വാരി വാരിപ്പിടിക്കുവാ നോടിയോടി ക്കിതച്ചിട്ടും
വാരിക്കൂട്ടി പ്പിടിച്ചിട്ടുംു മിച്ചമില്ലൊന്നും
ആരുതാനും തന്‍ കൈക്കുമ്പിള്‍ നിറച്ചു പിടിക്കുവാനേ
പാരില്‍ മര്‍ത്യനെ യീശ്വരനനുവദിക്കൂ
തിരിഞ്ഞൊന്നു നോക്കിടവേ നേടിയില്ല ഒന്നുമൊന്നും
തിരിച്ചു പിടിക്കുവാനോ ജീവിതമില്ല
കൂട്ടരെ കരകയറ്റി മക്കളെ വളര്‍ത്തി, പക്ഷേ,
കൂട്ടരോ മക്കളോയിന്നു ചാരത്തില്ലാരും
സ്വപ്നങ്ങളെ താലോലിച്ചു ജീവിച്ചു വന്നീടുമ്പോഴോ,
സ്വപ്നം മാത്രം ബാക്കി, വേഗം ജീവിതം തീരും
എങ്ങോട്ടൊന്നു തിരിഞ്ഞാലും ആര്‍ക്കുമില്ല സമാധാനം
എന്തിനു പണം പ്രതാപം ചിന്തിയ്ക്കുമപ്പോള്‍
അച്ഛനമ്മ പിരിയുന്നു വിവാഹങ്ങളുലയുന്നു
ഇച്ഛകള്‍ക്കു പിമ്പേ ബന്ധം കാറ്റില്‍ തൂറ്റുമ്പോള്‍
സ്്‌നേഹമെങ്ങും വരളുന്നു കടമകള്‍ മറക്കുന്നു
മോഹത്തിന്‍ കാനല്‍ ജലത്തില്‍ യുവത്വം പാളൂം
മര്‍ത്യനായി ജനിച്ചവരാരും ഭാഗ്യപൂര്‍ണ്ണരല്ല
എത്രമേലങ്ങുയരുന്നോ വിഴ്ചയും തത്ര!
എത്രമാത്രം നേടിയാലും തൃപ്തി ഹൃത്തിലുണ്ടെന്നാകില്‍
ശാന്തിയൊന്നു മിച്ചമെങ്കില്‍ ജീവിതം ദീപ്തം.
ഇത്രമാത്രമെനിന്നുള്ളു, മിത്രത്തിനങ്ങേറെയുണ്ട്്
ഇത്രയുമുണ്ടെന്ന ചിന്തയെത്ര സംതൃപ്തം!
സത്യമാര്‍ഗം വിട്ടുമാറി എത്രമേല്‍ നാം നേടിയാലും
നിത്യമായതൊന്നുമാത്രം സത്വമാം സ്വച്ഛം!
സത്പഥങ്ങളൊന്നുമാത്രം ജീവിതാനന്തരത്തിങ്കല്‍
ശാന്തിയേകുമെന്ന ചിന്ത നമ്മെ നയിക്കില്‍
കൈവിരലിലെണ്ണാകുന്നീ ജീവിതത്തില്‍ നന്മ തിങ്ങില്‍
കൈവന്നീടും ശാന്തി ഭൂവില്‍, ജീവിതത്തിലും !
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(yohannan.elcy@gmail.com)