HOTCAKEUSA

ശിലകള്‍- (ചെറുകഥ: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 20 May, 2017
 ശിലകള്‍- (ചെറുകഥ: ജോണ്‍ വേറ്റം)
മുരളി പൗരത്വം എടുത്തില്ല. സ്വദേശത്ത് മടങ്ങിയെത്തണമെന്നു ഭാര്യയോടും പറഞ്ഞു. എന്നാല്‍, സഹോദരങ്ങളെ കൊണ്ടുവരുന്നതിന് സരസയ്ക്ക് പൗരത്വം വേണം. ബന്ധുക്കളെ വരുത്തിയാല്‍ മടക്കയാത്രയ്ക്ക് തടസ്സവും സാമ്പത്തികച്ചിലവും ഉണ്ടാകുമെന്നു വിവരിച്ചിട്ടും അവള്‍ക്ക് ശാഠ്യം. അതു തര്‍ക്കവും കലഹവും ഉണ്ടാക്കി. അതുകൊണ്ട്, തുടച്ച ഒഴിയാന്‍ പാതിമനസ്സോടെ മുരളി സമ്മതിച്ചു. സരസ പൗരത്വമെടുത്തു. സഹോദരങ്ങളുടെ വരവിനും സംരക്ഷണച്ചിലവുകള്‍ക്കും വേണ്ടി, രണ്ടിടങ്ങളില്‍ ജോലി ചെയ്തു.

അവരുടെ അഭിപ്രായങ്ങള്‍ മക്കളെ സംബന്ധിച്ചും ഭിന്നിച്ചു. അധാര്‍മ്മികനടത്ത ഉണ്ടാകരുതെന്നുകരുതി അവരെ മുരളി നിയന്ത്രിച്ചു. പിന്‍തലമുറ തന്റെ കുടുംബപാരമ്പര്യം തുടരണമെന്നായിരുന്നു അയാളുടെ അഭിമതം. സ്വദേശആചാരങ്ങളെ അടിച്ചേല്‍പിക്കരുതെന്നും, മാതാപിതാക്കള്‍ ചെയ്യുന്നതെല്ലാം മക്കള്‍ അനുകരിക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും സരസയുടെ അഭിപ്രായം. സ്വാതന്ത്ര്യസുഖം മോഹിച്ച മകന്‍ പ്രഭക്കും, മകള്‍ ഉഷക്കും, അച്ഛന്റെ ഉപദേശം ഇഷ്ടമായില്ല. അമ്മയുടെ അധികസ്‌നേഹത്തോടു ചേര്‍ന്നു. ഉപരിപഠനത്തിന് മക്കളെ വിദേശത്ത് വിടണമെന്ന് സരസ ആവശ്യപ്പെട്ടു. ഇതു നല്ലതെന്ന് മുരളിക്ക് തോന്നിയില്ല. നിത്യവും മക്കളെ കാണുന്നതിനും, നിയന്ത്രിക്കുന്നതിനും, വിദ്യാഭ്യാസച്ചിലവ് ചുരുക്കുന്നതിനും അയല്‍പ്രദേശത്തുള്ള കോളേജില്‍ ചേര്‍ക്കണമെന്ന് മുരളി നിര്‍ദ്ദേശിച്ചു. ഭാര്യയും, മക്കളും അതു സ്വീകരിച്ചില്ല. ചെറുപ്പക്കാരുടെ പെരുമാറ്റവും സ്വഭാവവും വിദേശവിദ്യാഭ്യാസം മെച്ചപ്പെടുത്തുമെന്ന് ഏറെ അവബോധമുള്ളവളെപ്പോലെ സരസ പറഞ്ഞു. അങ്ങനെ അക്കാര്യത്തിലും മുരളി പിന്നിലായി. സ്വദേശത്തുനിന്നും വന്ന സഹോദരങ്ങളെ താമസിപ്പിക്കുന്നതിന് സൗകര്യമായി.
കൂടെപ്പിറവുകളുടെ കൂറും കൂട്ടായ്മയും കിട്ടിയെങ്കിലും, സരയുടെ ബദ്ധപ്പാട് ഇരട്ടിച്ചു. പ്രതീക്ഷതുപോല കാര്യങ്ങള്‍ കയ്യില്‍ ഒതുങ്ങിയില്ല. സഹോദരങ്ങള്‍ മാറിത്താമസിക്കുമ്പോള്‍ അധികജോലി നിര്‍ത്തണമെന്ന ഉപദേശവും ഫലിച്ചില്ല. തൊഴിലുകളില്‍ പ്രവേശിച്ചിട്ടും, വേറിട്ടുതാമസിക്കാനും ചിലവിനു നല്‍കാനും മൂന്ന് ആങ്ങളമാരും രണ്ട് അനുജത്തിമാരും തയ്യാറായില്ല.

