Malabar Gold

എന്നും നന്മ പൂക്കുന്ന കണിക്കൊന്ന (കഥ: ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)

Published on 07 January, 2018
എന്നും നന്മ പൂക്കുന്ന കണിക്കൊന്ന (കഥ: ആര്‍. പഴുവില്‍, ന്യൂജേഴ്‌സി)
വിഷുപ്പുലരി !

തൃശൂര്‍ ടൗണിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ മൂന്നാം വാര്‍ഡില്‍ ഒരു കിടക്കക്കു സമീപമുള്ള പ്ലാസ്റ്റിക് കസേരയില്‍ , ചെറിയ ഉത്കണ്ഠയോടെ, , ഞാന്‍ ഇരുന്നു.

കിടക്കയില്‍ അനിയത്തി ഇപ്പോഴും നല്ല ഉറക്കമാണ്.

രണ്ട് ദിവസം മുന്‍പ് പെട്ടെന്നാണ് അവള്‍ക്കു അസുഖം തുടങ്ങിയത്. പതിവുപോലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി ആദ്യം. ഒരു ദിവസം അവിടെ കിടന്നു .

കുറച്ചു ഭേദമായതാണ്. അവളടക്കം , ഞങ്ങള്‍ എല്ലാവര്‍ക്കും വിഷുവിനു മുന്‍പ് വീട്ടില്‍ തിരിച്ചെത്താനായിരുന്നു തിടുക്കം.

പക്ഷെ , ഉച്ചതിരിഞ്ഞതോടെ അസുഖം കൂടി. വേഗം ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലില്‍ കൊണ്ട് പൊയ്‌ക്കൊള്ളാന്‍ നിര്‍ദേശം കിട്ടി.
നേരെ ഇങ്ങോട്ടു പോന്നു.

എമര്‍ജന്‍സി റൂമില്‍ രാത്രി ഒബ്‌സെര്‍വഷനിലായിരുന്ന ശേഷം തല്ക്കാലം വാര്‍ഡിലേക്ക് മാറ്റി.സ്കാനിംഗ് റിസള്‍ട്ട് ഇന്ന് വൈകീട്ടോ അല്ലെങ്കില്‍ നാളെ രാവിലെയേ കിട്ടൂ. ആവശ്യമെങ്കില്‍ നാളെയോ മറ്റന്നാളോ സര്‍ജറി വേണ്ടി വന്നേക്കാം.

എന്ന് വച്ചാല്‍ കുറച്ചു ദിവസങ്ങള്‍ ഇനി ഇവിടെ തന്നെ കഴിച്ചു കൂട്ടണം എന്നര്‍ത്ഥം.
.
വിഷുക്കണിയും കൈനീട്ടവും ..
കമ്പിത്തിരിയും പടക്കവും വിഷുക്കട്ടയും സദ്യയും സന്തോഷവും...എല്ലാം ഈ വര്‍ഷം ഞങ്ങള്‍ക്ക് നഷ്ടമാകുന്നു...


ഓര്‍ത്തപ്പോള്‍ പൊടുന്നനെ ഒരു നഷ്ടബോധീ തോന്നി.പെട്ടെന്ന് തന്നെ മറു ചിന്ത ഉള്ളില്‍ നിന്ന് ശാസിച്ചു. ഇവളുടെ അസുഖം ഭേദമാകട്ടെ , അതാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം!.

വിഷുവും നഷ്ട ചിന്തകളും ഒക്കെ ഇവിടെ എത്രയോ അപ്രസക്തം.

സമയം എട്ടു മണി ആയിരിക്കുന്നു.
സന്ദര്‍ശകര്‍ക്ക് അകത്തു പ്രവേശനം അനുവദിക്കുന്ന സമയം.
പല്ലു തേച്ചു മുഖം കഴുകാനായി പോയ അമ്മ തിരിച്ചെത്തി.

""ഡോക്ടര്‍ ഇനിയിപ്പോ റൗണ്ടിന് വരുന്നത് എപ്പഴാണാവോ. വിഷുവൊക്കെയായിട്ടു വൈകുമായിരിക്കും" ..കിടക്കയുടെ ഒരു വശത്തു ചാരിനിന്നു 'അമ്മ പറഞ്ഞു.

ഞാന്‍ മറുപടി പറഞ്ഞില്ല.

അമ്മയും പിന്നെ മൗനം പാലിച്ചു.

ഇനിയെന്ത് എന്നാലോചിച്ചു കിടക്കയിലേക്കും നോക്കി മ്ലാനമായ മുഖത്തോടെ രണ്ട് പേരും അങ്ങനെ കുറച്ചുനേരം ഇരുന്നു.


" പ്രസാദം വേണോ " ?

പെട്ടെന്ന് പിറകില്‍ നിന്നാരോ വിളിച്ചു ചോദിച്ചു. പറഞ്ഞുതീരുമ്പോഴേക്കും തിടുക്കത്തില്‍ നടന്നു അടുത്തെത്തി.
" പ്രസാദം വേണോ " ?
ചോദ്യം ആവര്‍ത്തിക്കുകയാണ്. ശബ്ദത്തില്‍ ഒരല്പം കൊഞ്ഞപ്പുള്ളതു പോലെ തോന്നി.

മുഖമുയര്‍ത്തി ആളെ വീക്ഷിച്ചു.

ഏതാണ്ട് പതിനാറു പതിനേഴു വയസ്സ് പ്രായം തോന്നും. അതേ പ്രായമുള്ള എന്നേക്കാള്‍ വണ്ണം കൂടുതലുണ്ട്.
നീല ഷര്‍ട്ടും വെള്ള മുണ്ടും. മുഖത്ത് നിറഞ്ഞ ചിരിയുമായി അങ്ങനെ നില്‍ക്കുകയാണ്. നീട്ടിപ്പിടിച്ച കയ്യില്‍ ഇല ചാര്‍ത്തില്‍ നിറയെ പ്രസാദവും പൂക്കളും.
കൊച്ചു കുട്ടികളെ തോല്‍പ്പിക്കുന്ന അത്രയും നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖം. കണ്ണുകളില്‍ നക്ഷത്രത്തിളക്കം.
എന്തൊരു പ്രസരിപ്പ് ? അത് സമീപത്തു നില്‍ക്കുന്നവരിലേക്കു വ്യാപിക്കുന്നുണ്ടെന്നു തോന്നി.
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വരുന്ന പോലെയുള്ള ആ ചിരിയുടെ ഹൃദ്യത ഒറ്റ നിമിഷത്തില്‍ തന്നെ ആരെയും കീഴ്‌പെടുത്തും.

നിറഞ്ഞ ചിരിയുമായുള്ള ആ നില്‍പ്പ് , പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയെ ഓര്‍മ്മിപ്പിച്ചു,.

അറിയാതെ കൈ നീട്ടി,
ഇലച്ചാര്‍ത്തില്‍ നിന്നും ചന്ദനം എടുത്തു നെറ്റിയില്‍ ചാര്‍ത്തി. അതിന്റെ ശീതളിമ ശരീരത്തിന് മൊത്തം ഉന്മേഷം പകരുന്നതറിഞ്ഞു.

മനസ്സിനുള്ളില്‍ വിഷുക്കണി കണ്ട പ്രതീതി.
ഉന്മേഷവും, പ്രതീക്ഷയും കൈനീട്ടമായി തന്ന ഇയാള്‍ ആരാണ് ?

"അമ്മക്ക് വേണ്ടേ " ആള്‍ അമ്മക്ക് നേരെ കൈനീട്ടിപ്പിടിച്ചു.
അമ്മയും പ്രസാദം വാങ്ങി.
എന്റെ അതേ അനുഭവമാണ് അമ്മക്കും എന്ന് മുഖം വിളിച്ചോതി.

" അപ്പൊ , ഇനി അടുത്താള്‍ക്ക് കൊടുക്കട്ടെ ട്ടാ ..നിങ്ങള് പുതീതല്ലേ,.. കൊറേ ആള്‍ക്കാരുടെ അടുത്തെത്തണം.എനിക്കെ..., ഇനി വൈകീട്ട് കാണാം " ഇതും പറഞ്ഞു ആള്‍ അടുത്ത കിടക്കയിലേക്ക്...

അതിവേഗത്തിലുള്ള ആ നടത്തം നോക്കി നില്‍ക്കെ ഒരു ചെറിയ മുടന്തുള്ളത് ശ്രദ്ധയില്‍ പെട്ടു. സൂക്ഷിച്ചു നോക്കിയാലേ അറിയൂ.

അടുത്ത കട്ടിലില്‍ ഉള്ളവര്‍ ആളെ കാത്തിരിക്കുകയാണെന്ന് മനസ്സിലായി . അത്ര അടുപ്പത്തിലും സ്‌നേഹത്തിലുമാണ് സ്വീകരണം.
അവിടെയും നൊടിയിട കൊണ്ട് ഉണര്‍വ് പകര്‍ന്നു അയാള്‍.
അതിനപ്പുറത്തു കിടക്കുന്നവരും...അതിനും അപ്പുറത്തുള്ളവര്ക്കും..... എല്ലാവര്ക്കും പ്രസാദവും, ഉണര്‍വും ഉന്മേഷവും പകര്‍ന്നുകൊണ്ടയാള്‍ അവിടെ നിറഞ്ഞു നടന്നു.

പിന്നെ അടുത്ത വാര്‍ഡിലേക്ക് ...എന്തൊരു ഉത്സാഹവും അര്‍പ്പണവുമാണ് അയാളുടെ പ്രവൃത്തിയില്‍ . അതിശയത്തോടെ നോക്കി നിന്നു.

തൊട്ടപ്പുറത്തെ ബെഡില്‍ മറ്റൊരു പെണ്‍കുട്ടിയാണ്.
അല്പം കറുത്ത് മെലിഞ്ഞ ശരീരം.
അവള്‍ ഞങ്ങളെ നോക്കി ചിരിച്ചു.
ശരീരത്തിന്റെ ക്ഷീണം ചിരിയിലും കാണാമായിരുന്നു. എങ്കിലും ആ ചിരിക്കൊരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു.

അവള്‍ പറഞ്ഞു.

" ആളെ ആദ്യമായി കാണുവാ ല്ലേ, പാവപ്പെട്ട ഒരു വീട്ടിലെ കുട്ടിയാണ്. എല്ലാവരുടെയും പ്രിയപ്പെട്ട ആളാണ് ..എന്നും രാവിലെയും സന്ധ്യക്കും ഇവിടെ വരും. അപ്പുറത്തുള്ള ശിവക്ഷേത്രത്തില്‍ നിന്നും പ്രസാദവുമായി. അത് ഒരിക്കലും മുടക്കില്ല. ആരും പറഞ്ഞിട്ടൊന്നുമല്ല. ഈ വേദനകളുടെയും രോഗങ്ങളുടെയും നടുവിലേക്ക് ഉണര്‍വും പ്രതീക്ഷയുമായി എന്നും അയാള്‍ വരും " .

അന്ന് വൈകീട്ട് വീണ്ടും അയാളെ കണ്ടു.

അടുത്ത ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍
ഞങ്ങളും അയാളെ കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു.

അയല്‍ക്കാരി പെണ്‍കുട്ടിയുമായി ഞങ്ങള്‍ വളരെ അടുപ്പമായി. ആ കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് കഠിനമായ പനി വന്നു കൊണ്ടിരിക്കും.

അനിയത്തിയ്ക്കു അസുഖം ഭേദമായി വരുന്നു.
രണ്ട് മൂന്നു ദിവസത്തിനുള്ളില്‍ പോകാമെന്നായി.

പോരുന്നതിന്റെ തലേ ദിവസം, ഞങ്ങളെ പക്ഷെ വല്ലാതെ വേദനിപ്പിച്ചു കൊണ്ട് , തൊട്ടപ്പുറത്തെ ആ കുട്ടി മരിച്ചു !
തീരെ പ്രതീക്ഷിക്കാത്ത സംഭവം!.
ആ മെലിഞ്ഞ ശരീരവും, ക്ഷീണിച്ചതെങ്കിലും മനോഹരമായ ചിരിയും ഇന്നും മനസിലുണ്ട്.

മറ്റൊരു സംഭവം, ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം എന്ത് കൊണ്ടോ പ്രസാദവും കൊണ്ട് അയാള്‍ വന്നില്ല എന്നതാണ്.
ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം.
ഡിസ്ചാര്‍ജ് ചെയ്യുന്ന സന്തോഷത്തിലും , മനസ്സില്‍ മ്ലാനതയുമായി ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു പോയി.

*************************************************************************
മുപ്പതു വര്ഷങ്ങള്ക്കു ശേഷം....

നാട്ടില്‍ മൂന്നു ആഴ്ചത്തെ അവധിക്കെത്തിയ ഞാന്‍ , പെട്ടെന്ന് ഒരുദിവസം ബാത്‌റൂമില്‍ കാല്‍ തെറ്റി വീണ അമ്മയെയും കൊണ്ട് ആശുപത്രിയില്‍ വീണ്ടും.....

അമ്മയെ അഡ്മിറ്റ് ചെയ്തു ..
ഞാനും ഭാര്യയും റൂമില്‍ അമ്മയുടെ ബെഡിനടുത്തു ഇരിക്കുന്നു.
ഏതാണ്ട് എട്ടു മണി ആയിക്കാണും.

വാതിലില്‍ ആരോ തട്ടി. .
എന്തോ ചോദിക്കുന്നുണ്ട് ..ഉള്ളിലേക്ക് ശബ്ദം വ്യക്തമായി കേട്ടില്ല.
വാതില്‍ തുറക്കവേ ചോദ്യം ആവര്‍ത്തിച്ചു കേട്ടു..

" പ്രസാദം വേണോ" ?

ശബ്ദത്തില്‍ ഒരു ചെറിയ കൊഞ്ഞപ്പുണ്ട്.

നീല ഷര്‍ട്ടും വെള്ള മുണ്ടും. മുഖത്ത് നിറഞ്ഞ ചിരിയുമായി അങ്ങനെ നില്‍ക്കുകയാണ്. നീട്ടിപ്പിടിച്ച കയ്യില്‍ ഇല ചാര്‍ത്തില്‍ നിറയെ പ്രസാദവും പൂക്കളും.

മുടി കുറച്ചു നരച്ചിട്ടുണ്ട്. അവിടവിടെ കുറച്ചു വെളുത്തു നരച്ച താടി.

അതൊഴിച്ചാല്‍ അന്നത്തെ അതെ രൂപം !.

കൊച്ചു കുട്ടികളെ തോല്‍പ്പിക്കുന്ന അത്രയും നിഷ്കളങ്കത സ്ഫുരിക്കുന്ന മുഖം. കണ്ണുകളില്‍ നക്ഷത്രത്തിളക്കം.

ശരീരത്തില്‍ ഒരു മിന്നല്‍ പിണര്‍ പാഞ്ഞു !. പിന്നാലെ അയാളില്‍ നിന്നുള്ള ഒരു പ്രസരിപ്പ് എന്നിലേക്ക് പ്രവഹിച്ചു.
പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന !.

മനസ്സില്‍ വീണ്ടും വിഷുക്കണി !

അറിയാതെ കൈ നീട്ടി, ഇലച്ചാര്‍ത്തില്‍ നിന്നും ചന്ദനം എടുത്തു നെറ്റിയില്‍ ചാര്‍ത്തി.

അകത്തു പ്രസാദം വേണ്ടേ ?" ചോദിച്ചു കൊണ്ട് ആള്‍ അകത്തേക്ക് കടന്നു. അമ്മയ്ക്കും ഭാര്യയ്ക്കും കുറച്ചു പ്രസാദവുംനല്‍കി മുറി നിറയെ ഉണര്‍വും സമ്മാനിച്ച് അയാള്‍ പുറത്തു കടന്നു. വാതില്‍ വരെ ഞാന്‍ പിന്തുടര്‍ന്നു.

വിസ്മയത്തള്ളിച്ചയില്‍ എന്റെ നാവു മരവിച്ചിരുന്നു.

മൂന്നു നാലു പതിറ്റാണ്ടുകള്‍ .... ഒരു വ്രതം പോലെ..അയാളുടെ ജീവിതം..!

മറ്റുള്ളവര്‍ക്ക് വേണ്ടി എന്നും പൂക്കുന്ന ആ കണിക്കൊന്ന ,..

ആശുപത്രിയിലെ വേദനകളിലും , കഷ്ടതകളിലും
മരവിച്ച മനസ്സുകളില്‍ എന്നും വിഷുക്കണിയൊരുക്കി ..ജീവിതത്തില്‍ എന്നും പ്രത്യാശയും ഉണര്‍വും നല്‍കി ....

ചെയ്യുന്ന മഹത് പ്രവൃത്തിയുടെ വലിപ്പം അയാള്‍ അറിയുന്നുവോ ?

മനസ്സില്‍ പലവുരു സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് ഞാന്‍ നിന്നു.....

അടുത്ത മുറിയിലേക്ക്...അവിടെ നിന്ന് അടുത്ത വാര്‍ഡിലേക്ക്....

ആ കണിക്കൊന്ന നടന്നകലുന്നതും നോക്കി !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക