MediaAppUSA

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം1: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 19 April, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം1: ആന്‍ഡ്രൂ പാപ്പച്ചന്‍)
മനുഷ്യജീവിതം ഒരു തീര്‍ഥാടനമാണ്. ജനിച്ചുവീഴുന്ന നാള്‍ മുതല്‍ മരണംവരെയും ഓരോ ജീവിതത്തെയും നയിക്കുന്നൊരു അജ്ഞാത ശക്തിയുണ്ട്. മറ്റൊരജ്ഞാത ഘടകത്തിന്റെ സ്വാധീനം ജീവിതഗതിയെ മാറ്റി മറിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ വിധിയെന്നും ദൈവനിശ്ചയമെന്നും ഈ ശക്തികളെ വ്യാഖ്യാനിക്കാം. വിധി, ഭാവി തുടങ്ങിയ ഘടകങ്ങള്‍ ജനനം മുതലേ ജീവിതത്തെ സ്വാധീനിക്കുന്നു. ദൈവനിശ്ചയം ജീവിതത്തിന്റെ ഗതിയും അന്ത്യവും തീരുമാനിക്കുന്നു, അതിനെ നയിക്കുന്നു.
നമ്മള്‍, എവിടെ, എന്ന്, ഏതു കുടുംബത്തില്‍, ആരുടെ മക്കളായി ജനിച്ചു തുടങ്ങിയ കാര്യങ്ങള്‍ക്ക് ജീവിതഗതിയില്‍ സ്വാധീനമുണ്ട്. ലോകവും കാലവും മാറുന്നതിനുസരിച്ച്, സാഹചര്യങ്ങളും അവസരങ്ങളും മാറ്റത്തിന് വിധേയമാകുന്നു. ഒരാളിന്റെ ഭാവി ജീവിതത്തെയും ഈ മാറ്റങ്ങള്‍ വഴിതിരിച്ചു വിട്ടേക്കാം. തെറ്റായ സമയത്ത് തെറ്റായ സ്ഥലത്താണ് നാം എത്തിപ്പെടുന്നതെങ്കില്‍ ഒരപകടത്തിനോ ഭൂകമ്പത്തിനോ, കൊടുങ്കാറ്റിനോ, കൊലപാതകത്തിനോ ഇരയായി ജീവന്‍ നഷ്ടപ്പെടാം. ഇതിനെയാണ് ദൈവനിശ്ചയമെന്ന് പറയുന്നത്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിച്ചേര്‍ന്നാല്‍ ജീവിതവും ശോഭനീയമാകും.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുപോലും മനുഷ്യവര്‍ഗം ഭൂമിയിലുണ്ടായിരുന്നുവെന്ന് മനുഷ്യചരിത്രത്തെകുറിച്ച് ലഭ്യമായ വിവരങ്ങള്‍ പറയുന്നു. സംസ്കാരത്തിലേക്കുള്ള മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ച ആദ്യകാലങ്ങളില്‍ വളരെ സാവധാനത്തിലായിരുന്നു. കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഈ വളര്‍ച്ച വേഗത്തിലായി. കഴിഞ്ഞ നൂറ്റാണ്ടില്‍ വളരെ വളരെ വേഗത്തിലും.
കഴിഞ്ഞ ഇരുപതാണ്ടില്‍ സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ച ലോകത്തെ വളരെ ചെറുതാക്കി. ലോകത്തിന്റെ രണ്ടറ്റത്തെയും കൂട്ടിയിണക്കുന്ന വാര്‍ത്താവിനിമയ രംഗത്തെ അസൂയാവഹമായ വളര്‍ച്ച മനുഷ്യവര്‍ഗത്തിന് മുന്നില്‍ സാധ്യതകളുടെ വാതില്‍ മലര്‍ക്കെ തുറന്നു.

മനുഷ്യനെന്ന ജീവി ആരുടെയെങ്കിലും സൃഷ്ടിയാണോ? ആണെങ്കില്‍ പ്രപഞ്ചത്തിന്റെ ആദ്യകാലം മുതലേ അവന്‍ ഭൂമിയിലുണ്ടായിരുന്നോ? അതോ മറ്റേതോ ജീവിവര്‍ഗത്തില്‍ നിന്നും പരിണാമത്തിലൂടെ രൂപപ്പെട്ടതാണോ മനുഷ്യവര്‍ഗം. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതാണെങ്കില്‍ അവനൊരു സൃഷ്ടാവുണ്ടാകും. ആ സൃഷ്ടാവിനെത്തന്നെയാണ് നമ്മള്‍ ദൈവമെന്ന് വിളിക്കുന്നത്. മനുഷ്യന്‍ പരിണാമത്തിലൂടെ രൂപമാറ്റം വന്നതാണെങ്കില്‍ എന്തുകൊണ്ട് മനുഷ്യവര്‍ഗത്തിനുമാത്രം ബുദ്ധിയും വിവേകവുമുണ്ടായി? എന്തുകൊണ്ട് അവന്‍ മാത്രം സംസാരിക്കുന്നു? മനുഷ്യനില്‍ നിന്ന് രൂപപ്പെടേണ്ട അടുത്ത ജീവിവര്‍ഗം ഭൂമുഖത്ത് ഇനിയും പ്രത്യക്ഷപ്പെടാത്തതെന്തുകൊണ്ട്? അങ്ങനെയൊരു ജീവിവര്‍ഗം ഇനിയെന്ന് രൂപപ്പെടും?

ബുദ്ധിജിവീകളായ രണ്ട് പ്രണയജോഡികളുടെ കഥ പറയുന്ന "തീര്‍ഥാടനത്തിന്റെ കഥ' എന്ന ഈ പുസ്തകത്തിലെ സംഭാഷണങ്ങളിലൂടെ മനുഷ്യവര്‍ഗം , ചരിത്രം, പരിണാമസിദ്ധാന്തം, വിധി, ദൈവനിശ്ചയം തുടങ്ങിയ വിഷയങ്ങളെ ചെറുതായൊന്ന് വിശകലനം ചെയ്യാന്‍ ശ്രമിച്ചിരിക്കുകയാണ്.
ഗ്രാമീണ കര്‍ഷക പുത്രനായൊരു യുവാവും നഗരമധ്യത്തില്‍ താമസിക്കുന്ന വ്യവസായിയുടെ മകളും കോളജ് പഠനകാലത്ത് കണ്ടുമുട്ടി പ്രണയിക്കുന്നു. വിധി അവരെ ഒന്നിച്ചു ചേര്‍ക്കുന്നു, അവര്‍ നല്ലൊരു ജീവിതം നയിക്കുന്നു. പക്ഷേ ദൈവനിശ്ചയം മറ്റൊന്നായിരുന്നു. കഥാന്ത്യത്തില്‍ അവരുടെ ജീവിതം തികച്ചും വ്യത്യസ്തമായൊരു വഴിയില്‍ എത്തപ്പെടുന്നു.

കഴിഞ്ഞതെല്ലാം ഒരു മായയായിരുന്നുവെന്ന് കഥാനായകന് ബോധ്യപ്പെടുന്നു.
യാഥാര്‍ഥ്യത്തിനുംസത്യത്തിനുമിടയിലുള്ളൊരു തീര്‍ഥാടനമാണ് ജീവിതം. ഈ ജീവിതത്തിനൊരര്‍ഥമുണ്ടോ എന്നതാണിവിടെ പ്രസക്തമാകുന്ന ചോദ്യം.


ആന്‍ഡ്രൂ പാപ്പച്ചന്‍

കോട്ടയം ജില്ലയിലെ കൊല്ലാട് പനന്താനത്ത് കുടുംബത്തില്‍ 1948ല്‍ ജനിച്ചു. പിതാവ്: കോര ആന്‍ഡ്രൂസ്. മാതാവ് - ലൂസി ആന്‍ഡ്രൂസ്. കെമിസ്ട്രിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തശേഷം 1973ല്‍ 25-ാം വയസില്‍ അമേരിക്കയിലേക്ക് കുടിയേറി. ന്യൂജേഴ്‌സിയിലെ സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. ന്യൂജേഴ്‌സി സ്റ്റേറ്റില്‍ സെര്‍ട്ടിഫൈഡ് പബ്ലിക് മാനേജരായും പ്രവര്‍ത്തിച്ചു. നുവാര്‍ക്ക് വാട്ടര്‍ഷെഡ് കണ്‍സര്‍വേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടറാണ്. അജ്ജങ്കറ്റ് പ്രൊഫസറായും സേവനമനുഷ്ഠിക്കുന്നു.

കഴിഞ്ഞ 35 വര്‍ഷത്തെ സാമൂഹിക - രാഷ്ട്രീയ - സാമുദായിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് അമേരിക്കയിലെ മലയാളി, ഇന്ത്യന്‍, ഏഷ്യന്‍, അമേരിക്കന്‍ സമൂഹങ്ങള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം. ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളെന്ന നിലയില്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സാംസ്കാരിക, സാമുഹിക, രാഷ്ട്രീയ, മത അസോസിയേഷനുകള്‍ രൂപീകരിക്കുന്നതിലും നേതൃത്വം നല്‍കുന്നതിലും ശ്രദ്ധേയ പങ്കുവച്ചു. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി, കേരള സെന്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് ന്യൂജേഴ്‌സി, ഏഷ്യന്‍ അമേരിക്കന്‍ രാഷ്ട്രീയ സഖ്യം, ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് കൗണ്‍സില്‍ ഓഫ് ന്യൂജേഴ്‌സി, മാര്‍തോമാ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവ ഇദ്ദേഹം നേതൃത്വം വഹിച്ച സംഘടനകളില്‍പെടുന്നു. സാംസ്കാരിക സംഘടനയായ നുവാര്‍ക്ക് ഫെസ്റ്റിവല്‍ ഓഫ് പീപ്പിളിന്റെ പ്രസിഡന്റ്, ന്യൂജേഴ്‌സി ഗവര്‍ണറുടെ ആര്‍ട്‌സ് അഡൈ്വസറി കൗണ്‍സിലംഗം, കൗണ്ടി ഡമോക്രാറ്റിക് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഏഷ്യന്‍ അമേരിക്കന്‍ ഹെറിറ്റേജ് കൗണ്‍സില്‍ ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റാണ്.

ആന്‍ഡ്രൂപാപ്പച്ചന്റെ ആദ്യ മലയാളം നോവല്‍ "തലമുറകളെതേടി' 2009 സെപ്റ്റംബറില്‍ പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.

ഭാര്യ സോമിനി. മക്കള്‍ സിമ്മി (നേപ്പാളില്‍ നിന്നുള്ള കസ്റ്റം ഡിസൈനര്‍ റഗ്‌സിന്റെ മാനുഫാക്ചററും സപ്ലയറുമായ ന്യൂയോര്‍ക്കിലെ ചഥകചഏദഋങഛ യുടെ പാര്‍ട്ണറാണ്), കെവിന്‍ (ഫിനാന്‍ഷ്യല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു.) ന്യൂജേഴ്‌സിയിലെ മോണ്ട്‌വിലെയിലാണ് താമസം.

തീര്‍ഥാടനത്തിന്റെ കഥ
ആന്‍ഡ്രൂ പാപ്പച്ചന്‍

അധ്യായം -1

അക്ഷരദീപങ്ങളുടെ നിലാവ് പെയ്ത് തെളിഞ്ഞ മനസില്‍ പുസ്തകത്താളുകളുടെ വരികള്‍ക്കിടയിലെ അര്‍ത്ഥങ്ങള്‍ തേടുകയായിരുന്നു ജയകുമാര്‍. വായനയുടെ തപസിനെ മുറിച്ച്, കാടുപിടിച്ച വളപ്പില്‍ നിന്നും കരിയിലകള്‍ കരയുന്നതിന്റെ ശബ്ദം. പച്ചിലകളുടെ യൗവനത്തോട് മത്സരിച്ച് തോറ്റ,് പഴുത്ത് മഞ്ഞച്ച ഇലകള്‍ നിലത്ത് വീണുകിടന്നു, മനുഷ്യജീവിതത്തിലെ യൗവനമെന്ന വസന്തത്തെയും വാര്‍ദ്ധക്യമെന്ന ഊഷരതയെയും ഓര്‍മിപ്പിക്കും പോലെ.മാനത്ത് മഴമേഘങ്ങളുടെ വിതുമ്പലിന് കനം വെയ്ക്കുന്നതറിഞ്ഞ് ജയകുമാര്‍ പുസ്തകമടച്ച് മരച്ചുവട്ടില്‍ നിന്നെഴുന്നേറ്റു.

പടിഞ്ഞാറേ ചക്രവാളത്തില്‍ സന്ധ്യ സിന്ദൂരം തൊടുന്നു. പടിക്കെട്ട് കയറി മുറ്റത്തെത്തുമ്പോള്‍ മുല്ലപ്പൂക്കളുടെ മദിപ്പിക്കുന്ന ഗന്ധം. ഗംഗയും യമുനയും ഇറയത്ത് വിളക്ക് തെളിയിക്കുന്നു. അച്ഛനുമമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം നാമം ചൊല്ലി, എല്ലാവര്‍ക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ച്, വിശേഷങ്ങള്‍പറഞ്ഞ് ജയകുമാര്‍ മുറിയിലെത്തി പുസ്തകത്താളുകളോട് സല്ലാപം തുടര്‍ന്നു, രാത്രി വൈകുംവരെ. ഈ പുസ്തകവായനയുടെ ഹരം മറ്റൊന്നിലും കിട്ടില്ല. പ്ലസ് ടു റിസല്‍റ്റ് വരാന്‍ ദിവസങ്ങളേ ബാക്കിയുള്ളു. അതിനിടയില്‍ വായിച്ചു തീര്‍ക്കാനേറെയുണ്ട്.. ജയകുമാര്‍ മനസിലോര്‍ത്തു.താഴ്‌വാരത്തുനിന്നും ചൂളംവിളിച്ചെത്തുന്ന കാറ്റിന് നേരിയ തണുപ്പ്.പുറത്ത് നിശബ്ദതയുടെ കനം കൂടുന്നതറിഞ്ഞ് പുസ്തകമടച്ച് കട്ടിലിലേക്കുവീണു.

നേരം പുലര്‍ന്നാലിത്തിരി നേരം പ്രകൃതിയുടെ കൗതുകങ്ങളിലലിഞ്ഞ് നടക്കുകയാണ് ശീലം. പൊട്ടിച്ചിരിച്ചുകൊണ്ടൊഴുകുന്ന അരുവിയുടെ സംഗീതം നുകര്‍ന്ന്, തക്കംകിട്ടിയാല്‍ തള്ളിയിടാന്‍ കാത്തിരിക്കുന്ന കാറ്റിന്റെ കുസൃതികളിലലിഞ്ഞങ്ങനെ കുറെ ദൂരം..... ഭാവനയുടെ ചിറകിലേറി, തനിയേ കാഴ്ചകള്‍കണ്ട് നടക്കുന്നതാണിഷ്ടമെങ്കിലും ഗംഗയും യമുനയും കളിക്കൂട്ടുകാരി ശാലിനിയും അതിനവസരം കൊടുക്കാറില്ല.കുറേദൂരം നടക്കുമ്പോള്‍ അവരും ഒപ്പംകൂടും.

സ്കൂളിലെ വിശേഷങ്ങള്‍ പങ്കിടാനും ഹോംവര്‍ക്കിനിടെ സംശയങ്ങള്‍ തീര്‍ക്കാനും ശാലിനി ജയകുമാറിന്നരികിലോടിയെത്തും. മഞ്ഞിന്‍കണങ്ങള്‍ പൊട്ടിച്ചിതറുംപോലുള്ള അവളുടെ ചിരി കാണാന്‍ നല്ല ശേലാണ്.ഇഷ്ടങ്ങളുടെ ഇടത്തിലെവിടെയോ ഇത്തിരി സ്ഥലം ജയകുമാര്‍ അവള്‍ക്കായി കരുതിവച്ചിരുന്നു, ഒട്ടും കളങ്കമേശാതെ.

മെയ്മാസത്തിലെ ഒരു സായംകാലം. റേഡിയോ വാര്‍ത്ത കേള്‍ക്കുകയാണ് ജയകുമാര്‍.പ്രീഡിഗ്രി റിസല്‍റ്റ് അനൗണ്‍സ് ചെയ്തു. ജയകുമാര്‍ നെഞ്ചിടിപ്പോടെ ചെവികൂര്‍പ്പിച്ചിരുന്നു.ഫസ്റ്റ്, സെക്കന്‍ഡ് ഗ്രൂപ്പുകളുടെ റാങ്ക് പറഞ്ഞു.തേര്‍്ഡ് ഗ്രൂപ്പില്‍ ഫസ്റ്റ് റാങ്ക,് മൂവാറ്റുപുഴ നിര്‍മലാ കോളജ് വിദ്യാര്‍ഥി വാഴക്കുളം ജയവിലാസില്‍ രാഘവന്‍-ജാനകി ദമ്പതികളുടെ മകന്‍ ജയകുമാറിന.് വാര്‍ത്ത കേട്ടിട്ട് ജയകുമാറിന് വിശ്വാസം വന്നില്ല.മന്ത്രിയുടെ പ്രഖ്യാപനം വന്നതേ വീടാകെ ഉത്സവമേളം നിറഞ്ഞു. അച്ഛനും അമ്മയും സഹോദരിമാരും അയല്‍ക്കാരും ബന്ധുക്കളും ജയകുമാറിനെ അഭിനന്ദനങ്ങള്‍ കൊണ്ടു പൊതിഞ്ഞു.നാടുമുഴുവനും ജയകുമാറിനെയോര്‍ത്ത് അഭിമാനിച്ചു. ഫോണ്‍ തുരുതുരാശബ്ദിച്ചു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ജയകുമാറിനെ ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. ഒന്നാമനാകാനുള്ള സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. സന്തോഷംകൊണ്ട് തുള്ളിച്ചാടണമെന്നുതോന്നി ജയകുമാറിന്. ഉയരങ്ങളിലേയ്ക്കുള്ള വഴികളില്‍ അമിതാഹ്ലാദവും അഹങ്കാരവും തടസമാകരുത്. സന്തോഷത്തിനിടയിലും മനസിനെ കടിഞ്ഞാണിട്ടുനിര്‍ത്തി. കഠിനാധ്വാനത്തിലൂടെ വിജയത്തെ ഒപ്പംനിര്‍ത്തുക, ചെറുപ്പംമുതലേ അതാണ് ജയകുമാറിന്റെ ശീലം.

ദിവസങ്ങളൊന്നൊന്നായി കടന്നുപോയി. എറണാകുളത്തെ മഹാരാജാസ് കോളജില്‍ ജയകുമാര്‍ ഡിഗ്രി പഠനത്തിനുചേര്‍ന്നു, മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ. ഇക്കണോമിക്‌സാണ്് മെയിന്‍. ഒരിക്കണോമിസ്റ്റാകുക, അതാണ് ജയകുമാറിന്റെ സ്വപ്നം. യാത്ര ഒഴിവാക്കാനും പഠിക്കാനുള്ള സൗകര്യത്തിനും ജയകുമാര്‍ ഹോസ്റ്റലില്‍ ചേര്‍ന്നു. അച്ഛനെയും അമ്മയെയും സഹോദരിമാരെയും പിരിഞ്ഞിരിക്കുക ആദ്യമൊക്കെ താങ്ങാനാവുമായിരുന്നില്ല.

നഗര ജീവിതവും കോളജ് കാമ്പസും സ്റ്റേഡിയവും അത്‌ലറ്റിക് ട്രാക്കുകളും....സ്വപ്നലോകത്തെന്നപോലെയായി ജയകുമാര്‍. തനിയെ ഇരിക്കുമ്പോള്‍ ഗംഗയുടെയും യമുനയുടെയും ശാലിനിയുടെയും മുഖങ്ങള്‍ മനസിലേക്കോടിയെത്തും. ലക്ഷ്യത്തിലെത്താന്‍ ബന്ധങ്ങളും സൗഹൃദവും തടസമായിക്കൂട. വീണ്ടും മനസ് നിയന്ത്രണത്തിലാക്കി. ലക്ഷ്യങ്ങളിലേക്ക് മനസ് ഒന്നുകൂടി കേന്ദ്രീകരിച്ചു. ഫുട്‌ബോള്‍ ടീം സെലക്ഷനില്‍ പങ്കെടുത്ത് കോളജ് ടീമില്‍ അംഗമായി. അത്‌ലറ്റിക്‌സിലും പ്രാക്ടീസ് ചെയ്തു. കൂട്ടുകാരേറെയുണ്ടായിരുന്നു ജയകുമാറിന്.യൗവനത്തിന്റെ ഇഷ്ടങ്ങളെ കണ്ടില്ലെന്നുനടിച്ച് പഠനത്തില്‍ ശ്രദ്ധവച്ചു. മാസത്തിലൊരിക്കലെങ്കിലും വീട്ടില്‍ പോകും. മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം കോളജ് വിശേഷങ്ങള്‍ പങ്കുവെയ്ക്കും. ഹോസ്റ്റല്‍ ജീവിതത്തെകുറിച്ച് ശാലിനിയോട് വിശേഷങ്ങള്‍ പറയും. ഗ്രാമീണ ജീവിതത്തിന്റെ വിശുദ്ധിയും നഗരജീവിതത്തിന്റെ തിരക്കുകളും ജയകുമാര്‍ വിവരിക്കുന്നത് കൗതുകം നിറഞ്ഞ കണ്ണുകളോടെ ശാലിനി കേട്ടുനില്‍ക്കും. എന്നിട്ടവള്‍ പറയും
""പത്താം ക്ലാസ് കഴിഞ്ഞെനിക്കും കൂടി ആ കോളജില്‍ ചേരാന്‍ പറ്റീരുന്നെങ്കീ''
""നീ നന്നായി പഠിക്ക് ശാലിനീ, നല്ല മാര്‍ക്കുണ്ടെങ്കിലേ ആ കോളജില്‍ അഡ്മിഷന്‍ കിട്ടൂ'' ജയകുമാര്‍ ഉപദേശംപോലെ പറയും. പഠിക്കാനേറെയുണ്ടായതോടെ സ്ഥിരമായി വീട്ടില്‍ പോകുന്നപതിവ് നിര്‍ത്തി. പരീക്ഷകളില്‍ ഒന്നാമനാകുന്നതിലായിരുന്നു ജയകുമാറിന്റെ ശ്രദ്ധ. ഒഴിവുവേളകളില്‍ ലൈബ്രറിയിലിരുന്ന് പുസ്തകങ്ങള്‍ വായിച്ച് നോട്ട്കുറിക്കും.

സെക്കന്റിയറായതോടെ കായിക പരിശീലനമൊക്കെ കുറച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മനുഷ്യചരിത്രം, സംസ്കാരം, മതം, ഇക്കണോമിക്‌സ് തുടങ്ങിയവയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തേടി മണിക്കൂറുകളോളം ലൈബ്രറിയില്‍ അലയും. ഒരു വൈകുന്നേരം. റീഡിംഗ് റൂമില്‍ പതിവുവായനയിലാണ് ജയകുമാര്‍.

""എക്‌സ്ക്യൂസ്മീ, ഏത് ബുക്കാ കൈയിലെന്നൊന്നു പറയുമോ. ഞാനൊരു ബുക്ക് തേടിനടക്കാന്‍തുടങ്ങീട്ട് കുറേനേരമായി. അതാ ചോദിച്ചേ'' അടുത്തൊരു കിളിനാദംകേട്ട് ജയകുമാര്‍ വായനനിര്‍ത്തി ശ്രദ്ധിച്ചു. സുന്ദരിയായൊരു പെണ്‍കുട്ടി അടുത്തുവന്നുനില്‍ക്കുന്നു.
""വില്യം എച്ച് മക്‌നീലിന്റെ "ഇന്‍ ദ ബിഗിനിംഗ്' എന്ന വേള്‍ഡ് ഹിസ്റ്ററി ബുക്കായിത്. തനിക്കെന്താ ഇതുവേണോ'' ജയകുമാര്‍ ചോദിച്ചു.
""ആ ബുക്കിനുവേണ്ടിയാ ഇത്ര നേരവും ഞാന്‍ തെരഞ്ഞത്.'' പെണ്‍കുട്ടി പറഞ്ഞു.
"" ഈ ബുക്കിനുവേണ്ടിയോ? ""വിശ്വാസം വരാത്ത വിധത്തില്‍ ജയകുമാര്‍ ചോദിച്ചു. എന്നിട്ട് സ്വയം പരിചയപ്പെടുത്തി. ""ഞാന്‍ ജയകുമാര്‍. ഡിഗ്രി സെക്കന്‍ഡിയര്‍. ഇക്കണോമിക്‌സ് മെയിന്‍, ഹിസ്റ്ററി സബ്.''
""ഞാന്‍ മാലിനി. ഡിഗ്രി ഫസ്റ്റിയറാ. ഹിസ്റ്ററി മെയിന്‍, ഫിലോസഫി സബ്. ഞാന്‍ ജയകുമാറിനെകുറിച്ച് മുമ്പും കേട്ടിട്ടുണ്ട്. കോളജില്‍ ഇയാളെ അറിയാത്തവര്‍ ചുരുക്കമല്ലേ.'' ജയകുമാറിന് മാലിനിയുടെ സംസാരം നന്നേപിടിച്ചു. പുഞ്ചിരിയോടെ ജയകുമാര്‍ പറഞ്ഞു. "" മാലിനിയിരിക്കൂ. ഈ ബുക്കിന്നുതന്നെ വേണോ?''

""ഇന്നത്യാവശ്യമില്ലെങ്കീ എനിക്ക് തന്നേക്ക്. പഴയകാല നാഗരികതയെ കുറിച്ച് നാളെയൊരു അസൈന്‍മെന്റു ചെയ്യാനുണ്ടെനിക്ക്'' മാലിനി പറഞ്ഞു.
""ഓ..... എങ്കില്‍ താനെടുത്തോളൂ. നല്ല ബുക്കാ. അതിരിക്കട്ടെ, നാഗരികതയും ഹ്യൂമന്‍ ഹിസ്റ്ററിയും പഠിക്കാന്‍ തനിക്കിഷ്ടമാണോ?''അതിശയത്തോടെയായിരുന്നു ജയകുമാറിന്റെ ചോദ്യം.
"'ഇഷ്ടമാണോന്നോ? എന്റെ ഫേവറിറ്റ് സബ്ജക്ടാ. അതാ സമയം വൈകിയിട്ടും ഞാന്‍ ബുക്ക് തേടിയിറങ്ങിയത്.എന്റെ വീടിവിടെയടുത്താ, ടൗണീത്തന്നെ'' മാലിനി പറഞ്ഞു.
""ഞാന്‍ കുറച്ചു ദൂരേന്നാ., മൂവാറ്റുപുഴയ്ക്കടുത്തൊരു ഗ്രാമത്തീന്ന്.എനിക്കീ ടൗണില്‍ താമസിക്കുന്നതായിഷ്ടം. ഇവിടുത്തെ ജീവിതത്തിന് നല്ല തിരക്കുണ്ട്..''
""എന്നെ സംബന്ധിച്ച് നേരെ തിരിച്ചാ ജയകുമാര്‍. എനിക്കിഷ്ടം ഗ്രാമജീവിതമാ. ടൗണീ ജനിച്ചുവളര്‍ന്നതുകൊണ്ടാകും.. ഈ നഗരജീവിതം ശരിക്കും ബോറിംഗാന്നാ എന്റെ പക്ഷം. ഗ്രാമാന്തരീക്ഷമാ എനിക്കിഷ്ടം. തിരക്കുകളൊഴിഞ്ഞ് ശാന്തമല്ലേ അവിടം. ബഹളങ്ങളൊന്നുമില്ലാതെ.''
""പറഞ്ഞതൊക്കെ നേരുതന്നെ. പ്രകൃതിയുടെ ശാന്തതയും ചാരുതയും എനിക്കും ഇഷ്ടംതന്നെ. പക്ഷേ ഗ്രാമജീവിതത്തില്‍ അസൗകര്യങ്ങളേറെയുണ്ട്. പരിഷ്കാരങ്ങളും കണ്ടുപിടിത്തങ്ങളും അവിടെ നാളുകള്‍കൊണ്ടേയെത്തൂ. താനീ സിറ്റിയില്‍ വളര്‍ന്നതുകൊണ്ടാ ഗ്രാമം ഇഷ്ടമായി തോന്നുന്നേ. ഗ്രാമത്തില്‍ വളര്‍ന്നതുകൊണ്ടെനിക്കീ നഗരജീവിതം ഇഷ്ടമായിതോന്നുന്നു. ഇക്കരെ നില്‍ക്കുമ്പോള്‍ തോന്നും അക്കരെയാണ് നല്ലതെന്ന്. മനുഷ്യസഹജമാണത്.''

""ജയകുമാര്‍ പറഞ്ഞതുവളരെ ശരിയാ. ഹ്യൂമന്‍ ഫിലോസഫി അങ്ങനെയാ. വ്യത്യസ്തതകളും സന്തോഷവും തേടിയാണെന്നും മനുഷ്യന്റെ നെട്ടോട്ടം. ആ അന്വേഷണങ്ങള്‍ മനുഷ്യജീവിതത്തെ മാറ്റിമറിച്ചു. അങ്ങനെയല്ലേ സംസ്കാരങ്ങളൊക്കെ രൂപംകൊണ്ടത്..''
""അതേയതേ. മികച്ചതു തേടിയുള്ള അന്വേഷണമാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്.ഇയാള്‍ക്കും ഹ്യൂമന്‍ ഹിസ്റ്ററിയില്‍ വലിയ താല്‍പര്യമാ....ല്ലേ. തന്നോട് കുറച്ചുകൂടി സംസാരിക്കണമെന്നുണ്ടെനിക്ക്.''
""ഇപ്പോഴിനി സമയമില്ല. അച്ഛനിപ്പോ എന്നെ കൊണ്ടുപോകാനെത്തും.''
""അഛനെന്തെടുക്കുന്നൂ?''
""അച്ഛനൊരു റബര്‍ മാനുഫാക്ചറിംഗ് ഫാക്ടറി നടത്തുന്നു. നാളെ പറ്റിയെങ്കില്‍ നമുക്കിതേ സമയത്തിവിടെകാണാം ജയകുമാര്‍, വീട്ടില്‍ പോകും മുമ്പെന്നും കുറച്ചുസമയം ഞാനിവിടെ വരാറുണ്ട്.''
പുതിയൊരു സുഹൃത്തിനെ ലഭിച്ചതില്‍ ജയകുമാര്‍ വളരെ സന്തോഷവാനായിരുന്നു.#േ
""പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട് മാലിനീ. തീര്‍ച്ചയായും നാളെ കാണാം.''.ജയകുമാര്‍ പുസ്തകം മാലിനിക്ക് കൊടുത്തു. കൗണ്ടറില്‍ചെന്ന് രജിസ്റ്ററില്‍ പേരെഴുതി മാലിനി പുറത്തേക്ക് പോകുന്നത് ജയകുമാര്‍ നോക്കിനിന്നു. സുന്ദരിപ്പെണ്‍കുട്ടി, ബുദ്ധിമതിയും. ഗ്രാമജീവിതം ഇഷ്ടപ്പെടുന്നവള്‍, ഹ്യൂമന്‍ഹിസ്റ്ററിയിലുമുണ്ട് തന്നെപ്പോലെതന്നെ അവള്‍ക്കും താല്‍പര്യം.

പുറത്തേക്ക് നടക്കുമ്പോള്‍ മാലിനി കൈകള്‍ വീശി യാത്ര പറഞ്ഞു. കുറച്ചുസമയം കൂടി ലൈബ്രറിയില്‍ ചെലവിട്ടെങ്കിലും വായനയില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ ജയകുമാര്‍ ഹോസ്റ്റലിലേക്ക് പോയി.മാലിനിയെക്കുറിച്ചായി ജയകുമാറിന്റെ ചിന്തകള്‍. മറ്റൊരു പെണ്‍കുട്ടിയും തന്റെ മനസിലിത്ര ചലനമുണ്ടാക്കിയിട്ടില്ല. ഇതിപ്പോ...താനവളിലേക്ക് ആകര്‍ഷിക്കപ്പെടുകയാണോ. മനസിലൊരു സുഖമുള്ള വികാരം പോലെ.
വീട്ടിലേക്കുള്ള യാത്രയില്‍ ജയകുമാറിനെക്കുറിച്ച് മാത്രമായിരുന്നു മാലിനിയുടെയും ചിന്ത. കായികതാരമെന്ന ജയകുമാറിനെക്കുറിച്ച് അവള്‍ നേരത്തെതന്നെ കെട്ടിരുന്നു. അയാളെ കണ്ടുമുട്ടിയതും സംസാരിച്ചതുമൊന്നും അവള്‍ക്ക് വിശ്വസിക്കാനായില്ല. ജയകുമാറിനെ കണ്ടവിവരം പറയാനായി അവള്‍ കൂട്ടുകാരി സ്റ്റെല്ലയെ വിളിച്ചു.
""ഹലോ സ്റ്റെല്ലാ, ഒരു വിശേഷം കേള്‍ക്കണോ നിനക്ക്. ഞാനിന്നാരെയാ ലൈബ്രറീവച്ച് പരിചയപ്പെട്ടതെന്നോ, സെക്കന്‍ഡിയറിലെ ജയകുമാറിനേ.''
""നേരോ, എങ്ങനുണ്ട് കക്ഷി? കൂട്ടുകൂടാന്‍ പറ്റുന്ന ടൈപ്പാണോ?''സ്റ്റെല്ല ഒറ്റശ്വാസത്തില്‍ ചോദിച്ചു.
""അതെ സ്റ്റെല്ലാ, ആള് നല്ല ഫ്രെണ്ട്‌ലിയാ, നല്ല സ്മാര്‍ട്ട് കക്ഷി. ഞാന്‍ അസൈന്‍സെന്റ് ചെയ്യാന്‍ തേടിക്കൊണ്ടിരുന്ന ബുക്ക് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു കക്ഷി. അങ്ങനെയാ ഞങ്ങള്‍ കണ്ടുമുട്ടിയത്.''

""അത് കൊള്ളാല്ലോ, എന്നിട്ട്?''
സ്റ്റെല്ലയ്ക്കും താല്പര്യമേറി.
""ഞങ്ങള്‍ കുറേനേരം സംസാരിച്ചിരുന്നു. നാളെയും കാണാമെന്ന് പറഞ്ഞാ പിരിഞ്ഞത്.''
""അയാളെ തുടര്‍ന്നും കാണണമെന്നാ നിന്റെ താല്‍പര്യം? നിനക്കവനെ അത്രക്കങ്ങ്് പിടിച്ചോ?''
""അങ്ങനൊന്നുമില്ല പെണ്ണേ. എനിക്കിഷ്ടമൊക്കെത്തന്നെ. കണ്ടാലും മിടുക്കന്‍.''
""എല്ലാം നന്നായി വരട്ടെ മാലിനീ. നാളെ കാണാം.''
""നാളെ ക്ലാസ് കഴിഞ്ഞ് നമുക്ക് ലൈബ്രറീ കാണാം സ്റ്റെല്ലാ.''
""വേണ്ട മാലിനീ, അത് നിനക്കൊരു ബുദ്ധിമുട്ടാകും. നിങ്ങള്‍ പരസ്പരം സംസാരിക്ക്. ഞാനയാളെ പിന്നെപ്പോഴെങ്കിലും കണ്ടോളാം?''
""ഓകെ സ്റ്റെല്ലാ, ഗുഡ് നൈറ്റ്.''
""സ്വീറ്റ് ഡ്രീംസ് മാലിനീ, ബൈ.''
ജയകുമാറിനെക്കുറിച്ച് ചിന്തിച്ച് മാലിനി എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് വൈകുന്നേരം.പതിവുപോലെ റീഡിംഗ് റൂമില്‍ വായനയിലാണ് ജയകുമാര്‍.
""ഹലോ ജയകുമാര്‍...ഇത്രയ്ക്കങ്ങ് ശ്രദ്ധ കൂടല്ലേ. വല്ലപ്പോഴുമൊന്ന് പരിസരമൊക്കെ ശ്രദ്ധിക്കണേ.'' മാലിനിയുടെ ശബ്ദം ജയകുമാര്‍ തിരിച്ചറിഞ്ഞു.
""ഓ താനെത്തിയോ, തന്നോടിത്തിരി സംസാരിക്കണമെന്ന് കരുതിയിരിക്കുകാരുന്നു ഞാന്‍. നമ്മള്‍ രണ്ടാള്‍ക്കും ഒരേ സ്വഭാവവിശേഷങ്ങളുണ്ടെന്ന് തോന്നുന്നു.'' ജയകുമാര്‍ പറഞ്ഞു.
""ഇന്നാവശ്യത്തിന് സംസാരിക്കാം. ഞാനിന്ന് കുറച്ച് താമസിക്കുമെന്നച്ഛനോട് പറഞ്ഞിട്ടുണ്ട്. അഞ്ചു മണിയാകുമ്പോ വരാനാ ഡ്രൈവറോട് പറഞ്ഞിരിക്കുന്നേ. അയാളെത്തി വീട്ടിലേക്ക് കൂട്ടിക്കോളും''
""ഇവിടിരുന്ന് സംസാരിക്കണോ? പുറത്താ മരത്തണലിലിരിക്കണോ?''
""ഇവിടെ തിരക്കല്ലേ. നമുക്കുപുറത്തു പോയാസ്റ്റേഡിയത്തിനടുത്ത് മരച്ചോട്ടിലിരിക്കാം.''
രണ്ടുപേരുംപോയി മരച്ചുവട്ടിലിരുന്നു.
""ഈ ഹ്യൂമന്‍ ഹിസ്റ്ററിയില്‍ തനിക്ക് താല്‍പര്യം വന്നതെങ്ങനെയാ. സാധാരണ പെണ്‍കുട്ടികള്‍ക്കീ വിഷയമൊന്നും സുഖിക്കില്ലല്ലോ?'' ജയകുമാര്‍ സംസാരം തുടങ്ങി.
""ഞാനങ്ങനെയാ ജയകുമാര്‍. ഏതിലും വ്യത്യസ്തത തേടുകയാണെന്റെ രീതി.ഈ പ്രപഞ്ചത്തിലേക്ക് നോക്കിയേ, എത്ര മനോഹരമായ കരവിരുതാ. അതിന്റെ സൃഷ്ടിയെകുറിച്ചറിയുക, അതിലെ കൗതുകങ്ങളെ തേടുക എല്ലാം രസകരമല്ലേ.''
""ഈ പ്രപഞ്ചത്തിനൊരു സൃഷ്ടാവുണ്ടാകുമോ?''

""ഇല്ലെന്നെങ്ങനെ പറയും ജയകുമാര്‍?ഒരു ചെറിയ കളിവഞ്ചി ഉണ്ടാക്കണമെങ്കില്‍ പോലും നല്ല ഭാവനയും കരവിരുതും വേണം. അപ്പോള്‍ പിന്നെ ഇത്ര സുന്ദരമായ ഈ സൃഷ്ടിക്കു പിന്നിലും ഒരു സൃഷ്ടാവില്ലാതെ വരാന്‍ തരമില്ല.വനാന്തരങ്ങളിലെ ഗുഹകളില്‍ മൃഗങ്ങള്‍ക്കൊപ്പം ജീവിതം തുടങ്ങിയ മനുഷ്യന്‍ ക്രമേണ രൂപമാറ്റംവന്ന് ഇന്നത്തെ രൂപത്തിലായീന്നൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലെനിക്ക്. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പറയുന്നതും മനുഷ്യന്‍ നാച്ചുറല്‍ സെലക്ഷന്‍ (അര്‍ഹതയുള്ളവയുടെ അതിജീവിക്കല്‍) വഴി മൃഗങ്ങളില്‍നിന്ന് രൂപമാറ്റം വന്നുണ്ടായീന്നു തന്നെ.''

""നാല്‍പതോ അമ്പതോലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യവര്‍ഗത്തിനെല്ലാം പൊതുവായി ഒരു പൂര്‍വികനുണ്ടായിരുന്നുവെന്നും അവയിലൊരു ഭാഗമാണിന്നത്തെ മനുഷ്യനായിത്തീര്‍ന്നതെന്നുമല്ലേ വിശ്വാസം''. ""പക്ഷേ നിവര്‍ന്നു നില്‍ക്കാനും രണ്ടുകാലില്‍ നടക്കാനുമുള്ള കഴിവ്, മസ്തിഷ്കത്തിന്റെ വികാസം, ഉപകരണങ്ങളുടെ രൂപകല്‍പന, തീയുടെ ഉപയോഗം ഇവയൊക്കെ മനുഷ്യനുമാത്രേമ സാധ്യമായിട്ടുള്ളൂ.. ചിമ്പാന്‍സികെള പോലിരുന്ന ആദ്യകാല മനുഷ്യര്‍ക്ക് ആസ്‌ട്രേലോ പിതേകസ് എന്നായിരുന്നു പേരെന്ന് ചരിത്രം പറയുന്നു.20 ലക്ഷം വര്‍ഷം മുമ്പുണ്ടായ ഹോമോ ഹാബിലിസ് എന്നു പറയപ്പെടുന്ന മനുഷ്യജാതിയുടെ പ്രത്യേകത വലിയ തലച്ചോറായിരുന്നു. പ്രാകൃതമായ ഉപകരണങ്ങള്‍ക്കൊപ്പം മൂര്‍ച്ചയുള്ള കരിങ്കല്‍ കഷണങ്ങള്‍ ഉപയോഗിച്ച് ഇവര്‍ വേട്ടയാടി.15 ലക്ഷം വര്‍ഷംമുമ്പ് ഹോമോഹാബിലിസുകളുടെ വംശവും ഇല്ലാതായി. 150 സെ.മീറ്ററോളം ഉയരമുണ്ടായിരുന്നു പിന്നീട് വന്നഹോമോ ഇറക്ടസ് വംശത്തിന്. ഉപകരണങ്ങള്‍ നിര്‍മിക്കാനും മറ്റും കഴിവുണ്ടായിരുന്നു ഇവര്‍ക്ക്. ആഫ്രിക്കയില്‍ ഉദ്ഭവിച്ച ഇവരും പിന്നെ നാമാവശേഷമായി. ഇന്നത്തെ മനുഷ്യരെല്ലാം പെടുന്നത് അഞ്ചുലക്ഷം വര്‍ഷംമുമ്പ് പ്രത്യക്ഷപ്പെട്ട ഹോമോസാപ്പിയന്‍സ് ഗണത്തിലാണ്.''- മാലിനി ചെറുതായൊന്നു നിര്‍ത്തി.
""രസകരമായിരിക്കുന്നൂ മാലിനീ തന്റെയീ വിവരണം.''-ജയകുമാര്‍ പറഞ്ഞു തീരുംമുമ്പ് മാലിനി വീണ്ടും തുടങ്ങി

""കുരങ്ങില്‍നിന്ന് മനുഷ്യന്‍ ഉണ്ടായീന്നൊന്നും ഡാര്‍വിന്‍ പറഞ്ഞിട്ടില്ല. ഡാര്‍വിന്റെ കണ്ടെത്തല്‍ ശരിയായി മനസിലാക്കാത്തതിന്റെ പ്രശ്‌നമാ അത്. ശരിക്കുപറഞ്ഞാല്‍ പരിണാമസിദ്ധാന്തത്തിന് ഡാര്‍വിനെക്കാള്‍ പഴക്കമുണ്ട്. ഗ്രീക്ക് ഫിലോസഫറായ അനാക്‌സി മാന്‍ഡറും കാലങ്ങള്‍ക്കുമുമ്പേ പറഞ്ഞു, "ജീവനുണ്ടായത് അചേതനവസ്തുക്കളില്‍നിന്നാണെന്ന്. ഫ്രഞ്ച് സയന്റിസ്റ്റ് ജീന്‍ ബാപ്ടിസ്‌കെ ഡി ലമാര്‍ക്ക് 1809ല്‍ പരിണാമത്തെക്കുറിച്ച് വിശദമായി പറഞ്ഞു. 1859ല്‍ മാത്രമാണ് പരിണാമസിദ്ധാന്തത്തെക്കുറിച്ച് ഡാര്‍വിന്റെ ബുക്ക് "ഒറിജിന്‍ ഓഫ് സ്പീഷിസ്' പ്രസിദ്ധീകരിച്ചത്.''

"" മനുഷ്യന്റെ ഉല്‍ഭവത്തെക്കുറിച്ചറിയുന്നത് രസകരംതന്നെ.ഞാന്‍ ഇതിനെകുറിച്ചുള്ള ചരിത്രം വായിച്ചുകൊണ്ടിരിക്കുന്നതേയുള്ളു. പരിണാമസിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍ ജീവനെക്കുറിച്ച് ശാസ്ത്രീയമായി അറിയുമ്പോള്‍ മതത്തിലും ദൈവത്തിന്റെ സൃഷ്ടികര്‍മത്തിലും വിശ്വസിക്കാന്‍ എങ്ങനെ സാധിക്കും?''

""അതെക്കുറിച്ചേറെയൊന്നും തലപുകയ്ക്കാനില്ല. ഈ ഭൂമിയിലെ വ്യത്യസ്തങ്ങളായ ആയിരമായിരം ചെടികള്‍, പൂവുകള്‍, പക്ഷികള്‍ എല്ലാറ്റിനെയും നോക്കൂ.ഓരോന്നിനുമുണ്ട് അതിന്റേതായ പ്രത്യേകതകള്‍.നല്ലയൊരു തോട്ടക്കാരന്‍ ഈ പ്രപഞ്ചത്തിനുപിന്നിലുമുണ്ടെന്നു വിശ്വസിക്കാനാ എനിക്കിഷ്ടം. മതങ്ങള്‍ സൃഷ്ടിച്ചത് മനുഷ്യനാണ്. എന്നാല്‍ ദൈവമെന്ന സൂപ്പര്‍ പവറാണ് എല്ലാ സൃഷ്ടികള്‍ക്കും പിന്നില്‍. അതുകൊണ്ടുതന്നെ ദൈവത്തില്‍ വിശ്വസിക്കുന്നതിന് തടസങ്ങളൊന്നുമില്ല ജയകുമാര്‍. ഭൂമിയില്‍ ജീവന്‍ എങ്ങനെ ഉണ്ടായി എന്നും ജീവന്റെ പരിണാമം എങ്ങനെ സംഭവിച്ചു എന്നും മാത്രമാണ് തിയറി ഓഫ് ഇവല്യൂഷന്‍ വിശദീകരിക്കുന്നത്. ഈ പ്രപഞ്ചത്തെക്കുറിച്ച്, അതിന്റെ ഉല്‍പത്തിയെക്കുറിച്ച് നമുക്ക് വിശദീകരണങ്ങളൊന്നും ലഭ്യമല്ല. ഭൂമിയിലെ ജീവിതത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തന്ന്, ധാര്‍മിക മൂല്യങ്ങളെയും മനുഷ്യബന്ധങ്ങളെയുംകുറിച്ച് പറഞ്ഞുതന്ന്,ദൈവം എന്ന സൂപ്പര്‍ പവറിനെകുറിച്ച് പറഞ്ഞ്, മതം നമുക്ക് വഴികാട്ടിയാകുന്നു. സൃഷ്ടിയുടെ അര്‍ത്ഥം തേടിയുള്ള ശാസ്ത്രത്തിന്റെ ശ്രമങ്ങള്‍ക്കുനേരേ മതങ്ങള്‍ എന്നും മുഖംതിരിച്ചു നിന്നിട്ടുണ്ടെന്നതു സത്യമാണ് ''
""തന്നെ കണ്ടുമുട്ടിയതിലെനിക്ക് സന്തോഷമുണ്ട്, തന്നില്‍നിന്നെനിക്കൊരുപാട് കാര്യങ്ങള്‍ അറിയാന്‍ പറ്റി.......തന്നോടെന്തോ വല്ലാത്തൊരടുപ്പം തോന്നുന്നെനിക്ക.് ........ഐ....... ലവ് യു.''
ഒരു നിമിഷം മാലിനി നിശ്ചലയായി.പിന്നെ പറഞ്ഞു.
""എനിക്കും ....ഒരുപാടിഷ്ടമായി.... ജയകുമാര്‍.''
""നാളെ ഇവിടെവച്ച് കാണണോ അതോ ലൈബ്രറിയില്‍ കാണണോ?''
""ഇവിടെവച്ചുകാണാം. ലൈബ്രറിയില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടാകും.''
""കുറച്ചുനേരംകൂടി സംസാരിച്ചിരിക്കണമെന്നുണ്ടായിരുന്നെനിക്ക്.'' ജയകുമാര്‍ പറഞ്ഞു.
""എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല ജയകുമാര്‍. വീട്ടിച്ചെന്നിട്ട് ഞാന്‍ ഹോസ്റ്റലിലേക്ക് വിളിക്കട്ടേ?''
""വിളിക്കുന്നതിന് കുഴപ്പമില്ല. പക്ഷേ, ആരെങ്കിലും ഫോണെടുത്തിട്ടേ എനിക്ക് കൈമാറൂ. പ്രൈവറ്റായിട്ട് സംസാരിക്കാനൊന്നും പറ്റില്ല.''
""എന്റെ കൂട്ടുകാരികളൊക്കെ തന്നോടൊന്ന് മിണ്ടണമെന്നാഗ്രഹിച്ചിരിക്കുമ്പോഴാ എനിക്ക് തന്നെ ഫ്രണ്ടായി കിട്ടിയത്. താനൊരു ഡിഫറന്റ് കാരക്ടറാ. ആദ്യമേതന്നെ എനിക്കത് ബോധ്യമായി.അതിരിക്കട്ടേ ഭാവിയേകുറിച്ചെന്താ ജയകുമാറിന്റെ പ്‌ളാന്‍''
""ഡിഗ്രി പൂര്‍ത്തിയാക്കിയിട്ട് എം.ബി.എയ്ക്ക് ചേരണമെനിക്ക.് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിയിലാണെനിക്ക് താല്പര്യം. ''
""തനിക്കൊരുപാടുയര്‍ന്ന ലക്ഷ്യങ്ങളുണ്ടല്ലേ. ഡിഗ്രി കഴിഞ്ഞാലുടന്‍ എന്റെ കല്യാണം നടത്തണമെന്നാ അച്ഛന്റെ താല്പര്യം.''
ലക്ഷ്യങ്ങള്‍ നേടാന്‍ എനിക്കിനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു. പിന്നെ തന്റെ കാര്യം, തനിക്കിപ്പോള്‍ സ്‌നേഹിക്കാനൊരാളായില്ലേ, .....ഞാന്‍ തന്നെ സ്‌നേഹിക്കുന്നു. ......അതുകൊണ്ടെനിക്കായിത്തിരി കാത്തിരുന്നേപറ്റൂ.'' മാലിനിയുടെ മുഖത്ത് നാണം കലര്‍ന്നൊരു പുഞ്ചിരി വിടര്‍ന്നു.
""സമയമേറെ വൈകി.. ദാ വണ്ടിയെത്തിക്കഴിഞ്ഞു,ഇനി നാളെക്കാണാം ജയകുമാര്‍.''പെട്ടെന്നൊരു അമ്പാസഡര്‍കാര്‍ അവര്‍ക്കരികിലെത്തി നിര്‍ത്തി. ജയകുമാറിനോട് യാത്രപറഞ്ഞ് മാലിനി വണ്ടിയില്‍ കയറി.

(തുടരും....)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക