''ഐ സ്ലെപ്റ്റ് വിത്ത് ഹെന്‍ട്രി യെസ്റ്റര്‍ഡേ''. അതു പറയുമ്പോള്‍ സ്വതവേ തുടുത്ത ശ്വേതയുടെ മുഖം ഒന്നുകൂടി ചുവന്നു തുടുത്തിരുന്നു.
തന്റെ പ്രാഡാ പോക്കറ്റ്ബുക്ക് അടുത്ത കസേരയിലേക്ക് എറിഞ്ഞുകൊണ്ട് ആന്‍
-''എന്തായാലും സ്വന്തം ഭര്‍ത്താവല്ലേ, ഒരു കുഴപ്പവുമില്ല.
എങ്ങനെയുണ്ടായിരുന്നു? എല്ലാം വിശദമായി പറയെടീ...''
''ശ്വേതാ.... ഓ, ലോര്‍ഡ്! നീ എന്തൊക്കെയാണീക്കാട്ടിക്കൂട്ടുന്നേ? നിന്റെ
ബുദ്ധി എന്താ കളഞ്ഞുപോയോ? ഡിവോര്‍സ് ഫയല്‍ ചെയ്തതു നീ മറന്നു പോയതോ
അതോ..?'' എമിലി രോഷം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു.
ശ്വേത, എമിലി, ആന്‍ - ഈ മൂവര്‍സംഘം എന്നും രാവിലെ കൂടാറുള്ള ന്യൂയോര്‍ക്ക്
സിറ്റിയിലെ 'ഹോല്‍ ഇന്‍ ദി വോല്‍' കോഫിഷോപ്പില്‍ അന്നും പതിവുപോലെ ശ്വേത
നേരത്തെ തന്നെ എത്തിയിരുന്നു. ഏഴിന് കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് നേരേ
ഇങ്ങോട്ടേക്കാണ് അവള്‍ വരുക. കാപ്പിയും മൊത്തി സ്വസ്ഥമായി ഇരുന്ന്
എന്തെങ്കിലും എഴുതാന്‍ പറ്റിയ സ്ഥലമാണ് ഈ കോഫീഷോപ്പ് അവള്‍ക്ക്.
അറിയപ്പെടുന്ന ഒരു നോവലിസ്റ്റാണ് ശ്വേത. അവളുടെ അടുത്തിറങ്ങിയ നോവല്‍
ന്യൂയോര്‍ക്ക് ടൈംസിലെ ബെസ്റ്റ് സെല്ലെറായിരുന്നു. അടുത്ത ബുക്കിന്റെ
ജോലിത്തിരക്കിലാണിപ്പോള്‍.
എമിലിക്ക് കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കി വിടാന്‍ ആയയുണ്ട്.
ന്യൂയോര്‍ക്കിലെ മികച്ച ഡിവോഴ്‌സ് വക്കീലന്മാരില്‍ ഒരുവളാണിവള്‍. അവളുടെ
ഓഫീസ് 'ഹോല്‍ ഇന്‍ ദി
വോളിന്റെ' തൊട്ടടുത്ത ബ്ലോക്കിലാണ്. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ ഒരു
വക്കീല്‍ സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്നറായ ഇവള്‍ക്ക്
ജോലിത്തിരക്കാണെപ്പോളും. രാവിലെ പത്തുമിനിട്ടോളം കഷ്ടിച്ചു കൂട്ടുകാരികളുടെ
കൂടെ ചിലവിട്ടിട്ട് ഓഫീസിലേക്ക് ഓടുകയാണ് ഇവളുടെ സ്ഥിരം പതിവ് പക്ഷേ ഈ
പത്തുമിനിട്ടിനുള്ളില്‍ കൂട്ടുകാരികള്‍ക്കു് വാരിക്കോരി ഉപദേശങ്ങള്‍
കൊടുക്കാന്‍ ഇവള്‍ ധാരാളം സമയം കണ്ടെത്താറുണ്ട്.
ആനിന് പ്രത്യേകിച്ചു പണിയൊന്നും ഇല്ലെങ്കിലും, രാവിലത്തെ ജോഗിങ്ങും, യോഗയും
മറ്റും കഴിഞ്ഞ് കൂട്ടുകാരികളെ കാണാനും സൊറ പറഞ്ഞിരിക്കാനും വേണ്ടി മാത്രം
എത്തുന്നതാണ് ഈ കോഫി ഷോപ്പിലേക്ക് അവള്‍. കല്യാണം, കുട്ടികള്‍ ഇങ്ങനെയുള്ള
യാതൊരു ബന്ധനങ്ങളും ഇവള്‍ക്കില്ല. ഒരു പക്ഷിയേപ്പോലെ സ്വതന്ത്രയാണു
താനെന്ന് കാണുന്നവരോടൊക്കെ പറയാന്‍ ഇവള്‍ക്ക് വലിയ ഇഷ്ടമാണ്. ശ്വേതയേയും
എമിലിയെയും പ്രകോപിപ്പിക്കാനുള്ള ഇവളുടെ ഏക ആയുധമാണിതെന്ന് മൂവര്‍ക്കും
അറിയാം. സ്വന്തമായി ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കണം എന്നാണ്
ഇവളുടെ ആഗ്രഹമെങ്കിലും ഒന്നും മുഴുമിപ്പിക്കാതെ അടുത്തതിലേക്കു ചാടുന്നതാണ്
ഇവളുടെ ഒരു (ദു:)സ്വഭാവം. അച്ഛനുണ്ടാക്കിയിട്ടിട്ടു പോയ ഒത്തിരി
സ്വത്തിന്റെ ഏക അവകാശിയായതു കൊണ്ട് പോയതിന്റെ ബാക്കി മതി എന്നൊരു രീതിയും.
ന്യൂയോര്‍ക്ക് സിറ്റിയില്‍ അടുത്തടുത്ത അപ്പാര്‍ട്ടുമെന്റ് കോംപ്ലക്‌സുകളിലാണു മൂവരുടെയും താമസം.
''ഇന്നലത്തെ 'ബുക്ക് - മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പാര്‍ട്ടിയുടെ അവസാനം
കാറോടിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ഹെന്‍ട്രിയെ വിളിക്കാനാണ് തോന്നിയത്.
എന്നെ വീട്ടില്‍ കൊണ്ടാക്കിയിട്ടു അവന്‍ തിരികെ അവന്റെ
അപ്പാര്‍ട്ടുമെന്റിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ ഞാനാണു വിലക്കിയത്.
പിന്നെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക്, അങ്ങിനെ..ബാക്കി ഊഹിച്ചോളൂ.. ഐ
തിങ്ക്, വി ഡോണ്ട് ഹേയ്റ്റ് ഈച്ചദര്‍'' ശ്വേത ഒരു പുഞ്ചിരി
ചുണ്ടിലൊളിപ്പിച്ചുകൊണ്ടു പറഞ്ഞു.
'കഷ്ടം തന്നെ ശ്വേതാ... എത്ര സുന്ദരിയാണു നീ! നിന്റെ നോവലിസ്റ്റ്
ടൈറ്റിലും ഈ അസൂയ പിടിപ്പിക്കുന്ന ബോഡി ഷേയിപ്പും മതി ആണുങ്ങള്‍
നിനക്കുവേണ്ടി ലൈനില്‍ നില്‍ക്കാന്‍! എന്തിനാ ഈ ഹെന്‍ട്രിയില്‍ നീ
സ്റ്റക്കായിരിക്കുന്നത്? കമോണ്‍ ടെല്‍ മീ ശ്വേതാ.. ഡോണ്‍ഡ് ബി
സ്റ്റുപ്പിഡ്. എപ്പോഴും കലഹിച്ചു ഒരുമിച്ചു കഴിയുന്ന മാതാപിതാക്കളുടെ കൂടെ
ജീവിക്കുന്നതിനേക്കാള്‍ സ്വസ്ഥമായി കഴിയാന്‍ പറ്റുന്ന രണ്ടു താവളങ്ങളാണ്
കുട്ടികളുടെ വളര്‍ച്ചക്ക് നല്ലത്. വളരെ ബുദ്ധിമുട്ടിയാണു നിന്റെ
ഡിവോര്‍സിന്റെ കാര്യങ്ങളെല്ലാം ഞാന്‍ ഒരു സെറ്റില്‍മെന്റില്‍
കൊണ്ടെത്തിച്ചു നിര്‍ത്തിയിരിക്കുന്നത്. അപ്പോഴാ അവളുടെ ഒരു സെക്‌സ്''
എമിലി രോഷത്തോടെ തന്റെ കോഫീകപ്പ് റീഫില്ലു ചെയ്യാന്‍ കൌണ്ടറിലേക്ക് നടന്നു.
രണ്ടു കാപ്പിയിലെ കഫൈന്‍ ഡോസാണ് ഇവളുടെ രാവിലത്തെ പതിവ്.
ശ്വേത മേനോന്‍, എമിലി ഇന്‍ഗ്രം, ആന്‍ സ്പീഡ്, ഹെന്‍ട്രി കോഫ്മാന്‍ - ഇവര്‍
നാല്‍വരും സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചപ്പൊള്‍ മുതല്‍ ബെസ്റ്റ് ഫ്രണ്ട്‌സ്
ആയിരുന്നു. ഇതിനിടക്കു എപ്പോഴോ ശ്വേതയും ഹെന്‍ട്രിയും പ്രണയത്തിലേക്ക്
വഴുതിവീണു. എന്നാല്‍ പരസ്പരം പറയാതെ, ഏറെനാള്‍ അവരതു മനസ്സില്‍
കൊണ്ടുനടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഹെന്‍ട്രി ഫാഷന്‍ ഡിസൈനിങ്ങില്‍ തന്റെ
കാലുറപ്പിച്ചതിനുശേഷം, വളരെ നാടകീയമായി ശ്വേതയോട് തന്റെ മനസ്സു
തുറക്കുകയും, എന്തേ നീ ഇത്രയും വൈകി എന്ന് ചോദിച്ചുകൊണ്ട് സന്തോഷത്തോടെ
അവള്‍ അവന്റെ പ്രണയം സ്വികരിക്കുകയും ചെയ്തു. പിന്നെ രണ്ടു വര്‍ഷത്തെ
ഡേയിറ്റിങ്ങും അതുകഴിഞ്ഞു കല്യാണവും. രണ്ടു ഫാമിലിയുടെയും സമ്മതത്തോടെ
ആലപ്പുഴയില്‍ വെച്ചു ഹിന്ദു മത പ്രകാരമുള്ള കല്യാണവും പിന്നെ
ന്യൂയോര്‍ക്കില്‍ വെച്ച് ജൂവിഷ് മതപ്രകാരമുള്ള പ്രത്യേക ചടങ്ങും ആയി
ആഘോഷിച്ച പതിനഞ്ചു വര്‍ഷത്തെ നീണ്ട ദാമ്പത്യം. രണ്ടു കുട്ടികള്‍, എട്ടു
വയസ്സുകാരന്‍ ആര്യനും, പതിമൂന്നു വയസ്സുകാരി ആദീനയും.
ആന്‍ ശ്വേതയുടെ കൈയ്യില്‍ അമര്‍ത്തിക്കൊണ്ടു പറഞ്ഞു.. ''നീ അവള്‍ പറയുന്നതു
കേട്ടു വിഷമിക്കണ്ട. അവള്‍ വക്കീല്‍ രീതിയില്‍ ചിന്തിക്കുകയും
സംസാരിക്കുകയും ചെയ്യുന്നു. അവള്‍ക്കു അവളുടെ സ്വന്തം ജീവിതം
ശരിയാക്കിയെടുക്കാന്‍ പറ്റുന്നില്ല, പിന്നല്ലേ മറ്റുള്ളവരുടെ! അവളുടെ
സ്വന്തം ഡിവോര്‍സും കുട്ടികളുടെ കസ്റ്റഡി വഴക്കുമായി നാളെത്രയായി
നടക്കുന്നു. ഭാര്യേം ഭര്‍ത്താവും വക്കീലായാല്‍ പിന്നെ എല്ലാ വീക്ക്
പൊയന്റിലും കുത്തിവലിച്ചു നോവിപ്പിക്കാന്‍ പരിശീലനം വേണ്ടല്ലോ! ഈഗോ
തന്നെയാണു അവളുടെ പ്രശ്‌നം അല്ലാതെന്താ!''
''നീ ഒന്നൂടെ ആലോചിക്ക് ശ്വേതാ.. പതിനഞ്ചു വര്‍ഷത്തെ ഒരുമിച്ചുള്ള
ജീവിതമാണ് നീ എറിഞ്ഞുടക്കാന്‍ പോവുന്നത്. നോക്ക് ശ്വേതാ, എന്റെ
അനുഭവത്തില്‍ സ്റ്റെപ്പ്-ഫാദര്‍ ഒരു വന്‍ അപകടത്തെയാണു ക്ഷണിച്ചു
വരുത്തുന്നത്. എന്റെ അമ്മേടെ രണ്ടാം ഭര്‍ത്താവ് എന്നോട് അപമര്യാദയോടെ
പെരുമാറിയപ്പോള്‍ ചെവിക്കുറ്റിക്കൊന്നു കൊടുത്ത് ആ വീട്ടില്‍ നിന്ന്
ഇറങ്ങിയതാണ് ഞാന്‍. അതു അദീനക്ക് പറ്റിയില്ലെങ്കില്‍? ഹെന്‍ട്രി നിന്നേം
കുട്ടികളേം വളരെ സ്‌നേഹിക്കുന്നു. ചെറിയ തെറ്റിദ്ധാരണയില്‍ നിന്നുണ്ടായ
നിങ്ങളുടെ പിണക്കങ്ങള്‍ ഇത്രേം വലുതാക്കിയത്തില്‍ എനിക്കും എമിലിക്കും
പങ്കുണ്ട്. എനിക്ക് അതില്‍ വളരെ ദുഖവുമുണ്ട്. ഹെന്‍ട്രിക്ക് നീയും
കുഞ്ഞുങ്ങളും ഇല്ലാതെ പറ്റില്ല എന്ന് എന്നെ കാണുമ്പോളൊക്കെ പറയാറുണ്ട്.
സംസാരിച്ചു തീര്‍ക്കാനുള്ള പ്രശ്‌നമേ നിങ്ങള്‍ തമ്മിലുള്ളൂ ശ്വേതാ...''
എമിലി കാപ്പിയുമായി തിരികെ വരുന്നത് കണ്ട് ആന്‍ പെട്ടന്നു സംസാരം നിര്‍ത്തി.
കസേര ശബ്ദമുണ്ടാക്കി വലിച്ചിട്ടിരുന്നുകൊണ്ട് എമിലി ശ്വേതയേ അടിമുടി
ഒന്നുഴിഞ്ഞിട്ട് പറഞ്ഞു ''ഇന്നു നീ വളരെ സുന്ദരി ആയിരിക്കുന്നു ശ്വേതാ.
ഇന്നലത്തെ സെക്‌സ് നിന്നെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. നീ
സ്മാര്‍ട്ട് ആണെങ്കില്‍ അതു നിന്റെ പ്രയോജനത്തിനായി മാത്രം ഉപയോഗിക്കൂ.
ജീവിക്കൂ ശ്വേതാ, സില്ലി കാര്യങ്ങളില്‍ ഹങ്ങ്അപ്പ് ആകാതെ.''
പെട്ടന്നാണവള്‍ സമയത്തെപ്പറ്റി ബോധവതിയായത്.. ''ഗോഡ്! ഐഅം സോ ലേറ്റ്
ഹേ ആന്‍, നിന്റെ ഇന്നത്തെ ബിസിനസ്സ് പ്ലാനുകള്‍ എന്തൊക്കെയാണ്? ശ്വേതാ,
നിന്റെ നോവലോ? ലേഡീസ്, എനിക്ക് രാവിലെ ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്.
നാളെക്കാണാം. ഓകേ.? ബൈ ബൈ. ആനിന്റെയും ശ്വേതയുടെയും മറുപടിക്കുകാക്കാതെ
എമിലി നടന്നകന്നു.
ശ്വേതയും ആനും പരസ്പരം നോക്കി - യെസ്, എമിലി ഈസ് ആക്ടിംഗ് ലൈക് എമിലി - എന്ന് അവരുടെ നോട്ടത്തില്‍ മുഴുവനായും ഉണ്ടായിരുന്നു.
''ശ്വേത, പ്ലീസ് ഡോണ്ട് ഗിവ്അപ്പ് ഓണ്‍ ഹെന്‍ട്രി. ഹി ഈസ് എ ഗുഡ് മാന്‍''
ആന്‍ തന്റെ കസേര മെല്ലെ പുറകോട്ടു നീക്കി, പോകാന്‍ എഴുന്നേറ്റുകൊണ്ടു
പറഞ്ഞു.
''എനിക്കറിയാം ആന്‍. കുറച്ചു സമയംകൂടി വേണ്ടിവരും എല്ലാമൊന്നു ശരിയാകാന്‍..
അല്ല, ശരിയാക്കാന്‍.'' ക്ലൈമാക്‌സിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന തന്റെ
നോവലിലേക്ക് വീണ്ടും ഊര്‍ന്നിറങ്ങിക്കൊണ്ടവള്‍ അത്മഗതമെന്നോണം പറഞ്ഞു 'ഐ
റിയലി മിസ്സ് ദോസ് മേക്കപ്പ് സെക്‌സ് ...ദോ''
''ഐ ആം ഷുവര്‍ യു ഡു'' ശ്വേതയുടെ കവിളില്‍ മൃദുവായി തട്ടിക്കൊണ്ടു ആന്‍ നടന്നകന്നു.
(കടപ്പാട്: ജനയുഗം വാരാന്ത്യം)