പ്രഭയും ഉഷയും അവധിക്കു വന്നപ്പോള്‍, അവരുടെ കിടക്കമുറികള്‍ അമ്മാവന്മാര്‍ ഉപയോഗിക്കുന്നതു കണ്ടു അസ്വസ്ഥരായി. പ്രഭ മടങ്ങിപ്പോയി. ആ ആകസ്മികസംഭവം മുരളിയെ വേദനിപ്പിച്ചു. അന്ന് ജോലികഴിഞ്ഞ് എല്ലാവരും വന്നപ്പോള്‍, അളയന്മാരാട് സൗമ്യതയോടെ അയാള്‍ പറഞ്ഞു: 'നിങ്ങളിവിടെവന്നിട്ട് ഒരു വര്‍ഷത്തോളമായി. ഇനി മാറിത്താമസിക്കണം. കിടക്കാനിടമില്ലാഞ്ഞതിനാല്‍ പ്രഭ തിരിച്ചുപോയി.' അത് അഭ്യര്‍ത്ഥനയായിരുന്നു. എങ്കിലും, കല്പനയെന്നു ഇളയ അളിയന്‍ സഹദേവനു തോന്നി. അയാള്‍ വെറുപ്പോടെ പരുഷസ്വരത്തില്‍ ചോദിച്ചു: 'ഞങ്ങളെ അടിച്ചിറക്കാനാണോഭാവം? നാട്ടില്‍ സുഖമായി ജീവിച്ച ഞങ്ങളെ വിളിച്ചുവരുത്തി അപമാനിക്കരുത്.' ദേഷ്യം വന്നിട്ടും ഇണക്കത്തോടെ മുരളി തുടര്‍ന്നു: 'നിങ്ങള്‍ ഞങ്ങളുടെ കഷ്ടപ്പാട് കാണണം. ചിലവും പ്രയാസങ്ങളും വര്‍ദ്ധിച്ചു. വാസ്തവം മനസ്സിലാക്കി പ്രവര്‍ത്തിക്കണം.' പെട്ടെന്ന് ആരും ഉത്തരം പറഞ്ഞില്ല.അല്പ നേരം കഴിഞ്ഞ് മൂത്ത അളിയന്‍ തങ്കപ്പനും, രണ്ടാമന്‍ വാസുവും മാറാമെന്നു സമ്മതിച്ചു. 'ഇവിടെത്തന്നെ കുറച്ചുകാലംകൂടി താമസിക്കും' എന്നായിരുന്നു സഹദേവന്റെ മറുപടി. മുരളി അസ്വസ്ഥനായി. അല്പം ഗൗരവത്തോടെ പറഞ്ഞു: നനഞ്ഞിടം മാത്രം കുഴിക്കുന്ന സ്വഭാവം നന്നല്ല.' പെട്ടെന്ന് സഹദേവന്‍ ചാടി എഴുന്നേറ്റു. മുരളിയുടെ നേരേ വിരല്‍ചൂണ്ടിക്കൊണ്ട് ആക്രോശിച്ചു. ഇത് എന്റെ ചേച്ചീടെ വീടാണ്. തന്റെ തറവാട്ടുസ്വത്തല്ല. ചേച്ചീടെ ഔദാര്യം കൊണ്ട് അമേരിക്കയിലെത്തിയ നീ അധികം കുരയ്ക്കണ്ടാ.' മുരളീടെ അഭിമാനം നൊന്തു. അയാള്‍ താക്കീതു നല്‍കി. 'നിന്റെ നന്ദി ആവശ്യമില്ല. പക്ഷേ, ധിക്കാരം പറയരുത്.' സഹദേവന്‍ മറുപടി പറയാതെ മുരളിയുടെ കഴുത്തില്‍ പിടിച്ചു പിന്നിലേക്കു തള്ളി. കരണത്തടിക്കാന്‍ കൈ ഉയര്‍ത്തിയെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു. അപ്രതീക്ഷിത കലഹം. അടുത്തുനിന്ന ഭാര്യയോട് മുരളി ദേഷ്യത്തോടെ ചോദിച്ചു: 'നീ, ഇത്രകാലവും പാല് കൊടുത്തത് പാമ്പിനായിരുന്നുവെന്ന് ഇപ്പോള്‍ ബോദ്ധ്യമായോ?' ആങ്ങളുടെ അതിക്രമം കണ്ടു മനസ്സിടിഞ്ഞുവെങ്കിലും, ലാഘവത്തോടെ സരസ ഉപദേശിച്ചു: 'തിരിച്ചറിവില്ലാത്തവന്‍ കള്ള്കുടിച്ചു ബോധമില്ലാതെ പുലമ്പിയതു കാര്യമാക്കണ്ടാ.' രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ മനം കലങ്ങി. എല്ലാവരും കൂടി വസിച്ചാല്‍ വീണ്ടും കലഹവും കയ്യേറ്റവും ഉണ്ടാകുമെന്നു ഭയന്നു. പിറ്റേന്ന് തന്നെ ഒഴിഞ്ഞുപോകുവാന്‍ ആങ്ങളമാരെ അറിയിച്ചു അപ്പോഴും ഉള്ളം നീറി. രാത്രിയുടെ അസ്വസ്ഥ യാമങ്ങള്‍ ഉറക്കം കെടുത്തി.

പിറ്റേന്ന്, സന്ധ്യക്കു മുമ്പ്, മൂന്ന് ആങ്ങടമാരും വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. അനുജത്തിമാരെ വിടാതെ, കൂടെത്താമസിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനു ശേഷമാണ് സഹദേവന്‍ പടിയിറങ്ങിയത്. അതേ കാരണത്താല്‍, പിറ്റേ ആഴ്ചയില്‍, സരസയുടെ സഹോദരികളും വാടകവീട്ടിലേക്കുമാറി.

പ്രഭയും ഉഷയും ബിരുദാനനന്തരബിരുദമെടുത്തു ജോലികളില്‍ പ്രവേശിച്ചതിനാല്‍, അവരുടെ വിവാഹം കൂടി നടത്തിയശേഷം, സ്വദേശത്ത് തിരിച്ചെത്തണമെന്ന് മുരളി നിശ്ചയിച്ചു. മലയാളികളും സ്വജാതിയില്‍പ്പെട്ടവരുമായിരിക്കണം മരുമക്കള്‍ എന്ന നിര്‍ബന്ധം അയാള്‍ക്കുണ്ടായിരുന്നു. അതിനാല്‍, കുടുംബാംഗങ്ങള്‍ നാല്‌പേരും അയാളുടെ തറവാട്ടിലെത്തി. ബന്ധുക്കളുടെ സഹായത്തോടെ, മക്കള്‍ക്കുവേണ്ടി പല സുന്ദരന്മാരേയും സുന്ദരികളെയും കണ്ടു. എന്നിട്ടും, അവരില്‍ ആരേയും പ്രഭക്കും ഉഷക്കും ഇഷ്ടപ്പെട്ടില്ല. ഓരോ കാരണം പറഞ്ഞു ഇരുവരും പിന്മാറി. പെട്ടെന്ന് പരിഹരിക്കാനാവാത്തൊരു പ്രശ്‌നമാണ് മക്കളുടെ ഇഷ്ടത്തിനൊത്ത വിവാഹമെന്നു മുരളിക്കു ബോദ്ധ്യമായി. നിരാശനായി. എന്ത് ചെയ്യണമെന്ന് ഭാര്യോട് ചോദിച്ചു. 'ഇക്കാലത്ത്, കുലീനത്തം തറവാടിത്തം എന്നൊക്കെപ്പറഞ്ഞാല്‍ പിള്ളേര്‍ക്കു മനസ്സിലാകത്തില്ല. കവടിനിരത്തിയും ജാതകം നോക്കിയുമല്ല അവര്‍ പൊരുത്തം നിശ്ചയിക്കുന്നത്. സ്‌നേഹിക്കാനും സഹകരിക്കാനും വിശ്വസ്തയോടെ ജീവിക്കാനും കഴിവുള്ളവരെ അവര്‍ തെരഞ്ഞെടുക്കും അത്ര തന്നെ.' സ്‌നേഹവും അതിന്റെ ആസ്വാദ്യതയും വിവാഹത്തിനുശേഷം പങ്കിടേണ്ടതാണെന്ന ഒരു സാമാന്യസിദ്ധാന്തം പുത്തന്‍തലമുറക്കില്ലെന്നും സരസ പറഞ്ഞു.

അന്ന് അവധിദിവസം. മുന്നറിയിപ്പ് കൂടാതെ പ്രഭയും ഉഷയും വന്നു. സുമുഖനായൊരു യുവാവും കൂടെയുണ്ട്. അയാള്‍, ഇറ്റലിക്കാരനും ഉഷ ജോലി ചെയ്യുന്ന ഗവേഷണ സ്ഥാപത്തിലെ ഉദ്യോഗസ്ഥനുമാണ്. സൗഹാര്‍ദസംഭാഷണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം 'ലോറന്‍സ്' മടങ്ങിപ്പോയി. പിന്നീട്, എല്ലാവരും വര്‍ത്തമാനം പറഞ്ഞു രസിച്ചു. സ്‌നേഹവാത്സല്യങ്ങളുടെ സുഗന്ധം പടര്‍ത്തിയ പകലും, മധുരം പകര്‍ന്ന രാവും കൊഴിഞ്ഞു. ജീവിതത്തില്‍ സത്യവും സമാധാനവും നിത്യവും ഉണ്ടായിരിക്കണമെന്ന് കൊതിക്കുമ്പോഴും, അനുഭവങ്ങളിലെ അനിശ്ചിതത്വം ദീര്‍ഘദര്‍ശനം ചെയ്യാനാവില്ലല്ലെ! പിറ്റേന്ന്, അച്ഛനോടും അമ്മയോടും പ്രഭ ഒരു കാര്യം പറഞ്ഞു. ഏറെക്കാലം മനസ്സില്‍ മറച്ചുവച്ച രഹസ്യം. തലേദിവസം വന്ന ലോറന്‍സും ഉഷയും തമ്മില്‍ സ്‌നേഹിക്കുന്നുവെന്നും, വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. അതു കേട്ടു സരസ അമ്പരന്നു! മുരളി സ്തബ്ധനായി! നിര്‍ണ്ണായനേരം. ആത്മാവില്‍ സൂക്ഷിച്ച അഭിലാഷങ്ങള്‍ മാത്രനേരം കൊണ്ടു തകര്‍ന്നുവെന്ന ബോധം. അപമാനിതനും അവഗണിക്കപ്പെട്ടവനുമായി വന്ന സങ്കകരമായ ചിന്ത. തീവ്രകോപത്തോടെ അയാള്‍ തന്റെ തീരുമാനം വ്യക്തമാക്കി. ഇല്ല. ഞാനതിന് ഒരിക്കലും അനുവദിക്കില്ല.' പ്രഭ നിശ്ശബ്ദനായി നിന്നു. എന്നാല്‍, വാസ്തവം അറിയിക്കേണ്ടത് ആവശ്യമെന്നു തോന്നി. അച്ഛനും അമ്മയും ഉഷയുടെ ആഗ്രഹം നിറവേറ്റണമെന്ന് ഉപദേശിച്ചു. അപ്പോള്‍, പൂര്‍വ്വാധികം അമര്‍ഷത്തോടെ മുരളി ഗര്‍ജ്ജിച്ചു. 'മിണ്ടിപ്പോകരുത്. രണ്ടിനേയും ഞാന്‍ കൊല്ലും.' അടുത്തമുറിയില്‍ നിന്ന ഉഷ അതു കേട്ടു. തന്റെ നിശ്ചയത്തെ നീതികരിക്കാനും ന്യായീകരിക്കാനുമുള്ള നേരം വന്നുവെന്നു കരുതി. കരുണാദ്രമായൊരു പ്രതികരണം പിതാവില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഇടറാതെ മുരളിയുടെ മുന്നില്‍ വന്നുനിന്നു. വിനീതയായി മൊഴിഞ്ഞു. 'ഞാന്‍ ലോറന്‍സിനെ സ്‌നേഹിക്കുന്നു! അച്ഛന്‍ ഞങ്ങളുടെ വിവഹാം നടത്തണം.' ബാക്കി പറയുന്നതിനു മുമ്പ് മകളെ അടിക്കാന്‍ മുരളി മുന്നോട്ടാഞ്ഞു. പെട്ടെന്ന് പ്രഭ തടഞ്ഞു. സരസ പൊട്ടിക്കരഞ്ഞു. ഗൃഹാന്തരീക്ഷം കലൂഷിതമായി! ഉഷ സ്വന്തം കിടപ്പറയിലേക്കു പോയി. അവളുടെ ആഗ്രഹം മാറ്റി, അച്ഛനെ അനുസരിച്ചു ജീവിക്കണമെന്നും അരുതാത്തബന്ധം കണ്ണീരാകുമെന്നും സരസ ഉപദേശിച്ചു. അപ്പോഴും, പിതാവിന്റെ ദുരഭിമാനത്തെ മകന്‍ അപലപിച്ചു. ലോകത്ത് സംഭവിക്കുന്ന യഥാര്‍ത്ഥ മാറ്റങ്ങളെ മനസ്സിലാക്കി ജീവിക്കുന്നതിന് പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും, അതിനെ തടയുക സാദ്ധ്യമല്ലെന്നും വിവരിച്ചു. ഒരു സങ്കരവിവാഹത്തിന് ഒരിക്കലും അനുവദിക്കില്ല എന്നായിരുന്നു മുരളിയുടെ മറുപടി. തര്‍ക്കവും വഴക്കവും ഒഴിവാക്കണമെന്ന താല്‍പര്യത്തോടെ പ്രഭ നിശ്ശബ്ധനായി. യുവതികള്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സന്തുഷ്ടിയുടെ സ്വഭാവം എന്തെന്നും അവര്‍ ഏതുതരം ജീവിതവൃത്തി ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കാത്ത അമ്മമാരും, യുവാക്കള്‍ക്കു ജീവിതത്തില്‍ വിട്ടുകളയാനാവാത്ത യുവസഹജമായ മോഹങ്ങളെന്തെന്നു തിരിച്ചറിയാത്ത പിതാക്കന്മാരും, ജീവിത്തതില്‍ നിന്ന് അത്യുത്തമ ആനന്ദം നേടുകയില്ലെന്ന് പറയണമെന്നു വിചാരിച്ചെങ്കിലും, അതു ന്യാവാദത്തിന്റെ നേരമല്ലെന്നു വിചാരിച്ചു. സ്വന്തം കുടുംബത്തില്‍ അവധികാലം കഴിക്കാന്‍ കൊതിച്ചെങ്കിലും, അന്നുണ്ടായ പ്രകോപന സാഹചര്യം അനുവദിച്ചില്ല. വാത്സല്യം ആസ്വദിക്കാന്‍ കൊതിച്ച മനസ്സില്‍ ദുഃഖഭാരവുമായി ഉഷ വീട് വിട്ടിറങ്ങി. സൈ്വര്യവും സ്വസ്തയും നഷ്ടപ്പെട്ട മുരളി ദേഷത്തോടെ പറഞ്ഞു: 'അനുസരണമില്ലാത്തവര്‍ കൊണ്ടറിയും'
യഥേഷ്ടം വിഹരിക്കാനും വ്യര്‍ത്ഥസൗഹൃദം പങ്കിടാനും വാതില്‍ തുറക്കുന്ന വിദേശവിദ്യാഭ്യാസം ഉഷയെ അനുരാഗബദ്ധയാക്കിയെന്നു മുരളി വിശ്വസിച്ചു. അവളുടെ അഭ്യര്‍ത്ഥന നിരസിച്ചതു യുക്തിഭംഗമെന്നു തോന്നിയില്ല. മുന്നിലുള്ള ഭീഷണമായ പ്രതിസന്ധി മറികടക്കാന്‍ മക്കളോടൊത്തു സ്വദേശത്ത് മടങ്ങി എത്തണമെന്ന് ഭാര്യയെ ഉപദേശിച്ചു. അസാദ്ധ്യകാര്യത്തെക്കുറിച്ചു വൃഥാ ചിന്തിക്കണ്ടാ എന്ന മറുപടിയാണ് അപ്പോള്‍ ലഭിച്ചത്. ഭര്‍ത്താവിന്റെ നിശ്ചയം പിഴവുള്ളതും ബലഹീനവുമാണെന്നും അവള്‍ക്ക് തോന്നി. എന്നിട്ടും, അധിക്ഷേപിച്ചില്ല. പക്ഷേ, വാത്സല്യത്തെക്കാള്‍ കാന്തശക്തിയുള്ളതാണ് അനുരാഗബന്ധമെന്നു പറയാന്‍ മടിച്ചില്ല.
ഏറിയും കുറഞ്ഞും വന്ന കഷ്ടതയുടെ കാലം കൊഴിഞ്ഞപ്പോള്‍ ദുഃസ്സഹദുഃഖത്തിന്റെ മറ്റൊരു വാര്‍ത്ത വന്നു. ലോറന്‍സിനോടൊത്ത് ഉഷ താമസിക്കുന്ന വിവരം. മുരളിയുടെ മനസ്സില്‍ വലിയ പുകച്ചില്‍. തളര്‍ന്നടിയും വരെ കരയേണ്ടിവരുന്ന ഒരവസ്ഥ മകള്‍ തന്നുവെന്നും, അതു വെല്ലുവിളിയും ശിക്ഷയുമാണെന്നും ഭാര്യയോട് പറഞ്ഞു. ഒരിക്കലും എഴുന്നേറ്റുകൂടാത്തവണ്ണം അപമാനത്തില്‍ അടിച്ചുവീഴ്ത്തിയ ആദ്യാനുഭവം. അതിന്റെ ഏകപരിഹാരം വിവാഹാനുമിയാണെന്നു സരസ പറഞ്ഞില്ല. ഭീതി തടഞ്ഞു. മനസ്സിനിണങ്ങിയ പുരുഷനുമായുള്ള പ്രണയബന്ധം പാപമല്ലെങ്കിലും, ആചാരവിരുദ്ധമായ ജീവനം വിട്ടു മകള്‍ മടങ്ങിവരണമെന്ന് ആഗ്രഹിച്ചു. എന്നാല്‍, പുത്രിയുടെ അവിവാഹിതസഹവാസം അയഞ്ഞതും അഴിഞ്ഞുപോകുന്നതുമാണെന്നു അച്ഛന്‍ വിധിച്ചു. അയാളുടെ നഷ്ടബോധം ജീവിതസന്തോഷം കെടുത്തി. വ്യക്തിത്വശക്തി ഇടറി. ലോറന്‍സ് ഒരു നിര്‍ദ്ദയശത്രുവെന്നു നിശ്ചയിച്ചു. സന്തുഷ്ട കുടുംബത്തിന്റെ സാഫല്യം മക്കളിലായമെന്ന ആത്മവിശ്വാസം മുറിഞ്ഞു. ജീവിത്തതിന്റെ അദ്ധ്വാനഫലം വിഷാദമായെന്ന വിശ്വാസം ഒരു ഉള്‍ക്കാഴ്ച നല്‍കി.

മക്കള്‍ എപ്പോഴും മാതാപിതാക്കള്‍ക്ക് കീഴ്‌പ്പെട്ടു ജീവിക്കണമെന്നോ, മക്കളുടെ മേല്‍ മാതാപിതാക്കള്‍ക്ക് എപ്പോഴും അധികാരമുണ്ടെന്നോ സരസ വിശ്വസിച്ചില്ല. പൂര്‍വ്വികരുടെ ആചാരങ്ങളെ ചുമക്കേണ്ട ചുമതല പുത്തന്‍ തലമുറക്കില്ലെന്നും, കോപപ്രവണതയല്ല നല്ല സമീപനമാണ് സന്തതികളോട് വേണ്ടതെന്നും, അവരെ സമുദായത്തിന്റെ അടിമകളാക്കുന്നത് അജ്ഞതയാണെന്നും, അടിച്ചേല്‍പ്പിക്കലല്ല പിന്നയോ അവകാശങ്ങളെ അംഗീകരിച്ചു സഹകരിച്ചു സഹകരിക്കുന്ന പ്രവൃത്തിയാണ് വേണ്ടതെന്നും, അജ്ഞാനികള്‍ സൃഷ്ടിക്കുന്ന തെറ്റുകളെ വിജ്ഞാനികള്‍ തിരുത്തണമെന്നും മകന്‍ വിശദീകരിച്ചതും മുരളിയെ അറിയിച്ചു. അതൊരു സാന്ത്വനമോ പിന്തുണയോ ആയില്ല. മുരളി വീറോടെ ചോദിച്ചു: ഒരു പ്രേമബന്ധത്തിന്റെ പേരില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നതാണോ പുത്രീധര്‍മ്മം? അനുരാഗത്തെ ശരണമാക്കുന്നവര്‍ സഹതപിക്കില്ല. 'മേലില്‍ അവളോട് സമ്പര്‍ക്കം വേണ്ടാ' എന്ന താക്കീതും നല്‍കി.
ഞങ്ങളെ വീട്ടില്‍ നിന്നും അടിച്ചിറക്കിയതിന് ഈശ്വരന്‍ കൊടുത്ത ശിക്ഷയാണ് ഉഷയുടെ അവിഹിത സഹവാസമെന്നും, ചേച്ചി മകളെ ചൊവ്വേ വളര്‍ത്തിയില്ലെന്നും, സരസയുടെ സഹോദരങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. അതും അതിവേദനയായി. ജീവിതം വീണ്ടും ഇരുളുന്നുവെന്നു തോന്നി. കണ്ണീര്‍ വീണ സങ്കടമാസങ്ങള്‍ കൊഴിഞ്ഞു!

വിനാശത്തിന്റെ വിളമ്പരമെന്നപോലെ മറ്റൊരു സന്ദേശം: മുരളിയുടെ മകള്‍, വിവാഹം കഴിയാത്ത പെണ്ണ്, പ്രസവിച്ചു. വാഹകശക്തിയോടെ, അതു വിദേശത്തുനിന്നും സ്വദേശത്തേക്കുപാഞ്ഞുപോയി. ഒരു വിജാതീയന്റെ അപ്പൂപ്പനാകേണ്ടി വന്നതിനാല്‍ ഉണ്ടായ കുണ്ഠിതവും ലജ്ജയും മുരളിയെ തളര്‍ത്തി. സ്വന്തം സന്തതി നഷ്ടപ്പെട്ടുവെന്ന വിശ്വാസം ഉറച്ചു. എന്നാല്‍, സരസയുടെ അമ്മ മനസ്സ് ആര്‍ദ്രമായി. മകള്‍ക്കു മാപ്പ് കൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. ശപിക്കപ്പെട്ടവളെ മറക്കണമെന്ന വിധി വീണ്ടും കേട്ടു. അപ്പോള്‍ തെല്ല് ദേഷ്യത്തോടെ കുറ്റപ്പെടുത്തി: 'സ്വന്ത മകളോട് പൊറുക്കാന്‍ ഒരച്ഛനു വേണ്ടത് നല്ല മനസാക്ഷിയാണ്. എന്റെ ഭര്‍ത്താവിന് അതില്ല'. മാതാപിതാക്കള്‍ക്ക് മക്കള്‍ മാനക്കേടാകരുതെന്ന് ഭര്‍ത്താവും, മാതാപിതാക്കള്‍ മക്കള്‍ക്ക് മാര്‍ഗ്ഗതടസ്സമാകരുതെന്ന് ഭാര്യയും വീറോടെ വാദിച്ചു.

്അവരുടെ ആശയങ്ങളും വിശ്വാസങ്ങളും മക്കളെച്ചൊല്ലി ഭിന്നിച്ചു. മാതൃത്വവും ഭാര്യാധര്‍മ്മവും സരയുടെ മനസ്സില്‍ തുലാഭാരങ്ങളായി. മകളെ വെടിഞ്ഞും വേര്‍പ്പെടുത്തിയും വൃധാ ജീവിക്കുന്നുവെന്ന ചിന്ത. അവളുടെ കുഞ്ഞിനെ കോരിയെടുക്കാനുള്ള ആവേശം. അനുനിമിഷം അതു വളര്‍ന്നു. എന്നാലും, മൗനത്തിന് എന്ത് ചെയ്യുവാന്‍ കഴിയും? ആവശ്യബോധം നല്‍കിയ ധീരത ശക്തമായി. ഉഷയെ കാണാന്‍ അനുവദിക്കണമെന്ന് അവള്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അതു മുരളിയെ അത്ഭുതപ്പെടുത്തി. സപത്‌നി തന്നില്‍ നിന്നു കലുന്നുവെന്ന് അയാള്‍ സംശയിച്ചു. ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ബന്ധം ഇല്ലാതാവുമോ? ഭാര്യയുടെ ആവശ്യം ആകുലീകരിക്കുന്ന പ്രശ്‌നമാണ്. അമ്മയുടെ അഥവാ സഹധര്‍മ്മിണിയുടെ മൗലികാവകാശത്തെ നിഷേധിക്കാമോ? തനിക്കുണ്ടായിരുന്ന സന്തുഷ്ട കുടുംബജീവിതത്തിന്റെ ആസ്വാദ്യകരമായ അവസ്ഥ ഇന്നുണ്ടോ? ഇപ്പോഴും ആത്മാവില്‍ സൂക്ഷിക്കുന്ന ധാര്‍മ്മിക പ്രമാണത്തെ അവഗണിക്കണമൊ? മുരളി ഗൗരവത്തോടെ പറഞ്ഞു: ഞാന്‍ ഇന്നോളം ഒരു ശുദ്ധമനസ്സാക്ഷി നിലനിര്‍ത്തി. എന്താണ് നിന്റെ മനസ്സിലുള്ളതെന്നു പഠിക്കാന്‍ ഇന്നെനിക്ക് സാധിച്ചു. നമ്മുടെ വിവാഹബന്ധം നിന്നെ കെട്ടിയിടുന്നു എന്ന് കരുതണ്ടാ? നിന്റെ സ്വാതന്ത്ര്യത്തിനു തടസ്സമാകുന്നില്ല. നിനക്ക് പോകാം. എനിക്ക് സ്വന്തമായിട്ട് ഒന്നുമില്ലെന്നു വിചാരിച്ചു ജീവിച്ചുകൊള്ളാം.' സരസയുടെ സന്ദേഹം പെട്ടെന്നു നിലച്ചു.
ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ സ്‌നേഹപ്രവാഹം ഒരിക്കലും തടയരുതെന്നു നിശ്ചയിച്ചു. മറ്റൊന്നു പറഞ്ഞില്ല. അപ്പോഴും അവളിലെ ഹൃദയമുള്ള അമ്മയും അനുസരണമുള്ള ഭാര്യയും തേങ്ങി!
പിറ്റേ ആഴ്ചയില്‍ പ്രഭ വന്നു. അപ്പോള്‍ മരുളിയും സരസയും വീട്ടില്‍ ഉണ്ടായിരുന്നു. അമ്മ വ്യാകുലതയോടെ ഇരിക്കുന്നതു കണ്ടു കാരണം ചോദിച്ചു. മുരളി അതിന് ഉത്തരം പറഞ്ഞു: 'അവള്‍ക്ക് മകളുടെ വീട്ടില്‍ പോകണം. ഞാന്‍ അനുവദിച്ചു. പോയാല്‍ പിന്നെ അവള്‍ക്ക് അവളുടെ വഴി. എനിക്ക് എന്റെ വഴി'.

കലഹവും വിവാദവും ഉണ്ടാക്കരുതെന്ന തീരുമാനത്തോടെ പ്രഭ സൗമ്യതയോടെ ഉപദേശിച്ചു. 'പുകയുന്ന തിരി കെടുത്തിക്കളയാന്‍ അച്ഛന് കഴിയണം. ഇരുണ്ട ജീവിത വീക്ഷണമുള്ളവരുടെ നിഴലാണ് വിഷാദം. ഈ ഭവനത്തിലെ ദയനീയാവസ്ഥ എങ്ങനെ ഉണ്ടായെന്ന് എന്റെ അച്ഛനും അമ്മക്കും എനിക്കു അറിയാം. കുടുംബപ്രശ്‌നം പരസ്പരം സഹകരിച്ചു പരിഹരിക്കാം. ഉഷ എന്റെ സഹോദരിയാണ്. അവളെ കാണരുതെന്ന് എന്നെ വിലക്കരുത്. അമ്മയെ എന്റെ കൂടെ വിടണം.' അതു നിഷേധിക്കുവാനുള്ള ഊര്‍ജ്ജം ജ്വലിച്ചുവെങ്കിലും മുരളി പെട്ടെന്ന് ഉത്തരം പറഞ്ഞില്ല. 'വിട്ടില്ലെങ്കില്‍ വിളിച്ചുകൊണ്ട് പോകുമോ?'  എന്ന് ചോദിക്കുവാന്‍ അന്തര്‍പ്രചോദനം. എന്നിട്ടും, അധികാര ശക്തിയില്‍ ഉറച്ചുനിന്നുകൊണ്ട് പറഞ്ഞു: 'നിനക്ക് നിന്റെ അമ്മയെ വിളിച്ചുകൊണ്ടു പോകാം. പക്ഷേ, എവിടെ പോകുന്നുവെന്ന് എന്നോട് പറയരുത്.'

പിറ്റേന്ന് രാവിലെ സരസയും മകനും വീട് വിട്ടിറങ്ങി.

രണ്ട് ദിവസം കഴിഞ്ഞു വരുമെന്നു ഉറപ്പ് നല്‍കിയ ഭാര്യ രണ്ടാഴ്ച കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. മുരളിയുടെ മനസ്സില്‍ സംശയം. കുറെ ചോദ്യങ്ങള്‍. ഏകാന്തതയുടെ ക്ലേശം. കുടുംബയോഗ്യതയുടെ തത്വമനുസരിച്ചു വിവാഹബന്ധത്തെ ഭദ്രമായി സൂക്ഷിക്കുന്നു. എന്നിട്ടും, ഒരസ്വസ്ഥത ഹൃദയത്തില്‍ വളരുന്നു. അതിന്റെ നിഴല്‍ മുഖത്ത് പടരുന്നു. മാനസികമായി സുഖം പ്രാപിക്കാന്‍ കഴിയാത്തൊരു നേരം. അതുകൊണ്ട്, വിശ്രമിക്കുവാന്‍ വേണ്ടി ഒരാഴ്ചത്തെ അവധി വാങ്ങി. വസതിയിലെ പ്രശാന്തതയിലിരുന്നപ്പോള്‍, മൂന്ന് പതിറ്റാണ്ട് കാലം നയിച്ച, സന്തുഷ്ടജീവിതത്തിലെ ഉല്ലസിതവേളകളെയും ഓര്‍ത്തു. അപ്പോള്‍, പോസ്റ്റ്മാന്‍ വന്നു. റജിസ്റ്റര്‍ ചെയ്ത കത്ത് നല്‍കി. അതു തുറന്നു വായിച്ചപ്പോള്‍ മുരളി നടുങ്ങി. മനസ്സിന്റെ സമനിലതെറ്റി. ജീവിതയാഥാര്‍ത്ഥ്യം പരീക്ഷിക്കുന്നു! വെട്ടിവീഴ്ത്തുവാന്‍ കഴിയാത്തൊരു പ്രതിയോഗി. മുന്നിലുള്ള വഴി രണ്ടായിപ്പിരിയുന്നു. അവയില്‍ ഏതാണ് തന്റെ മാര്‍ഗ്ഗം? അയാള്‍ ദീര്‍ഘമായി ചിന്തിച്ചു. സ്വയം ചോദിച്ചു: എന്താണ് പരിഹാരം? അനുഭവം ഇത്ര അനീതി നിറഞ്ഞതായിരിക്കുന്നതെന്തുകൊണ്ട്? മൃദുലസ്‌നേഹം വേദനിക്കുന്നു! ക്ഷമയുടെ സഹായം ആവശ്യമായിരിക്കുന്നു. ധീരമായൊരു തീരുമാനത്തിനു നേരമായിരിക്കുന്നു. ഏത് ആയുധം എടുക്കണം? പൂര്‍ണ്ണ ഹൃദയത്തോടെ ആഗ്രഹിച്ചത് തുടര്‍ച്ചയായിരുന്നു. കാണാന്‍ കൊതിച്ചത് നിര്‍വൃതിചൊരിയുന്ന മുഹൂര്‍ത്തമായിരുന്നു. മുന്നോട്ടുള്ള ഗതി എന്തായിരുന്നാലും ഇനി പുനഃപരിശോധന വേണ്ട. അടിച്ചു വീഴ്ത്തുവാനും നിലത്തു ചവിട്ടുവാനും അനുവദിക്കില്ല. അവഗണനയെ വണങ്ങരുത്. കരളാണെങ്കിലും രോഗം വ്യാപിച്ചാല്‍ മുറിച്ചു കളയണം. എന്നും നിലനില്‍ക്കുന്ന സന്തോഷം സ്‌നേഹത്തിലാണെന്ന ധാരണ ജീവിതത്തെ പോഷിപ്പിച്ചു. നിറവേറുമെന്നു കരുതിയ പ്രത്യാശ നേരേ നയിച്ചു. എന്നിട്ട് എന്ത് കിട്ടി?

ടെലിഫോണില്‍ വിളിച്ചവരോട് സംസാരിച്ചില്ല. ഉറക്കം കെടുത്തിയ രാത്രിയില്‍ നിര്‍ദേശങ്ങള്‍ കുറിച്ചുവച്ചു. പിറ്റേന്ന്, സന്ധ്യക്കു മുമ്പ് വേണ്ടതെല്ലാം സജ്ജീവമാക്കി. റ്റാക്‌സി വന്നു. വീട്ടിലെ വിളക്കണച്ചു. നിര്‍ദ്ദിഷ്ടസമയത്ത് ഉദ്ദിഷ്ടസ്ഥലത്തെത്തി. ജനക്കൂട്ടത്തില്‍ ചേര്‍ന്നു. പാതിരാ നേരത്ത്, മഴമുകിലുകളുടെ മേലെ വിമാനം പറന്നു. അതിന്റെ ഉള്ളിലിരുന്ന് മുരളി ഉറങ്ങി. അരുണോദയത്തിന്റെ വര്‍ണ്ണശോഭ മാഞ്ഞപ്പോള്‍ ഉണര്‍ന്നു. ഉടനെ മനസ്സില്‍ ഒരു ചോദ്യം: എങ്ങോട്ട് പോകുന്നു? ചില ചിന്തകള്‍ ഒരിക്കലും മാഞ്ഞുപോകാത്ത ഓര്‍മ്മകലും. ആരേയും കാണിക്കാതെ ഭദ്രമായി സൂക്ഷിച്ച കത്ത് എടുത്തു. വീണ്ടും വായിച്ചു.

ബഹുമാനപ്പെട്ട അച്ഛന്,
ഒരു കാര്യം അറിയിക്കുവാന്‍ വേണ്ടിയാണ് അന്ന് ഞാന്‍ വീട്ടില്‍ വന്നത്. ഉഷയുടെ കാര്യത്തില്‍ അച്ഛന്‍ ക്ഷുഭിതനായതിനാല്‍, പറഞ്ഞില്ല. കഴിഞ്ഞ ആഴ്ചയില്‍ ഞാനും തെരേസയും ജപ്പാനിലെത്തി. അവള്‍ ജനിച്ചതു ചൈനയിലും വളര്‍ന്നത് ഇവിടെയുമാണ്. ഞങ്ങള്‍ ഒരിടത്ത് ജോലി ചെയ്യുന്നു. ഇന്നലെ, ഈ സ്ഥലത്തുള്ള പള്ളിയില്‍ വച്ച്, ഞങ്ങള്‍ വിവാഹിതരായി! അമേരിക്കയില്‍ മടങ്ങിയെത്തിയാലുടന്‍ ഞങ്ങള്‍ വീട്ടില്‍ വരും.

സ്‌നേഹാദരങ്ങളോടെ, മകന്‍ പ്രഭ.

അപ്പോഴും, മുരളിയുടെ-നിന്ദ ഓടിച്ചുവിട്ട ആ ആഭിഞാതന്റെ- അന്തിമതീരുമാനം പൂര്‍വ്വാധികം ഉറച്ചു!


 ശിലകള്‍- (ചെറുകഥ: ജോണ്‍ വേറ്റം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക