Image

ത്യാഗോജ്ജ്വല താരകം (കവിത: മഞ്ജുള ശിവദാസ്)

Published on 24 December, 2017
ത്യാഗോജ്ജ്വല താരകം (കവിത: മഞ്ജുള ശിവദാസ്)
സത്യത്തിന്‍ സാക്ഷ്യമായ് മന്നിതിലെത്തിയ
ദൈവത്തിന്‍ പുത്രനാമുണ്ണീ.
നിന്‍റെ ജനങ്ങളാം ഞങ്ങള്‍തന്‍ പാപത്തിന്‍
ശിക്ഷകളേല്‍ക്കുന്ന ദേവാ

ത്യാഗത്തിലൂടെ നീ ലോകര്‍ക്കു
സ്‌നേഹത്തിന്‍ മാതൃകകാട്ടിയതല്ലേ,
എന്നിട്ടുമെന്തേ മനുഷ്യര്‍ തമസ്സിലൂ
ടെന്നും ചരിക്കുന്നു ഭൂവില്‍..

മഹിയിലീമര്‍ത്യര്‍ മതങ്ങളില്‍ മത്തരാ
യവിവേകമോടെ വര്‍ത്തിപ്പൂ,
സുരലോകവാസികള്‍ക്കിടയിലു
മിക്കാണും കുടിലത നടമാടുന്നുണ്ടോ?

മാമക ദുഷ്കൃതിക്കുത്തരമായെന്‍റെ
നാഥാ നീയേല്‍ക്കുന്ന പീഡനങ്ങള്‍,
എന്നുടെ മാനസംതന്നിലസഹ്യമാം
വേദനയായെന്നും വിങ്ങിടുന്നൂ…

മര്‍ത്യാപരാധത്തിന്‍ ദണ്ഡനമേല്‍ക്കുവാ
നെത്തിടും നീയെന്നതാവാമീമാനുഷര്‍
പാപങ്ങളാല്‍ പരിപാവനമാകുമീ
പാരിതില്‍ നാശം വിതച്ചിടുന്നു..

സ്‌നേഹിച്ചു ശത്രുവെ തന്നോടണക്കുന്ന
കാരുണ്യരൂപനാമേശുനാഥാ,
നിന്നപദാനങ്ങളെത്ര വാഴ്ത്തീടിലും
മതിവരുകില്ലല്ലോ കരുണാനിധേ….
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക