംമ്ഡ് റെഡ് റോസ്....

എന്നും രാവിലെ പൂക്കള്‍ തയ്യാറാക്കുമ്പോള്‍ കുറെയേറെ റോസുകള്‍ നീളന്‍ തണ്ടോടെ സെലോഫീനില്‍ പൊതിഞ്ഞു ഒരുക്കി വെക്കാറുണ്ട്.ലോങ്ങ് സ്റ്റംമ്ഡ് റോസെസിനു ആവശ്യക്കാര്‍ പലരും വരാറുണ്ട്. എന്ന് മുതലാണ് പൂക്കളുടെ കൂട്ടത്തിലെ ഏറ്റവും നല്ലതു എടുത്തു അയാള്‍ക്കായി മാറ്റി വെച്ച് തുടങ്ങിയത് എന്ന് പാട്രിഷയ്ക്കു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുന്‍കൂട്ടി വിളിക്കാതെ, ഓര്‍ഡര്‍ കൊടുക്കാതെ പട്രീഷ്യ അയാള്‍ക്കായി എന്നും ഒരു പൂവ് മാറ്റി വെച്ചു.

ഒരു ദിവസം പോലും മുടങ്ങാതെ അയാള്‍ വന്നു അത് വാങ്ങുകയും ചെയ്തു. ഒരു 'ഹലോ' , പിന്നെ പണം കൊടുത്തു കഴിയുമ്പോള്‍ 'താങ്ക് യു' അതില്‍ ഒതുങ്ങി സംഭാഷണം. എന്നും അയാള്‍ പോയി കഴിയുമ്പോള്‍ 'ഛെ!അയാളോട് അല്പം കൂടി സൗഹാര്‍ദം കാണിക്കേണ്ടതായിരുന്നു' എന്ന് പട്രീഷ്യ കുണ്ഠിതപ്പെടാറുണ്ട്.

ആ ഒറ്റ പൂവിന്റെ വിലയായ അഞ്ചു ഡോളര്‍ കൗണ്ടറില്‍ വെച്ചിട്ടു അയാള്‍ പോകും: പലപ്പോഴും രസീത് വാങ്ങാന്‍ പോലും മിനക്കെടാതെ. അയാള്‍ പോയി കഴിഞ്ഞു പലപ്പോഴും ലിസയും പട്രിഷയും അയാളെക്കുറിച്ചു സംസാരിക്കാറുണ്ടായിരുന്നു.

അയാള്‍ മുറ തെറ്റാതെ വാങ്ങുന്ന റോസാപ്പൂക്കള്‍ ആര്‍ക്കു വേണ്ടി ആയിരിക്കും?അത് അറിയാന്‍ എന്തെന്നില്ലാത്ത ഒരു കൗതുകം.അങ്ങനെയാണ് ഒരു ദിവസം അയാളുടെ കാറിനെ പിന്തുടര്‍ന്ന് അയാളുടെ താമസസ്ഥലം കണ്ടുപിടിച്ചത്.ആ വീട്ടില്‍ അയാളെ കാത്തിരിക്കുന്നത് ആരാണ്?

ഭാര്യ? കാമുകി ?ആരായാലും ഭാഗ്യവതി ആയിരിക്കും അവള്‍.ഒരു ദിവസം പോലും മറക്കാതെ, സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഉപഹാരവുമായി ചെല്ലുന്ന പുരുഷനെ ഏതു സ്ത്രീയാണ് ഇഷ്ടപ്പെടാത്തത്? സന്തോഷത്തിന്റെ, സംതൃപ്തിയുടെ നിമിഷങ്ങള്‍ക്ക് ചാരുതയേറ്റാനുള്ള ഭാഗ്യംആ പൂവിനും...

അതോ, അത്ര സന്തോഷകരമല്ലാത്ത ഒരു അവസ്ഥയിലേക്കാണോ ആ യാത്ര?നഷ്ടപ്രണയത്തിന്റെ, വിരഹത്തിന്റെ ശ്മശാനഭൂമിയില്‍ അര്‍പ്പിക്കപ്പെടാനാണോ അതിന്റെ നിയോഗം?പൂക്കടയിലെ പൂക്കളില്‍ ഒരു നല്ല പങ്കുന്റെയും ദൗത്യം അതാണല്ലോ.ഏയ് അങ്ങനെ ഒന്ന് അയാളുടെ കാര്യത്തില്‍ ചിന്തിക്കാന്‍ പട്രീഷ്യ ഇഷ്ടപ്പെട്ടില്ല.

ഏതെങ്കിലും തരത്തിലുള്ളദുഖത്തിന്‍റെ ലാഞ്ഛന എന്ന് പറയാവുന്ന ഒന്നും അയാളുടെ പെരുമാറ്റത്തില്‍ ഇല്ല. വെളുത്തു സുമുഖനായ അരോഗദൃഢഗാത്രനായ പുരുഷന്‍.തീരെ ചെറുപ്പം അല്ല അയാള്‍.അതിന്റെ ഗൗരവം ആ കണ്ണുകളില്‍ ഉണ്ടുതാനും.തീര്‍ച്ചയായുംചെറുപ്പത്തിന്റെ ചാപല്യങ്ങളില്‍ ഒന്നല്ല പ്രണയം അയാളെപ്പോലെ ഒരാള്‍ക്ക്. തീക്ഷ്ണമായ ആത്മാവിലോളം ഇറങ്ങിച്ചെല്ലുന്ന അനുഭവം ആയിരിക്കും അയാളുടെ അനുരാഗം എന്ന് പട്രീഷ്യക്കു തോന്നി.

എന്നും രാവിലെ പൂക്കള്‍ ഒരുക്കുമ്പോള്‍ ഒരു പൂവ്, ഒരു പൂവ് മാത്രം കൂടുതല്‍ ശ്രദ്ധയോടെ പട്രീഷ്യ തെരെഞ്ഞെടുത്തു. ഇതളുകള്‍ ഒന്ന് പോലും ഉടയാത്ത, മിനുത്ത ഇതളുകളുടെ പ്രതലങ്ങളില്‍ നേരിയ പോറല്‍ പോലും ഇല്ലെന്നു ഉറപ്പു വരുത്തിയിട്ട്, പെട്ടെന്ന് വാടാതെയിരിക്കാനുള്ള ലായനിയില്‍ ശ്രദ്ധാപൂര്‍വം മുക്കിയെടുത്തു, പേപ്പര്‍ ടൗവല്‍ കൊണ്ട് തുടച്ചുണക്കി സെലോഫീന്‍ പേപ്പറില്‍ പൊതിഞ്ഞു വെച്ചു.

ലക്ഷണമൊത്ത, തണ്ടിന് നീളമുള്ള പനിനീര്‍പൂവ്...

പ്രണയത്തിന്റെ അവസാന വാക്കായ ലോങ്ങ് സ്റ്റംമ്ഡ് റെഡ് റോസ് ...

അത് ഒരുക്കുമ്പോഴൊക്കെയും പട്രീഷ്യ അയാളെ കാത്തിരിക്കുന്ന അയാളുടെ പ്രണയിനിയെ ഭാവനയില്‍ കാണാന്‍ ശ്രമിച്ചു.സുന്ദരിയായിരിക്കും അവള്‍.അയാളെപ്പോലെ ഉദ്യോഗസ്ഥ?ഓഫീസിലെ തിരക്കില്‍നിന്നും മടങ്ങി വരുമ്പോഴേക്ക് ഒരു പനിനീര്‍പ്പൂവിന്റെ സാന്ത്വനം?

ആ ലക്ഷണമൊത്ത പൂവിതളുകളില്‍ പട്രീഷ്യ അറിയാതെ ചുംബിച്ചു.അയാളുടെ പ്രേമത്തിന്റെ ഒരു നനുത്ത സ്പര്‍ശം ആ പൂവിതളിന്റെ സ്‌നിഗ്ധതയില്‍ ഉണ്ടെന്നു അവള്‍ക്കു തോന്നി.

'ഐ തിങ്ക് ദാറ്റ് ഇസ് ദി മോസ്റ്റ് പെര്‍ഫെക്ട് വണ്‍ ഇന്‍ ദി ബഞ്ച്.' പട്രീഷ്യയുടെ കൈയ്യിലിരുന്ന പൂവ് നോക്കി ലിസ് അഭിപ്രായപ്പെട്ടു

'യെസ്. ഐ തിങ്ക് സൊ ടൂ..' പട്രീഷ്യയും പറഞ്ഞു.

ആ പെര്‍ഫെക്ട് പൂവ് അവള്‍ അയാള്‍ക്കായി കരുതിവെച്ചു.

അന്ന് മാത്രമല്ല, എന്നും.

എന്നും രാവിലെ കടയിലേക്ക് വരുന്ന ഷിപ്‌മെന്റിലെ ഏറ്റവും ലക്ഷണം ഒത്ത പൂവ് മറ്റാര്‍ക്കും വില്‍ക്കാതെ, അയാള്‍ വരുംവരെ സൂക്ഷിച്ചുവെച്ചു. ഒരു പ്രാര്‍ത്ഥനപോലെ....

എന്നിട്ടും, അയാള്‍, അയാള്‍ മാത്രം ആ പ്രണയദിനത്തില്‍ പൂവ് വാങ്ങാന്‍ എത്തിയില്ല. കഴിഞ്ഞ ദിവസത്തെ ധൃതിക്കിടയില്‍ അത് ആരും ശ്രദ്ധിച്ചുമില്ല. ഇന്നും അയാള്‍ ഇതാ വന്നിട്ടില്ല. അതിനു മുന്‍പിലത്തെ ദിവസം കടയില്‍ വന്നപ്പോള്‍ എന്തെങ്കിലും അസുഖമോ മറ്റോ ഉള്ളതായി തോന്നിയിരുന്നില്ല. അല്ല, ധൃതിക്കിടയില്‍ തന്റെ കണ്ണില്‍ പെടാഞ്ഞതും ആകാം. അല്ലെങ്കിലും രോഗ വിവരം അറിയിക്കാന്‍ മാത്രമുള്ള അടുപ്പമോ ഒന്നും ഇല്ലല്ലോ.മറ്റു സാധാരണ പതിവുകാരുമായി ഉള്ള പരിചയമോ അടുപ്പമോ ഒന്നും അയാളുമായി ഇതുവരെ ഉണ്ടായിട്ടുമില്ല.

കട അടയ്ക്കാന്‍ കൂട്ടാക്കാതെ കുറെ നേരം കൂടി പട്രീഷ്യ അവിടെ ഇരുന്നു.എന്ത് പറ്റിയിരിക്കും? അരുതാത്തതു എന്തെങ്കിലും...? പട്രീഷ്യയുടെ മനസ്സില്‍ ഒരു വിങ്ങല്‍.

എവിടെ എങ്കിലും പോയതായിരിക്കുമോ ?

ഓ… അതിനാണ് സാധ്യത.പ്രണയദിനം ആഘോഷിക്കാന്‍ ഒരു യാത്ര, ഏതെങ്കിലും സുഖവാസ കേന്ദ്രത്തിലേക്ക്.

ഛെ! താന്‍ എന്തൊരു മഠയി ആണ്! എന്തുകൊണ്ടാണ് ആ സാധ്യത ഇതുവരെ ഓര്‍ക്കാഞ്ഞത്?വെറുതെ മനസ്സ് ആകുലപ്പെട്ടു.

പട്രീഷ്യ കട അടയ്ക്കാന്‍ ഒരുങ്ങി.പൂപ്പാത്രങ്ങള്‍ ഒതുക്കി വെച്ചു. വില്പന കഴിഞ്ഞു, കാലിയായ പാത്രങ്ങളുടെ ഇടയില്‍ ഒരു പാത്രത്തില്‍ ആ ഒരു പൂവ് മാത്രം വില്‍ക്കപ്പെടാതെ...

ആ പൂവ് അവിടെയിരുന്നു കരയുകയാണെന്നു പട്രീഷ്യക്കു തോന്നി.പട്രീഷ്യ കട അടയ്ക്കാന്‍ ഒരുങ്ങി.പൂപ്പാത്രങ്ങള്‍ ഒതുക്കി വെച്ചു.വില്പന കഴിഞ്ഞു, കാലിയായ പാത്രങ്ങളുടെ ഇടയില്‍ ഒരു പാത്രത്തില്‍ ആ ഒരു പൂവ് മാത്രം വില്‍ക്കപ്പെടാതെ...ആ പൂവ് അവിടെയിരുന്നു കരയുകയാണെന്നു പട്രീഷ്യക്കു തോന്നി.

അത് മാത്രം ഏകയായി...തന്നെപ്പോലെ….

സ്‌നേഹത്തിന്റെയോ കരുതലിന്റെയോ ഊഷ്മളതയില്ലാത്ത ഇരുട്ടിലാഴ്ന്നു കിടക്കുന്ന ഒരു വീട്ടിലേക്കു താനും, ഈ കടയുടെ ഇരുട്ടില്‍ ആരുമില്ലാതെ ആ പൂവും....

പട്രീഷ്യക്കു ആ പൂവിനെ ഉപേക്ഷിച്ചു പോകാന്‍ മനസ്സ് വന്നില്ല. അവള്‍ അത് കയ്യിലെടുത്തു.

കട പൂട്ടി തിരികെ വീട്ടിലേക്കു െ്രെഡവ് ചെയ്യുമ്പോള്‍ പട്രീഷ്യ ചിന്തിച്ചത് ആ പൂവിനെക്കുറിച്ചായിരുന്നു.രാവിലെ കിട്ടിയതില്‍ഏറ്റവും ലക്ഷണീ ഒത്ത പൂവ്....എന്തേ അതിനു മാത്രം ആവശ്യക്കാരന്‍ വന്നില്ല? എന്തേ അത് മാത്രം അവകാശിയില്ലാതെ... എത്രകരുതലോടെ, സ്‌നേഹത്തോടെയാണ് രാവിലെ ഈ പൂവിനെ നിങ്ങള്‍ക്കായി അണിയിച്ചൊരുക്കിയത്? പട്രീഷ്യക്കു അന്ന് വരാതെയിരുന്ന പതിവുകാരനോട് നീരസം തോന്നി.

ആ പതിവുകാരന്‍റെ താമസസ്ഥലം എത്തിയപ്പോള്‍ പട്രീഷ്യ വെറുതെ അയാളുടെ വീട്ടിലേക്കു നോക്കി.അകത്തു ലൈറ് ഇട്ടിട്ടുണ്ട്.എന്നും കടയുടെ മുന്‍പില്‍ പാര്‍ക്ക് ചെയ്യാറുള്ള അയാളുടെ നീല വോള്‍വോ പോര്‍ച്ചില്‍ കിടപ്പുമുണ്ട്. ആള്‍ സ്ഥലത്തുണ്ടെന്നു വ്യക്തം

തന്റെ അടുത്തായി പാസെന്‍ജര്‍ സീറ്റില്‍ വെച്ചിരുന്ന സെലോഫീനില്‍പൊതിഞ്ഞ നീണ്ടതണ്ടോടു കൂടിയ ആ പനിനീര്‍പ്പൂവിനെ പട്രീഷ്യ നോക്കി. ‘എന്നെ ഞാന്‍ എത്തേണ്ടിടത്തു എത്തിക്കൂ’ എന്ന് അത് അപേക്ഷിക്കുന്ന പോലെ...

പട്രീഷ്യ സൈഡിലേക്ക് കാര്‍ ഒതുക്കിനിര്‍ത്തി.ആ ഒറ്റ റോസ് കൈയ്യിലെടുത്തുകൊണ്ട് വീട്ടുമുറ്റത്തേക്കു നടന്നു. വാതില്‍ക്കല്‍ പൂവ് വെച്ചിട്ടു തിരികെ പോരാനായി തിരിയുമ്പോള്‍ വാതില്‍ തുറന്നു.

'വരൂ..അകത്തേക്ക് വരൂ.' അയാള്‍ ക്ഷണിച്ചു.

അയാള്‍ക്ക് പിന്നിലായി, സ്വീകരണമുറിയിലെ വലിയ പൂപ്പാത്രത്തില്‍ പല ദിവസങ്ങളിലായി വാങ്ങിയ നീണ്ട തണ്ടോടുകൂടിയ പനിനീര്‍പ്പൂക്കള്‍ വാടിയവയും, വാടാത്തവയും ഇരിക്കുന്നത് അവള്‍ കണ്ടു.

'നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ സ്‌നേഹം നീ എന്നെങ്കിലുംതിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...'
നീണ്ട തണ്ടോടുകൂടിയ ചുവന്ന പനിനീര്‍പ്പൂവ് (ലൈലാ അലക്‌സ്)
Join WhatsApp News
Sudhir Panikkaveetil 2017-02-23 07:19:41
Beautiful story, congratulations !
There is no salvation for the soul
but to fall in Love.
Only lovers can escape
out of these two worlds.
This was ordained in creation.
Only from the heart
can you reach the sky:
The Rose of Glory
can grow only from the heart.- Rumi

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക