MediaAppUSA

തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 5: ആന്‍ഡ്രൂ പാപ്പച്ചന്‍ )

Published on 22 May, 2017
തീര്‍ഥാടനത്തിന്റെ കഥ (നോവല്‍- അധ്യായം 5: ആന്‍ഡ്രൂ പാപ്പച്ചന്‍ )
മാലിനിയും ജയകുമാറും മാനേജ്‌മെന്റ് ട്രെയിനികളായി മാധവന്റെ കമ്പനിയില്‍ ഒരാഴ്ച പിന്നിട്ടു. കമ്പനി ഗസ്റ്റ് ഹൗസിലായിരുന്നു ജയകുമാര്‍ താമസം. മാധവനെ കാണാന്‍ ഓഫിസിലെത്തുമ്പോള്‍ ഏതോ ഫയലില്‍ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു മാധവന്‍. അടുത്തുവന്ന കാല്‍പെരുമാറ്റത്തില്‍ അക്ഷരവഴികള്‍ മുറിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ജയകുമാറിന്റെ ചിരിക്കുന്ന മുഖം മുന്നില്‍. ഫയലടച്ചയാള്‍ ഭാവി മരുമകനെ സ്വീകരിച്ചിരുത്തി.

""ട്രെയിനിങ്ങൊക്കെ എങ്ങനെയുണ്ട് ജയകുമാര്‍? കമ്പനി ഇഷ്ടമായോ?'' ജയകുമാറിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെയായിരുന്നു ചോദ്യം.

""ഉവ്വ് സര്‍, എനിക്കിഷ്ടമായി. ഞാനിത് നന്നായി ആസ്വദിക്കുന്നു.''

""ജയകുമാറിന്റെ അഛനെയും അമ്മയെയും അനുജത്തിമാരെയും ഇതുവരെ കണ്ടില്ലല്ലോ?''

""ഞാന്‍ കൊണ്ടുവരാം സര്‍, എല്ലാരെയും.''

""ഓ.കെ. കമ്പനിയില്‍ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ട ജയകുമാര്‍.''

വീണ്ടും മാധവന്റെ ക്ഷേമാന്വേഷണം.

""ഇല്ല സര്‍, ഒരസൗകര്യവുമില്ല.'' പറയുമ്പോള്‍ മനസിലെ സന്തോഷം വാക്കുകളില്‍ തിരയടിക്കുന്നുണ്ടായിരുന്നു.

""വീട്ടുകാര്‍ വരുന്നതെന്നാണെന്ന് മാലിനിയോട് പറഞ്ഞേക്കൂ. അവള്‍ ഞങ്ങളെ അറിയിച്ചോളും.''

""ഓ.കെ സര്‍, ഞാനിറങ്ങട്ടേ,കുറച്ചു തിരക്കുണ്ട്. ഇതുവഴി വന്നപ്പോള്‍ വെറുതേയൊന്നു കേറിയെന്നേയുള്ളൂ''

""ശരി ജയകുമാര്‍''

ജയകുമാര്‍ നടന്നകന്നു. ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയില്‍ ഏകനായി നടക്കുമ്പോള്‍ ചിന്തകളേറെ മനസിനെ പൊതിഞ്ഞു. സംഭവിക്കുന്നതൊന്നും അയാള്‍ക്ക് വിശ്വസിക്കാനാവുമായിരുന്നില്ല. മാലിനിയുടെ സ്‌നേഹം മാത്രമാണ് തന്റെ എല്ലാനേട്ടത്തിനും പിന്നില്‍. ഭാവിയെക്കുറിച്ച് ഏറെയൊന്നും സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയിരുന്നില്ല. എത്രവേഗമാണ് ജീവിതം മാറിമറിഞ്ഞത്. മനുഷ്യന്റെ നിയന്ത്രണത്തിലല്ലല്ലോ കാര്യങ്ങളുടെ പോക്ക്. ഒരു പരിധിവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെങ്കിലും അതിനെയെല്ലാം നിയന്ത്രിക്കുന്ന മറ്റ് ശക്തികളുമുണ്ട്. അക്കാര്യം ജയകുമാറിന് ഒരിക്കല്‍ കൂടി ബോധ്യമായി.

മകള്‍ക്ക് തന്നെക്കാള്‍ നല്ലൊരു ഭര്‍ത്താവിനെ കിട്ടണമെന്ന് മാധവന്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ തന്റെ മനസൊന്ന് പിടഞ്ഞേനെ. മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നു ജയകുമാര്‍. മാലിനിയുടെ സ്‌നേഹം, അതിനു മുന്നില്‍ തന്റെ മനസ് തോറ്റു പോകുന്നുവോ. ജയകുമാര്‍ സംശയിച്ചു.

""എനിക്കിനിയും അതിശയം തീര്‍ന്നിട്ടില്ല മാലിനീ. ഒരു മാസം മുമ്പുവരെയും ഈ വിവാഹക്കാര്യത്തിലെനിക്ക് പ്രതീക്ഷയില്ലായിരുന്നു. താനെന്തു പറഞ്ഞാ നമ്മുടെ അടുപ്പത്തിനഛന്റെ സമ്മതം വാങ്ങിയത്?'' മാലിനിയെ കണ്ടപ്പോള്‍ ജയകുമാര്‍ ചോദിച്ചു.

""ഞാനും ജയകുമാറും അടുത്ത കൂട്ടുകാരാണെന്നേ ഞാന്‍ പറഞ്ഞുള്ളൂ. പിന്നഛനോരോന്നുചോദിച്ചു കാര്യങ്ങള്‍ മനസിലാക്കി. പത്രത്തിലെ റാങ്ക് വാര്‍ത്തയും ഫോട്ടോയും കണ്ടേപ്പാള്‍ ഇയാള്‍ക്കു നല്ലൊരു ഭാവിയുണ്ടന്ന് അഛന്‍ കണക്കുകൂട്ടിക്കാണും. ഇത്രയും ബൗദ്ധിക നിലവാരമുള്ളൊരാളെ വേണ്ടെന്നു വെക്കാന്‍ അഛന്റെ മനസിന് തോന്നിക്കാണില്ല. അല്ലെങ്കിലും പണത്തെക്കാളേറെ വ്യക്തിത്വത്തിനും ബന്ധങ്ങള്‍ക്കും വില കൊടുക്കുന്നയാളാ എന്റെ അഛന്‍.''

""എന്റെ ജീവിതത്തിനും ഇന്ന് പുതിയൊരര്‍ഥമുണ്ടായിരിക്കുന്നു. തന്നെ കാണാതിരിക്കുന്നതിനെക്കുറിച്ചെനിക്ക് ആലോചിക്കാനാകുന്നില്ല. ചെന്നൈയില്‍ പോയാലിനി എത്രനാള്‍ കൂടിയാ കാണാനാകുക?''

""ജയകുമാറിന്റെ അഛനും അമ്മയും വന്നിട്ട് വേണം അഛന് കാര്യങ്ങളൊക്കെ സംസാരിക്കാന്‍.'' ""എന്തായാലും പഠിത്തം കഴിയാതെ കല്യാണം ശരിയാകില്ല.''

""അതേ ജയകുമാറിന്റെ പഠനം കഴിയുംവരെ കാത്തിരിക്കാമെന്ന് അഛനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞാ എനിക്കും ജയകുമാറിനൊപ്പം മദ്രാസിന് വരാമല്ലോ?''

""ഉവ്വ്. അക്കാര്യത്തില്‍ അഛനോട് പറഞ്ഞ് സമ്മതം വാങ്ങിക്കോളൂ.''

രണ്ടാഴ്ച കഴിഞ്ഞു, ജയകുമാറിന്റെ അഛനമ്മമാരും സഹോദരിമാരും മാലിനിയുടെ വീട്ടിലെത്തി. മാധവനും ഭാര്യ സുശീലയും അവരെ സന്തോഷത്തോടെ സ്വീകരിച്ചു. ജയകുമാര്‍ ചെന്നൈയ്ക്ക് പോകുംമുമ്പ് വിവാഹം ഉറപ്പിക്കണം. മാധവന് നിര്‍ബന്ധമുണ്ടായിരുന്നു അക്കാര്യത്തില്‍. മാലിനി ഡിഗ്രി പൂര്‍ത്തിയാക്കിയാലുടന്‍ വിവാഹവും നടത്തണം. നിശ്ചയത്തിനുള്ള ദിവസവും തീരുമാനിച്ചാണ് ജയകുമാറിന്റെ അഛനും അമ്മയും മടങ്ങിയത്. മകന്, പ്രതീക്ഷിച്ചതിലും നല്ലൊരു ജീവിതം തരപ്പെടുന്നതില്‍ അഛനും അമ്മയും അതിരറ്റ് സന്തോഷിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹനിശ്ചയം കഴിഞ്ഞു.

ട്രെയിനിയാണെങ്കിലും തൊഴിലാളികള്‍ക്കെല്ലാം ബഹുമാനമായിരുന്നു ജയകുമാറിനെ. എം.ബി.എ അഡ്മിഷനും തരപ്പെട്ടതോടെ ചെന്നൈയിലേക്ക് പോകാനുള്ള തയാറെടുപ്പിലായി ജയകുമാര്‍. മാധവന്റെ വക മദ്രാസിലെ ഫ്‌ളാറ്റില്‍ ജയകുമാറിന് താമസമൊരുങ്ങി. ശമ്പളമെന്ന നിലയില്‍ മാസം തോറും നല്ലൊരു തുക അലവന്‍സും.

ജയകുമാര്‍ ചെന്നൈയ്ക്ക് പോകുന്നതിന് തലേന്ന് മാലിനി ഗസ്റ്റ് ഹൗസിലെത്തി. മ്ലാനമായിരുന്നു അവളുടെ മുഖം. തന്നെ പിരിഞ്ഞിരിക്കുന്നതിലെ വിഷമമാണ് മാലിനിക്കെന്ന് അവളുടെ പരിഭവം കലര്‍ന്ന മിഴികള്‍ ജയകുമാറിനോട് പറഞ്ഞു.

""കാര്യങ്ങളൊക്കെ പ്രതീക്ഷിച്ചതിലും ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. ഒരു വര്‍ഷം തികയും മുമ്പ് നമ്മുടെ കല്യാണവും നടക്കും. കല്യാണം കഴിഞ്ഞാപ്പിന്നെ ഞാന്‍ എം.ബി.എ പൂര്‍ത്തിയാക്കുംവരെ നമുക്ക് ചെന്നൈയില്‍ താമസിക്കാം. ഇപ്പേ ചെന്നൈക്ക് പോയാലും സമയം കിട്ടുമ്പോഴൊക്കെ എനിക്ക് നിന്നെ കാണാന്‍ വരാമല്ലോ. അഛന്‍ ബിസിനസ് മീറ്റിംഗുകള്‍ക്ക് ചെന്നൈയിലെത്തുമ്പോള്‍ മാലിനിക്കും ഒപ്പം വരാമല്ലോ.'' ജയകുമാര്‍ അവളെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിലായി.

ഒരിളംകാറ്റ് അവര്‍ക്കിടയിലൂടെ മെല്ലെ കടന്നുപോയി. എന്നിട്ടും മാലിനിയുടെ മനസ് ശാന്തമായില്ല.

""കോളജിലെ എന്റെ അവസാനത്തെവര്‍ഷം ജയകുമാറില്ലാതെ എങ്ങനെ കഴിച്ചു കൂട്ടുമെന്നെനിക്കറിയില്ല. ഞാനെങ്ങനെ തനിയെ ലൈബ്രറിയില്‍ പോകും. ബുദ്ധിപരമായ സംഭാഷണങ്ങള്‍ക്കും എനിക്കിനിയാരും കൂട്ടില്ല.'' ജയകുമാറിനരികിലേക്ക് ചേര്‍ന്നിരുന്ന് മാലിനി പറഞ്ഞു.

""ഞാനടുത്തില്ലായെന്നതു മറക്കാന്‍ സ്റ്റെല്ലയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്ക്. രാത്രിയില്‍ ഫോണിലൂടെ നമുക്കേറെ സംസാരിച്ചിരിക്കാം.''

""എന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞാല്‍ ജയകുമാറിന് മനസിലാകില്ല. ഞാനിപ്പോള്‍ ജയകുമാറുമായി വിവാഹം നിശ്ചയിച്ച പെണ്ണാ. എന്നു പറഞ്ഞാ, ഏതാണ്ട് വിവാഹം കഴിഞ്ഞതു പോലെതന്നെ. കോളജിലെ മറ്റ് പെണ്‍കുട്ടികള്‍ക്കൊന്നും മനസിലാവില്ലാ.... എന്റെ മനസ്.'' അവളുടെ മിഴികള്‍ നിറഞ്ഞു.

""എനിക്ക് നിന്റെ വിഷമം മനസിലാകുന്നുണ്ട് മാലിനീ. നമുക്കൊരു വര്‍ഷം കാത്തിരുന്നല്ലേ പറ്റൂ. എന്റെ സ്‌നേഹം എന്നും നിനക്കൊപ്പമുണ്ടായിരിക്കും.'' മാലിനി മനസില്ലാമനസോടെ ജയകുമാറിനോട് യാത്ര പറഞ്ഞു. മദ്രാസിലെത്തിയയുടന്‍ ജയകുമാര്‍ മാലിനിയെ വിളിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ ജയകുമാര്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എം.ബി.എയ്ക്ക് ചേര്‍ന്നു. പുതിയ കോളജുമായി അയാള്‍ വേഗം പൊരുത്തപ്പെട്ടു. മാലിനിയോട് ദിവസവും വൈകുന്നേരം സംസാരിക്കാന്‍ ജയകുമാര്‍ സമയം കണ്ടെത്തി. കൂട്ടുകാര്‍,കോളജ് ജീവിതം, മദ്രാസിലെ കാഴ്ചകള്‍, അവിടുത്തെ കൗതുകങ്ങള്‍, നാടിന്റെയും ഭക്ഷണത്തിന്റെയും പ്രത്യേകതകള്‍ എല്ലാം സംസാരത്തില്‍ കടന്നുവന്നു. ദിവസങ്ങളും മാസങ്ങളും വേഗം കടന്നുപോയി.പഠിക്കാനേറെയുണ്ടായിരുന്നു.ചിട്ടയായ പഠനത്തിലൂടെ ജയകുമാര്‍ ക്‌ളാസിലെ മികച്ച വിദ്യാര്‍ഥികളിലൊരാളായി.

അവധിക്ക് ജയകുമാര്‍ നാട്ടിലെത്തി. റെയില്‍വേ സ്റ്റേഷനില്‍ മാലിനി വണ്ടിയുമായി കാത്തു നിന്ന് ജയകുമാറിനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.പോകുന്ന വഴിക്കെല്ലാം മാലിനി ഓരോ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടേയിരുന്നു.മദ്രാസ് ജീവിതത്തെകുറിച്ച്.... അവിടുത്തെ ആളുകളെകുറിച്ച്... അവരുടെ ഭക്ഷണത്തെകുറിച്ച്.......

ഉച്ചഭക്ഷണത്തിനു ശേഷം ജയകുമാറിന്റെ കോളജ് ജീവിതത്തെയും ചെന്നൈ ജീവിതത്തെയും കുറിച്ചൊക്കെ മാധവന്‍ വിവരങ്ങള്‍ തിരക്കി.

""വേനലവധിക്ക് കല്യാണം നടത്താം, അഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞുവെക്ക്.'' മാധവന്‍ കല്യാണക്കാര്യത്തെക്കുറിച്ചുള്ള സംസാരം തുടങ്ങിവച്ചു.

""ഞാന്‍ വീട്ടില്‍ ആലോചിച്ചിട്ട് വിവരം പറയാം സര്‍-'' ജയകുമാര്‍ പറഞ്ഞു.

""കല്യാണം മൂവാറ്റുപുഴയിലെ ജയകുമാറിന്റെ വീടിനടുത്തുള്ള അമ്പലത്തിലും സദ്യ അവിടെയടുത്തുള്ള റിസോര്‍ട്ടിലും നടത്തിയാലോ?'' മാലിനി ചോദിച്ചു.

""നീ എല്ലാം പ്ലാന്‍ ചെയ്തുവച്ചിരിക്കുവാണോ മാലിനീ?''മാധവന് മോളുടെ ചോദ്യം അത്ര ഇഷ്ടപ്പെട്ടില്ല.

""നാട്ടീവച്ച് നടത്തിയാ ടൗണിലെ എന്റെ കൂട്ടുകാരെയൊക്കെ എങ്ങനെ വിളിക്കും? അവര്‍ക്കൊക്കെ വരാന്‍ ബുദ്ധിമുട്ടാകും.''ജയകുമാര്‍ പറഞ്ഞു.

""റിസോര്‍ട്ടിലേക്കെല്ലാര്‍ക്കും എത്താമല്ലോ? അതത്ര ബുദ്ധിമുട്ടാകില്ല. കാണാനും നല്ല സ്ഥലമാ അത്.''

"" ജയകുമാറിന്റെ വീടിനടുത്ത് കല്യാണം നടത്തുന്നതാ എനിക്കുമിഷ്ടം.''

മാലിനിയുടെ അമ്മ പറഞ്ഞു.

""ഞാന്‍ വീട്ടില്‍ പോയി അഛനോടും അമ്മയോടും സംസാരിച്ചിട്ട് ദിവസവും മറ്റും അറിയിക്കാം.''

""വീട്ടില്‍ പോകുംമുമ്പ് സമയമുണ്ടെങ്കില്‍ ഓഫിസിലൊന്ന് കേറിയിട്ട് പൊയ്‌ക്കോളൂ ജയകുമാര്‍. മറ്റ് മാനേജര്‍മാരുമായി ചെന്നൈയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാമല്ലോ?''

""അത് ഞാന്‍ തിരികെവരുമ്പോള്‍ പറയാം സര്‍. എനിക്കിപ്പോള്‍ പോകാന്‍ തിടുക്കമുണ്ട്.''

""ഓ.കെ ജയകുമാര്‍. ഞാന്‍ ഓഫിസില്‍ പോയശേഷം മനുവിനെ കാറുമായി തിരികെ അയയ്ക്കാം. മനു ജയകുമാറിനെ വീട്ടില്‍ കൊണ്ടാക്കും.''

""ഞാനും കൂടി വണ്ടിയില്‍ മൂവാറ്റുപുഴയ്ക്ക് പോയിട്ടുവരട്ടേ അഛാ. എനിക്ക് ജയകുമാറിന്നോടൊന്ന് സംസാരിക്കാന്‍ കൂടി പറ്റിയിട്ടില്ലിതുവരെ.''

മാധവനും സുശീലയും ഒരുനിമിഷം പരസ്പരം നോക്കി പുഞ്ചിരിച്ചു. എന്നിട്ട് മകളോടായി പറഞ്ഞു.

""ഇന്നുതന്നെ തിരിച്ചുവന്നേക്കണം. റിസോര്‍ട്ടിലൊന്നും തങ്ങിയേക്കരുത്.''

ചിരിച്ചുകൊണ്ട് മാലിനി തിടുക്കത്തില്‍ അകത്തേക്കോടി.

മാധവന്‍ ഓഫിസിലേക്ക് പോയി. മനു തിരികെയെത്തി ജയകുമാറിനെയും മാലിനിയെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. വഴിയില്‍വച്ച് ജയകുമാര്‍ ആശ്ചര്യത്തോടെ ചോദിച്ചു.

""മാലിനിയുടെ ഇഷ്ടങ്ങള്‍ക്കൊരിക്കലും അഛനുമമ്മയും നോ പറയാറില്ലേ?.''

""എന്റെ അഛനുമമ്മയ്ക്കും എന്നെ ഇഷ്ടമാണ്. ഞാനവരുടെ ഏകമകളല്ലേ''

""ലാളിച്ചു വഷളാക്കപ്പെട്ട കുട്ടി. അതല്ലേ ശരി? എനിക്ക് പക്ഷേ എല്ലാകാര്യത്തിലും യേസ് പറയാന്‍ പറ്റിയെന്ന് വരില്ല കേട്ടോ.''മാലിനിയെ ശുണ്ഠി പിടിപ്പിക്കാനായി ജയകുമാര്‍ പറഞ്ഞു.

""ഞാനത്ര മോശക്കാരിയൊന്നുമല്ല. നല്ലൊരു പെണ്‍കുട്ടിയാ. എനിക്കീ ടൗണിന്റെ ബഹളങ്ങള്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ? ഗ്രാമത്തിന്റെ സൗന്ദര്യവും ശാലീനതയും ഞാനിഷ്ടപ്പെടുന്നു. എനിക്കാ റിസോര്‍ട്ടും അവിടുത്തെ പ്രശാന്തതയും ഇഷ്ടമാ. അവിടെവച്ചല്ലേ ഞാന്‍ ജയകുമാറിന്റെ മടിയില്‍ ആദ്യമായി കിടന്നത്.''

""ഞാനും അതൊന്നും മറന്നിട്ടില്ല മാലിനീ.''

""മറ്റെന്തൊക്കെയാണ് മാലിനീ തന്റെ പ്ലാന്‍?''മനു ശ്രദ്ധിക്കുന്നതറിഞ്ഞ് ജയകുമാര്‍ വിഷയം മാറ്റി.

""കല്യാണത്തിന് കേരളീയ വേഷം മതിയെനിക്ക്. സാരി വേണ്ട.''

""അത് തന്നെയാ എനിക്കും ഇഷ്ടം. ഞാനും കേരളീയ വേഷത്തില്‍ തന്നെയാകും.''കാര്‍ വീടിന്നടുത്ത ഇടവഴിയിലൂടെ കയറി മുറ്റത്തേക്കു പ്രവേശിച്ചു.

കാര്‍ നിര്‍ത്തിയയുടനെ ജയകുമാറിന്റെ അഛനും അമ്മയും അനുജത്തിമാരും ഓടിയെത്തി. മാലിനിയെ കണ്ട് അവരുടെ മിഴികളില്‍ ആശ്ചര്യം.""അടുത്ത ദിവസം കുറച്ചുനേരത്തേ വീട്ടിലേക്ക് വരണം.'' പോകുംമുമ്പ് ജയകുമാറിനരികിലെത്തി മാലിനി പറഞ്ഞു.

""ഉവ്വ്''. മാലിനി യാത്ര പറഞ്ഞു പിരിഞ്ഞു..മാസങ്ങള്‍ കടന്നുപോയി. പഠനത്തിന്റെ തിരക്കിലായി ജയകുമാറിന്റെയും മാലിനിയുടെയും ദിനങ്ങള്‍.

""ഞങ്ങളെയും ഒരിക്കല്‍ മദ്രാസിലൊന്ന് കൊണ്ടു പോകണം.'' ഗംഗ പറഞ്ഞു.

""പരീക്ഷയൊക്കെ കഴിയട്ടെ ഗംഗാ. നമുക്ക് പോകാം.''

ഗ്രാമത്തിലെ എല്ലാവരുടെയും വിശേഷങ്ങള്‍ ജയകുമാര്‍ ചോദിച്ചറിഞ്ഞു. അമ്മാവന്റെ മകനുമായി ശാലിനിയുടെ കല്യാണം തീരുമാനിച്ച കാര്യം ഗംഗയും യമുനയും പറഞ്ഞു. ശാലിനി ഇപ്പോള്‍ വീട്ടിലേക്കൊന്നും വരാറില്ലെന്നും അവര്‍ പറഞ്ഞു. അവള്‍ എവിടെയെങ്കിലും പോയി രക്ഷപെടട്ടെ. ജയകുമാര്‍ മനസില്‍ കരുതി.

ഗംഗയിപ്പോള്‍ ഡിഗ്രിക്ക് രണ്ടാംവര്‍ഷമാണ്. യമുന പ്രീഡിഗ്രി സെക്കന്‍ഡ് ഇയറും. ജയകുമാര്‍ രണ്ടുപേരോടും പഠനകാര്യങ്ങള്‍ തിരക്കി.ജയകുമാര്‍ മദ്രാസിലെ വിശേഷങ്ങള്‍ എല്ലാവരോടും പങ്കുവച്ചു. അഛനോടും അമ്മയോടും സംസാരിക്കവെ ജയകുമാര്‍ കല്യാണക്കാര്യം എടുത്തിട്ടു.

""മാലിനിക്കും വീട്ടുകാര്‍ക്കും കല്യാണം ഇവിടെ ഏതെങ്കിലും അമ്പലത്തില്‍ നടത്താനാ താല്‍പര്യം. സദ്യ ഇവിടുത്തെ റിസോര്‍ട്ടിലും. ഇക്കാര്യം സംസാരിച്ച് നമ്മുടെ താല്‍പര്യം അറിയിക്കാനവര്‍ പറഞ്ഞു.'' പറഞ്ഞിട്ട് ജയകുമാര്‍ അഛനെ നോക്കി. മുറ്റത്ത് കൂട്ടിയിട്ടിരുന്ന നാളികേരങ്ങള്‍ക്കിടയില്‍ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞ് വില്‍ക്കാനായി മാറ്റിയിടുകയായിരുന്നു രാഘവന്‍.

""ഞാന്‍ വിചാരിച്ചു, കല്യാണം ടൗണീവച്ച് നടത്താനാ അവര്‍ക്ക് താല്‍പര്യമെന്ന്. ഇവിടെ വച്ച് നടത്തുന്നതാ എനിക്കും ഇഷ്ടം. നമ്മുടെ ആള്‍ക്കാര്‍ക്കൊക്കെ അതല്ലേ സൗകര്യം. നീയിനിയെന്നാ അവധിക്ക് വരുന്നത്?''

ഒരു തേങ്ങയെടുത്ത് പാരയുടെ മുകളില്‍ വച്ച് ശക്തിയില്‍ അമര്‍ത്തിയിട്ട് രാഘവന്‍ ചോദിച്ചു. ""ഞാന്‍ ഏപ്രിലില്‍ വരുമഛാ. നമുക്ക് മെയ് ആദ്യം കല്യാണം നടത്താം.''

""എനിക്ക് മുഹൂര്‍ത്തം കൂടിയൊന്ന് നോക്കണം. ഞാന്‍ മാധവനെ ദിവസവും മുഹൂര്‍ത്തവും പിന്നീടറിയിച്ചോളാം.'' രാഘവന്‍ പറഞ്ഞു.

""ശരിയഛാ...''

മദ്രാസിന് പോകുന്നതിന് തലേന്ന് ജയകുമാര്‍ എറണാകുളത്തെത്തി. മാലിനിയെയും കൂട്ടിമാധവന്റെ ഓഫിസിലെത്തി. വീട്ടിലെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ മാധവന്‍ പെട്ടെന്ന് മാനേജര്‍മാരെ വിളിച്ചു ചേര്‍ത്തു. ചെന്നൈയിലെ അനുഭവങ്ങളും കോളജ് വിശേഷങ്ങളും ജയകുമാര്‍ അവരോട് പങ്കുവച്ചു.തിരിച്ച് കാറില്‍ വീട്ടിലേക്ക് യാത്ര ചെയ്യവെ മാലിനി ചോദിച്ചു.

""നേതൃത്വത്തെകുറിച്ചും സംഘടനാപരമായ കഴിവുകളെകുറിച്ചുമുള്ള കോഴ്‌സുകളാണല്ലോ ജയകുമാര്‍ ചെയ്യുന്നത് ഇതൊക്കെ പഠിക്കാന്‍ രസമുണ്ടോ?''

""മാനേജ്‌മെന്റിന്റെ രണ്ട് പ്രധാന പ്രത്യേകതകളാണ് നേതൃത്വവും സംഘടനാപരമായ കഴിവുകളും. നല്ലയൊരു മാനേജര്‍ ഒരു നല്ല നേതാവു കൂടിയായിരിക്കണം. അയാളൊരിക്കലും ഒരു അനുയായി ആവരുത്. മാനേജരെന്ന നിലയില്‍ വിജയിക്കാന്‍ നേതൃത്വഗുണം കൂടിയേ തീരൂ. ആശയവിനിമയത്തിനും മനസിലാക്കാനും വിലയിരുത്താനും ശ്രദ്ധിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകള്‍ ഇതിലുള്‍പ്പെടുന്നു. മാനേജ്‌മെന്റ് ടെക്‌നിക്കുകളാണ് ഇക്കൊല്ലം പഠിക്കാനുള്ളത്. അടുത്ത വര്‍ഷം സാമ്പത്തിക മാനേജ്‌മെന്റില്‍ സ്‌പെഷലൈസ് ചെയ്യണം.''

""അടുത്തവര്‍ഷം ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ചേരണമെനിക്ക്. അപ്പോഴേക്കും നമ്മള്‍ ഭാര്യാഭര്‍ത്താക്കന്മാരായിരിക്കും. നമുക്ക് അസൈന്‍മെന്റുകള്‍ ഒരുമിച്ച് ചെയ്യാം. അതല്ലേയൊരു ത്രില്‍.''

""അതൊക്കെ ശരി തന്നെ. ഇപ്പോള്‍ പരീക്ഷയടുക്കാറായല്ലോ? ഇനി നന്നായി പഠിക്കണം മാലിനീ. ഉയര്‍ന്ന ഗ്രേഡ് നേടുന്നതിലാകണം ഇനി തന്റെ ശ്രദ്ധ.''

""തീര്‍ച്ചയായും. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. രാത്രി 12 മണിവരെയൊക്കെ പഠിച്ചിരിക്കും.#േ

പക്ഷേ ജയകുമാറിനെ പോലെ റാങ്കൊന്നും കിട്ടിയേക്കില്ല.''

""ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. തനിക്കതിന് കഴിവുണ്ട്. ഇനിയുള്ള സമയം ശരിക്ക് ശ്രദ്ധിച്ച് പഠിച്ചാമതി.''

""ഞാന്‍ പഠിക്കാം. എന്നും എന്നെ ഫോണില്‍ വിളിക്കണേ''

മാലിനി പറഞ്ഞു.

ജയകുമാര്‍ വൈകാതെ മദ്രാസിന് തിരിച്ചു. എല്ലാ ദിവസവും അവരിരുവരും ഫോണില്‍ സംസാരിച്ചു. കോളജിനെകുറിച്ച്, പഠനത്തെക്കുറിച്ച്, വിവാഹത്തെകുറിച്ച് .

""വിവാഹം കഴിഞ്ഞ് മദ്രാസില്‍ താമസിക്കണം. കല്യാണം കഴിഞ്ഞും നമുക്ക് ബുദ്ധിപരമായ സംഭാഷണം തുടരണം.''

മാലിനി ഫോണിലൂടെ ഓര്‍മിപ്പിക്കും.

""തീര്‍ച്ചയായും. ഇത്തരം ബുദ്ധിജീവി ചര്‍ച്ചകളിലൂടെയല്ലേ നമ്മള്‍ പരസ്പരം അറിഞ്ഞത്?''

""മനുഷ്യത്വത്തെയും മനുഷ്യന്റെ പെരുമാറ്റത്തെയും കുറിച്ച് കൂടുതല്‍ അറിയണം. അത്തരം ബുക്കുകള്‍ വായിക്കാന്‍ സമയം തികയുന്നില്ല. പഠിക്കാനുള്ള ബുക്കുകള്‍ വായിക്കാനേറെയുണ്ടല്ലോ.

""അടുത്തവര്‍ഷം ഹ്യൂമന്‍ റിസോഴ്‌സസ് കോഴ്‌സിന് ചേരുന്നതോടെ ഇതിനെകുറിച്ചെല്ലാം പഠിക്കാം മാലിനീ. അടുത്തവര്‍ഷം നമുക്ക് വീണ്ടും ഒരേ കോളജില്‍ പഠിക്കാമല്ലോ. ഇപ്പോള്‍ താന്‍ പരീക്ഷയില്‍ ശ്രദ്ധിച്ച് റാങ്ക് വാങ്ങാന്‍ നോക്ക്.''

""ഓ.കെ ജയകുമാര്‍.'' ഫോണ്‍ വച്ചെങ്കിലും മാലിനിയുടെ മനസ് കുറച്ചുനേരം കൂടി ജയകുമാറിനൊപ്പമായിരുന്നു.

മാസങ്ങള്‍ കടന്നുപോയി. വര്‍ഷാവസാന പരീക്ഷയും കഴിഞ്ഞു. ജയകുമാര്‍ നാട്ടിലേക്ക് തിരിച്ചു. മനസ് സന്തോഷം കൊണ്ട് തുടികൊട്ടുന്നു. ഇത്തവണ വിവാഹം. മാലിനി റെയില്‍വേ സ്റ്റേഷനിലെത്തി ജയകുമാറിനെ കൂട്ടിക്കൊണ്ടുവന്നു.

ഊണിനിരിക്കെ മാധവന്‍ പഠനകാര്യങ്ങളും കല്യാണത്തെക്കാര്യങ്ങളും സംസാരിച്ചു. കല്യാണ ഡ്രസെടുക്കുന്നതും കൂട്ടുകാരെ കല്യാണത്തിന് വിളിക്കുന്നതും ജയകുമാര്‍ മാലിനിയോട് ചര്‍ച്ച ചെയ്തു. വൈകാതെ വീട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങളില്‍ പങ്കുചേര്‍ന്നു. ശാലിനിയും മുറച്ചെറുക്കനുമായുള്ള കല്യാണം നാട്ടിലെ അമ്പലത്തില്‍ വച്ച് നടന്നുവെന്നും അമ്മയ്‌ക്കൊപ്പം കല്യാണത്തിന് ഗംഗയും പങ്കെടുത്തുവെന്നും യമുന പറഞ്ഞു. മുറ്റത്ത് മുല്ലപ്പൂ പന്തല്‍ കെട്ടുന്ന തിരക്കിനിടെ ശാലിനിയും ഭര്‍ത്താവും റോഡിലൂടെ നടന്നുമറയുന്നത് ജയകുമാര്‍ കണ്ടു.

കറുത്ത് തടിച്ച് കാണാന്‍ ഭംഗിയില്ലാത്ത ആ ചെറുപ്പക്കാരനെ ജയകുമാറിന് തെല്ലും ഇഷ്ടപ്പെട്ടില്ല. വിവാഹദിവസമെത്തി. രാവിലെ തന്നെ മാലിനി അഛനും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം എറണാകുളത്തുനിന്ന് യാത്ര തിരിച്ചു.മുഹൂര്‍ത്തത്തിനു ഒന്നര മണിക്കൂര്‍ മുമ്പേ അവര്‍ അമ്പലത്തിലെത്തി. പിന്നാലെ ജയകുമാറും കുടുംബവും എത്തി. മുണ്ടും ബ്ലൗസും കസവുനേരിയതുമായിരുന്നു മാലിനിയുടെ വേഷം. മുടിനിറയെ മുല്ലപ്പൂ വച്ചിരുന്നു. കൈകള്‍ രണ്ടിലും ഒരേ വലിപ്പത്തിലുള്ള വലിയവളകള്‍. മുണ്ടും ക്രീംനിറത്തിലുള്ള ജുബ്ബയുമായിരുന്നു ജയകുമാറിന്റെ വേഷം. പൂവുകളും തോരണങ്ങളും വര്‍ണറിബണുകളും കൊണ്ട് അലങ്കരിച്ചിരുന്നു അമ്പലമുറ്റവും പരിസരവും .

എങ്ങും ചെണ്ടമേളത്തിന്റെ മുഴക്കം. മേളക്കൊഴുപ്പിലും അലങ്കാരങ്ങളിലും ഉത്സവപ്പൊലിമയോടെ ഇത്തരമൊരു വിവാഹം ആ അമ്പലത്തില്‍ ഇതാദ്യമായിരുന്നു. മൂന്നുമണിക്കൂര്‍ നീണ്ട വിവാഹകര്‍മങ്ങള്‍ക്കൊടുവില്‍ വരനും വധുവും പുറത്തെത്തുമ്പോള്‍ താലപ്പൊലിയേന്തിയ ബാലികമാരും ചെണ്ടമേളവും വരവേറ്റു. എല്ലാവര്‍ക്കും സദ്യ ഒരുക്കിയിരുന്നു. കത്തിച്ച ദീപങ്ങളുടെ പ്രഭ വീട്ടിലേക്ക് വധൂവരന്‍മാരെ സ്വാഗതം ചെയ്തു.

ജാനകി മാലിനിയെ ആശ്ലേഷിച്ച് അനുഗ്രഹിച്ചു. അവള്‍ അഛനമ്മമാരുടെ കാല്‍തൊട്ടുവണങ്ങി. എല്ലാരുടെ മുഖത്തും പൂത്തിരി കത്തിച്ച പൂര്‍ണിമ. വൈകുന്നേരം മാധവന്റെ കൂട്ടുകാരും തൊഴിലാളികളുമൊക്കെയായി ഏറെപേര്‍ റിസോര്‍ട്ടിലെ സ്വീകരണത്തിനെത്തി. ജയകുമാറിന്റെയും മാലിനിയുടെയും കൂട്ടുകാരും പങ്കെടുത്തു. സ്റ്റെല്ലയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. റിസപ്ഷനുശേഷം ജയകുമാറും മാലിനിയും റിസോര്‍ട്ടില്‍ തങ്ങി.സന്ധ്യ ചുവന്നു തുടുത്തു. ""ഈ ദിവസത്തിനായാണ് ഞാന്‍ കൊതിച്ചത്. നീ എന്റെ സ്വന്തമാകുന്ന ദിനത്തിന്.'' ജയകുമാര്‍ മാലിനിയെ കരവലയത്തിലൊതുക്കി. അവളുടെ കണ്ണുകളില്‍ ഒരു കടലോളം സ്‌നേഹം അയാള്‍ കണ്ടു.

പിറ്റേന്ന് രാവിലെ ജയകുമാറും മാലിനിയും റിസോര്‍ട്ടിനു പുറത്ത് നടക്കാനിറങ്ങി. ആദ്യം റിസോര്‍ട്ട് കാണാനെത്തിയപ്പോള്‍ അവരിരുന്ന പുല്‍ത്തകിടിക്കരികില്‍ ഇരുന്നു.

""ഇന്നിനി ആര് കണ്ടാലും എനിക്കൊന്നുമില്ല. ജയകുമാറിനി എന്റേതല്ലേ?'' അയാളുടെ മടിയില്‍ തല ചായ്ച്ച് മാലിനി പറഞ്ഞു.

""അതേ മോളേ, എനിക്കെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. എല്ലാം വിചാരിച്ചതിലും നേരത്തെ നടന്നു.''

""എനിക്കീ ഗ്രാമം വിട്ട് പോകാന്‍ തോന്നുന്നില്ല ജയകുമാര്‍.''

""ഞാന്‍ അഛനോട് പറഞ്ഞ് വീട്ടില്‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു മുറി നമുക്കായി നീക്കി വച്ചിട്ടുണ്ട്. സമയം കിട്ടുമ്പോഴൊക്കെ നമുക്ക് വീട്ടില്‍ വന്ന് താമസിക്കാം.''

""ഇനി മദ്രാസിന് മടങ്ങുംമുമ്പ് ഒരാഴ്ചത്തെ സമയമേ ബാക്കിയുള്ളൂ. ടൗണിലെ ജീവിതം ജയകുമാറിനിഷ്ടമാണല്ലോ...?''

""തീര്‍ച്ചയായും. അതിന്റെ രസമൊന്ന് വേറെ തന്നെ മാലിനീ. നമുക്ക് നടന്നെത്താവുന്ന ദൂരത്തില്‍ സിനിമാ തിയേറ്ററുകളും ഹോട്ടലുകളുമൊക്കെയുണ്ടല്ലോ നഗരങ്ങളില്‍.''

""പക്ഷെങ്കി മദ്രാസില്‍ ചെന്നാ നമുക്കെന്നും ഹോട്ടല്‍ ഭക്ഷണം കഴിക്കേണ്ടിവരും. എനിക്ക് പാചകമൊന്നും ചെയ്യാനറിയില്ലല്ലോ.'' ഒരു ചിരിയോടെ മാലിനി ജയകുമാറിനെ നോക്കി.

""നമുക്ക് രണ്ടുപേര്‍ക്കും കൂടി ഭക്ഷണം പാകം ചെയ്ത് കഴിക്കാം. അതൊക്കെയൊരു രസമല്ലേ.''

പ്രഭാത ഭക്ഷണം കഴിച്ച് അവര്‍ ജയകുമാറിന്റെ വീട്ടിലേക്ക് പോയി.

""അമ്മയ്ക്കും അഛനും അനുജത്തിമാര്‍ക്കും പുറമെ ബന്ധുക്കളും അയല്‍ക്കാരുമൊക്കെ ഏറെ പേരുണ്ടായിരുന്നു വീട്ടില്‍. വിഭവസമൃദ്ധമായിരുന്നു ഊണ്. പായസവുമൊരുക്കിയിരുന്നു. അടുത്തവീട്ടിലെ സ്ത്രീകള്‍ മാലിനിയുടെ ആഭരണങ്ങള്‍ കാണാനായി ചുറ്റും കൂടി. എല്ലാരോടും മാലിനി വിശേഷങ്ങള്‍ പങ്കിട്ടു. ഗംഗയും യമുനയും ഏട്ടത്തിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. അടുത്ത ദിവസം അവര്‍ എറണാകുളത്ത് മാലിനിയുടെ വീട്ടിലേക്ക് പോയി മാധവന്‍ അടുത്തുള്ള ഹോട്ടലില്‍ പ്രത്യേക സ്വീകരണവും വിരുന്നും ഒരുക്കിയിരുന്നു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തി. റിസല്‍റ്റ് അറിയുന്ന സമയമായതിനാല്‍ മാലിനിക്ക് ടെന്‍ഷനുണ്ടായിരുന്നു. നല്ല മാര്‍ക്ക് ഉറപ്പാണെന്നറിയാം, എങ്കിലും. ""താന്‍ നന്നായി എഴുതിയിട്ടില്ലേ? പിന്നെ പേടിക്കുന്നതെന്തിന്. എല്ലാം നന്നായി വരും.''ജയകുമാര്‍ അവളെ ആശ്വസിപ്പിച്ചു.

ഉച്ചതിരിഞ്ഞ് ഒരു ഫോണ്‍കോള്‍ മാലിനിയെ തേടിയെത്തി.

മാലിനിയുടെ മുഖം സന്തോഷത്താല്‍ നിറയുന്നതു കണ്ട് ജയകുമാര്‍ ഓടിച്ചെന്നു. ഫോണ്‍വച്ച് അവള്‍ പറഞ്ഞു. ""ജയകുമാര്‍, എനിക്ക് ഫസ്റ്റ് റാങ്ക്.''

സന്തോഷം പങ്കിട്ട് ജയകുമാര്‍ അവളെ ആശ്ലേഷിച്ചു.

""എനിക്ക് വിശ്വസിക്കാനാകുന്നില്ല ജയകുമാര്‍. നമ്മള്‍ തമ്മില്‍ കണ്ടതാണ് എന്റെയീ വിജയത്തിനും പ്രചോദനം.'' പറയുമ്പോള്‍ അവളുടെ മിഴികള്‍ നിറഞ്ഞു. .

""അതെ മോളൂ... ജയകുമാറാണ് നിന്റെ വിജയത്തിന് പിന്നിലെ രഹസ്യം. നിന്റെ സെലക്ഷന്‍ തീര്‍ച്ചയായും ഉചിതമായി. ജയകുമാറിനെ നിനക്ക് ഭര്‍ത്താവായി കിട്ടിയതില്‍ ഞങ്ങള്‍ക്കും ഏറെ സന്തോഷമുണ്ട്.''അമ്മയും മാലിനി പറഞ്ഞതു ശരിവച്ചു

""മാലിനിയും വളരെ മിടുക്കിയാണമ്മേ. അവളായിരുന്നു എന്റെ ഉയര്‍ച്ചയിലും പ്രചോദനം. ഞങ്ങള്‍ രണ്ടാളും പരസ്പരം പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.''

""ഉവ്വ് മക്കളേ.'' നിങ്ങള്‍ രണ്ടും മിടുക്കരാണ്. ഞങ്ങള്‍ക്ക് നിങ്ങളെയോര്‍ത്ത്് അഭിമാനമുണ്ട്.''

അഛന്‍ പറഞ്ഞു.

മാലിനിയുടെ റാങ്ക് വാര്‍ത്തയറിഞ്ഞ് ജയകുമാറിന്റെ അഛനമ്മമാരുമെത്തി. അവരെല്ലാവരും സന്തോഷത്തിലായിരുന്നു. പത്രങ്ങളിലും ടി.വിയിലും മാലിനിയുടെ അഭിമുഖങ്ങളുണ്ടായി. മുന്‍ റാങ്ക് ജേതാവെന്ന നിലയില്‍ ജയകുമാറിനെകുറിച്ചും വാര്‍ത്തകളില്‍ പരാമര്‍ശമുണ്ടായി. രണ്ട് ദിവസം കൂടി കഴിഞ്ഞ് ജയകുമാറും മാലിനിയും മദ്രാസിലെത്തി. അവര്‍ ടൗണില്‍ എല്ലാ സൗകര്യങ്ങളോടെയുമുള്ള മാധവന്റെ വക ഫ്‌ളാറ്റില്‍ താമസിച്ചു. ഒരു വേലക്കാരിയെകൂടി അയയ്ക്കാമെന്ന് സുശീല നിര്‍ബന്ധിച്ചുവെങ്കിലും ജയകുമാറും മാലിനിയും സമ്മതിച്ചില്ല.

ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന് ചേര്‍ന്നു, മാലിനി. രണ്ടുപേരും ഒരുമിച്ചു യാത്ര ചെയ്തു, ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും തിരികെയും. അവര്‍ക്ക് ഏറെ കൂട്ടുകാരുമുണ്ടായി.


(തുടരും....)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക