Image

ഭൂപടങ്ങളിലില്ലാത്ത ഇന്ത്യയുടെ മുഖം! (കവിത: സോയ നായര്‍)

Published on 06 December, 2017
ഭൂപടങ്ങളിലില്ലാത്ത ഇന്ത്യയുടെ മുഖം! (കവിത: സോയ നായര്‍)
നഗരമുഖങ്ങള്‍ക്ക്
ദോഷപ്പേരുനല്‍കും
മാലിന്യക്കൂമ്പാരത്തില്‍
ഉപേക്ഷിക്കപ്പെട്ട വറ്റുകള്‍ക്കായ്
വാരിയെല്ലുടുപ്പണിഞ്ഞവരും
കാക്കകളും ശ്വാനന്മാരും
അടികൂടുന്നു.
ഭിക്ഷാടനമാഫിയകള്‍
വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന
ബാല്യമുഖങ്ങളിലെ നിഷ്കളങ്കതകള്‍
അന്യന്റെ കീശയിലെ
ചിരിക്കുന്ന ഗാന്ധിജികളെ
നോക്കി കരയുന്നൂ.
കടിച്ചുപറിച്ചെടുത്ത
മാംസത്തിന്റെയും
ശവക്കോട്ടകള്‍ക്കുള്ളില്‍
അസ്തമിച്ച സ്വപ്‌നങ്ങളുടെയും
നോവുകളറിയാത്തവര്‍
മണിമന്ദിരങ്ങള്‍ക്കുള്ളിലിരുന്ന്
മ്യഗസംരക്ഷകരായ്
പേരെടുക്കുന്നൂ.

ലഹരിവെള്ളങ്ങളില്‍ മുങ്ങിത്താഴുന്ന
കടവഞ്ചികളും
പീഡനത്തീയില്‍ പുകയുന്ന
പെണ്മനങ്ങളും
മരക്കൊമ്പുകളിലും
റെയില്‍പ്പാതകളിലും
ആത്മാക്കളുമായ് സംവദിക്കുന്നൂ

ഐക്യമില്ലായ്മയുടെ
വര്‍ഗ്ഗീയാസ്ത്രങ്ങളേറ്റ്
മതങ്ങളും വിശ്വാസികളും
മനുഷ്യത്വത്തില്‍ നിന്നും അകന്നീടുന്നു

സാങ്കേതികപ്പെട്ടികള്‍ക്കടിമകളായ്
തലകുനിച്ചിരിക്കുന്നവര്‍
സ്വന്തബന്ധങ്ങളില്‍ നിന്നകന്ന്
മൗനവാല്മീകങ്ങളില്‍
സമാധിയാകുന്നു.
ഭൂപടങ്ങളിലില്ലാത്ത
ഇന്നിന്റെയീ
കാഴ്ചകള്‍ക്കുള്ളില്‍
തിരിഞ്ഞുകൊണ്ടിരിക്കുന്നു
ഇന്ത്യയും ഞാനും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക