ഹൂസ്റ്റണ്‍: ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലും ആഞ്ഞടിച്ച ഹാര്‍വി ചുഴലി കൊടുങ്കാറ്റ് വീണ്ടും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സംഹാരതാണ്ഡവമാടിയ ഹാര്‍വി ടെക്‌സാസിന്റെ തെക്കന്‍ മേഖലയെ പൂര്‍ണ്ണമായും വെള്ളത്തിലാക്കിയെന്നു തന്നെ പറയാം. ബ്രസ്സോറിയ, ഗാല്‍വസ്റ്റണ്‍, ഫോര്‍ട്ട്‌ബെന്റ് ഡിക്കിന്‍സണ്‍, ലിബേര്‍ഡി വാര്‍ട്ടണ്‍ ഹാരിസ് തുടങ്ങി നിരവധി കൗണ്ടികള്‍ ഹാര്‍വിയുടെ സംഹാര താണ്ഡവത്തില്‍ പ്രവചിക്കാനാകാത്ത നാശം ഏറ്റുവാങ്ങിക്കഴിഞ്ഞു. ഇവിടങ്ങളില്‍ നിന്ന് ലക്ഷങ്ങളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുക്കഴിഞ്ഞു. ഇപ്പോഴും പുനരധിവാസം ചെയ്തുകൊണ്ടിരിക്കുകയാണ്.
തദ്ദേശ ഭരണകൂടത്തോടൊപ്പം സൈന്യവും പോലീസ് അഗ്നിശമന സേന വിഭാഗങ്ങള്‍ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍, അഹോരാത്രം പണിപ്പെടുകയാണ്. മിക്ക സ്ഥലങ്ങളിലേയും, റോഡുകള്‍ വെള്ളത്തിനടിയിലായത് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ബ്രാസ്സോസ് റിവര്‍ ഏത് നിമിഷവും കരകവിയാന്‍ സാധ്യത ഉള്ളതുകൊണ്ട് അതിനു ചുറ്റും താമസ്സിപ്പിക്കുന്നവരെയും അതിന്റെ കെടുതികള്‍ വരാന്‍ സാധ്യതയുള്ള മേഖലയിലുള്ളവരെയും മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഷുഗര്‍ലാന്റ് സിറ്റിയിലെ ഫസ്റ്റ് കോളനി റിച്ചമണ്ട് മിസ്സൗറി സിറ്റിയിലെ സിയന്നാ പ്ലാന്റേഷന്‍ എന്നിവടങ്ങളിലെ ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ് ഇവിടെ മലയാളികള്‍ ഏറെയുണ്ട്. ആല്‍വിന്‍ പെയര്‍ലാന്റ് ക്ലിയര്‍ലേക്ക് എന്നിവടങ്ങളില്‍ പല ഭാഗവും മെയര്‍ലാന്റ് തുടങ്ങി പാരീസ് കൗണ്ടികളിലെ പല ഭാഗങ്ങളിലെയും വീടുകളും റോഡുകളും വെള്ളത്തിനടിയിലായിയെന്നാണ് റിപ്പോര്‍ട്ട്.
ടെക്‌സാസ്സില്‍ കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററുകള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഹ്യൂസ്റ്റണിലെ വിമാനത്താവളങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. സ്‌ക്കൂളുകള്‍ അടുത്ത ചൊവ്വാഴ്ച വരെ തുറക്കുന്നതല്ലെന്ന് വിവിധ സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റുകള്‍ അറിയിച്ചു. പ്രധാന ഹൈവേകളില്‍ പത്തൊന്‍പത് അടിയോള വെള്ളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിക്ക പ്രദേശങ്ങളിലും രാത്രി പത്തുമണി മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.