Image

വായനയുടെ ആനന്ദം (സുധീര്‍ പണിക്കവീട്ടില്‍)

Published on 25 June, 2017
വായനയുടെ ആനന്ദം (സുധീര്‍ പണിക്കവീട്ടില്‍)
ഇ-മലയാളിയുടെ വായാനാവാരത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് ആ പംക്തിയിലേക്ക് വായനാനുഭൂതിയെക്കുറിച്ച് ഈ ലേഖനം സമര്‍പ്പിക്കുന്നു.

"ഇത്രയുംബ്രുഹത്തായ ഒരു ആഭ്യന്തരയുദ്ധത്തിനുവഴിതെളിയിച്ച പുസ്തകം എഴുതിയ ആ കൊച്ചു പെണ്ണു നീ ആണല്ലേ?''അങ്കിള്‍ ടോംസ് കേബിന്‍ എഴുതിയ ഹാരിയറ്റ് ബീച്ചര്‍ സ്‌റ്റോവ് എന്ന എഴുത്തുകാരിയോട് അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ ചോദിച്ചുവത്രെ.അതു ആ എഴുത്തുകാരിയുടെ ജീവിതത്തിലെ ഒരു സുവര്‍ണ്ണ നിമിഷമായിരിന്നിരിക്കും.അവിടെ കൂടിയിരുന്നവരെല്ലാം ആ എഴുത്തുകാരിയെ പുകഴ്ത്തി.എന്നാല്‍ അവിടെ ഇല്ലാതിരുന്ന എത്രയോ പേര്‍ അതിനു ശേഷം അതെക്കുറിച്ച് വായനയിലൂടെ അറിഞ്ഞു.ഏബ്രാഹം ലിങ്കണ്‍ അങ്ങനെ പറഞ്ഞിക്ലെന്നും ഹാരിയെറ്റിന്റെ കുടുംബക്കാര്‍ അവരുടെ കാലശേഷം അങ്ങനെ ഒന്നു ചമച്ചുണ്ടാക്കിയതാണെന്നും നമ്മള്‍ വായനയിലൂടെ അറിയുന്നു.അതു സത്യമോ മിഥ്യയോ എന്തായാലും വായനയുടെ ലോകം ഉത്തേജനവും ആവേശവും നല്‍കുന്നതാണ്.പത്തൊമ്പതാം നൂറ്റാണ്ടില്‍ ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം എന്ന പെരുമ ഈ പുസ്തകത്തിനുണ്ട്.ലോകത്തിലെ മിക്കവാറും സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായിവിശ്വപ്രസിദ്ധിയാര്‍ജ്ജിച്ച ഈ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഹാരിയറ്റും മാര്‍ക്ട്വയിനും വേലികള്‍ അതിരു തിരിക്കാത്ത അയല്‍ക്കാരായിരുന്നുവെന്നും നമ്മള്‍ വായിക്കുന്നു.
അമേരിക്കന്‍ നോവലിസ്റ്റ് ഏണസ്റ്റ് ഹെമിങ്ങ്‌വെ ഇങ്ങനെ രേഖപ്പെടുത്തിയതായി കാണുന്നു."എല്ലാ ആധുനിക സാഹിത്യ രചനകളും വന്നത് ഒരു പുസ്തകത്തില്‍ നിന്നാണു, മാര്‍ക്ക് ട്വയിനിന്റെ Adventures of Huckleberry Finn എന്ന പുസ്തകത്തില്‍ നിന്ന്. നമുക്ക് കിട്ടിയ ഏറ്റവും നല്ല പുസ്തകമാണത്. എല്ലാ അമേരിക്കന്‍ രചനകളും ഉത്ഭവിച്ചത് അതില്‍ നിന്നാണു; അതിനു മുമ്പ് ഒന്നുമുണ്ടായിരുന്നില്ല, അതിനു ശേഷം അതിനോളം നല്ലതുമുണ്ടായിട്ടുമില്ല.''ഈ പുസ്തകത്തില്‍ കൂടെ കൂടെ ഉപയോഗിച്ചിരുന്ന "നിഗ്ഗര്‍'' എന്ന വാക്കിനെ ചൊല്ലി ഇതു സ്കൂള്‍ പാഠ്യപദ്ധതിയില്‍ നിന്നും നീക്കം ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യപ്രകാരം ചില സ്കൂളുകള്‍ ഈ പുസ്തകം നിരോധിച്ചിരുന്നു.

വായനയിലൂടെ നമ്മള്‍ എന്തെക്ലാം അറിയുന്നു, മനസ്സിലാക്കുന്നു, ആനന്ദിക്കുന്നു.അമേരിക്കന്‍ കവയിത്രി എമിലി ഡിക്കിന്‍സണ്‍ അവരുടെ ഒരു കവിതയില്‍ പുസ്തകത്തെ കപ്പലിനോട് ഉപമിച്ചിട്ടുണ്ടു.(There is no Frigate like a Book ,To take us Lands away
) പുസ്തകം നമ്മളെ വിദൂര രാജ്യങ്ങളിലേക്ക്, അറിവുകളിലേക്ക് കൊണ്ടു പോകുന്നു.ഒട്ടും പണചിലവില്ലാതെ, യാത്രാക്ഷീണമില്ലാതെ നമുക്കറിയേണ്ട രാജ്യങ്ങളുടെ വിവരങ്ങള്‍ നമ്മുടെ മുന്നിലൂടെ നിവരുന്നു. എസ്.കെ.പൊറ്റെക്കാടിന്റെ യാത്രവിവരണങ്ങള്‍ വായിച്ച് അതില്‍ പറയുന്ന സ്ഥലങ്ങളിലെല്ലാം പോയി വന്ന പ്രതീതി നല്ല വായനക്കാര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും. മലയാളത്തിന്റെ ശബ്ദസുന്ദരനായ പ്രിയ കവി വള്ളത്തോള്‍ വായനക്കാരെ സങ്കല്‍പ്പവായുവിമാനത്തിലേക്ക് കയറാന്‍ വിളിക്കുന്നു. പോയ യുഗങ്ങളിലേക്ക് ഒരു യാത്രപോകാന്‍. കവിത ഇങ്ങനെ:

വായനക്കാര്‍ക്കിഷ്ടമാണെങ്കില്‍ സങ്കല്‍പ -
വായുവിമാനത്തിലേറിയാലും
പ്രീതരായ്സ്സഞ്ചാരം ചെയ്യാം നമുക്കല്‍പം
ഭൂതകാലാകാശവീഥിയിങ്കല്‍..

അദ്ദേഹം നമ്മെ ത്രേതായുഗത്തിലേക്ക് കൊണ്ടുപോയി.അവിടെ ബാലികയായ സീതദേവിയുടെ കിളിക്കൊഞ്ചല്‍ കേട്ട് നമ്മളും ചിരിക്കുന്നു.

ഓമല്‍ചോദിക്കയാണെന്തിനീ വാല്‍മീകി
രാമനെക്കൊണ്ടെന്നെ വേള്‍പ്പിക്കുന്നു
അമ്മ സമാശ്വസിപ്പിച്ചു -പെണ്‍കുട്ടികള്‍
ക്കമ്മട്ടിലുണ്ടൊരു കര്‍മ്മം കുഞ്ഞേ:
കന്യക തീര്‍മാനം ചെയ്തു - ''മറ്റാരും, വേ-
ണ്ടെന്നെയെന്നമ്മതാന്‍ വേട്ടാല്‍ മതി
പൊട്ടിച്ചിരിച്ചുപോയ് സര്‍വരും, കുട്ടിയോ,
കെട്ടിപ്പിടിച്ചിതു മാതൃകണ്ഠം.

വായനകാര്‍ മാത്രമല്ല എഴുത്തുകാരും വായനയുടെ മാധുര്യം തേടിപോകുന്നവരാണ്.വൈലോപ്പിള്ളിയുടെ കവിതയിലെ ഈ വരികള്‍ ശ്രദ്ധിക്കുക.

അത്താഴത്തിനു പിന്‍പെന്റെ
അറബിക്കഥ നിവര്‍ത്തി ഞാന്‍
ആയിരത്തിയൊന്നു രാവിന്റെ
ആനന്ദത്തിലലിഞ്ഞു ഞാന്‍

ആയിരത്തിയൊന്നു രാവുകളിലൂടെ ജീവന്‍ പണയം വച്ച് ഷെഹര്‍സാദ എന്ന ബുദ്ധിമതിയും സുന്ദരിയുമായ പെണ്‍കുട്ടി പറഞ്ഞ അത്തറിന്റെ മണമുള്ള അറബിക്കഥകള്‍.ന്അവസാനം മാത്രം ചുരുളഴിയുന്ന ഉദ്വേകജനകമായ കഥകള്‍.അതെല്ലാം വായിച്ച് പെണ്‍കുട്ടികളുടെ മുന്നില്‍ ഹീറൊ ചമയുന്ന രസം. "ആയിരത്തിയൊന്നു രാവുകള്‍ അങ്ങയെ സ്വപ്നം കണ്ടു ഞാന്‍" എന്ന അവരില്‍ ഒരു സുന്ദരി പറയുക കൂടി ചെയ്യുമ്പോള്‍ അറബികഥകള്‍ക്ക് സുഗന്ധമേറുന്നു. വായനയുടെ ലോകത്ത് പ്രണയാര്‍ദ്രമായ പൂവ്വുകളില്‍ പ്രതീക്ഷകളുടെ മധു നിറയുന്നു.

വായന എന്നും മനുഷ്യരോടൊപ്പമുണ്ട്. അതില്ലാതിരുന്നതിനു മുമ്പ് അവര്‍ ആരില്‍ നിന്നോ കഥകളും കവിതകളുംകേട്ടു പഠിച്ചു. കാണാതെ പഠിച്ചു.അതുകൊണ്ടതിനു ശ്രുതി എന്ന പേരു വന്നു.വേദങ്ങള്‍ മാത്രമല്ല അങ്ങനെ ജനം പഠിച്ചത്, പാടിയത്. വള്ളത്തോള്‍ അതിനെ ഭംഗിയായി ആവിഷ്ക്കരിച്ചിരിക്കുന്നു."നമ്മുടെ മാതാവ് കൈരളിപണ്ടൊരു പൊന്മണിപ്പൈതലായ് വാണ കാലം, പാടിയിരുന്ന പഴംകഥപ്പാട്ടുകള്‍പാല്‍ക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം. വ്രുത്ത വ്യവസ്ഥയില്ലാതെ, സ്ഫുടതയിക്ലാതെ, അര്‍ത്ഥങ്ങളുടെ ചേര്‍ച്ചയില്ലാതെ അവര്‍ പാടി രസിച്ചു. വടക്കന്‍പാട്ടുകള്‍ അതിനൊരുദാഹരണം." അവിടന്നും നേരേ വടക്കോട്ടേക്ക് എന്നു മനസ്സില്‍ ഉറപ്പിച്ചുകൊണ്ട് പാടി നടന്നു. പുസ്തകങ്ങളുടെ ആവിഷ്കാരത്തോടെ വായന എന്ന അനുഗ്രഹം മനുഷ്യര്‍ക്ക് കൈവന്നു.

ഒമര്‍ഖയ്യാമിന്റെ വിശ്വവിഖ്യാതമായ "ഒരു കുടം വീഞ്ഞും, അപ്പകഷണവും, നീയും ഉണ്ടെങ്കില്‍ വന്യത പറുദീസയായി മാറുമെന്ന'' വരികളില്‍ ആദ്യം പറയുന്നത് ഒരു കാവ്യപുസ്തകത്തെപ്പറ്റിയാണ്. പുസ്തകം എന്നും പൂജിക്കപ്പെടുന്നു.വായന ഒരു അര്‍ച്ചനയാകുന്നു.
A BOOK of Verses underneath the Bough,
A Jug of Wine, a Loaf of Bread—and Thou
  Beside me singing in the Wilderness—
O, Wilderness were Paradise enow!

കവിതകള്‍ നിറഞ്ഞ പുസ്തകമെന്നോ, ദൈവ വചനങ്ങള്‍ അടങ്ങിയ പുസ്തകമെന്നൊ വ്യാഖ്യാനിക്കാം.പുസ്തകമാണു കവിആദ്യം പറഞ്ഞത്.സ്കൂളില്‍ പോകുന്ന പണ്ടത്തെ പെണ്‍കുട്ടികള്‍ പുസ്തകത്തെ മാറോട് അടുപ്പിച്ച് പിടിച്ചിരുന്നു. അതു അവര്‍ക്ക് ഒരു സുരക്ഷ കവചം നല്‍കുന്നു എന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. പുസ്തകത്തില്‍ അറിയാതെ ഒന്നു ചവുട്ടിപോയാല്‍ തൊട്ടു നെറുകയില്‍ വയ്പ്പിച്ചിരുന്നു മുത്തശ്ശിമാര്‍.ഏബ്രാഹം ലിങ്കണ്‍ എപ്പോഴും പുസ്തകവായനയില്‍ ഏര്‍പ്പെട്ടിരുന്നു.ബില്‍ ഗെയ്റ്റ്‌സ് ആഴ്ചയില്‍ ഒരു പുസ്തകം വീതം വായിക്കുന്നു. ഓഫ്ര വിന്‍ഫ്രെയ് ആകട്ടെ അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്നു എല്ലാ മാസവും ബുക്ക് ക്ലബ്ബ് അംഗങ്ങളുമായുള്ള ചര്‍ച്ചയ്ക്കായി എടുക്കുന്നു.വായിക്കാന്‍ ധാരാളം പുസ്തകങ്ങളും വായിക്കാന്‍ ഇത്തിരി സമയവും എന്നാണു് ഫ്രാങ്ക് സപ്പ് (Frank Zappa) പറയുന്നത്. ഒരാള്‍ക്ക് അയാളുടെ ജീവിതകാലത്ത് ഇഷ്ടമുള്ള എല്ലാ പുസ്തകങ്ങളും വായിച്ച് തീര്‍ക്കാന്‍ കഴിയുമോ?

എഴുതാനുള്ള കഴിവ് ദൈവത്തിന്റെ വരദാനമാണ്.സര്‍ഗ്ഗസങ്കല്‍പ്പങ്ങളില്‍ അവര്‍ മുഴുകുമ്പോള്‍ വാക്കുകള്‍ ചാരുതയോടെ പിറന്നു വീഴുന്നു. അതു വായനക്കാരില്‍ അനുഭൂതി ഉളവാക്കുന്നു. ഏതോ വിഷാദഗാനം പാടി ഒറ്റക്ക് ഒരു കൊയ്ത്തുകാരി നില്‍ക്കുമ്പോള്‍, ഒറ്റനോട്ടത്തില്‍ പതിനായിരം ഡാഫോഡിത്സ് നമ്മുടെ മുന്നില്‍ പൂത്ത് വിരിയുമ്പോള്‍, വയ് പുഴയുടെ ശാന്തതീരങ്ങളെ നോക്കികൊണ്ട് കുന്നിന്‍പുറത്ത് നിന്ന ഒരു വിശ്വമഹാകവി (വില്യം വേഡ്‌സ്വര്‍ത്ത്)''പ്രക്രുതി ഒരിക്കലുംഅവളെ സ്‌നേഹിക്കുന്നവരെ വഞ്ചിക്കയില്ലെന്നു.പറഞ്ഞപ്പോള്‍,''ഞാന്‍ സ്വയം ആഘോഷിക്കുന്നു, സ്വയം പാടുന്നു എന്നു വാള്‍ട് വിറ്റ്മാന്‍ എഴുതുമ്പോള്‍,പുല്ലുകള്‍ കരിഞ്ഞ്‌പോയ, ഒരു കിളി പോലും പാടാത്ത ഈ വിജനതയില്‍ ഞാന്‍ ഏകനായി, വിളറി വിവശനായി അലഞ്ഞ് തിരിയുന്നത് നന്ദിയില്ലാത്ത (ദയയില്ലാത്ത)സുന്ദരിയായ ഒരു സ്ര്തീ മൂലമാണെന്നു വിവരിച്ചതിനു ശേഷം പരസ്പരം സ്‌നേഹിക്കാമെങ്കിലും യുവതി-യുവാക്കള്‍ക്ക് മത-സാമൂഹ്യ -സാംസ്കാരിക വിഘ്‌നങ്ങള്‍ മൂലം വിവാഹിതരാകാന്‍ കഴിയില്ലെന്ന സത്യംകവി, വെളിപ്പെടുത്തുമ്പോള്‍ (ജോണ്‍ കീറ്റ്‌സ്), എല്ലാവരോടും എല്ലാം പറഞ്ഞാല്‍ എല്ലാവരും നഷ്ടപ്പെടുമെന്നു ജെ. ഡി.സാലിങ്ങെര്‍. ഉപദേശിക്കുമ്പോള്‍വായനയുടെ ലോകത്ത് നില്‍ക്കുന്ന അക്ഷരസ്‌നേഹി വിസ്മയാധീനനാകുന്നു.

എഴുത്തുകാരന്റെ ഭാവനാലോകത്തേയ്ക്ക് ഉയരുകയാണു വായനയിലൂടെ നമ്മള്‍. ജോണ്‍ കീറ്റ്‌സിന്റെ തന്നെ മറ്റൊരു കവിതയില്‍ അദ്ദേഹം പറയുന്നു:''സൗന്ദര്യമുള്ള ഒരു വസ്തു ശാശ്വതമായ ഒരു ആനന്ദമാണ്.''അതിന്റെ ഭംഗിക്ക് ഇടിവു വരുന്നില്ല.പ്രക്രുതി ഒരുക്കുന്ന ആകര്‍ഷണീയത എന്നും കൂടിവരുന്നു. തണല്‍ വിരിപ്പിനടിയിലെ വള്ളിക്കുടിലിന്റെ പ്രശാന്തത, മധുരസ്വ്പങ്ങള്‍ നിറഞ്ഞ നിദ്ര, ആരോഗ്യവും മാനസിക ശാന്തിയും.നോക്കി നില്‍ക്കുന്നവനു അത് സാന്ത്വനവും, ശാന്തതയും നല്‍കുന്നു. എണ്ണമറ്റ സൗന്ദര്യ വസ്ത്തുക്കളെക്കുറിച്ച് കവി പറയുന്നു. സൂര്യ ചന്ദ്രന്മാര്‍, ഉറങ്ങാന്‍ സുഖം പകരുന്ന മരങ്ങളുടെ ശീതളഛായാതല്‍പ്പങ്ങള്‍, ഡാഫ്‌ഫോഡില്‍ പുഷ്പങ്ങള്‍, വ്രുക്ഷങ്ങളുടെ നിഴലില്‍ ഒഴുകുന്ന അരുവികള്‍, സുഗന്ധ കുസുമങ്ങളെ വളര്‍ത്തുന്ന കുറ്റിക്കാടുകള്‍. ഇതെല്ലാം മനുഷ്യമനസ്സുകളെ ഹര്‍ഷോന്മാദരാക്കുന്നു.പ്രക്രുതിയുടെ മനോഹാരിതയെക്കുറിച്ച് മലയാളകവിയും പാടുന്നു ഇങ്ങനെ..''കലിതാനുമോദം വനം മുഴുവന്‍ കളം കളം പെയ്യുന്നു പൈങ്കിളികള്‍,മലര്‍ മണം വീശുന്നു,പീലി നീര്‍ത്തി മയില്‍ മരക്കൊമ്പില്‍ നിന്നാടിടുന്നു...പിന്നെ ചോദിക്കുന്നു .. ഇവയെ വര്‍ണ്ണിച്ചൊരു പാട്ടു പാടാനെവിടെ, രമണാ, നീയെങ്ങു പോയി.ആ അനുഭൂതിയില്‍ ലയിച്ച് രമണന്‍ പാടുന്നതിനു മുമ്പേ നമ്മള്‍ വായനക്കാര്‍ പാടി പോകുന്നു.

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണു.വിദ്യ കൈവശമുണ്ടെങ്കില്‍ ഈ ലോകം നമ്മിലേക്ക് ചുരുങ്ങുന്നു.വെണ്ണയുണ്ടെങ്കില്‍ നറുനെയ് വേറിട്ടു കരുതണമോ എന്നു ചോദിക്കുന്നു;നമ്മുടെ പ്രിയങ്കരനായ കവി ഉള്ളൂര്‍. അദ്ദേഹം കൂട്ടിചേര്‍ക്കുന്നു നമ്മുടെ പുറം കണ്ണു തുറപ്പിക്കാന്‍ സൂര്യദേവന്‍ രാവിലെ ഉദിച്ചുയരുന്നു എന്നാല്‍ അകക്കണ്ണു തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം.അക്ഷരങ്ങള്‍ അറിയില്ലെങ്കില്‍ വായനയുടെ ലോകം തിരിക്ലറിയുക പ്രയാസം തന്നെ.അക്ഷരങ്ങള്‍ അറിഞ്ഞിട്ടും അതിന്റെ മായാജാലം പ്രദര്‍ശിപ്പിക്കുന്ന വായനാസാമ്രാജ്യം വര്‍ജ്ജിക്കുന്നവര്‍ക്ക് എന്തെല്ലാം നഷ്ടപ്പെടുന്നു.ക്രുസ്‌റ്റോഫര്‍ കൊളമ്പസ് എന്ന ഇറ്റാലിയന്‍ നാവികനു ഇന്ത്യയിലേക്ക് ഒരു സാഹസികയാത്ര നടത്താന്‍ പ്രേരണ നല്‍കിയത് മാര്‍ക്കോ പോളൊയുടെ സഞ്ചാര വിശേഷങ്ങളാണ്.എഴുത്തുകാര്‍ നമ്മെ ഞൊടിയിടയില്‍ന്ഒരു വട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തിക്കുന്നു.വായന നമ്മെ ചിന്തിപ്പിക്കുന്നു.വായനയുടെ ലോകം നമ്മുടെ മുന്നില്‍ കാഴ്ച വയ്ക്കാത്തതായി എന്തുണ്ടു.? മറ്റുള്ളവര്‍ എഴുതിയത് വായിച്ചുകൊണ്ട് നിന്നെ നന്നാക്കാന്‍ നിന്റെ സമയം വിനിയോഗിക്കുക തന്മൂലം മറ്റുള്ളവര്‍ കഷ്ടപ്പെട്ട് നേടിയത് നിനക്ക് എളുപ്പം നേടാം. (സോക്രട്ടീസ്).സ്വര്‍ഗ്ഗത്തില്‍ വായനശാലകളുള്ളതായി ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. അപ്പോള്‍ വായന ഭൂമിയില്‍ തന്നെ. അതു ഭൂമിയെ സ്വര്‍ഗമാക്കുന്നു (ലേഖകന്‍). ഈ ലേഖകന്‍ ഉത്തരേന്ത്യയില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നപ്പോളാണ്് ഷയരിയെപ്പറ്റി, ഗസലുകളെപ്പറ്റി, മെഹ്ഫിലുകളെക്കുറിച്ചറിയുന്നത്. അതേക്കുറിച്ച് കൂടുതല്‍ അറിയാന്‍ പുസ്തകങ്ങള്‍ വായിച്ചു. അത്തരം പരിപാടികളില്‍ പങ്കെടുത്തു. സാഹിത്യത്തിന്റെ ഏതുരൂപവും നമുക്ക് ആനന്ദം പകരുന്നവയാണ്.ഇപ്പോള്‍ സാങ്കേതിക വിദ്യ വളരെ പുരോഗമിച്ചത് കൊണ്ട് അമേരിക്കന്‍ മലയാളി കവികള്‍ക്ക് അവരുടെ കവിതകള്‍ അവര്‍ക്ക് തന്നെ ചൊല്ലി വീഡിയോ ചിത്രമെടുത്ത് ഇ-മലയാളിയില്‍ കൊടുക്കാവുന്നതാണു. അങ്ങനെ ''ഇ മലയാളിയില്‍ കാവ്യസദസ്സ്" എന്ന പരിപാടി സംഘടിപ്പിച്ച് ഇ-മലയാളിക്ക് പുതുമ സ്രുഷ്ടിക്കാം.ഇ-മലയാളിയുടെ കാവ്യസദസ്സിനു യു ട്യൂബ് പോലെ അനേകം പ്രേക്ഷകരുണ്ടാകാം.

എഴുത്തുകാര്‍ക്ക് എഴുതുമ്പോള്‍ അനുഭവപ്പെടുന്നവാക്കുകളുടെ തടസ്സം, അതായ്ത് വാക്കുകള്‍ ഒഴുകി വരാതിരിക്കല്‍ ഒരു പ്രശ്‌നമാണ്. പല പ്രശസ്ത എഴുത്തുകാരും അതു പരിഹരിച്ചിരുന്ന രീതിഅറിയുമ്പോള്‍ നമ്മള്‍ ചിരിച്ചുപോകും. ഡി.എച്. ലോറന്‍സ് തുണിയില്ലാതെ മല്‍ബറി മരത്തില്‍ കയറുമത്രെ.വിക്ടര്‍ ഹ്യൂഗൊ അദ്ദേഹത്തിന്റെ വേലക്കാരെകൊണ്ട് അദ്ദേഹത്തെ നഗ്നനാക്കി അങ്ങനെയിരുന്നു എഴുത്ത് തുടങ്ങും. എന്നാല്‍ ഷെര്‍ലോക് ഹോംസ് നോവലുകളില്‍ ആദ്യത്തെ നോവല്‍ ആര്‍തുര്‍ കോനന്‍ ഡോയല്‍ മൂന്നു ആഴ്ചകൊണ്ടാണു എഴുതിയത്.ഫയോഡോര്‍ ദോസ്‌തോയെവ്‌സ്കിഅദ്ദേഹത്തിന്റെ ദി ഗാക്ലര്‍ എന്ന നോവല്‍ ആറാഴ്ചകൊണ്ട് എഴുതി തീര്‍ത്തു.റൈറ്റേഴ്‌സ് ക്ലോക്ക് എല്ലാ എഴുത്തുകാര്‍ക്കും എപ്പോഴും വരണമെന്നില്ല.

ഒരാള്‍ എഴുതുന്നത് നോക്കി അതേപോലെ എഴുതുന്നവര്‍ക്ക്, എഴുതാന്‍ ശ്രമിക്കുന്നവര്‍ക്ക് റൈറ്റേഴ്‌സ് ക്ലോക്ക് ഉണ്ടാകുന്നില്ല. എന്റെ അച്ഛനെക്കുറിച്ച് പിത്രുദിനത്തില്‍ എഴുതിയ കുറിപ്പ് ആ ദിവസമാണു പ്രസിദ്ധീകരിച്ചത്. എന്റെ ഒരു സുഹ്രുത്ത് പറഞ്ഞു രണ്ടു ദിവസം മുമ്പ് എഴുതിയിരുന്നെങ്കില്‍ അതിന്റെ പ്രേതങ്ങള്‍ ഇ-മലയാളിയില്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേനെ എന്നു.അതു നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണു.നല്ല കമ്പനിക്കാര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അങ്ങാടിയില്‍ അതിന്റെ വ്യാജനെ കിട്ടും.അതു വിപണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതെപോലെയാണു ഒരാള്‍ എഴുതുന്നത് നോക്കി അതു നല്ലതായാലും ചീത്തയായാലുംഅതിന്റെ മാത്രുകയില്‍ എന്തെങ്കിലും പടച്ച് ് വിടുന്നത്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ അപചയം തുടങ്ങിയത് ഒരു പക്ഷെ ഇങ്ങനെ പകര്‍ത്തുന്നവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതലായിരിക്കും. ലജ്ജാവഹം!! ഒരു എഴുത്തുകാരന്റെ രചന വായിച്ച് അതു നല്ലതെങ്കില്‍ ആസ്വദിക്കുകയും അതു അംഗീകരിക്കുകയും ചെയ്യാനുള്ള സഹ്രുദയത്വമാണു ഉണ്ടാകേണ്ടത് അല്ലാതെ ഇതു പോലെ എനിക്കും എഴുതാന്‍ കഴിയുമെന്ന ഭാവവും അതേപോലെ ഒന്നു പടച്ചു വിടുകയും ചെയ്യുന്ന മൂരാച്ചിത്തരംഉപേക്ഷിക്കേണ്ടതാണ്.വാസ്തവത്തില്‍ അനുകരണങ്ങള്‍ സാഹിത്യത്തെ പോഷിപ്പിക്കുന്നില്ല. അനുകരണങ്ങള്‍ മൂലക്രുതിയുടെ വില കുറഞ്ഞ, വീര്യം കുറഞ്ഞ പകര്‍പ്പുകള്‍ മാത്രം. വായനക്കാരുണ്ടെങ്കില്‍ അതു ശ്രദ്ധിക്കും. ആ ശക്തിയില്ലാത്തിടത്താണു ഇക്കൂട്ടര്‍ വിളഞ്ഞ് പെരുകുന്നത്.നമ്മുടെ ആശയങ്ങള്‍ മോഷ്ടിക്കപ്പെടുന്നുവെന്നു മനസ്സിലാകുമ്പോള്‍ ക്രുതികളുടെ കോപ്പിറൈറ്റ് എടുത്തു വയ്ക്കുന്നത് നക്ലതാണ്. വായനയുടെ ദുരുപയോഗങ്ങളാണു സാഹിത്യ ചോരണവുംഅനുകരണവും.

വായനാവാരം കൊണ്ടാടുന്ന ഇ-മലയാളിയില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍, അവര്‍ വായിച്ച അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് സ്വന്തം കാഴ്ചപ്പാടിലൂടെ വിലയിരുത്തിഎഴുതണം.ആരെങ്കിലും പറയുന്നത് കേട്ട് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ കാലമാടന്മാരാണു, തല്ലിപ്പൊളികളാണു, ശുംഭന്മാരാണു, അല്ലെങ്കില്‍ ഇവിടെ എഴുത്തുകാരില്ല എന്നൊക്കെയുള്ള മുന്‍വിധികളില്‍ നിന്ന് സ്വതന്ത്രരാകണം. ഒരു ഉപന്യാസം ബുദ്ധിമുട്ടാണെങ്കില്‍ രചനയുടെ പേരും രചയിതാക്കളുടെ പേരും എഴുതാമല്ലോ.ഏതോമാത്രുക നോക്കി പകര്‍ത്തുന്നതിനെക്കാള്‍ എത്രയോ വിശിഷ്ടമാണത്. ഈ ലേഖകന്‍ ശ്രീ ജി പുത്തന്‍കുരിശ്ശിന്റെ കവിതകളെക്കുറിച്ച് എഴുതാന്‍ ഉദേശിക്കുന്നു.

എല്ലാ എഴുത്തുകാര്‍ക്കും വായനകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊള്ളുന്നു.

ശുഭം
Join WhatsApp News
ജ്യോതിലക്ഷ്മി നമ്പ്യാർ, തയ്യൂർ 2017-06-26 02:49:35
ഈ ലേഖനത്തിലൂടെ, വായനാവാരം എന്ന ആശയത്തിലൂടെ,  വായന എന്ന ശീലത്തെ പ്രോത്സാഹിപ്പിയ്ക്കുന്നതോടൊപ്പം, ഈ ലേഖനം വായിയ്ക്കുന്നതിലൂടെത്തന്നെ വായനക്കാരന്റെ അറിവ് വർദ്ദിപ്പിയ്ക്കാൻ കഴിഞ്ഞിരിയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. എഴുത്തുകാരന്റെ വായനയുടെ കരകാണാ കടലിലൂടെ പിന്നിട്ട ദീർഘ യാത്രയും വളരെ വ്യക്തമാണ്. 
എല്ലാ വായനക്കാർക്കും, വായനാവാരത്തിനും എന്റെ അഭിനന്ദനങ്ങൾ.   
James Mathews 2017-06-26 14:55:44
വായനാവാരം എന്ന്  പറഞ്ഞിട്ടും  അമേരിക്കൻ മലയാളി എഴുത്തുകാരെയും വായനക്കാരെയും
കാണുന്നില്ലല്ലോ. പബ്ലിസിറ്റി പോരാഞ്ഞിട്ടാണോ ആളുകൾ സമ്മർ വെകേഷന്റെ തിരക്കിലായിട്ടാണോ ?ഏതായാലും ഇ മലയാളിക്ക് അഭിനന്ദനം,
കുഞ്ഞുണ്ണിമാഷ് 2017-06-26 20:12:58
"വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.
വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും"

 

വിദ്യാധരൻ 2017-06-26 20:28:06
  • വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
  • സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
  • ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.
  • ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
  • വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.
  • വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.
വായനക്കാരൻ 2017-06-27 07:08:00
ലോകപ്രശസ്ത സാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്‍റെ ചരമദിനം ആണ് ലോക പുസ്തകദിനമായി ആചരിക്കുന്നത്.
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും,
വായിച്ചാല്‍ വിളയും,
വായിച്ചില്ലെങ്കില്‍ വളയും-
കുഞ്ഞുണ്ണി മാഷിന്‍റെ അര്‍ത്ഥപൂര്‍ണമായ വരികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പുസ്തകങ്ങളെ ജീവിത സ്പന്ദനങ്ങളായി കാണുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അക്ഷരങ്ങളിലൂടെ ഒരു സമൂഹത്തിന്‍റെ ചലനങ്ങളെ നിരീക്ഷണ വിധേയമാക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ലോകജനതയെ മാറ്റിമറിക്കുകയും, അവര്‍ക്ക് ശരിയായ ദിശാബോധം നല്‍കുകയും ചെയ്ത അനേകം വ്യക്തിത്വങ്ങള്‍ക്ക് ആവേശം നല്‍കിയ ഒരു ചാലകശക്തിയാണ് വായന. ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും, വായനക്കും എഴുത്തിനുമായി നീക്കിവെച്ചിരുന്ന മുന്‍തലമുറയുടെ പാരന്പര്യം ഇന്ന് നമുക്ക് അവകാശപ്പെടാം.
ഇന്ന് കാലം മാറി. പുസ്തകങ്ങളുടെ പ്രാധാന്യം കുറഞ്ഞു. വായന മെല്ലെ മെല്ലെ അപ്രത്യക്ഷമാകാന്‍ തുടങ്ങി. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ആര്‍ക്കും ഒന്നിനും സമയമില്ലാതായി. കൈയ്യില്‍ കിട്ടുന്നത് എന്തും വായിച്ചെടുക്കുന്ന പരന്ന വായന എന്ന പ്രക്രിയ ഇന്ന് അധികം എവിടെയും കാണാനില്ല. വായനശാലകള്‍ പലതും ആളില്ലാ കേന്ദ്രങ്ങളായി മാറി. വായനശാലകളിലെ അലമാരകളില്‍ പുസ്തകങ്ങള്‍ വായനക്കാരന്‍റെ കാലൊച്ചയും കാത്തിരിക്കേണ്ട അവസ്ഥ. പുതിയ തലമുറയുടെ പുതിയ പ്രവണതയാണ് വായനയുടെ അനിശ്ചിതത്വത്തിന് തുടക്കമിട്ടത്. മൊബൈല്‍ഫോണുകളിലെ അത്യാധുനിക സാങ്കേതിക വിദ്യയും മേശപ്പുറത്തെ കന്പ്യൂട്ടറുകളിലെ പുതിയ ടെക്നിക്കുകളും കൂടപ്പിറപ്പിനെപ്പോലെ സഹയാത്രികനായി കൊണ്ടുനടക്കുന്ന ലാപ്ടോപുകളിലെ സൌകര്യവും മറ്റെന്തും കാണാന്‍ പറ്റാത്ത പ്രവണതയിലേക്ക് ഈ തലമുറയെ കൊണ്ടെത്തിച്ചു.
ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ പോലും പ്രതികരണശേഷി ഉണ്ടാകാത്ത ഇന്നത്തെ തലമുറയുടെ അനക്കമില്ലായ്മ പുസ്തകങ്ങളുടെ മുന്നോട്ടേക്കുള്ള യാത്രയില്‍ തടസ്സമായി. അറിഞ്ഞോ (ഭൂരിഭാഗവും) അറിയാതെയോ (യാന്ത്രികമായി) നാം പുസ്തകങ്ങളെ കണ്ടില്ലെന്ന് നടിക്കുന്പോള്‍ ഒരു ചോദ്യം ഉയര്‍ന്നുവരുന്നത് ആരും ശ്രദ്ധിക്കുന്നുണ്ടാവില്ല, സമൂഹത്തിന്‍റെ യാത്ര എങ്ങോട്ട്?
ഒരു നാടിന്‍റെ, ജനതയുടെ സംസ്കാരത്തെയും ചരിത്രത്തെയും അടയാളപ്പെടുത്താന്‍ മുഖ്യചാലകശക്തിയായി പ്രവര്‍ത്തിക്കേണ്ട പുസ്തകങ്ങള്‍ ഇന്ന് പലയിടത്തും നിറം പിടിപ്പിച്ച അലമാരകളില്‍ കിടന്നുറങ്ങുകയാണ്. സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടെത്തിക്കേണ്ട പുസ്തകങ്ങള്‍ക്ക് അവയുടെ മുഖ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്താന്‍ സാഹചര്യം ഇല്ലാത്ത അവസ്ഥയായി. പുതിയ തലമുറയുടെ അക്ഷര വിരോധം ചര്‍ച്ചാ വിഷയമാക്കണം. വലിയ അപകടത്തിലേക്കാണ് ഈ മാറ്റം കൊണ്ടെത്തിക്കുകയെന്ന തിരിച്ചറിവ് തീര്‍ച്ചയായും ഉണ്ടാകണം. ചുറ്റും നടക്കുന്ന സംഭവങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഒളിച്ചോട്ടത്തിന്‍റെ ലക്ഷണമാണ്. അഥവാ കണ്ടാലും അതിനെതിരെ മുഖം തിരിഞ്ഞിരിക്കുന്നത്, തന്‍റെ സമൂഹത്തോടുള്ള ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്.
ഒരു ഗ്രാമത്തിലെ അറിയപ്പെടുന്ന വായനശാലയില്‍ പുസ്തകം തേടിയെത്തുന്നവരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് വായന എത്രമാത്രം അന്യമായി പോയെന്ന സത്യം മനസ്സിലാകുന്നത്.
അവിടത്തെ വരിക്കാരില്‍ ഭൂരിഭാഗവും അന്പത് വയസിന് മുകളില്‍ ആണെന്നതും കൌതുകകരമാണ്. ഒരു നാടിനെ നയിക്കേണ്ട പുതിയ തലമുറ എവിടെയാണ് നില്‍ക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നു. ക്രിക്കറ്റിന്‍റെയും ടി.വി ചാനലുകളുടെയും പിറകെ പോകുന്ന പുതിയ തലമുറ ഉത്തരവാദിത്വങ്ങള്‍ മറന്നുപോകുന്നു.
തിരിച്ചറിവിന്‍റെ രേഖയാണ് വായന. അനുഭവങ്ങളും പ്രായോഗികതയും തിരിച്ചറിഞ്ഞ് സമൂഹത്തിന്‍റെ ഭാഗമായി നില്‍ക്കേണ്ട ഈ വിഭാഗം മറന്നുപോകുന്നത് പ്രതിബദ്ധതയാണ്. വായനശാലകള്‍ സമൂഹത്തിന്‍റെ പ്രതിബദ്ധതയെ സംരക്ഷിച്ചു നിര്‍ത്തുന്ന ചാലക ശക്തിയുടെ അടയാളമാണ്. പുസ്തകങ്ങള്‍ തേടിയെത്തുന്ന ഓരോരുത്തരുടെയും വികാരമാകുകയാണ് വായനശാലകള്‍. വായനശാലകള്‍ ആളനക്കമുള്ള സജീവതയുള്ള അക്ഷര സിരാകേന്ദ്രങ്ങളായി മാറണം.
ഓരോ പുസ്തകദിനവും നമുക്ക് തരുന്ന സന്ദേശമുണ്ട്.
എന്തും ഏതും വായിക്കുക എന്നത് വായനക്കാരന്‍റെ അവകാശം തന്നെയാണ്. അതില്‍ നിന്ന് നല്ലതിനെ സ്വാംശീകരിച്ചെടുക്കുക എന്നതാണ് പ്രധാനം.
മൂല്യച്യുതി സംഭവിച്ച് കൊണ്ടിരിക്കുന്ന വായനയെ തിരിച്ചുകൊണ്ടുവരാന്‍ പുതിയ തലമുറക്ക് കഴിയണം. ആധുനിക സാങ്കേതികവിദ്യയുടെ പിറകെ പോകുന്പോഴും തനത് സംസ്കാരത്തിന്‍റെ പ്രതീകമെന്ന് പറയാവുന്ന വായനയെ പ്രോത്സാഹിപ്പിക്കാനും നിലനിര്‍ത്താനും കഴിയണം.
പുസ്തകങ്ങളെ സാംസ്കാരിക പൈതൃകത്തിന്‍റെ, ദിശാബോധത്തിന്‍റെ അടയാളമായി സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയണം. ലോകത്തിലെ ഒട്ടേറെ എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും അറിവുകളും അക്ഷരങ്ങളായി രൂപപ്പെടുത്തി വരും തലമുറക്ക് സമ്മാനിച്ച പുസ്തകങ്ങള്‍ ഒരു അനുഭവസന്പത്ത് തന്നെയാണ്. അറിവും വിജ്ഞാനവും നിറഞ്ഞുനില്‍ക്കുന്ന പുസ്തകങ്ങളെ സ്നേഹിക്കാനും സ്വന്തമാക്കാനും ഈ പുസ്തകദിനം പ്രചോദനമാകട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക