Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-17 അവസാന ഭാഗം ബി.ജോണ്‍ കുന്തറ)

Published on 11 March, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-17 അവസാന ഭാഗം ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 17

വിവരങ്ങളൊന്നുമില്ലാതെ ഒരു ദിവസം കൂടി കടന്നു പോയി. ദിവസം മൂന്ന് നേരം എനിക്ക് ഭക്ഷണം കൊണ്ടുവരുന്ന ഒരു ചെറുക്കനെയല്ലാതെ മറ്റാരേയും ഞാന്‍ കണ്ടിട്ടില്ല. അവന്‍ എനിക്ക് രണ്ട് പുതിയ സിനിമകള്‍ കൂടി കൊണ്ടുവന്നു. ആദ്യമായിട്ട്, ഞാന്‍ പകുതിയ്ക്ക് വച്ച് ഉറങ്ങിപ്പോകാതെ മലയാളം സിനിമ മുഴുവനായും കണ്ടുതീര്‍ത്തു. സാധാരണ, എന്റെ ഭാര്യ എല്‍സിയും ഞാനും ആണ് മലയാളം സിനിമ കാണുക. നൃത്തങ്ങളും അവസാനിക്കാത്ത സംഘട്ടനവും തുടങ്ങുമ്പോള്‍, ഞാന്‍ ഒരു വിമര്‍ശകനായി ഉറങ്ങാന്‍ പോകും.

അന്ന് ഉച്ചയ്ക്ക് ഞാന്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍, സാം മുറിയിലേയ്ക്ക് വന്നു, “മാത്യൂസ്, ഒരു നല്ല വാര്‍ത്ത ഉണ്ടെന്ന് പറയാം. അവര്‍ തോമസിനെ പിടിച്ചു.” അതൊരു നല്ല വാര്‍ത്തയാണോയെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പില്ലായിരുന്നു. ഞാന്‍ എന്നോട് തന്നെ പറഞ്ഞു, ‘എല്‍സിയുടെ പ്രാര്‍ഥനകള്‍ ദൈവം കേള്‍ക്കുന്നുണ്ടാകും!‘

“എല്ലാം നല്ല രീതിയില്‍ നടക്കുകയാണെങ്കില്‍ നിങ്ങള്‍ ഇന്ന് തന്നെ സ്വതന്ത്രനാകും.” സാം പറഞ്ഞു.

എല്‍സിയുടെ പ്രാര്‍ഥനകള്‍ക്ക് ഞാന്‍ നന്ദി പറഞ്ഞു, ഞാന്‍ പ്രാര്‍ഥിക്കുന്നയാളല്ലെന്ന് എല്‍സിക്കറിയാം.

ഒരു മണിക്കൂറിനകം, സാം മുറിയിലേയ്ക്ക് തിരിച്ച് വന്ന് സന്തോഷത്തോടെ അറിയിച്ചു, ‘മി. മാത്യൂസ്, നമുക്ക് പോകാം.’ ഇത്തവണ കണ്ണ് കെട്ടിയില്ല. ഞങ്ങള്‍ മുറിയില്‍ നിന്നും പുറത്ത് കടന്നു. ആദ്യമായി ഞാന്‍ സാമിനെ ശാന്തനായി കണ്ടു. പോകുന്ന വഴി അയാള്‍ എന്നോട് അമേരിക്കയിലെ ജീവിതത്തിനെക്കുറിച്ചെല്ലാം സംസാരിച്ചു. അമേരിക്കക്കാരെ അയാള്‍ വാനോളം പുകഴ്ത്തി.

അപ്പോഴേയ്ക്കും ഡാഡിന്റെ കണ്ണുകള്‍ നിറയുന്നത് ആന്‍ഡ്രൂവിന് കാണാമായിരുന്നു. ആ കണ്ണുനീര്‍ സങ്കടം കൊണ്ടല്ലെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. അവര്‍ എയര്‍പോര്‍ട്ടില്‍ എത്താനായെന്ന് റോയ് പറഞ്ഞു.

അവര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരം 4.30 ആയിരുന്നു. ശങ്കര്‍, െ്രെഡവര്‍ അശോക്, റാം എന്നിവരൊഴിച്ച് ബാക്കിയെല്ലാവരും ടഡഢ ഇല്‍ നിന്നും ഇറങ്ങി. മാത്യൂസ് റോയിയുടെ കൈയ്യില്‍ മറ്റൊരു മകനെ കണ്ടെത്തിയത് പോലെ കൈയ്യമര്‍ത്തി.

“മി. മാത്യൂസ്, നിങ്ങള്‍ക്ക് ഒന്നാന്തരം ഭാര്യയും മകനുമാണുള്ളത്. ഈ കേസില്‍ ജോലി ചെയ്യാനുള്ള എല്ലാ പിന്തുണയും പ്രോത്സാഹനവും അവര്‍ എനിക്ക് തന്നു,“ റോയ് പറഞ്ഞു.

മാത്യൂസിന് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. അദ്ദേഹം റോയിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. മാത്യൂസും ആന്‍ഡ്രൂവും എല്ലാ സഹായങ്ങള്‍ക്കും ശങ്കറിനോടും അശോകിനോടും നന്ദി പറഞ്ഞു. റാം അവരെ നോക്കി പുഞ്ചിരിച്ചു. അത് ആന്‍ഡ്രൂവിനെ അല്പം ആശ്വസിപ്പിച്ചു. മാത്യൂസിന്റേയും ആന്‍ഡ്രൂവിന്റേയും സെക്യൂരിറ്റി ക്ലിയറന്‍സിനായി കൂടെ പോകണമെന്നും വരുന്നത് വരെ കാത്തിരിക്കാനും റോയ് പറഞ്ഞു.

ആറ് മണിയ്ക്ക് കൊച്ചിക്ക് പോകുന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് ആയിരുന്നു. റോയ് ഒപ്പമുണ്ടായിരുന്നത് കൊണ്ട് മാത്യൂസിനും ആന്‍ഡ്രൂവിനും എയര്‍പോര്‍ട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. അവര്‍ എയര്‍ ഇന്ത്യ കൌണ്ടറിലേയ്ക്ക് പോയി.

റോയ് തന്റെ ബാഡ്ജ് കാണിച്ച് ടിക്കറ്റ് ഏജന്റിനോട് സംസാരിച്ചു. ടിക്കറ്റ് ഏജന്റ് തന്റെ സൂപ്പര്‍വൈസറെ വിളിച്ചു. പെട്ടെന്ന് തന്നെ എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ടിലെ സൂപ്പര്‍വൈസര്‍ വന്നപ്പോള്‍ റോയ് തന്റെ ബാഡ്ജ് കാണിച്ച് എല്ലാം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.

അവര്‍ ഏതാനും നിമിഷങ്ങള്‍ സംസാരിച്ചു. എന്നിട്ട് ഐഡി ഇല്ലാതെ തന്നെ മാത്യൂസിന് ടിക്കറ്റ് കൊടുത്തു. ആന്‍ഡ്രൂവും മാത്യൂസും ബോര്‍ഡിങ് പാസ് വാങ്ങി. റോയ് സെക്യൂരിറ്റി ക്ലിയറന്‍സ് കഴിയുന്നത് വരെ കൂടെ പോയി തന്റെ ബാഡ്ജ് കാണിച്ച് അകത്ത് പോയി കുറച്ച് ഓഫീസര്‍മാരോട് സംസാരിച്ച് തിരിച്ച് വന്നു.

ബോര്‍ഡിങ് പാസ് പോലെ തോന്നിക്കുന്ന ഒരു കടലാസ് റോയ് മാത്യൂസിന് കൊടുത്തു. അതില്‍ ഒരു സീലും ഇനീഷ്യലും ഉണ്ടായിരുന്നു. “നിങ്ങള്‍ക്ക് പറക്കാനുള്ളതെല്ലാമായി. ഇനി ആരും ഐഡി ചോദിക്കില്ല,“ റോയ് പറഞ്ഞു.

റോയിയുടെ കാര്യക്ഷമത പ്രശംസനീയം തന്നെ എന്ന് മാത്യൂസും ആന്‍ഡ്രൂവും ചിന്തിച്ചു. ആന്‍ഡ്രൂ പറഞ്ഞു, “ഇത്രയ്ക്ക് വിവേകമതിയും ഉപകാരിയുമായ, മറ്റുള്ളവരെ മനസ്സിലാക്കുന്ന, ഊര്‍ജ്ജസ്വലനായ ഉദ്യോഗസ്ഥനെ ഞാന്‍ കണ്ടിട്ടില്ല.” അയാള്‍ റോയിയ്ക്ക് ആത്മാര്‍ഥമായ ഒരു ആലിംഗനം നല്‍കിയിട്ട് പറഞ്ഞു, “നമ്മള്‍ വീണ്ടും കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ നിങ്ങളെ കാണാനായി വരും. ഇങ്ങനെ ഒരു പ്രശ്‌നവുമായല്ല, ഒരുമിച്ചിരുന്ന് ഒരു ബിയര്‍ കഴിക്കാന്‍.”

“തീര്‍ച്ചയായും വരണം എന്റെ മറൈന്‍ സുഹൃത്തേ.” റോയ് പറഞ്ഞു. “നിങ്ങളുടെ മിടുക്കി മമ്മിയോട് എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കൂ. എനിക്ക് അവരുടെ ശാന്തമായ മുഖം മറക്കാന്‍ പറ്റില്ല. അവര്‍ ഇപ്പോള്‍ എന്റേയും മമ്മിയാണ്.”

റോയ് നടന്ന് നീങ്ങി. മാത്യൂസും ആന്‍ഡ്രൂവും ആനന്ദക്കണ്ണീരോടെ റോയിയെ നോക്കി അയാള്‍ കാഴ്ചയില്‍ നിന്നും മറയുന്നത് വരെ കൈവീശിക്കൊണ്ടിരുന്നു.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക