Image

ശരത്കാല കാഴ്ച്ചകള്‍ (കവിതകള്‍: അനിത പണിക്കര്‍)

Published on 01 April, 2017
ശരത്കാല കാഴ്ച്ചകള്‍ (കവിതകള്‍: അനിത പണിക്കര്‍)
കുസൃതി

പ്രകൃതീനിന്‍ ആര്‍ഭാടനിറത്തിമിര്‍പ്പില്‍
മുങ്ങി മതിമറന്നീടുന്നിതെന്‍ മനമിതാ വീണ്ടും
ഇല പെരുപ്പിച്ചും,
നിറമൊഴിപ്പിച്ചു തെറിപ്പിച്ചും,
ഭ്രമിപ്പിച്ചും,
വെറുതേ കൊതിപ്പിച്ചുനീ…
മുമ്പത്തേപോലെന്നെ
കരയിക്കുവാനുള്ള ഭാവമല്ലേ?

ജിന്‍കൊമരത്തിന്റെ മഞ്ഞിമയും,
സമോക്ക്ബുഷ്തന്നുടെ ഫൂഷനും,
മേപ്പിളിന്‍ തീതുപ്പും,
മഞ്ഞച്ചുവപ്പും,
റെഡ്ബഡ്ഡിന്‍ എളിമയും,
കാട്ടിനീ…
പണ്ടത്തെപ്പോലെന്നെ
കളിപ്പിക്കുവാനുള്ള ഒരുക്കമല്ലേ?

വരും ശിശിരത്തിന്‍ ചവര്‍പ്പില്‍
വിങ്ങും കുളിരിന്‍ മൂകതയില്‍,
വിളറിയ മഞ്ഞുമലകള്‍തന്‍ വന്ധ്യതയില്‍,
വെള്ളതന്‍ നിതാന്തശൂന്യമാം വിരിപ്പില്‍,
വീണ്ടും നടന്നിറങ്ങുന്നതിന്‍ മുന്‍പ്
ചെപ്പടിവിദ്യകാട്ടി നീ...
എന്നത്തേംപോലെന്നെ
കബളിപ്പിക്കുവാനുള്ള കുസൃതിയല്ലേ?

കഥകള്‍


ജീവനറ്റു വീഴുന്ന ഒരോ ഇലക്കുള്ളിലും
ഓജസ്സറ്റു പോകാത്തൊരായിരം കഥകളുണ്ടാം..
കിളുര്‍ത്തു തളിര്‍ത്തു യൌവ്വനയുക്തയായപ്പോള്‍
കുസൃതിക്കാറ്റ് തട്ടിയും മുട്ടിയും
രഹസ്യങ്ങള്‍ കൈമാറാന്‍ വന്നകഥകള്‍..
പൂക്കുഞ്ഞുങ്ങളെ താരാട്ടി വളര്‍ത്തിയതും
മധുവുണ്ണാന്‍ വണ്ടുകള്‍ക്കു കാവല്‍നിന്നതും
ഇതള്‍പൊഴിഞ്ഞ പൂവിതളുകളെ
മടിയില്‍ ചേര്‍ത്ത് സാന്ത്വനിപ്പിച്ചതും,
ഒടുവില്‍ അടര്‍ന്നു വീഴുമ്പൊള്‍,
‘ഇന്നു ഞാന്‍ നാളെ നീ’ എന്നു മന്ത്രിച്ചതുമെല്ലാം..

ജീവിതചക്രം

ഇലമഞ്ഞക്കാട്ടില്‍ മലപോലെ ഇലകള്‍
ഇലപൊഴിയുമ്പോള്‍ മലപെരുകുന്നു
ഇലമലയില്‍ കുത്തിമറിയും കുസൃതിക്കിടാങ്ങള്‍
കലികയറിയ കാറ്റോ, മലയെ നിലമാക്കാന്‍
ഇല മലയാക്കാന്‍ കുസ്രിതിക്കിടാങ്ങളും

ഇലപൊഴിയുമ്പോള്‍ മലപെരുകുന്നു
മലപെരുകുമ്പോള്‍ മരംതേങ്ങുന്നു
ഇല വിങ്ങുന്നു, നിറം കരയുന്നു
ഇല, മര, നിറ ക്കണ്ണീര്‍,
ഇടനെഞ്ചില്‍ ചേര്‍ത്തൊരുങ്ങുന്നു, നീ, വീണ്ടും
ഇവിടൊരു പുതുസ്രിഷ്ടിക്കായി

ഇലകള്‍! നമ്മളാം വറും ഇലകള്‍!

നഗ്‌നരാക്കപ്പെട്ടവര്‍

അമ്മമരങ്ങള്‍ തന്‍ നഗ്‌നമാം മാറിടം
ഒന്നൊളിപ്പിക്കുവാനാവാതവശരായ്
ഒട്ടിയ കൈയ്യുകള്‍ ആട്ടിക്കൊണ്ടങ്ങനെ,
പെട്ടു നിരാശരായ് ഒട്ടങ്ങു നില്‍ക്കുന്നു
ഞെട്ടറ്റു വീഴുന്ന ഓരോ തുടിപ്പിലേം,
നഷ്ട വസന്തത്തെ ഓര്‍ത്തങ്ങു തേങ്ങുന്നു
ഇറ്റുപോകുന്നൊരാ മഞ്ഞയിലൂടങ്ങു
നഷ്ടമാകുന്നൊരാ പ്രാണത്തുടിപ്പിനേ
കുട്ടിക്കിടാങ്ങളങ്ങേറ്റുവാങ്ങുന്നതൊട്ടു
വിവശതയോടെ കണ്ടങ്ങു നില്‍ക്കുന്നു
Join WhatsApp News
വിദ്യാധരൻ 2017-04-01 19:30:01
പ്രകൃതിതൻ വർണ്ണ പകിട്ടിനാലെ 
മനമെന്നും നമ്മുടെ കവർന്നിടുന്നു 
ഇളം കാറ്റിൽ ചിറ്റോളമെന്നപോലെ 
ഇളകും മനം നിറഭേദം കണ്ടിടുമ്പോൾ 
എവിടുന്നീ  ശരത്കാല ചിത്രകാരൻ 
ശമ്പളമീ വർണ്ണങ്ങൾ സങ്കലിപ്പൂ 
എവിടുന്നായാലെന്താ നമുക്ക് ചേതം 
മതിമറന്നിരിക്കാമല്ലോ അല്പനേരം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക