ഏതാണ്ട് അരനൂറ്റാണ്ടിനു മുമ്പ് കേരളത്തിലെ ഉള്‍ഗ്രാമ ഗ്രന്ഥശാലകളിലൂടെ പുസ്തകങ്ങളും അവയുടെ സ്ഥിതിവിവരക്കണക്കുമായി ഒരു അക്ഷരസ്‌നേഹി കയറിയിറങ്ങി.
പലപ്പോഴും കാല്‍നടയായി, പുസ്തകസഞ്ചിയും തോളിലേറ്റി.
അനുഭവത്തിലും ഓര്‍മ്മയിലും ഇന്നും മായാതെയുണ്ട് ആ പുസ്തക ശേഖരങ്ങള്‍.
ആ മഹാവ്യക്തിത്ത്വത്തിനു മുന്നില്‍- പി.എന്‍.പണിക്കര്‍ എന്ന അക്ഷരസ്‌നേഹിയുടെ ഓര്‍മ്മക്കു മുന്നില്‍- സ്‌നേഹാദരങ്ങളോടെ, കൂപ്പുകൈയോടെ കുമ്പിടുന്നു.
അദ്ദേഹത്തെ അനുസ്മരിക്കുന്ന ഈ നാളുകളില്‍ വായനയെ നമുക്കൊരാഘോഷമാക്കാം.
പ്രിയപ്പെട്ട ആരോ നമ്മെ കാത്തിരിക്കുന്നു എന്ന അറിവു തരുന്ന സന്തോഷം. അതാണെനിക്കു വായന. ആ കൂട്ടുകൂടലില്‍ മനസ്സു നിറക്കുന്ന സന്തോഷമുണ്ടാകാം. നെഞ്ചു പറിച്ചെടുക്കുന്ന വേദനയുണ്ടാകാം. അതുകൊണ്ടുതന്നെ ചിലപ്പോള്‍ ചുണ്ടുകളില്‍ നേരിയൊരു പുഞ്ചിരിയും ചിലപ്പോള്‍ മിഴികളില്‍ നനവും ഓരോ വായനക്കു ശേഷവും നാം അനുഭവിക്കുന്നു.
ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ക്കു നടുവില്‍ അത്ഭുതകരമായ സമചിത്തതയോടെ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രാര്‍ത്ഥനയോളം പോന്ന ഒരനുഗ്രഹമാണ് പുസ്തകങ്ങളും വായനയും.
ഇന്ന് വായന കുറയുന്നു, പുതിയ തലമുറക്ക് വായന അന്യമാകുന്നു എന്നൊരു ഭയം പരക്കെയുണ്ട്. സത്യത്തില്‍ വായന ഇന്നും നിലനില്‍ക്കുന്നുണ്ട്. തുടരുന്നുണ്ട്. അതിനായി തിരഞ്ഞെടുക്കുന്ന രീതി, മാദ്ധ്യമങ്ങള്‍ ഒക്കെ ഏറെ മാറിയിട്ടുണ്ട് എന്നേയുള്ളൂ.
നിലത്തെഴുത്തും ഓലയില്‍ എഴുത്തും കഴിഞ്ഞ് നമ്മള്‍ സ്ലേറ്റ്, കടലാസ് എന്നീ മാദ്ധ്യമങ്ങളിലേക്ക് ചുവടുമാറി. അതേ പോലെ തന്നെ ഇന്നു കടലാസില്‍ നിന്നും പുസ്തകത്തില്‍ നിന്നും പതിയെ കൈത്തലങ്ങളിലൊതുങ്ങുന്ന കമ്പ്യൂട്ടറിലേക്കും ഫോണിലേക്കും എഴുത്തും വായനയും തിരിയുന്നു.
അരകല്ല്, ആട്ടുകല്ല്, ഉരല്‍, ഉലക്ക എന്നിവയുടെയൊക്കെ ഉപയോഗം ഇന്ന് ഏതാണ്ടു നിലച്ചിരിക്കുന്നു. എന്നാല്‍ അരച്ചെടുക്കല്‍, പൊടിക്കല്‍ പ്രക്രിയകള്‍ നിലച്ചിട്ടില്ല. അതുപയോഗിച്ചുള്ള ഭക്ഷണസാധനങ്ങളും നിലച്ചിട്ടില്ല. പഴയ രുചികളും ഓര്‍മ്മകളും ഒരു നഷ്ടമായി കൂടെയുണ്ടെങ്കിലും പുതുമയുമായി നമ്മള്‍ ചേര്‍ന്നു പോകുന്നു. അതുതന്നെയാണ് വായനയുടെ കാര്യത്തിലും സംഭവിക്കുന്നത്.
പഴയ ശീലങ്ങള്‍ അതേപടി പുതിയ തലമുറ തുടരണം എന്നു ശാഠ്യം പിടിക്കരുത്. അങ്ങനെ ശഠിക്കാത്തിടത്തോളം വായന മരിക്കുന്നു എന്നു സങ്കടപ്പെടേണ്ടി വരില്ല. അവരുടെ കാഴ്ചകള്‍, അനുഭവങ്ങള്‍, അറിവ്, സാദ്ധ്യതകള്‍ ഒക്കെയും നമുക്കുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമാണ്. ആ സത്യം മനസ്സിലാക്കണം. അംഗീകരിക്കണം.
പുസ്തകം അച്ചടി മാദ്ധ്യമങ്ങളും അന്യം വന്നു പോകാം എന്നൊരു സങ്കടകരമായ വിദൂര സാദ്ധ്യതയാണ്. എങ്കിലും ഇന്നു നമുക്ക് ചെയ്യാനുള്ളത്, ചെയ്യാവുന്നത്- നമ്മുടെ കുട്ടികളെ ചിത്രകഥാപുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കാം. പടങ്ങള്‍ തൊട്ടു കാണിക്കാം. അക്ഷരങ്ങള്‍ കൂട്ടി വായിപ്പിക്കാം. അങ്ങനെ അവര്‍ക്ക് പുസ്തകങ്ങളെ പരിചയപ്പെടുത്താം.
പുസ്തകത്താളുകളുടെ പുത്തന്‍മണവും അടുത്ത പേജിന്റെ ആകാംഷയും മായാതെ നില്‍ക്കുമ്പോഴും നമ്മളൊക്കെയും സൗകര്യങ്ങള്‍ക്കും സാദ്ധ്യതകള്‍ക്കും പ്രാധാന്യം കൊടുക്കും. വശപ്പെട്ടു പോകും. അതു സത്യമാണ്. സത്യത്തോട് എന്തിനു കലഹം?
എന്നാല്‍ ഒരു കാര്യം നമുക്കു ചെയ്യാന്‍ കഴിയും.
ഇന്ന്, ഇപ്പോള്‍ ഒരു താള് വായിക്കുക.
കുട്ടികള്‍ക്ക് വായിച്ചു കൊടുക്കുക.