ഇന്ന് ഒരു വ്യക്തിയെ കാണുവാനിടയായി, ഒരിക്കല്‍ പരിചയപ്പെട്ടൊരാള്‍. കണ്ടപ്പോള്‍ ഓര്‍മ്മ പുതുക്കുവാന്‍ എന്റെ സുഹൃത്ത് അവിടെ ചെന്നു. 'ഓര്‍ക്കുന്നുണ്ടോ, നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ട്' എന്ന് പറഞ്ഞു. ' കണ്ടിട്ടുണ്ടാകാം ' എന്ന് ഒരു ഒഴുക്കന്‍ മട്ടിലുള്ള അദ്ദേഹത്തിന്റെ മറുപടി.
അദ്ദേഹത്തിന് സംസാരിക്കാന്‍ തലപര്യമില്ലാഞ്ഞിട്ടോ അതോ അദ്ദേഹം ഒഴിവായതോ!. അദ്ദേഹത്തിന്റെ മറുപടി എന്നില്‍ ഒരു ചോദ്യം ഉയര്‍ത്തി ! എന്താണ് അവഗണയോടെ വര്‍ത്തമാനം പറയാന്‍ കാരണം? എന്താ അദ്ദേഹം ഒരു മഹാ പ്രതിഭയാണോ ? ആയിരിക്കാം, എങ്കില്‍ അദ്ദേഹത്തിന്റെ സംസാരം അതിനു ചേരുന്നില്ലല്ലോ എന്ന് ഞാന്‍ ശങ്കയോടെ ഓര്‍ത്തു. ഒരാളെ മഹാനും പ്രതിഭയും ആക്കുന്നത് അയാളുടെ ജോലി ആണോ അതോ അതിലുള്ള വിജയമോ ?അതോ അദ്ദേഹത്തിന് സമൂഹത്തിലുള്ള സ്ഥാനമോ ?അതോ അദ്ദേഹം സമൂഹത്തിനു തിരികെ കൊടുക്കുന്ന നന്മകളുടെ അംഗീകാരമോ ? ചോദ്യം അവശേഷിക്കുകയാണ്.
ചെറിയ പക്ഷം സഹജീവികളോട് പുഞ്ചിരിയോടെ പെരുമാറുന്നവര്‍, അവരും മഹത് വ്യക്തിത്വത്തിന്റെ ഉടമകളല്ലേ ? എല്ലാ ജനങ്ങളും ജോലി ചെയുന്നു, ജീവിക്കുവാന്‍ കാശു സമ്പാദിക്കുന്നു. കാശോ സ്ഥാനമാനമോ എന്താ മനസിന്റെ അഹന്ത ഉണര്‍ത്തുന്നത്. കീഴ് ജീവനക്കാരുമായിട്ടു സൗഹൃദം സ്ഥാപിക്കാന്‍ ചിലരെങ്കിലും താല്പര്യപ്പെടില്ല എന്ന് പറഞ്ഞു കേട്ടിരിക്കുന്നു. ഒരു പക്ഷെ അവര്‍ക്കുണ്ടായ തിക്ത അനുഭവങ്ങള്‍ ആവാം അങ്ങനെ ഒരു ചിന്തയിലേക്ക് എത്തിച്ചത്. കീഴുദ്യോഗസ്ഥരുമായിട്ടു ഇടപഴകിയാല്‍ ഒരു പക്ഷെ ചൂഷണം ചെയ്യപ്പെട്ടേക്കാം എന്നൊരു തെറ്റിദ്ധാരണ ആവാം കാരണം. ചോദ്യം വീണ്ടും മനസ്സില്‍ ഉയര്‍ന്നു. സൗഹൃദത്തിന്റെ മാനം ജോലിയോ, സ്ഥാനമോ അതോ ഒരേ ചിന്താഗതികളോ ?
വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും സമൂഹത്തിനു മാതൃക ആവാത്തവര്‍, അവരാണ് ഇന്ന് സമൂഹത്തില്‍ പല ഉന്നത സ്ഥാനീയരും സ്വാധീന ശക്തികളും. നമ്മള്‍ അടിച്ചേല്പിക്കുന്നതല്ലേ മൂല്യം ,അതില്‍ എന്താണ് അര്‍ത്ഥമുള്ളത് സ്വാതന്ത്ര്യം നഷ്ടപെടുത്തുകയല്ലേ എന്ന് ഒരു ചോദ്യം വന്നേക്കാം. എന്നാല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ചൈതന്യം മനസ്സിലാക്കണമെങ്കില്‍ ആ താത്കാലികമായ സുഖങ്ങള്‍ തിരിച്ചറിയണം, അത് തരണം ചെയ്യണം അതിനു പലപ്പോളും പലര്‍ക്കും കഴിയാറില്ല .അത് കൊണ്ട് തന്നെ നല്ലതു ഏത് ചീത്ത ഏത് എന്ന് ചിരിച്ചറിയാന്‍ ആളുകള്‍ക്ക് ആവുന്നില്ല. സ്വയം മനസിലാക്കാനും തിരുത്താനും ഉള്ള വൈകാരിക ബുദ്ധി നഷ്ടപ്പെടുന്നു. ചെറിയ തോല്‍വിയില്‍ പോലും നിരാശരായി ജീവിതം മടുക്കുന്നു.
എല്ലാ സ്വാതന്ത്ര്യത്തിലും മനശക്തി വിടാതെ മൂല്യങ്ങള്‍ പിടിക്കാന്‍ കഴിവുള്ളവര്‍ ആയി വളരുക എന്നതാണ് ഏറ്റവും മഹത്തരമായ കാര്യം. അങ്ങനെ ഉള്ളവര്‍ക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനും മതിക്കുവാനും ബഹുമാനിക്കുവാനും കഴിവ് കൂടും. അങ്ങനെ ഉള്ളവര്‍ വൈകാരികമായും ഉന്നതരായിരിക്കും. ചുരുക്കത്തില്‍ അവര് സമൂഹത്തിനു ഒരു മാതൃകയും. ലോകത്തിട്‌നെ ഏതു കോണില്‍ ചെന്നാലും അവിടെ മലയാളികള്‍ ഉണ്ടെന്ന് നമ്മള്‍ എപ്പോളും പറയുന്ന അഹങ്കാരം ആണ്. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു സന്തോഷത്തോടെ സഹജീവികളെ സ്‌നേഹിച്ചും ജീവിക്കാനുള്ള കഴിവാണ് ഇതില്‍ നിഴലിച്ചിരുന്നത്. ഇപ്പോളും നമ്മള്‍ ആ നന്മ മുറുകെ പിടിക്കുന്നുണ്ടോ. ഈ ചോദ്യം നമുക്ക് പരസ്പരം ചോദിക്കാം. തിരിച്ചറിവിലൂടെ തിരുത്താം.