Image

നന്മവിളവുകളെ പ്രസരിപ്പിച്ചവര്‍ (ജോയ്‌സ് തോന്ന്യാമല)

Published on 11 April, 2017
നന്മവിളവുകളെ പ്രസരിപ്പിച്ചവര്‍ (ജോയ്‌സ് തോന്ന്യാമല)
ആധുനിക ഇന്ത്യന്‍ സാഹിത്യം അടയാളപ്പെടുത്തുന്നത് തനതായ ചില പ്രത്യേകതകളിലൂടെയാണ്. ആധുനിക ആഗോള സാഹിത്യവുമായി അതിന് ഇഴയടുപ്പമുണ്ട്. യാഥാസ്ഥിതികവും അല്ലാത്തതുമായ പ്രവണതകളോട് എക്കാലത്തും എഴുത്തുകാര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. സര്‍ഗധനര്‍ നമ്മുടെ മനസില്‍ തീമഴയും തേന്‍ മഴയും പെയ്യിച്ചിട്ടുണ്ട്. പിടയ്ക്കുന്ന ഉള്‍വേവുകളുടെ ബിംബങ്ങളാണവര്‍. ഇന്ത്യന്‍ സാഹിത്യത്തിന്റെ സ്പന്ദനങ്ങള്‍ വൈദേശിക ആധിപത്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ദേശാഭിമാന ബോധത്തെ ഉദ്ദീപിപ്പിക്കുന്ന രചനകള്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ തൂലികത്തുമ്പിലൂടെ അവിരാമം പിറന്നു വീണിട്ടുണ്ട്. ആഗോളതലത്തില്‍ ആസ്വാദകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠിതനായ വ്യക്തിയാണ് വിശ്വമഹാകവിയും വാക്കിന്റെ ദീപവുമായ രബീന്ദ്രനാഥ ടാഗോര്‍. കാളിദാസനു ശേഷം ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും വലിയ കവി, കൈവച്ച എല്ലാ മേഖലകളിലും കനകമുദ്ര ചാര്‍ത്തിയ പ്രതിഭ, തേജസ്വിയായ ഋഷി അങ്ങനെ പ്രപഞ്ചം മുഴുവന്‍ ഒഴുകിപ്പരന്നതാണ് ടാഗോറിന്റെ അതുല്യ പ്രഭ എന്ന് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. 

19, 20 നൂറ്റാണ്ടുകളില്‍ ബംഗാളിലെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ ആദരവിന്റെ വിസ്മയം തീര്‍ക്കുകയും പുരോഗമന പരിഷ്‌കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ മൂല്യവത്തും നിര്‍ണായകവുമായ സംഭാവനകള്‍ നല്‍കിയതുമായ ഗുരുവാണ് രബീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ മഹാനായ ഒരു കഥാകൃത്തായിരുന്നു എന്ന കാര്യത്തില്‍ വിദേശീയരും ഇന്ത്യക്കാരുമായ വിദഗ്ധര്‍ക്ക് രണ്ടഭിപ്രായമില്ല. ടാഗോറിന്റെ രചനകള്‍ കാലം, വിഷയം, ദേശം എന്നീ അടിസ്ഥാനങ്ങളില്‍ ഗണിക്കപ്പെടാവുന്നതാണ്. അദ്ദേഹത്തിന്റെ കഥകളുടെ പശ്ചാത്തലം ഗ്രാമങ്ങളില്‍ നിന്ന് ക്രമേണ പട്ടണങ്ങളിലേക്കും നഗരഹൃദയങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നത് രസാവഹമായ വസ്തുതയാണ്. ടാഗോറിന്റെ കാലഘട്ടത്തിലാണ് ബംഗാളി സാഹിത്യത്തിന്റെ സാധ്യതകളും ശക്തിയും അത്ഭുതകരമാം വിധം പ്രകാശിതമായത്. കൊടുങ്കാറ്റിന്റെ കരുത്തുള്ള വികാരങ്ങള്‍ സ്വരം ഉയര്‍ത്തുക പോലും ചെയ്യാത്ത ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ ആവിഷ്‌കരണം.
ഒരു നിരൂപകന്‍ എന്ന നിലയില്‍ ടാഗോറിന്റെ സംഭാവന രണ്ട് കൈവഴികളിലായി അനസ്യൂതമൊഴുകി. പ്രാചീന ക്ലാസിക്കുകളുടെ മഹത്വവും സൗന്ദര്യവും കണ്ടെത്തി പ്രാചീന സാഹിത്യ പാരമ്പര്യത്തെ പുനര്‍ മൂല്യനിര്‍ണയം ചെയ്ത ആളെന്ന നിലയില്‍  അവഗണിതമായ നാടോടി സാഹിത്യത്തിന്റെ ആന്തരിക പ്രാധാന്യം കണ്ടെത്തിയ ആള്‍ എന്ന നിലയിലും ടാഗോര്‍ വാഴ്ത്തപ്പെടുന്നു. ''എവിടെ വിശ്വം മുഴുവന്‍ ഒരു പക്ഷിക്കൂടായി ഭവിക്കുന്നുവോ അവിടം...'' എന്ന വിഖ്യാത ആപ്തവാക്യത്തോടെ രബീന്ദ്രനാഥ ടാഗോര്‍ ആരംഭിച്ച വിദ്യാലയമാണ് വിശ്വഭാരതി. ഭിന്ന സംസ്‌കാരങ്ങളും പാരമ്പര്യങ്ങളുമുള്ള ജനങ്ങള്‍ ഒന്നിച്ചു ജീവിക്കാന്‍ പഠിക്കുന്ന വിദ്യാലയം എന്ന ഖ്യാതിയാണ് വിശ്വഭാരതിക്കുള്ളത്. കാവ്യ ചിന്തയുടെയും കലകളുടെയും സംസ്‌കാരത്തിന്റെയും സമ്മേളനം കൂടിയായിരിക്കണം സര്‍വകലാശാല എന്ന ആശയത്തില്‍ നിന്ന് രൂപം കൊണ്ടതാണ് വിശ്വഭാരതി സര്‍വകലാശാല ഇവിടെ ഭാരതീയ സംസ്‌കാര പഠനത്തിനൊപ്പം മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും സംസ്‌കാര പഠനത്തിന് പ്രാധാന്യം നല്‍കി. 
മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം സമാഹാരം, ആയിരത്തിനാനൂറോളം ഗാനങ്ങള്‍, അമ്പത് നാടകങ്ങള്‍, നാല്പതോളം കഥാഗ്രന്ഥങ്ങള്‍, പതിനഞ്ചോളം ലേഖന സമാഹാരങ്ങള്‍. ഉള്ളടക്കത്തില്‍ മാത്രമല്ല വൈപുല്യം കൊണ്ടും ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ അതിസമ്പന്നമായിരുന്നു. ഗായകനും നാടകനടനും കൂടിയായിരുന്നു അദ്ദേഹം. രബീന്ദ്ര സംഗീതം മൂളാത്തവരായി ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഗീതങ്ങളും കവിതകളും സ്വന്തം ഭാവനയ്‌ക്കൊത്ത വണ്ണം ആലപിക്കുക, അതിനു വേണ്ടി ഈ വിശ്വ മഹാകവി ആവിഷ്‌കരിച്ച പദ്ധതിയാണ് രബീന്ദ്ര സംഗീതം. പണ്ഡിതനും പാമരനും വലിയവനും ചെറിയവനും ഒരേപോലെ പാടാനും ആസ്വദിക്കാനും കഴിയുന്നതാണ് രബീന്ദ്രസംഗീതം. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയ ഗാനങ്ങള്‍ രചിച്ചത് മറ്റാരുമല്ല. ടാഗോറിന്റെ വ്യക്തിത്വ, കാവ്യ ഗാംഭീര്യവും, ആഴവും പടിഞ്ഞാറന്‍ കവികളെയും ബുദ്ധിജീവികളെയും വല്ലാതെ അമ്പരപ്പിച്ചിട്ടുണ്ട്. 1913 നവംബര്‍ 13ന് ഇന്ത്യക്കാര്‍ക്കാകെ അഭിമാനിക്കാവുന്ന ഒരു പ്രഖ്യാപനമുണ്ടായി. ടാഗോര്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനായിരിക്കുന്നു. നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ മാത്രമല്ല, ആദ്യ ഏഷ്യക്കാരന്‍ കൂടിയായി ആ മഹാമനീഷി. 

***

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായ രാജാറാം മോഹന്‍ റോയ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളിയായിരുന്നു. ബംഗാളി, പേര്‍ഷ്യന്‍, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ എഴുത്തിന്റെ വസന്തം തീര്‍ത്ത അദ്ദേഹം ആനുകാലികമായ ജനവിരുദ്ധ ഭരണകൂട നടപടികള്‍ക്കെതിരെ തൂലിക പടവാളാക്കി. ബംഗാളി ഗദ്യശാഖയ്ക്കു മാത്രമല്ല ഭാരതീയ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അദ്ദേഹം സതി, ശൈശവ വിവാഹം, പെണ്‍ ഭ്രൂണഹത്യ, ബഹുഭാര്യാത്വം, ജാതി വിവേചനം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തിവിട്ട പോരാളി കൂടിയാണ്. ബംഗാളി ഭാഷയിലെ 'സംവാദ് കൗമുദി' എന്ന പത്രം സ്ഥാപിച്ചത്, വേദാന്തത്തിലും ഉപനിഷത്തിലും അഗാധ പാണ്ഡിത്യമുള്ള രാജാറാം മോഹന്‍ റോയ് ആണ്. 'ഇന്ത്യന്‍ നവോന്ഥാനത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ശ്രേഷ്ഠനായ ദേശാഭിമാനിയും പണ്ഡിതനും തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു. 

***

സാമൂഹിക പരിഷ്‌കരണം ജീവിത വ്രതമാക്കിയ കവിയും അദ്ധ്യാപകനും ഹൃദയത്തില്‍ അഗ്നി ആവാഹിച്ച മാധ്യമ പ്രവര്‍ത്തകനുമാണ് ഹെന്റി ലൂയിസ് വിവിയന്‍ ദെരൊസിയോ. ഇദ്ദേഹത്തിന്റെ പിതാവ് പോര്‍ച്ചുഗീസ്‌കാരനും മാതാവ് ഇന്ത്യക്കാരിയുമാണ്. യൂറോപ്യന്‍ സംസ്‌കാരം ഇദ്ദേഹത്തിന്റെ കാവ്യ ജീവിതത്തിന് നിര്‍ണായകമായ സ്വാധീനം ചെലുത്തുകയുണ്ടായി. ഫ്രഞ്ച് വിപ്ലവത്തിന്റെ അന്തര്‍ധാരകളെ പറ്റി ആഴത്തില്‍ പഠിച്ചതോടെ ഇദ്ദേഹം മനുഷ്യവാദത്തില്‍ അധിഷ്ഠിതമായ മനുഷ്യവര്‍ഗസ്‌നേഹിയായി. ആനുകാലികങ്ങളിലെ ഈടുറ്റ രചനകളിലൂടെ ദെരൊസിയോ എണ്ണപ്പെട്ട സാഹിത്യകാരനുമായിത്തീര്‍ന്നു. ഇന്ത്യയുടെ വൈദേശിക അടിമത്വം കവിയില്‍ മനസ്താപമുണ്ടാക്കി. 'ദി ഹാര്‍പ് ഓഫ് ഇന്ത്യ' എന്ന കവിത അദ്ദേഹത്തിന്റെ വിഷാദ ഭാവത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അതേ സമയം 'ദി ഗോള്‍ഡന്‍ വേയ്‌സ്' എന്ന കവിതയില്‍ ദേശാഭിമാന ബോധത്തിനാണ് പ്രാധാന്യം കല്പിച്ച് നല്‍കിയിട്ടുള്ളത്. ആധുനിക ഇന്ത്യയിലെ ആദ്യത്തെ ദേശീയ കവി എന്ന പദവും അദ്ദേഹം അലങ്കരിക്കുന്നു. കൊല്‍ക്കൊത്തയിലെ ഹിന്ദു കോളേജില്‍ അദ്ധ്യാപകനായിരുന്ന ദെരൊസിയോയെ തന്റെ പരിഷ്‌കരണ വാദത്തിന്റെ പേരില്‍ യാഥാസ്ഥിതിക വര്‍ഗം കോളേജില്‍ നിന്നും പുറത്താക്കി. അധികം താമസിയാതെ 22-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു. 

***

തത്ത്വചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, എഴുത്തുകാരന്‍, വിവര്‍ത്തകന്‍, പ്രിന്റര്‍, പ്രസാധകന്‍, വ്യവസായി, നവോത്ഥാന പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പരിലസിച്ച വ്യക്തിയാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിദ്യാസാഗര്‍ ബംഗാള്‍ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാളാണ്. അദ്ദേഹം ബംഗാളി ഗദ്യ രചനകളെ ലളിതവത്ക്കരിക്കുകയും ആധുനികവത്ക്കരിച്ച് ശക്തമാക്കുകയും ചെയ്തു. പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവും മനുഷ്യസ്‌നേഹിയും ആയിരുന്ന വിദ്യാസാഗര്‍ നിര്‍ദ്ധനരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഹൃദയത്തിലേറ്റി. സവര്‍ണമേധാവിത്വത്തിനെതിരെ തൂലിക ചലിപ്പിച്ച വിദ്യാസാഗര്‍ ജാതിവ്യവസ്ഥയ്‌ക്കെതിരെ നിരന്തരം പോരാടി. വനിതകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഉച്ചത്തില്‍ സംസാരിച്ചു. 1849ല്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത് വിദ്യാസാഗറാണ്. വിധവാ വിവാഹത്തെ അദ്ദേഹം അനുകൂലിച്ച് എഴുതി. തന്മൂലം 1856ല്‍ വിധവകള്‍ക്ക് പുനര്‍ വിവാഹം ചെയ്യാനുള്ള നിയമം പാസാക്കപ്പെട്ടു. 

***
''ഇന്ത്യയുടെ ഹൃദയത്തില്‍ കൊളുത്തിയ വാക്കിന്റെ വിളക്കാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളാതെ ഉന്നതനായ ഒരു നേതാവും ഉണ്ടായിട്ടില്ല... '' ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന മഹാഗ്രന്ഥത്തില്‍ പണ്ഡിറ്റ്  ജവാഹര്‍ലാല്‍ നെഹ്‌റു മഹായോഗിയായ സ്വാമി വിവേകാനന്ദനെ സ്മരിക്കുന്നതിങ്ങനെയാണ്. വിവേകാന്ദനെ ഓര്‍ക്കുമ്പോള്‍ മനുഷ്യന്റെയും ഇന്ത്യയുടെയും അക്ഷയമായ ഉര്‍ജത്തിലാണ് നാം തൊടുന്നത്. അതില്‍ തീര്‍ച്ചയായും മനുഷ്യാത്മാവിന്റെ ശംഖൊലി മുഴങ്ങുന്നു. 
1893 സെപ്റ്റംബര്‍ 11-ാം തീയതി ഷിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാന്ദന്‍ നടത്തിയ പ്രസംഗം ചിരസ്മരണീയമാണ്. ദരിദ്രരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദന്‍ ഏറ്റവുമധികം സംതൃപ്തി അനുഭവിച്ചത്. സര്‍വസംഗ പരിത്യാഗം, നിരപേക്ഷമായ കര്‍മം, വേദാന്ത ധര്‍മം എന്നിവയാണ് വിവേകാനന്ദ സന്ദേശത്തിലെ മുഖ്യ വിഷയങ്ങള്‍. ലോകത്തെ സേവിക്കുക, സത്യത്തെ കണ്ടെത്തുക എന്നുള്ളതായിരിക്കണം ഒരു സന്യാസിയുടെ പ്രതിജ്ഞകളെന്ന് അദ്ദേഹം വിശ്വസിച്ചു. വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തെ പറ്റി നാം കേട്ടിരിക്കണം. സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, സംഭാഷണങ്ങള്‍, കവിതകള്‍, സൂക്തങ്ങള്‍ മുതലായവയുടെ സമ്പൂര്‍ണ സമാഹാരമാണ് വിവേകാനന്ദ സാഹിത്യ സര്‍വസ്വം. 

***
ആധുനിക ഇന്ത്യന്‍ നോവല്‍ ശാഖയുടെ പിതാവ് എന്നറിയപ്പെടുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്റെ രചനകളിലൂടെ സാമൂഹിക നവോത്ഥാനത്തിന് ഗതിവേഗം നല്‍കി. ജ്യോതിറാവു ഗോവിന്ദറാവു ഫൂലെ, സയിദ് അഹമ്മദ് ഖാന്‍, പണ്ഡിത രാമഭായ്, സരോജിനി നായിഡു, ദീനബന്ധു മിത്ര, ഗിരീഷ് ചന്ദ്ര ഘോഷ്, രബീന്ദ്ര നാഥ ടാഗോറിന്റെ മൂത്ത സഹോദരനായ ജ്യോതീന്ദ്ര നാഥ ടാഗോര്‍, ബംഗാളി കവി ഖാസി നസ്‌റുള്‍ ഇസ്ലാം, സുഭാഷ് മുഖോപാദ്ധ്യായ, ശരത്ചന്ദ്ര ചാറ്റര്‍ജി, മുള്‍ക്ക് രാജ് ആനന്ദ് , ആര്‍.കെ നാരായണ്‍ ഇങ്ങനെ ഇന്ത്യയിലെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെയും ചിന്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പണ്ഡിതരുടെയും പത്രപ്രവര്‍ത്തകരുടെയും ദൈവശാസ്ത്രജ്ഞരുടെയും തത്വജ്ഞാനികളുടെയും, മനുഷ്യസ്‌നേഹികളുടെയുമൊക്കെ പട്ടിക അനന്തമായി നീളുന്നു. 
ആധുനിക ഇന്ത്യയുടെ മനഃസാക്ഷിക്കു നേരെ തിരിച്ചു വച്ച കണ്ണാടിയാണ് ഇവരുടെയെല്ലാം സര്‍ഗസൃഷ്ടികള്‍. സാമൂഹിക ബോധം ജനങ്ങളിലേക്ക് എത്തിക്കുന്ന ശക്തമായ ആയുധമാണ് സാഹിത്യം. സാമൂഹ്യ പരിഷ്‌കരണത്തിന്റെ ഉള്‍പ്രേരകങ്ങളാണ് യഥാര്‍ത്ഥ എഴുത്തുകാരന്റെ ഓരോ വാക്കുകളും. സാമൂഹിക പരിഷ്‌കരണ ചിന്തകള്‍ ആധുനിക ഇന്ത്യന്‍ സാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ കാലാകാലങ്ങളില്‍ ചൊരിഞ്ഞു നല്‍കിയിട്ടുണ്ട്. ജാതി വിവേചനവും തീണ്ടലും തൊടീലും ശൈശവ വിവാഹവും പെണ്‍ ഭ്രൂണഹത്യയും പോലുള്ള സങ്കുചിതത്ത്വങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്നവരും ക്ഷോഭിക്കുന്നവരുമാണ് എഴുത്തുകാര്‍. അവര്‍ ഒരു വേള വാത്സല്യത്തിന്റെ തേന്‍ നമ്മുടെ നാവിലിറ്റിച്ചു തന്നിട്ടുണ്ട്. ഗഹനമായ ദാര്‍ശനിക പൊരുളും നല്‍കി സമയതീരത്തിനപ്പുറത്തേയ്ക്ക് പിന്‍വാങ്ങിയവരാണ് മണ്‍മറഞ്ഞ സാഹിത്യപ്രതിഭകള്‍ എന്ന കാര്യം അടിവരയിട്ട് അംഗീകരിക്കേണ്ടിയിരിക്കുന്നു. അവരുടെ അക്ഷര സ്‌നേഹത്തിന്റെ ഓഹരിയാണ് നമ്മെ യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കുവാന്‍ അവകാശപ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിലെ പൊളിച്ചെഴുത്തുകള്‍ക്കു വേണ്ടി അവര്‍ തങ്ങളുടെ പ്രയത്‌ന ദാര്‍ഢ്യം മനസ്സില്‍ ഉറപ്പിച്ചെടുത്തിരുന്നു... നന്മവിളവുകളെ പ്രസരിപ്പിച്ചിരുന്നു.
(തുടരും)

നന്മവിളവുകളെ പ്രസരിപ്പിച്ചവര്‍ (ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
വിദ്യാധരൻ 2017-04-12 20:04:18
നിങ്ങൾ ലോകത്തിലുള്ള പുസ്‌തകങ്ങൾ വായിച്ചു കൂട്ടിയതുകൊണ്ടോ അറിവ് നേടിയതുകൊണ്ടോ നന്മയെക്കുറിച്ചു പ്രസംഗിച്ചതു കൊണ്ടോ നിങ്ങളിൽ നിന്ന് നന്മ പ്രസരിക്കണം എന്ന് നിർബന്ധം ഇല്ല. അതിന് ഒരു വിശാല ഹൃദയം ഉണ്ടായിരിക്കണം.  സാഹിത്യ വധം പൂരപ്പാട്ട് പാടിക്കൊണ്ടാണ് നിങ്ങൾ അമേരിക്കൻ മലയാളിയുടെ സാഹിത്യം ഇങ്ങനെ ആയിരിക്കണം അങ്ങനെ ആയിരിക്കണം എന്നൊക്കെ പറഞ്ഞു രംഗ പ്രവേശനം ചെയ്തത്. 'സാഹിത്യത്തിലെ കുലപതികൾ എന്ന് വിളിക്കുന്നവർ എത്രനാളായി ഇവിടെ സാഹിത്യ പരിസരമലിനീകരണം' നടത്തിക്കൊണ്ടിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നിങ്ങൾ പൂരപ്പാട്ട് അവതരിപ്പിച്ചത്  (അത് പൂരപ്പാട്ടല്ല -അത് തുള്ളൽ പാട്ടാണ്  ). ഇവിടെ പരിസരമലിനീകരണം നടത്തുന്നവരെ വഴി തെറ്റിക്കുന്നതിൽ കേരളത്തിലെ പ്രശസ്തർ അല്ലെങ്കിൽ ആത്മാവിൽ അനുഭവങ്ങളെ ചാലിച്ചെഴുതുന്നവർകൊക്കെ ഒരു ചെറിയ പങ്കില്ലാതില്ല. അമേരിക്കയിൽ വരാനും ഇവിടം ചുറ്റിക്കാണാനും സത്യം സത്യമായി പറയാതെ ഇവിടെയുള്ള പലരെയും വഴിതെറ്റിക്കാനും നിങ്ങളുടെ കേരളത്തിലുള്ള അഭിമാന ഭാജനങ്ങളായ എഴുത്തുകാർക്ക് മടിയില്ല.  സാഹിത്യ മലിനീകരണത്തിൽ അവർക്കും പങ്കില്ലാതില്ല  ഇവിടെ  ആരോ എഴുതിയതുപോലെ നിങ്ങൾ എലിയെ പേടിച്ചു ഇല്ലം ചുടാൻ ശ്രമിക്കുകയാണ്. ഇല്ലം കത്തിക്കുന്നതിനു പകരം നിങ്ങൾ എലികളിൽ ശ്രദ്ധ വയ്ക്കണം.  ഇവിടുത്തെ കുലപതി എലികൾ കാലപ്പഴക്കം കൊണ്ട് പ്രതിരോധ ശക്തി ലഭിച്ചവരാണ്. അവർ കത്തി ചാമ്പലായി എന്ന് വിശ്വസിച്ചു ആശ്വാസം കൊള്ളൂമ്പോഴേക്കും അവർ ഉയർത്തെഴുന്നേൽക്കും പല രൂപത്തിലും ഭാവത്തിലും . അതുകൊണ്ടു നിങ്ങൾ മുഖം മൂടികളും ശ്വസിക്കാനുള്ള പ്രാണവായുവും കരുതിയിരിക്കണം . ഒരു പക്ഷെ നിങ്ങൾ പറഞ്ഞേക്കും എഴുത്തുകാരൻ ഭീരുവായി കൂടാ എന്ന് . പക്ഷെ ഞാൻ പറയുന്നത് നിങ്ങളുടെ നീക്കങ്ങൾ ബുദ്ധിപരമായിരിക്കണം.  നിങ്ങൾ  അമേരിക്കയിലെ ഓരോ സംഘടനകളിലും നുഴഞ്ഞു കയറി വിസ്ഫോടനങ്ങൾ  സൃഷ്ട്ടിക്കണംമായിരുന്നു. അല്ലാതെ പൂരപ്പാട്ട് പാടിയല്ല  മാറ്റങ്ങൾ വരുത്തുന്നത് .  ട്രമ്പ് എന്ന കള്ളനെ എനിക്ക് ഇഷ്ടമല്ലെങ്കിലും  കള്ളന്മാരെ ഞാൻ എഴുതി തള്ളാറില്ല. കാരണം വലിയ കള്ളൻമ്മാരും അധീവ ബുദ്ധതിയുള്ളവരാണ് . അവരുടെ ചില കൗശലങ്ങൾ നമ്മൾക്ക് സ്വീകരിക്കാം . ശത്രുവിനെ ആക്രമിക്കാൻ പോകുന്നതിനു മുൻപ് ഒരു വിളംബരത്തിന്റ ആവശ്യം ഇല്ല എന്നാണ് ട്രംപിന്റെ നയം .  നിങ്ങൾ അതുപോലെ ഒരു നയം സ്വീകരിക്കുന്നതിന് പകരം പൂരപ്പാട്ട് പാടി രംഗപ്രവേശനം നടത്തി.  അതാണ് നിങ്ങൾക്ക് ആദ്യം പറ്റിയ പിഴവ് 

ഞാൻ പറയാൻ വന്നത് മറ്റൊന്നാണ്. സാഹിത്യകാരന് തനിയെ നിൽക്കാൻ. വസ്തുനിഷ്ടമായി നാം കാണുന്ന ലോകത്തിനും തനിയെ നിൽക്കാനാവില്ല . അതിന്റെ കൂടെ ഇന്നലയെ സംബന്ധിച്ച ഓർമ്മകൾ കൂടിച്ചേർന്നു നിൽക്കുന്നു . ഓർമ്മകൾ എല്ലാം മനസ്സിൽ മാത്രം നില്ക്കുന്ന കല്പനകളാണ്.  ഇന്നലെയെപ്പോലെ പ്രധാനമാണ് നാളെയും.  നാളെയെ സംബന്ധിക്കുന്ന സങ്കൽപ്പങ്ങൾ മുന്നിൽ വച്ചുകൊണ്ടുമാത്രമേ ലക്ഷ്യപ്രാപ്തിക്കായി പ്രവർത്തിക്കാനാവു. വസ്തുനിഷ്ഠമായതിൽ മാത്രമെ വിശ്വസിക്കു എന്ന് നിർബന്ധം പിടിക്കുന്നവന് കുറേക്കഴിയുമ്പോൾ ബോദ്ധ്യമാകും താൻ കാണുന്ന ലോകം ഉപരിതലത്തിൽ ഇരിക്കുന്ന ഒരു സത്യമാത്രമാണെന്ന്.  തനിക്ക് സുനിശ്ചിതമായിരിക്കുന്ന ലോകത്തിന്റെ അടിവേരുകൾ തീരുമാനമെടുക്കാൻ കഴിയാത്ത ആശയകുഴപ്പങ്ങളുടെ ചെളിക്കുണ്ടിൽ ആണ്ടു കിടക്കുകയാണെന്ന് അപ്പോൾ അവനു ബോദ്ധ്യവുമാകും.  അങ്ങനെ പുറമെ നന്മ പ്രസരിപ്പിക്കുന്നതിനെക്കുറിച്ചു കൂവിവിളിക്കുന്ന ഒരു പ്രത്യക്ഷവാദിയും അകമേ  പൂരപ്പാട്ട് പാടാൻ കൊതിക്കുന്ന തിന്മയുടെ ഇരിപ്പടവും. സുഹൃത്തേ  ഇവിടെ ഒന്നിനേം നിയന്ത്രിക്കാൻ കഴിയാത്ത വിധമാണ് ഈ പ്രപഞ്ച രചന. ഇവിടെ കൊടുങ്കാറ്റും മഴയും നമ്മളുടെ പിടിയിലല്ല . ഇവിടെ ഭൂകമ്പങ്ങളെയും സുനാമിയെയും നമ്മൾക്ക് നിയന്ത്രിക്കാനാവില്ല പിന്നെ നമ്മൾക്ക് എങ്ങനെ പറയാൻ കഴിയും ഇതായിരിക്കണം സാഹിത്യം ഇങ്ങനെ ആയിരിക്കണം സാഹിത്യം എന്ന്  (-നിത്യചൈതന്യയതിയുടെ  സമ്യകായ ഒരു ലോകവീക്ഷണത്തോട് കടപ്പാട്   )
ഗ്രേസ് നിക്കോൾസ് 2017-04-13 06:03:00
ഞാനൊരു കടൽ മുറിച്ചു കടന്നു
എന്റെ നാവെനിക്ക് നഷ്ടമായി
അതിന്റെ മൂട്ടിൽ നിന്നു മുളച്ചു വന്നു
പുത്തനൊരെണ്ണം

ഗയാനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ കവയത്രി ഗ്രേസ് നിക്കോൾസ്.
വിദ്യാധരൻ 2017-04-13 07:43:32
ചെന്നെത്തിയ നാട്ടിലെ മണ്ണിൽ നിന്നും
ഉൾകൊള്ളേണം വളം മുള പൊട്ടിയാർക്കാൻ
അല്ലാതെ വാശി പിടിച്ചിരുന്നാൽ
ഒന്നോടെ മൂട് കരിഞ്ഞുപോകും  

വായനക്കാരൻ 2017-04-13 12:45:14
വായീന്നു വരുന്നത് നല്ലതല്ലേൽ
വായിലെ നാക്ക് മുറിഞ്ഞുപോകും
മുള പുത്തനായാലും ശരിയല്ലായെങ്കിൽ
മുളയിലേ തന്നെ നുള്ളിടെണം

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക