കാവ്യ ചര്‍ച്ചാവേദിയിലേക്കൊരു കവി
സുസ്‌മേരവദനനായ് സസന്തോഷം
കയറി വന്നു, കയ്യിലൊരു കവിതയുമായ്
സദസ്യരില്‍ ചിലരാ വരവുകണ്ടൊളി
കണ്ണെറിഞ്ഞതും ഊറിച്ചിരിച്ചതും
എന്തിനെന്നാദ്യമറിഞ്ഞില്ല നിഷ്കളങ്കനാം കവി.
കവിതയെടുക്കൂ, അവതരിപ്പിക്കൂ
അദ്ധ്യക്ഷന്‍ ചൂണ്ടിയവര്‍ കവിത ചൊല്ലി.
പിന്നയോ ചര്‍ച്ച, ചൂടുള്ള ചര്‍ച്ച
എല്ലാവരും കവിത ചൊല്ലിയിട്ടും
ഗൗനിച്ചില്ലാദ്ധ്യക്ഷനീ കവിയെ.
കവിയോ, സമര്‍ത്ഥന്‍ ബുദ്ധിമാന്‍
കവിതയെടുത്തീണത്തില്‍ ചൊല്ലി
പുച്ഛത്തില്‍ പുഞ്ചിരിയുമായ്
പലരും പരസ്പരം നോക്കി കണ്ണിറുക്കി
ഗളഛേദത്തിനാരംഭമായ്
ഭാവനയില്ലാ, ആശയമില്ലാ,
ആത്മാവില്ലാ ശുഷ്ക്കമാം കവിത
അദ്ധ്യക്ഷനെ പിന്‍താങ്ങിപ്പലരും
പറഞ്ഞു നിന്ദ്യമാം കമന്റുകള്‍
കയറി വന്നപ്പോള്‍ സദസ്യരില്‍ക്കണ്ട
ഭാവമാറ്റത്തിന്‍ പൊരുളറിഞ്ഞു കവി
വീട്ടില്‍ കുത്തിയിരുന്നു കുത്തിക്കുറിക്കും
പൊതു നന്മ കാംക്ഷിക്കും കവിക്ക്
ശത്രുക്കളുണ്ടാകുന്നതെട്ടാമത്ഭുതം
സുഹൃത്തു പറഞ്ഞതോര്‍ത്തു കവി.
കവിയുടെ ആവിഷ്ക്കരണശേഷിയപാരം
സര്‍ഗ്ഗപ്രതിഭകൊണ്ടനുഗൃഹീതന്‍
സ്വാഭാവികതയോടും സഹജഭംഗിയോടും
ജീവിതാനുഭവങ്ങളാവിഷ്ക്കരിക്കപ്പെട്ട
മനോഹരമാം കാല്പനിക സൃഷ്ടികള്‍
പ്രശസ്തിയെ പുല്‍കിയ കവിയെക്കണ്ട്
ലജ്ജിച്ചു തല താഴ്ത്തിയസൂയാലുക്കള്‍
ദൈവികമാം സര്‍ഗ്ഗ വൈഭവത്തില്‍
നഷ്പ്രഭമീ തമോബാധിത മനസ്സുമായ്
കുശുമ്പുകുത്തും സാഹിത്യവിരുദ്ധന്മാര്‍
അരുത്, സാഹിത്യത്തിലസൂയയരുത്.