പ്രധാന തെരുവില്‍ കാര്‍ പാര്‍ക്ക് ചെയ്ത് പതിവിനു വിപരീതമായി പുതിയൊരു ദിശയിലേക്കാണ് കഥാകൃത്ത് നടന്നത്. നഗരത്തിലെ സമാന്തര റോഡുകളെ ബന്ധിപ്പിക്കുന്ന പല റോഡുകളുടെ തിരക്കുകളില്‍ ആരുടെയും കണ്ണില്‍പ്പെടാത്ത ഇടുങ്ങിയ ക്രോസ് റോഡിലെത്തിയപ്പോള്‍ ഒന്നു നിന്നു.
കാണുന്നതുപോലെതന്നെ ക്രോസ് റോഡ് എന്നാണ് ആ റോഡിന്റെ ശരിക്കുള്ള പേരും എന്നത് അന്നാണ് ആദ്യമായി അയാള്‍ ശ്രദ്ധിച്ചതുപോലും. ഈ നഗരാതിര്‍ത്തിക്കുള്ളില്‍ താമസം തുടങ്ങിയിട്ടു കാല് നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. മനുഷ്യര്‍ അങ്ങനെയാണ്, ചിലപ്പോള്‍ തൊട്ടടുത്തുള്ള ചില സ്ഥലങ്ങള്‍ പോലും കാലങ്ങളോളം ശ്രദ്ധിക്കാതെ അങ്ങനെ ജീവിക്കും. സ്വന്തം നഗരത്തിലുള്ളവരെയും തൊട്ടയലത്തുള്ളവരെയും പോലും കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യും.
വര്‍ഷങ്ങളായി കണ്ണില്‍പ്പെടാതിരുന്ന ആ തെരുവിലൂടെ ഒരപരിചിതനെപ്പോലെയാണ് അയാള്‍ നടന്നത്. നടപ്പാതയ്ക്കരികില്‍ ഉയരം കുറഞ്ഞ ചൈനീസ് മേപ്പിള്‍മരങ്ങള്‍ ഭംഗിയായി വെട്ടിനിര്‍ത്തിയിരിക്കുന്നു.
വന്മരങ്ങളും പൂച്ചെടികളും ഇടകലര്‍ന്നു നില്ക്കുന്ന കൊച്ചുറോഡിലൂടെ നടക്കുമ്പോഴാണ് ജോ റമോണാസ് ആര്‍ട് ഗാലറി എന്നു പച്ച അക്ഷരത്തില്‍ ?ഭംഗിയായി എഴുതിയിരിക്കുന്ന ബോര്‍ഡ് കാണുന്നത്. ഉള്ളില്‍ ചിട്ടയോടെ അടുക്കിവച്ചിരിക്കുന്ന കൊച്ചുകൊച്ചു പെയിന്റിങ്ങുകള്‍ പുറത്തുനിന്നുതന്നെ കാണാം. കുറെ ചിത്രങ്ങള്‍ മുന്‍വശത്തുള്ള ചില്ലുവാതിലിന്റെ ഇരുവശത്തും നടപ്പാതയ്ക്കഭിമുഖമായി ചാരിയും സ്റ്റാന്ഡിലുമൊക്കെയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏറെയും പ്രകൃതിദൃശ്യങ്ങളോ ഭാഗികമായി നഗ്നത മറച്ച സ്ത്രീരൂപങ്ങളോ ആണ്.
ജോ റമോണാസ് ആര്‍ട് ഗാലറി എന്നെഴുതിവച്ചിരുന്നതുകൊണ്ട് ആര്‍ട്ടിസ്റ്റിന്റെ പേരും അതുതന്നെയായിരിക്കും എന്നൂഹിച്ചു കഥാകൃത്ത്.
ക്രോസ് റോഡ് മിക്കവാറും വിജനമായിരുന്നു. ഒന്നുരണ്ടു പഴയ കാറുകള്‍ പ്രദര്ശനത്തിനെന്നപോലെ തൊട്ടടുത്തുള്ള കടകളുടെ മുന്പില് പാര്‍ക്ക് ചെയ്തിട്ടുള്ളതൊഴിച്ചാല് മറ്റു വാഹനങ്ങളുമില്ല.
പുറത്തുനിന്നു നോക്കുമ്പോള്‍ ആര്‍ട് ഗാലറിക്കുള്ളില്‍ ഒരാള്‍ മേശമേല്‍ ഒരു കൈകുത്തി എന്തോ ശ്രദ്ധാപൂര്‍വം വരച്ചുകൊണ്ടിരിക്കുന്നു. താടിയും മുടിയും വളര്‍ത്തിയ ആ വൃദ്ധനെ അവ്യക്തമായേ കാണാന്‍ കഴിയൂ. ഒരുപക്ഷേ, റമോണ എന്ന വൃദ്ധന് നഗരത്തില്‍ അറിയപ്പെടുന്ന കലാകാരന് ആയിരിക്കാം. റമോണയെപ്പോലെ പുറംലോകം അറിയാത്ത എത്രയോ കലാകാരന്മാരുണ്ട് ഈ ലോകത്തില്‍. വളരെ വിലകൂടിയ പെയിന്റിങ്ങുകളായിരിക്കാം ആ ഗാലറിയില്‍ വച്ചിരിക്കുന്നത്.
ഒന്നു നിരീക്ഷിക്കാം എന്നുതന്നെ തീരുമാനിച്ച് കഥാകൃത്ത് അല്പം അകലെയുള്ള കോഫി ഹൗസില്‍ കയറിയിരുന്നു. ഒരു കാപ്പി ഓര്‍ഡര്‍ ചെയ്ത് അല്പാല്പം രുചിച്ചിരിക്കുമ്പോഴാണ് ഗാലറിക്കുള്ളില്‍ ഒരാളനക്കം ഉണ്ടായത്. ഒരു പെണ്‍കുട്ടി അകത്തെ മുറിയില്‍നിന്ന് ഇറങ്ങിവന്നു. വളരെ സാധാരണമട്ടില്‍ വേഷം ധരിച്ച പെണ്‍കുട്ടി ഗാലറിയിലെ പ്രദര്‍ശന വസ്തുക്കള്‍ ഓരോന്നായി എടുത്തു തൂത്തുമിനുക്കുകയാണിപ്പോള്. വൃദ്ധന് പെണ്‍കുട്ടിയെ ഒട്ടും ശ്രദ്ധിക്കാതെ തന്റെ ബ്രഷുകൊണ്ട് എന്തോ വരച്ചുകൊണ്ടിരിക്കുകയാണ്. അവളും അയാളെ ശ്രെദ്ധിക്കാതെ അവളുടെ ജോലിയില്‍തന്നെ മുഴുകിയിരിക്കുകയാണ് . കഥാകൃത്ത് ഒരു രഹസ്യാന്വേഷകനെപ്പോലെ അവളെത്തന്നെ വീക്ഷിക്കുകയായിരുന്നു. നല്ലപോലെ ചുരുണ്ട മുടി ഒരു വശത്തുനിന്നു ചുവപ്പിച്ചിട്ടുണ്ട്. ഇളം മഞ്ഞ ഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള നിക്കറും അവള്‍ക്കു നന്നായി ഇണങ്ങുന്നതായിരുന്നു. ആ കൊച്ചു സുന്ദരിയെ അതീവ രഹസ്യമായി ഒന്നാസ്വദിക്കുന്നതില് അയാള്‍ക്ക് അപ്പോള്‍ ഒരു കുറ്റബോധവും തോന്നിയില്ല. ഗാലറി ഒന്നു കാണണമെന്നു കഥാകൃത്ത് തീരുമാനിച്ചു. അയാള്‍ കോഫി ഷോപ്പില്‍നിന്ന് ഇറങ്ങി നടക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന് പെട്ടെന്നു ചില്ലുവാതില്‍ തുറന്ന് അങ്ങോട്ടു കയറുന്നതു കണ്ടത്. ചെറുപ്പക്കാരന് ആദ്യം അവളെ ഒന്നമര്‍ത്തി പുണര്‍ന്നു. കവിളിലാണോ ചുണ്ടിലാണോ ഉമ്മവച്ചതെന്ന് അത്ര വ്യക്തമായില്ല. അവര്‍ മുന്പരിചയക്കാരോ കാമുകീകാമുകന്മാരോ ആകാനാണ് സാധ്യത. അവനുമായി പെണ്‍കുട്ടി അകത്തെ മുറിയിലേക്കു പോയി.എന്നിട്ടും വയസന് റമോണ അതൊന്നും കണ്ടതായിപ്പോലും നടിക്കുന്നില്ല. പിന്നെ രണ്ടുപേരെയും കുറെ നേരത്തേക്കു കാണുന്നതേയില്ല. ഇപ്പോള്‍ അങ്ങോട്ടു കയറിയാലോ എന്ന് അയാള്‍ ഒന്നു ശങ്കിച്ചു. തല്ക്കാലം ഗാലറിയില്‍ കയറാതെ മടങ്ങിയെങ്കിലും ആകാംക്ഷ കൂടിക്കൂടിവന്നു. അതുകൊണ്ട് അടുത്ത ദിവസം വീണ്ടും ആ തെരുവിലേക്കു പോകാതിരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.
ആദ്യം നിന്ന അതേ മേപ്പിള്‍മരത്തിന്റെ ചുവട്ടിലുള്ള ബെഞ്ചില്‍ അപ്പോള്‍ ഒരു പുരുഷനും സ്ത്രീയും ചിരിച്ചും കളിച്ചും ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ ചേഷ്ടകളും സ്നേഹപ്രകടനങ്ങളും കണ്ടപ്പോള്‍ അവര്‍ ഭാര്യാഭര്ത്താക്കന്മാരല്ല എന്ന് അയാള്‍ ഊഹിച്ചു . അവര്‍ക്കൊരു ശല്യമാകണ്ട എന്നു കരുതി മരത്തണലില്‍നിന്ന് അല്പം അകലേക്കു മാറിനിന്ന് റമോണ ഗാലറിക്കുള്ളിലേക്കു നോക്കി.
പെണ്‍കുട്ടി പതിവുപോലെ എല്ലാം അടുക്കിപ്പെറുക്കി വയ്ക്കുന്നുണ്ട്. നീല ജീന്‍സും റമോണ ആര്‍ട് ഗാലറി എന്ന് പച്ച അക്ഷരത്തില്‍ എഴുതിയ വെള്ള ടോപ്പുമാണു വേഷം. വയസന് റമോണയെ പക്ഷേ, അവിടെയെങ്ങും കണ്ടില്ല. രണ്ടും കല്പിച്ച് കഥാകൃത്ത് മെല്ലെ നടന്ന് ഗാലറിയുടെ വാതില്ക്കലെത്തി, ചുറ്റും ഒന്നു കണ്ണോടിച്ച് ചില്ലുവാതില്‍ സാവധാനം തള്ളിത്തുറന്ന് അകത്തേക്കു കയറി. അവള് നല്ല ഒരിരയെ കിട്ടിയമാതിരി ഒന്നു പുഞ്ചിരിച്ച് കഥാകൃത്തിനെ നോക്കി. എന്നിട്ട് ജോലിയില്‍ മുഴുകി. കഥാകൃത്ത് ഇതിനിടെ അകത്തേക്ക് എത്തിനോക്കുന്നതു ശ്രദ്ധിച്ച് അവള് ചോദിച്ചു:
''ആരെയെങ്കിലും അന്വേഷിക്കുകയാണോ?''
''അതെ. റമോണ. ആ വലിയ കലാകാരനെ കാണണമെന്നാഗ്രഹമുണ്ട്.''
അവള് അല്പനേരം കഥാകൃത്തിനെ സൂക്ഷിച്ചുനോക്കി. മുഖത്ത് ഒരു വിഷാദഭാവം പെട്ടെന്നു മിന്നിമറഞ്ഞു.
''ഉവ്വ്, എന്റെ മുത്തച്ഛന് വലിയ കലാകാരനായിരുന്നു. 50 വര്‍ഷം മുന്‍പാണ് ഈ സ്റ്റുഡിയോ തുടങ്ങിയത്. മരിച്ചിട്ടിപ്പോള്‍ അഞ്ചു വര്‍ഷമായി.''
കഥാകൃത്തിനൊരു ഞെട്ടല്‍ അനുഭവപ്പെട്ടു.
അല്പം സംശയത്തോടെ അയാള്‍ പറഞ്ഞു:
''ഇന്നലെ അദ്ദേഹം ഇവിടെ ഇരിക്കുന്നതായി തോന്നി...''
അവള് ചിരിച്ചുകൊണ്ട് അകത്തേക്കു പോയി ആ വലിയ പെയിന്റിങ് എടുത്തുകൊണ്ടുവന്നു.
''അദ്ദേഹത്തിന്റെ ഛായാചിത്രമാണ്. അദ്ദേഹം തന്നെ വരച്ചത്. ജീവനുണ്ടെന്നേ തോന്നൂ. അത്രക്കും വലിയ കലാകാരനായിരുന്നു എന്റെ മുത്തച്ഛന് ''
ചിത്രത്തിലേക്കു സ്നേഹത്തോടെ നോക്കിനിന്നു അവള്.
കഥാകൃത്ത് ആ ഷോക്കില്‍, അവള്‍ക്കു നന്ദി പറഞ്ഞെന്നു വരുത്തി മെല്ലെ തെരുവിലേക്കിറങ്ങി നടന്നു.
