HOTCAKEUSA

അദൈ്വതസിദ്ധാന്തങ്ങള്‍ (ശൈല പ്രഭാഷണം: ഭാഗം 4: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 13 April, 2017
അദൈ്വതസിദ്ധാന്തങ്ങള്‍ (ശൈല പ്രഭാഷണം: ഭാഗം 4: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ശ്രീയേശുവിന്‍ ദിവ്യഗീതികളില്‍ ജനം
ശ്രദ്ധേയരായി നിന്നാശ്രവിക്കെ
ദൈവിക മര്‍മ്മങ്ങളാരൂഢമാര്‍ന്നൊരാ
ദിവ്യസിദ്ധാന്തങ്ങളോതി വീണ്ടും.

"പാരദാരികവും, അന്യസ്ത്രീ മോഹവും
ദാരുണമായുള്ള പാപമത്രേ.
നിന്‍ വലങ്കണ്ണൊരുശല്യമായ്ത്തീര്‍ന്നെന്നാല്‍
പോവണമായതുചൂഴ്ന്നിടേണം

നിന്‍ഗാത്രംസാകല്യം നാശമടയാതെ
നിന്‍നേത്രമൊന്നു നീ നീക്കംചെയ്ക,
നിന്‍വലംകൈമൂലം ദോഷംവന്നെത്തിയാല്‍
ആ വലംപാണി നീ ഛേദിçക,

നിന്‍ ഗാത്രം സമ്പൂര്‍ണ്ണം നാശത്തില്‍ വീഴാതെ
നിന്‍ കരമൊന്നുകളയുക നീ,
ചാരിത്ര്യമുള്ള നിന്‍ കാന്തയെതള്ളൊലാ
തള്ളിയസ്ത്രീയെവരിച്ചീടൊലാ,

അസ്സത്യമാംവഴിചൊല്ലല്ലൊരിക്കലും
ആശാസ്യമല്ലതുദോഷംചെയ്യും,
ഈശനെ ചൊല്ലി നീ സത്യംചെയ്‌തെന്നാകില്‍
നാശംവന്നെത്തിടും പാപമത്,

ഈശന്റെ നാമത്തില്‍സത്യംചെയ്‌തെങ്കിലോ
ഓശകൂടാതതു നിര്‍വ്വഹിക്ക,
നിന്നുടെ വക്ത്രത്തില്‍ നിന്നുണ്ടാംവാക്കുകള്‍
ഉന്നതമാനം പുലര്‍ത്തിടട്ടേ.

ദുഷ്ടനെ മല്ലിടാനൊട്ടുംതുനിയൊല്ല
കഷ്ടതതന്മൂലംവന്നണയും,
ഉത്തരശ്രോത്രമതിന്നടിയേറ്റെന്നാല്‍
മറ്റതുംതല്‍ക്ഷണംകാട്ടുക നീ,
നിന്‍ വസ്ത്രം മോഹിച്ചൊരുവന്‍ വന്നെത്തിയാല്‍
നിന്‍ പുതപ്പുംകൂടി നീകൊടുക്ക,

നിന്‍സഹയാത്ര വാഞ്ഛിച്ചൊരുസ്‌നേഹിതന്‍
നിന്‍ സവിധേയെത്തിയാചിച്ചാല്‍,നീ,
നാഴികയൊന്നാന്നു പോകേണ്ടെതെന്നാകില്‍
നാഴികരണ്ടനുയാത്ര ചെയ്ക.

ആവശ്യംകൊണ്ടുകിതച്ചുവരുവോരെ
ആവുംവിധത്തില്‍തുണയ്ക്കവേണം.
വായിപ്പ നല്‍കുവാവപള്ളയവസരം
പാഴായിപ്പോകുവാന്‍ വിട്ടുകൂടാ.

ശത്രുവെയെത്രയുംസ്‌നേഹിച്ചവനെ നീ
മിത്രമായിട്ടുടന്‍ മാറ്റിടുക.
നിങ്ങള്‍ക്കു നാശമാശിപ്പവര്‍ക്കും, മുദാ –
ഭംഗമെന്യേ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക,

സ്‌നേഹസ്വരൂപനാം നിന്‍ താതനന്നേരം
സ്‌നേഹിക്കും നിന്നെയാശീര്‍വദിക്കും,
നിന്‍ ദാനധര്‍മ്മ, സല്‍ക്കര്‍മ്മങ്ങള്‍സര്‍വ്വവും
ഔദാര്യമായ്‌ചെയ്ക, ഗോപ്യമായും,
പ്രാര്‍ത്ഥനയും നിന്റെകീര്‍ത്തനാലാപവും
ജല്പനഗീതമായ്തീര്‍ന്നീടൊലാ.
സ്വര്‍ഗസ്ഥതാതനോടുള്ള നിന്‍ പ്രാര്‍ത്ഥന
നിസര്‍ഗസുന്ദരമായിടട്ടെ” !
(തുടരും)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക