MediaAppUSA

'ഭൂതത്താന്‍കുന്ന്' ഒരു യാത്ര..(തമ്പി ആന്റണി തെക്കേക്കുറ്റ്, സാന്‍ ഫ്രാന്‍സിസ്‌കോ)

തമ്പി ആന്റണി തെക്കേക്കുറ്റ്, Published on 20 April, 2017
 'ഭൂതത്താന്‍കുന്ന്' ഒരു യാത്ര..(തമ്പി ആന്റണി തെക്കേക്കുറ്റ്,  സാന്‍ ഫ്രാന്‍സിസ്‌കോ)
എഴുതാതിരിക്കാന്‍ ഒരുപാടു ശ്രമിച്ചിട്ടും പരാജയപ്പെടുമ്പോഴാണ് ഒരെഴുത്തുകാരന്‍ ജനിക്കുന്നത്. അല്ലാതെ എഴുത്തുകാരനാകാന്‍വേണ്ടി മാത്രം എഴുതുന്നവരല്ല. എന്റെ കാര്യത്തില്‍ അത് അക്ഷരംപ്രതി ശരിയാണ്. അല്ലെങ്കില്‍ ഒരിക്കലും ഞാന്‍ ഈ വൈകിയ വേളയില്‍ എഴുത്തിന്റെ ലോകത്തെത്തുകയില്ലായിരുന്നു. എന്റെ എഴുത്തുകള്‍ കഥാപാത്രങ്ങളുടെ കൂടെയുള്ള അനിശ്ചിതമായ  ഒരു യാത്രയാണ്. ആ യാത്രകളില്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളാണ് എന്നെക്കൊണ്ട് കഥ പറയിപ്പിക്കുന്നത്. എന്നാലും  അവര്‍ക്കൊരു ലക്ഷ്യവുമുണ്ടന്ന്  ഞാന്‍ വിശ്വസിക്കുന്നു . മറ്റൊരുതരത്തില്‍ പറഞ്ഞാല്‍  അനിശ്ചിതത്തത്താല്‍ നിശ്ചയിക്കപ്പെട്ടതാണ്. Travel is determined by uncertaitny. എന്നല്ലേ പറയപ്പെടുന്നത്. ആ അനിശ്ചിതത്വത്തിന്റെ ഒരു മനോഹാരിത അതാണ് എന്നെ എഴുത്തിന്റെ ലോകത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് .  ഒരു കലാകാരനും ഒരു ശില്‍പ്പവും പരിപൂര്‍ണ്ണ തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അഥവാ അങ്ങനെ കഴിഞ്ഞാല്‍ അത് ആ കലാകാരന്റെ കലാജീവിതത്തിന്റെ അവസാനമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.  പൂര്‍ത്തീകരണത്തിനുള്ള ശ്രെമകരമായ പ്രവര്‍ത്തിയില്‍നിന്നും ഉടെലെടുക്കുന്നതാണ് യഥാര്‍ത്ഥ സൃഷ്ടി. അതൊരുപക്ഷേ ഭാവനയാകാം അനുഭവങ്ങളാകാം ചിലപ്പോള്‍ അപൂര്‍ണ്ണവുമാകാം  .  ഇതിപ്പോള്‍ വായനക്കാര്‍ക്ക്  എന്റെ ഒരനുഭവമായി തോന്നുന്നുവെങ്കില്‍ അത് വെറും യാദൃച്ഛികം മാത്രമാണ്.

 അമേരിക്കയില്‍ വന്നതിനു ശേഷം ഞാന്‍ നാടകങ്ങളില്‍ വളരെ സജീവമായിരുന്നു. ആ കാലങ്ങളിലാണ് സ്‌റ്റേജിനു വേണ്ടി മാത്രം കുറെ കോമഡി നാടകങ്ങള്‍ രചിച്ചത് . അതാണ് പിന്നീട് ഒലീവ് ബുക്‌സ് 'ഇടിച്ചക്ക പ്ലാംമൂട് പോലീസ് സ്‌റ്റേഷന്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. ഭൂതത്താന്‍ കുന്ന് എന്നത് എന്റെ   ആദ്യത്തെ നോവലാണ്. അതും കുറെ താമസ്സിച്ചുപോയി എന്നൊരു തോന്നല്‍ ഒരിക്കലുമില്ല ഈ താമസം എന്ന കാലയളവുതാനെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ' Better be late than never ' എന്നല്ലേ.  ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അനിശ്ചിതമായ ഒരനുഭവങ്ങളില്‍കൂടിയും അല്ലാതെയുമുള്ള  യാത്രയാണ് ഈ ആദ്യ നോവല്‍ . അതുകൊണ്ടുതന്നെ  ഇത് അവസാനത്തെതും ആകാം. ഒരിക്കലും ഒരു നോവല്‍ എഴുതുമെന്നുപൊലും വിചാരിക്കാതിരുന്ന ഞാന്‍ ഇപ്പോള്‍ നോവല്‍ എഴുതുന്നു എന്നത് എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല . ഇനിയും ഒരു നോവല്‍ എഴുതുന്ന കാര്യവും പ്രവചനാതീതമാണ്. ഡിയാബ്ലോ  എന്ന സ്പാനിഷ് പദത്തില്‍ നിന്നാണ് ഭൂതങ്ങളുടെ കുന്നുകള്‍ എന്നര്‍ത്ഥം വരുന്ന ആ പേര് രൂപാന്തിരപ്പെട്ടത്. ആ പര്‍വതനിരകളുടെ താഴവാരത്തുകൂടി യാണ് ദിവസേന യാത്ര. ആ യാത്രകളില്‍  ഒരു മഴക്കാലത്ത്   ഓര്‍മ്മകള്‍ കുറെ പിറകോട്ടു പോയി. അങ്ങു ദൂരെ മറ്റൊരു പാര്‍വതനിരകളില്‍ തല ഉയര്‍ത്തി നിന്ന ആ  കോളേജും അത് സ്ഥിതി ചെയിതിരുന്ന കൊച്ചു പട്ടണവും അവിടുത്തെ ജീവിതങ്ങളും ഒക്കെ ഒരു മിന്നല്‍ പിണര്‍പോലെ മനസ്സില്‍ മിന്നി മറഞ്ഞു. ആ ജീവിതാനുഭവങ്ങള്‍ ഒക്കെ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ആ ഒര്‍മ്മകളായിരുന്നു ഈ കഥയുടെ പ്രചോദനവും തുടക്കവും.  ഭൂതത്താന്‍കുന്ന്  എന്ന  കുന്നുകളുടെ പ്രാന്ത പ്രദേശത്തുനിന്ന്  ഇങ്ങ് കാലിഫോര്‍ണിയയില്‍  മറ്റൊരു  ഭൂതക്കുന്നുകളുടെ സമതലങ്ങളി ലേക്കുള്ള  ഒരു യാത്ര. അതെങ്ങെനെ സംഭവിച്ചു എന്നതാണ് അത്ഭുതം. രണ്ടു കുന്നുകളുടെ താഴവാരങ്ങളിലെ ജീവിത മുഹൂര്‍ത്തങ്ങള്‍. അതുതന്നെയാണ് ഈ നോവലിന്റെ കഥാതന്തു . വായിക്കുന്നവര്‍ക്ക് ഈ കഥ എങ്ങെനെ വേണമെങ്കിലും സങ്കല്‍പ്പിക്കാനുള്ള  പൂര്‍ണ അവകാശമുണ്ട്. ഇത് ചിലപ്പോള്‍ അവരുടെയോ എന്റെയോ  അനുഭവങ്ങളായിട്ടു  തോന്നുന്നുവെങ്കില്‍ ഞാന്‍ വിജയിയാണ്. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങള്‍ തീര്‍ച്ചയായും എഴുതുവാനുള്ള പ്രചോധനംതന്നെയാണ്. ആ അനുഭവങ്ങളെ മറ്റൊരു സാങ്കല്‍പ്പിക ലോകമായി കാണുകയും ആ ലോകത്തിലേക്ക് വായനക്കാരെ കൂടെ കൊണ്ടുപോവുകയും ചെയുന്നു. അപ്പോള്‍ മാത്രമാണ് ഒരു എഴുതുകാരാന്‍ പൂര്‍ണമാകുന്നത് .
 
 ഏതു കഥക്കും പേരിന് വളെരെ പ്രാധാന്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. പ്രത്യകിച്ച് കഥാപാത്രങ്ങള്‍ക്ക്. ഈ ഭൂതത്താന്‍കുന്ന് എന്ന പേരു കേള്‍ക്കുമ്പോള്‍ ഇതൊരു പ്രേതകതയാണോ എന്നും തോന്നാം. എന്നാലും പേരുകളോട് ആഭിമുഖ്യമുള്ള എനിക്കുപോലും  ഈ നോവലിന് ഇതിലും അര്‍ത്ഥവത്തായ ഒരു പേര് കണ്ടെത്താനായില്ല.  എന്റെ കുട്ടികളുടെ പേരിലും ഉണ്ട് ചില പുതുമകള്‍.  രണ്ടു പെണ്‍കുട്ടികള്‍ നദി , സന്ധ്യ പിന്നെയുള്ളത് ആണ്‍കുട്ടി കായല്‍. നദി, സന്ധ്യ, കായല്‍, നല്ല കവിത്ത്വവും  മലയാളിത്തമുള്ള  പേര് എന്ന് മലയാള മനോരമ്മയുടെ പ്രധാന പത്രാധിപന്‍ ശ്രീമാന്‍ തോമസ് ജേകബ് ഒരിക്കല്‍ തന്റെ  കഥകൂട്ട് എന്ന പ്രശസ്ത ലേഖനത്തിലൂടെ  പറയുകയുണ്ടായി. അതുപോലെതന്നെ എനിക്കിഷ്ടപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു പ്രേമ.
 അതുകൊണ്ട് തന്നെ അവള്‍ എന്റെ ജീവിതസഖി ആവുകയും ചെയിതു. ഞങ്ങള്‍ സാന്‍ ഫ്രാന്‍സിസ്‌കോയുടെ കിഴക്കുഭാഗത്തുള്ള  ആലമോ എന്ന ചെറുനഗരത്തില്‍ ജീവിക്കുന്നു. എന്റെ ഈ തീര്‍ഥയാത്രയുടെ   അവസാനവും ഇവിടെത്തന്നെ ആയിരിക്കുമെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം .    .
 
 ഇപ്പോള്‍ എനിക്ക് ഏറ്റവും സന്തോഷം തരുന്നത് സിനിമാക്കാര്‍ എന്നെ ഒരെഴുത്തുകാരനായി കാണുബോഴാണ് . നേരെ മറിച്ച്  എഴുത്തുകാര്‍ സിനിമാക്കാരനായി കാണുമ്പോള്‍പോലും അത്രക്ക് ആഹഌദം  ഉണ്ടാകാറില്ല. ഞാന്‍ എന്തൊക്കെ ആയാലും ആയില്ലെങ്കിലും എല്ലാം ഒരു യാദൃച്ഛികമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ ഈ പ്രപഞ്ചം മാത്രമല്ല ജീവിതത്തില്‍ എല്ലാം വെറും യാദൃചികമാനന്നുള്ളതിന്റെ ഒരു തെളിവുകൂടിയാണ്  ഭൂതത്താന്‍ കുന്നില്‍നിന്നു ഭൂതത്താന്‍ കുന്നിലേക്കുള്ള ഈ  യാത്ര. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടല്‍ തീരങ്ങളിലെ ഏറ്റവും ഉയരം കൂടിയ പാര്‍വതനിരയാണ് മൗണ്ട് ഡിയാബ്ലോ . കേരളത്തിലെ ഒരു സാങ്കല്‍പ്പിക ഗ്രാമമാണ് ഈ നോവലില്‍ പ്രതിപാതിക്കുന്ന ഭൂതത്താന്‍കുന്ന്. അങ്ങനെ ഒരു പേര് മനസ്സില്‍ വന്നപ്പോള്‍ എന്റെ ഒര്‍മ്മയില്‍പോലും  ഈ ഡെവിള്‍ മൗണ്ടന്‍ ഇല്ലായിരുന്നു എന്നുപറഞ്ഞാല്‍ ആരും വിശ്വസിക്കുമെന്നു  തോന്നുന്നില്ല. ദിവസേന എന്നതുപോലെ ഈ മലകളുടെ താഴ്വാരത്തു കൂടിയുള്ള യാത്രകള്‍ . ആ യാത്രകളില്‍ എന്റെ ഉപബോധമനസ്സില്‍ അടിഞ്ഞുകൂടിയ ആ ചെകുത്താന്‍ കുന്നുകളായിരിക്കണം ഞാന്‍ പോലുമറിയാതെ എന്റെ കഥയിലെ കുന്നുകളും തഴ്വാരങ്ങലുമായി പരിണമിച്ചത് . ഒരു സൃഷ്ടി നടത്തുബോള്‍ ഏതു  കലാകാരനും  അപൂര്‍വമായി ചില ഭാഗ്യങ്ങള്‍ വന്നുചേരാറുണ്ട് . അങ്ങനെയുള്ള ഒരു മഹാഭാഗ്യമായിതന്നെ  ഞാന്‍ ഇതിനെ വിലമതിക്കുന്നു.

 ഇതൊരു ചരിത്ര നോവലൊന്നുമല്ല എന്നാലും ഈ നോവലില്‍ ഞാന്‍ അറിഞ്ഞോ അറിയാതെയോ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചില വ്യക്തികളുണ്ട് . അതുകൂടി കുറിക്കുന്നു.

 മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി , മുന്‍ അമേരിക്കന്‍ പ്രസിഡണ്ടന്മാരായ കെന്നഡി, ബില്‍ ക്ലിന്റണ്‍, മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, മുന്‍ ഡി.ജി.പി.ജയറാം പടിക്കല്‍, എഴുത്തുകാരന്‍ എം. മുകുന്നന്‍, കാര്‍ട്ടൂണിസ്‌ററ് അരവിന്ദന്‍, ടോംസ്, ഗായകന്‍ യേശുദാസ്, അഭിനേതാക്കളായ നെടുമുടി വേണു, രജനികാന്ത്, ശിവാജി ഗണേശന്‍, പ്രേംനസീര്‍, ബാബു ആന്റണി. അപരാഹ്നം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സുകുമാരന്‍ നായര്‍. നെക്‌സലേറ്റ് എന്ന സംശയത്തില്‍ ആര്‍.ഇ.സിയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രാജന്‍, ചാര്‍ളി, രാജന്റെ പിതാവ് ഈച്ചരവാര്യര്‍, പ്രൊഫസര്‍ എസ. രാമകൃഷ്ണന്‍. എന്നിവരെയും ഈ കഥയില്‍ കഥാപാത്രങ്ങളാകുന്ന എന്റെ പ്രീയപ്പെട്ട സഹപാഠികളെയും ആദരവോടെ ഓര്‍മ്മിക്കുന്നു. എല്ലാറ്റിനും ഉപരി എന്റെ ഈ നോവലിന് അവതാരിക എഴുതിയ പ്രസിദ്ധ എഴുത്തുകാരന്‍ അര്‍ഷാദ് ബത്തേരിയെയും സ്‌നേഹപൂര്‍വം സ്മരിക്കുന്നു.

 'ഭൂതത്താന്‍കുന്ന്' ഒരു യാത്ര..(തമ്പി ആന്റണി തെക്കേക്കുറ്റ്,  സാന്‍ ഫ്രാന്‍സിസ്‌കോ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക